Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ചേരാൻ സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടതിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പിഎം ശ്രീയിൽ കേരളം ഒപ്പിട്ടതിൽ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും നമ്മുടെ കുട്ടികള്‍ക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് രൂപയുടെ ഫണ്ട് തടഞ്ഞുവെച്ചുള്ള കേന്ദ്ര ശ്രമത്തെ മറികടക്കാനുള്ള തന്ത്രപരമായ നീക്കം ആണിതെന്നും ശിവൻകുട്ടി പറഞ്ഞു.
പിഎം ശ്രീയിൽ ഒപ്പിടാത്തതിന്റെ പേരിൽ സര്‍വ ശിക്ഷ ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചു. ഇതിലൂടെ 1158.13 കോടി കേരളത്തിന് നഷ്ടമായി. ഒപ്പിട്ടതിനാൽ 1476 കോടി ഇനി കേരളത്തിന് ലഭിക്കുമെന്നും 971 കോടി സര്‍വ ശിക്ഷ പദ്ധതി പ്രകാരം കിട്ടുമെന്നും മന്ത്രി പറഞ്ഞു.
ഫണ്ട് തടഞ്ഞുവെച്ചത് സൗജന്യ യൂണിഫോം, അലവൻസുകള്‍ എന്നിവയെ ബാധിച്ചു. കുട്ടികളുടെ ഭാവി പന്താടി ഒരു സമ്മര്‍ദത്തിന് വഴങ്ങാൻ സര്‍ക്കാര്‍ തയ്യാറാല്ല. ഇത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ഫണ്ട് അല്ലെന്നും നമുക്ക് അവകാശപ്പെട്ടതാണെന്നും ശിവൻകുട്ടി പറഞ്ഞു.
Kerala
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി യുഡിഎഫ്.
സിപിഎം വിഷലിപ്തമായ പാഠ്യപദ്ധതിക്കാണ് വഴിമരുന്ന് ഇടാൻ പോകുന്നതെന്നും പിഎം ശ്രീ പദ്ധതിയിലൂടെ സംഘപരിവാർ വിഷം സ്കൂൾ സിലബസിൽ നിറയുമെന്ന് സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു.
സിപിഎം നിലപാട് ചരിത്രം അടയാളപ്പെടുത്തും. മുന്നണിയിൽ സിപിഐക്കും സ്വന്തം പാർട്ടിക്കാർക്കും പുല്ലുവിലയാണെന്നും സിപിഐ വിമർശനത്തെ തള്ളിയതിനെ കുറിച്ച് സിദ്ദിഖ് പരിഹസിച്ചു.
എല്ലാം ഒരാൾ തീരുമാനിക്കുന്ന സ്ഥിതിയാണ് ഇടതുമുന്നണിയിലെന്നും സിദ്ധിഖ് വ്യക്തമാക്കി.
District News
കൊല്ലം: പാർട്ടിയിൽ നിന്ന് ആരും പോയിട്ടില്ലെന്ന് സിപിഐ ജില്ലാസെക്രട്ടറി പറഞ്ഞത് അടിസ്ഥാന രഹിതമാണെന്ന് തെളിയിച്ച് കുണ്ടറയിൽ നിന്ന് രാജിവച്ചവർ സിപിഎമ്മിൽ ചേർന്നു. സിപിഐ കുണ്ടറ മണ്ഡലം സെക്രട്ടറി ടി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പത്രസമ്മേളനം നടത്തിയാണ് സി പി ഐ വിട്ടവർ സി പി എമ്മിൽ ചേർന്നതായി അറിയിച്ചത്.
ഉപരി കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും പറയുന്നത് കേൾക്കാൻ ജില്ലാ കമ്മിറ്റി തയാറാകുന്നില്ലെന്നാണ് മുൻ കുണ്ടറ മണ്ഡലം സെക്രട്ടറി റ്റി. സുരേഷ് കുമാർ പത്രസമ്മേളനത്തിൽ ആരോപിച്ചത്.
