തിരുവനന്തപുരം: വര്‍ക്കലയില്‍ പ്രണയബന്ധവുമായി ബന്ധപ്പെട്ട് രണ്ടു വീട്ടുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ അടിയേറ്റ് കാമുകന്റെ സുഹൃത്തായ യുവാവ് മരിച്ചു. ചൊവ്വാഴ്ച ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ കൊല്ലം സ്വദേശി അമല്‍ ആണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കണ്ണമ്പ സ്വദേശികളായ മൂന്നു പേരെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. കണ്ണമ്പ സ്വദേശിയായ പെണ്‍കുട്ടിയും കൊല്ലത്തുള്ള മറ്റൊരു യുവാവും തമ്മിലുള്ള പ്രണയബന്ധം തകര്‍ന്നതിനെ ചൊല്ലിയുള്ള സംഘര്‍ഷമാണ് അമലിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.
പ്രണയബന്ധം തകര്‍ന്നതിനു പിന്നാലെ യുവാവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഇതേക്കുറിച്ച് സംസാരിക്കാന്‍ വര്‍ക്കല കണ്ണമ്പയിലുള്ള വീട്ടില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിയുടെ പിതാവും ബന്ധുക്കളുമായി കൈയാങ്കളി ഉണ്ടായത്.
ഇതിനിടെ അമലിന് അടിയേല്‍ക്കുകയായിരുന്നു. 14ന് രാത്രിയാണ് സംഭവം നടന്നത്. അന്നു കൊല്ലം കുണ്ടറയിലെ വീട്ടിലേക്കു മടങ്ങിയ യുവാവ് പിറ്റേന്ന് രാവിലെ രക്തം ഛര്‍ദിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തെങ്ങില്‍നിന്നു വീണതാണെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഡോക്ടര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസിനെ അറിയിച്ചു. ഇതിനിടെ ആരോഗ്യനില വഷളായി അമല്‍ 17ന് മരിച്ചു.
പിന്നീട് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് വര്‍ക്കലയില്‍ വച്ച് അമലിന് അടിയേറ്റ വിവരം ബന്ധുക്കള്‍ പറഞ്ഞത്. തുടര്‍ന്ന് വര്‍ക്കല പോലീസ് പെണ്‍കുട്ടിയുടെ ബന്ധുക്കളായ മൂന്നു പേരെ അറസ്റ്റ് ചെയ്തു.
Tags : Love breaks up young man beaten death