ഓണാഘോഷത്തിനിടെ നിയമസഭയിലെ ഡെപ്യൂട്ടി ലൈബ്രേറിയൻ കുഴഞ്ഞുവീണു മരിച്ചു
1588463
Monday, September 1, 2025 10:02 PM IST
തിരുവനന്തപുരം : ഓണാഘോഷത്തിനിടെ നിയമസഭയിലെ ഡെപ്യൂട്ടി ലൈബ്രേറിയൻ ജുനൈസ് അബ്ദുള്ള (46) കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ വൈകുന്നേരം മൂന്നരയോടെ നിയമസഭയിലെ ശങ്കരനാരായണൻ തന്പി ഹാളിൽ നൃത്ത പരിപാടിക്കിടെയായിരുന്നു കുഴഞ്ഞുവീണത്. ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹൃദയാഘാതമാണു മരണ കാരണം. ജുനൈസ് കാറ്റലോഗ് അസിസ്റ്റന്റായാണു ജോലിയിൽ പ്രവേശിച്ചത്. എംഎൽഎയായിരുന്ന പി.വി.അൻവറിന്റെ പേഴ്സണൽ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്നു. നന്തൻകോട് സർക്കാർ ക്വാർട്ടേഴ്സിലായിരുന്നു താമസം. സുൽത്താൻബത്തേരി സ്വദേശിയാണ്.
ഉപ്പ: പരേതനായ കുഞ്ഞബ്ദുള്ള. ഉമ്മ: ആയിഷ വടക്കോടൻ. ഭാര്യ: റസീന (അധ്യാപിക, തിരുവനന്തപുരം). മക്കൾ: നജാദ് അബ്ദുള്ള, നിഹാദ് അബ്ദുള്ള. സഹോദരങ്ങൾ: ഷഹർബാൻ, റിസാനത്ത് സലീം, നാസർ (കുവൈത്ത്), ആരിഫ (ബത്തേരി എംഇഎസ് ആശുപത്രി), റസീന (ഫോറസ്റ്റ് റിസർച്ച് സെന്റർ, തിരുവനന്തപുരം). മൃതദേഹം നിയമസഭ ഓഫീസിൽ പൊതുദർശനത്തിനുശേഷം ഇന്നു രാത്രിയോടെ ബത്തേരിയിലെ വീട്ടിലെത്തിക്കും. ബത്തേരി ചുങ്കം ഖബറിസ്ഥാനിൽ ഖബറടക്കും.
നിര്യാണത്തിൽ സ്പീക്കർ എ.എൻ.ഷംസീർ അനുശോചിച്ചു.