അമ്മമാർക്കൊപ്പം പൂവനി
1588652
Tuesday, September 2, 2025 6:55 AM IST
വിതുര: പള്ളിക്കൂടം, കുടുംബം, സമൂഹം എന്നിവ തമ്മിലുള്ള ബന്ധം ദൃഢമാക്കാൻ എൻഎസ്എസ് വോളന്റിയർമാർ പദ്ധതിയിട്ട 'അമ്മമാർക്കൊപ്പം പൂവനി' പൂവിട്ടു. ഓണക്കാല വിപണി ലക്ഷ്യമിട്ട് വിതുര ഗവ.വിഎച്ച്എസ്എസിലെ നാഷണൽ സർവീസ് സ്കീം വോളന്റിറിയർമാർ മദർ പിടിഎ യുമായി ചേർന്ന് ആരംഭിച്ച പരിപാടിയാണ് വിജയം കണ്ടത്. സാമൂഹിക പ്രവർത്തകനായ ഇ.എം. നസീർ സൗജന്യമായി അനുവദിച്ച കൃഷിഭൂമിയിലാണ് അധ്യാപകരുടെ മേൽനോട്ടത്തിൽ വിദ്യാർഥികൾ ജമന്തി കൃഷി ആരംഭിച്ചത്.
പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സ്കൂൾ പിടിഎയുടെയും പിന്തുണയുണ്ടായിരുന്നു. ആദ്യ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി. ആനന്ദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എ.ആർ. മഞ്ജുഷ, വൈസ് പ്രിൻസിപ്പൽ വി.എസ്. ഷീജ, പിടിഎ പ്രസിഡന്റ് ആർ. രവിബാലൻ, കൃഷി അസിസ്റ്റന്റ് കിരൺ, സ്റ്റാഫ് സെക്രട്ടറി എം.എൻ. ഷാഫി, പ്രോഗ്രാം ഓഫീസർ വി.പി. അരുൺ, അധ്യാപകരായ ധന്യ വി. മാത്യൂസ്, ജി.ആർ. അഞ്ജന, ജെ. ശ്രീവിദ്യ, എൻഎസ്എസ് വോളന്റിയർമാർ എന്നിവർ പങ്കെടുത്തു.