പാർട്ടി ജില്ലാ സെക്രട്ടറിക്ക് ജനാധിപത്യ വിരുദ്ധ നിലാപാടാണ് ഉള്ളത്. ജില്ലാ സെക്രട്ടറി നടത്തുന്നത് കൂട്ട് കച്ചവടമാണ്. ഭൂരിപക്ഷ തീരുമാനം അംഗീകരിക്കാൻ ജില്ലാ സെക്രട്ടറി കൂട്ടാക്കുന്നില്ല. സംസ്ഥാന നേതൃത്വം പറയുന്നത് പോലും കേൾക്കാൻ തയാറാവുന്നില്ലെന്നും ടി. സുരേഷ് കുമാർ പറഞ്ഞു.
എക്കാലവും ഭൂരിപക്ഷ തീരുമാന അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടന തത്വങ്ങള്‍ക്ക് വിരുദ്ധമായി മണ്ഡലം കമ്മിറ്റി സ്രെകട്ടറിയെ തെരഞ്ഞെടുക്കാന്‍ യോഗം ചേർന്നപ്പോൾ 18 വര്‍ഷം മണ്ഡലം സെക്രട്ടറിയായിരുന്ന ആര്. സേതുനാഥിനെ വീണ്ടും സ്രെകട്ടറിയാക്കാന് ജില്ലാനേതൃത്വം വാശിപിടിച്ചെന്നാണ് രാജിവച്ചവർ ആരോപിക്കുന്നത്.
മൊത്തം 325 പേർ കുണ്ടറയിൽ പാർട്ടി വിട്ടെന്നാണ് ടി.സുരേഷ് കുമാർ പറഞ്ഞത്. സുരേഷ് കുമാറിനെ കൂടാതെ ജലജ ഗോപന്, സോണി വി. പള്ളം, ആര്.ശിവശങ്കരപിള്ള തുടങ്ങിയ നേതാക്കളാണ് പത്രസമ്മേളനത്തിൽ പങ്കെടുത്തത്.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച സർക്കാർ നടപടി വഞ്ചനാപരമെന്ന് എഐഎസ്എഫ്. സർക്കാർ നടപടിക്കെതിരെ എഐഎസ്എഫ് വാർത്താക്കുറിപ്പ് പുറത്തിറക്കി.
സർക്കാർ നടപടിക്കെതിരെ തെരുവിൽ സമരം നടത്തുമെന്നും എഐഎസ്എഫ് അറിയിച്ചു. ഇന്ന് രാത്രി ഓൺലൈനായി അടിയന്തര നേതൃയോഗം വിളിച്ച എഐഎസ്എഫ് സമരനടപടികൾ എങ്ങനെ വേണമെന്നതിൽ ചർച്ച നടത്തും.
ഇടത് മുന്നണിയുടെ പ്രഖ്യാപിതനയത്തെ അട്ടിമറിച്ച് മുന്നോട്ട് പോകാനാകുമെന്ന് വിദ്യാഭ്യാസമന്ത്രി കരുതേണ്ടെന്നും എഐഎസ്എഫ് മുന്നറിയിപ്പ് നൽകുന്നു. സംഘപരിവാർ അജണ്ടയ്ക്ക് എതിരെയുള്ള പോരാട്ടങ്ങളെ ദുർബലപ്പെടുത്തുന്ന നിലപാടാണ് വിദ്യാഭ്യാസവകുപ്പിന്റേത് എന്നാണ് എഐഎസ്എഫ് ആരോപിക്കുന്നത്.
സർക്കാരിന്റെ വിദ്യാർഥി വഞ്ചനക്കെതിരെ കടുത്ത പ്രതിഷേധങ്ങൾ കേരളത്തിന്റെ തെരുവുകളിൽ ഉയരുമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാം, സെക്രട്ടറി എ. അധിൻ എന്നിവർ അറിയിച്ചു.
Kerala
കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഘടകകക്ഷികൾക്കു നൽകേണ്ട സീറ്റുകളിൽ യാതൊരു കുറവും വരുത്താതെ കൂട്ടായ്മയോടെ ഇടതുപക്ഷ ഐക്യം കാത്തുസൂക്ഷിക്കണമെന്നു സിപിഎം സംസ്ഥാനകമ്മിറ്റിയുടെ സർക്കുലർ.
