വസ്തുതട്ടിപ്പ് കേസ്: അനില്‍ തമ്പിയെ അറസ്റ്റുചെയ്യാനാകില്ല
1588667
Tuesday, September 2, 2025 7:11 AM IST
പേരൂര്‍ക്കട: കവടിയാര്‍ ജവഹര്‍ നഗറിലെ വസ്തുതട്ടിപ്പ് കേസില്‍ ഒളിവില്‍പ്പോയ വ്യവസായി അനില്‍ തമ്പിയെ ഒരാഴ്ചത്തേക്ക് പോലീസിന് അറസ്റ്റുചെയ്യാനാകില്ല. ഇയാള്‍ കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചതാണ് ഇതിനു കാരണം.
വരുന്ന ഒമ്പതാം തീയതി വരെ അനില്‍ തമ്പിയെ അറസ്റ്റുചെയ്യരുതെന്ന് കോടതിയുടെ നിര്‍ദ്ദേശമുണ്ട്. അതിനിടെ തിരുവനന്തപുരത്തെ വസതിയില്‍ നിന്ന് ആഴ്ചകള്‍ക്കു മുങ്ങിയ അനില്‍ തമ്പിയെ പിടികൂടാന്‍ പോലീസ് ഏകദേശം 6 ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും നേപ്പാള്‍, ഭൂട്ടാന് എന്നീ രാജ്യങ്ങളിലും തെരച്ചില്‍ നടത്തി വെറും കൈയോടെ മടങ്ങിയെത്തുകയുണ്ടായി. അനില്‍ തമ്പി ഇന്ത്യയില്‍ ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഒളിവില്ക്കഴിയുന്നുണ്ടെന്നാണ് പോലീസ് ഇപ്പോഴും കരുതുന്നത്. അതേസമയം ഇയാള്‍ നേപ്പാളോ ഭൂട്ടാനോ വഴി പോലീസ് എത്തുന്നതിനുമുമ്പുതന്നെ അന്യരാജ്യത്തേക്ക് കടന്നതായാണു സൂചന.
അനില്‍ തമ്പിയുടെ കുടുംബം ജവഹര്‍ നഗറിലെ ഒരു ഫ്ളാറ്റിലാണ് താമസിച്ചു വരുന്നത്. അതേസമയം മകള്‍ ജര്‍മ്മനിയിലാണ്. വസ്തുതട്ടിപ്പുമായി ബന്ധപ്പെട്ട് ഇതിനോടകം നിരവധി പേരാണ് അറസ്റ്റിലായിട്ടുള്ളത്. അതേസമയം സൂത്രധാരനെ പിടികൂടാനാകാത്തത് പോലീസിന് നാണക്കേട് സൃഷ്ടിച്ചിട്ടുണ്ട്. കവടിയാറിലെ ഡോറ അസറിയ ക്രിപ്സിന്റെ വീടും വസ്തുവും ചേര്‍ന്ന 10 കോടിയിലേറെ വരുന്ന സ്വത്ത് വ്യാജരേഖകള്‍ ചമച്ച് കൈക്കലാക്കിയ സംഭവത്തിലാണ് സൂത്രധാരനായ അനില്‍ തമ്പിയെ പോലീസ് തെരയുന്നത്.