മണ്ണന്തല-പൗഡിക്കോണം റോഡ് മഴയിലും വേനലിലും ചളിക്കളം
1588664
Tuesday, September 2, 2025 6:56 AM IST
പേരൂര്‍ക്കട: മഴയൊഴിഞ്ഞാലും ചളിക്കുളമായി മാറുന്ന പൗഡിക്കോണം റോഡിലൂടെയുള്ള യാത്ര ജനങ്ങള്‍ക്കു ദുരിതമാകുന്നു. മണ്ണന്തല ജംഗ്ഷനില്‍നിന്നു പൗഡിക്കോണത്തേക്കു പോകുന്ന റോഡിന്റെ അവസ്ഥയാണ് ദയനീയമായി തുടരുന്നത്.
മഴ പെയ്തു കഴിഞ്ഞാല്‍ ഇതുവഴി കാല്‍നടയാത്ര പോലും അസാധ്യമാണ്. മഴയൊഴിഞ്ഞാല്‍ ഒരുമാസത്തോളം ഇവിടെ വെള്ളക്കെട്ടുമാണ്. റോഡിന്റെ വശത്ത് ഓടയില്ലാത്തതാണു വര്‍ഷങ്ങളായുള്ള ജനങ്ങളുടെ ദുരിതത്തിനു കാരണം. ഒന്നരകിലോമീറ്റര്‍ നീളം വരുന്ന റോഡിലൂടെ നിരവധി സ്വകാര്യവാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്.
റോഡിന്റെ 200 മീറ്ററോളം ദൂരത്തില്‍ ചളികെട്ടി കാട്ടുചെടികളും പുല്ലും വളര്ന്നുകിടക്കുന്നുണ്ട്. ഓടയില്ലാത്തതിനാല്‍ ജലം മണ്ണില്‍ താഴുന്നത് അസാധ്യമാകുന്നതുകൊണ്ടാണു ചളിക്കെട്ടുണ്ടാകുന്നത്. അതുകൊണ്ടുതന്നെ ഇരുചക്ര വാഹനയാത്ര ഇതുവഴി ഏറെ പ്രയാസകരമാണ്. വര്‍ഷങ്ങളായി ജനങ്ങള്‍ പരാതിപറഞ്ഞു മടുത്തിരിക്കുന്ന റോഡാണ് ഇത്. ചെഞ്ചേരി കുറുങ്കുളം റസിഡന്റ് അസോസിയേഷന് ഭാരവാഹികള്‍ ഇതുസംബന്ധിച്ചു നിരവധിതവണ അധികൃതര്‍ക്കു പരാതി നല്‍കിക്കഴിഞ്ഞു.
തിരുവനന്തപുരം നഗരസഭയുമായി ബന്ധപ്പെട്ടപ്പോള്‍ ഫണ്ടില്ല എന്ന ന്യായവാദമാണു പറഞ്ഞുവരുന്നതെന്നു നാട്ടുകാര്‍ക്കു പരാതിയുണ്ട്. 20 ലക്ഷം രൂപയെങ്കിലും വകയിരുത്തിയാല്‍ മാത്രമേ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ഓടനിര്‍മാണം സാധ്യമാകുകയുള്ളൂ. വി.കെ. പ്രശാന്ത് എംഎല്‍എ ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.
കഴിഞ്ഞ മഴക്കാലത്തിനുശേഷമുള്ള ഇടവിട്ടുള്ള മഴയില്‍ നാലു ബൈക്കു യാത്രക്കാരും രണ്ടു സ്കൂട്ടര്‍ യാത്രികരും ഒരു കാല്‍നടയാത്രികനും റോഡില്‍ തെന്നിവീഴുകയുണ്ടായി. സ്കൂള്‍ വിദ്യാര്‍ഥികളുടെ യാത്രാതടസമാണ് ഏറെ പരിതാപകരമായിട്ടുള്ളത്. റോഡിന്റെ വശത്ത് ഓട നിര്‍മിക്കുന്നതിനും റോഡ് ടാര്‍ ചെയ്യുന്നതിനുമായി ഫണ്ടു വകയിരുത്തണമെന്ന ജനങ്ങളുടെ ആവശ്യം മുന്‍നിര്‍ത്തി അധികൃതര്‍ കുറച്ചുനാള്‍ മുമ്പ് എസ്റ്റിമേറ്റ് എടുത്തു മടങ്ങിയതല്ലാതെ മറ്റൊന്നുമുണ്ടായില്ലെന്നാണു പരാതി.