ഘടകകക്ഷികളെ തൃപ്തരാക്കി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അനായാസമായി കേരള ഭരണം നിലനിർത്തുന്നതിന് പഞ്ചായത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പുകൾ ചൂണ്ടുപലകയാകണമെന്നും നിർദേശിക്കുന്നു.
സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതുമുതൽ തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുംവരെ പാർട്ടി ഘടകങ്ങൾ സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ചുള്ള സംസ്ഥാന കമ്മിറ്റിയുടെ സർക്കുലറിൽ കൃത്യമായ നിർദ്ദേശങ്ങളാണ് കീഴ്ഘടകങ്ങൾക്കു നൽകിയിരിക്കുന്നത്.
ലൈംഗികാരോപണത്തിനു വിധേയരായവർ, ചിട്ടി, ലോൺ, ബാങ്ക് കുടിശിക ഇവയുമായി ബന്ധപ്പെട്ടു സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടുള്ളവർ, സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളുള്ളവർ എന്നിങ്ങനെയുള്ളവർ സ്ഥാനാർഥികൾ ആകാതിരിക്കാൻ ഘടകങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
സ്ഥാനാർഥികളെ തെരഞ്ഞെടുക്കുമ്പോൾ എസ്എഫ്ഐ, ഡിവൈഎഫ്ഐ, മഹിള, കെഎസ്കെടിയു, കർഷകർ, ഹരിത കർമസേന, കുടുംബശ്രീ എന്നീ സംഘടനകളിൽനിന്നും നിൽക്കാൻ പറ്റുന്നവരെ മുൻഗണനാ ക്രമത്തിൽ തെരഞ്ഞെടുക്കണം. റിട്ടയർ ചെയ്ത ആക്ഷേപമില്ലാത്ത സർക്കാർ ജീവനക്കാരെയും അധ്യാപകരെയും റസിഡന്റ്സ് അസോസിയേഷനുകളിലെ ജനപ്രിയരായവരെയും മത്സരിപ്പിക്കാൻ ആലോചിക്കണം.
വാർഡ് കമ്മിറ്റികളിൽ അംഗങ്ങളുടെ അഭിപ്രായം ആരാഞ്ഞതിനുശേഷം ഓരോ വാർഡിൽ നിന്നും രണ്ടുപേർ വീതമുള്ള പേരുകൾ ലോക്കൽ കമ്മിറ്റിയെ ഏൽപ്പിക്കണം. ലോക്കൽ കമ്മിറ്റി ചർച്ച ചെയ്ത് ഏരിയാ കമ്മിറ്റിക്കു നൽകണം. ഇവിടെനിന്നും ജില്ലാ കമ്മിറ്റിക്കു നൽകി ജില്ലാ കമ്മിറ്റി സ്ഥാനാർഥിത്വത്തിൽ അന്തിമ തീരുമാനമെടുക്കണമെന്നു നിർദേശിക്കുന്നു.
സിപിഎമ്മിന്റെ വിവിധ കമ്മിറ്റികളിലെ സെക്രട്ടറിമാർ മത്സരിക്കേണ്ടതുണ്ടെങ്കിൽ സംസ്ഥാന കമ്മിറ്റിയുടെ പ്രത്യേക അനുവാദം വാങ്ങണം. വാർഡുകളിൽ സംവരണ തോത് നിശ്ചയിക്കുമ്പോൾ വനിതകൾ കൂടുതലായി വരാനിടയുള്ളതിനാൽ ജനറൽ വാർഡുകളിൽ പുരുഷന്മാരെ തന്നെ മത്സരിപ്പിക്കാൻ ശ്രദ്ധിക്കണം.
അധ്യക്ഷ സ്ഥാനം സംവരണമാകുന്ന സ്ഥലങ്ങളിലെ സംവരണ വാർഡുകളിൽ കാര്യപ്രാപ്തിയുള്ള യുവതീ യുവാക്കളെ മത്സരിപ്പിച്ച് അധ്യക്ഷ സ്ഥാനത്തേക്കു കൊണ്ടുവരാൻ ശ്രദ്ധിക്കണമെന്നും സർക്കുലറിൽ പറയുന്നു.
