തകരാര്‍ പരിഹരിച്ചു; ടാഗോര്‍ നഗറില്‍ വെള്ളമെത്തി
1588659
Tuesday, September 2, 2025 6:56 AM IST
പേരൂര്‍ക്കട: തൃക്കണ്ണാപുരം വാര്‍ഡിലെ ടാഗോര്‍ നഗറില്‍ മുടങ്ങിയിരുന്ന കുടിവെള്ള വിതരണം പുന:സ്ഥാപിച്ചു. കഴിഞ്ഞ രണ്ടുദിവസങ്ങളിലാണ് ഈ ഭാഗത്തു താമസിച്ചുവരുന്ന 300 കുടുംബങ്ങള്‍ക്ക് കുടിവെള്ളം മുടങ്ങിയത്. വാട്ടര്‍ അഥോറിറ്റി പി.ടി.പി സെക്ഷന്‍ പരിധിയില്‍ നിന്നാണ് തൃക്കണ്ണാപുരം വാര്‍ഡ് പരിധിയിലേക്കു കുടിവെള്ളം വിതരണം ചെയ്യുന്നത്.
450 എം.എം ഡക്റ്റൈല്‍ അയണ്‍ പൈപ്പ് 160 എം.എം പി.വി.സി പൈപ്പുമായി കണക്ട് ചെയ്യുന്ന പണിക്കിടെ റോഡിനടിയിലൂടെ കടന്നുപോകുന്ന 200 എം.എം പി.വി.സി ലൈനില്‍ ചോര്‍ച്ചയുണ്ടായതാണ് പ്രശ്നത്തിനു കാരണമെന്നു പി.ടി.പി സെക്ഷന്‍ അസി. എക്സി. എന്‍ജിനീയര്‍ അറിയിച്ചു. ജലം മുടങ്ങിയതിനെത്തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ ജയലക്ഷ്മി വാട്ടര്‍ അഥോറിറ്റി അസി. എന്‍ജിനീയറുടെ ശ്രദ്ധയില്‍ വിഷയം പെടുത്തുകയായിരുന്നു. നാട്ടുകാരും വാട്ടര്‍ അഥോറിറ്റിയില്‍ പരാതിപ്പെട്ടിരുന്നു.
റോഡില്‍ ആഴത്തില്‍ കടന്നുപോകുന്ന പൊട്ടിയ പൈപ്പ് കണ്ടെത്താന്‍ കാലതാമസമെടുത്തതാണ് ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയതെന്നും പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്നും വാട്ടര്‍ അഥോറിറ്റി അറിയിച്ചു.