വേറിട്ട ഓണാഘോഷവുമായി ഭരണ സിരാകേന്ദ്രം
1588663
Tuesday, September 2, 2025 6:56 AM IST
പേരൂര്‍ക്കട: റെയില്‍വേ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്പ്പെട്ടപോയ യാത്രക്കാരിക്ക് പുനര്ജന്മം നല്കിയ രാഘവനുണ്ണി, വിവാഹസംഘം ഓട്ടോയില്‍ മറന്നുവച്ച 18 പവന് തിരികെ നല്കിയ പ്രസന്നകുമാര്‍... ജീവിതത്തില്‍ ഇവര്‍ കാരുണ്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും പ്രതീകമായി മാറിയപ്പോള്‍ ഇവര്‍ക്ക് ആദരവുമായി എത്തിയത് ജില്ലാകളക്ടര്‍ അനുകുമാരി.
അതുകൊണ്ടുതന്നെ ഇത്തവണ ഭരണസിരാകേന്ദ്രമായ സിവില്‍സ്റ്റേഷനിലെ ഓണാഘോഷ പരിപാടികള്‍ വേറിട്ടതുമായി. എറണാകുളം റെയില്‍വേ ഡിപ്പോയിലെ ഇലക്ട്രിക്കല്‍ ടെക്നീഷ്യനും പാലക്കാട് പറളി തേനൂര്‍ സ്വദേശിയുമാണ് രാഘവനുണ്ണി. ഓഗസ്റ്റ് ഒമ്പതിന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരിയെ രക്ഷപ്പെടുത്തിയ ഇദ്ദേഹം ഇപ്പോഴും സോഷ്യല്‍ മീഡിയയിലെ താരമാണ്.
ആലപ്പുഴ ഗുരുപുരം ലൂഥറന്‍ സ്കൂളിന് സമീപത്തെ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറാണ് സന്തോഷ് എന്നറിയപ്പെടുന്ന പ്രസന്നകുമാര്‍. ബാങ്കോക്കില്‍ നടന്ന മിസ്റ്റര്‍ ഏഷ്യ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനം കരസ്ഥമാക്കിയ നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ ടി.ആര് ഷാജിക്കും കളക്ടര്‍ ഉപഹാരം നല്കി. കളക്ടറേറ്റ് പരിസരത്തെ ഓപ്പണ്‍ ജിം ഉപയോഗപ്പെടുത്തി ജീവനക്കാര്‍ക്കിടയില്‍ നടത്തിയ വെയ്റ്റ് ലോസ് ചലഞ്ചില്‍ വിജയികളായവര്‍ക്കും സമ്മാനവിതരണം നടത്തി.
കളക്ടറേറ്റ് സ്റ്റാഫ് വെല്‍ഫയര്‍ ആന്‍ഡ് റിക്രിയേഷന്‍ ക്ലബിന്റെ നേതൃത്വത്തില്‍ ജീവനക്കാരുടെ കലാകായിക മത്സരങ്ങളും അരങ്ങേറി. ചടങ്ങില്‍ എഡിഎം ടി.കെ. വിനീത്, റിക്രിയേഷന്‍ ക്ലബ് പ്രസിഡന്റ് വി. അജീഷ് കുമാര്‍, സെക്രട്ടറി എസ്.ആര്. ഷിജിന് പങ്കെടുത്തു.