Kerala
കോഴിക്കോട്: ബിജെപി-സിപിഎം ഒത്തുതീര്‍പ്പിന്റെ ഭാഗമായി പുറത്തുവരുന്ന വിവിധ ഘടകങ്ങളില്‍ ഒരു ഭാഗമാണ് പിഎം ശ്രീ പദ്ധതിയില്‍ ചേരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.
മുഖ്യമന്ത്രിയുടെ മകന് ഇഡി നോട്ടീസ് വന്നത് മറച്ചുവച്ചതും ലാവ്ലിന് കേസ് നിരന്തരം സുപ്രീംകോടതിയില്‍ മാറ്റിവയ്ക്കുന്നതും ഉള്‍പ്പെടെ വലിയ പരമ്പരതന്നെ ഈ ഒത്തുതീര്‍പ്പിന്റെ ഭാഗമായി നടന്നിട്ടുണ്ട്.
പ്രഖ്യാപിത നയങ്ങളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് പിഎം ശ്രീ പദ്ധതി നടപ്പാക്കാന്‍ സിപിഎം ശ്രമിക്കുന്നത്. പിഎം ശ്രീ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പാക്കിയെന്നതു തെറ്റായ ധാരണയാണ്. പിഎം ശ്രീ പദ്ധതി കര്‍ണാടകയില്‍ നടപ്പാക്കിയത് 2021ലെ ബിജെപി സര്‍ക്കാരാണ്.
തെലുങ്കാനയിലും ഈ പദ്ധതി നടപ്പാക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തല്ല. സംഘപരിവാര്‍ അജണ്ട സിലബസില്‍ ഉള്‍ക്കൊള്ളിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തെ കോണ്‍ഗ്രസ് ഒരിക്കലും അംഗീകരിക്കില്ല.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെക്കുറിച്ച് പഠിക്കണ്ടെന്നും പകരം ഗോഡ്സെയെക്കുറിച്ച് മാത്രം പഠിക്കണമെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. അത് നടപ്പാക്കുന്നതിനുള്ള കൈക്കൂലിയാണോ ഈ പദ്ധതി പ്രകാരമുള്ള 1400 കോടി രൂപ?
ഏതെങ്കിലും പദവി നോക്കിയല്ല, മറിച്ച് സിപിഎമ്മിനെ താഴെയിറക്കി യുഡിഎഫിനെ വിജയിപ്പിക്കാന്‍ വേണ്ടി കേരളത്തില്‍ സജീവമായി ഉണ്ടാകും. താന്‍ ആലപ്പുഴയില്‍ നിന്നുള്ള യുഡിഎഫ് ജനപ്രതിനിധി കൂടിയാണെന്നും വേണുഗോപാല്‍ പറഞ്ഞു.
District News
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സിപിഎം മുന്നോട്ട് പോകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഎം ശ്രീയുടെ ആത്മാവ് ദേശിയ വിദ്യാഭ്യാസ നയമാണ്. ഇത് കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല.
പിഎം ശ്രീ യെ സിപിഐ എതിർക്കുകയാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ആരാണ് സിപിഐ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ ചോദിച്ചുവെങ്കിൽ അത് അരാഷ്ട്രീയ മറുപടിയാണ്. ഗോവിന്ദൻ അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായായി ബിനോയ് വിശ്വം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് സിപിഎം- എസ്ഡിപിഐ സംഘര്‍ഷം, സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. ഡിവൈഎഫ്ഐയുടെ ആംബുലന്‍സ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കത്തിച്ചു. എസ്ഡിപിഐയുടെ ആംബുലൻസിന്റെ ഗ്ലാസുകള്‍ സിപിഎം പ്രവർത്തകർ അടിച്ചുതകര്‍ത്തു.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് നെടുമങ്ങാട്ടും പരിസര പ്രദേശങ്ങളിലും പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തി. ഞായറാഴ്ച രാത്രി നെടുമങ്ങാട് മുല്ലശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിന്റെ വീട്ടില്‍ രാത്രി പത്തോടെ അതിക്രമിച്ചുകയറിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ദീപുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും വീട് ആക്രമിക്കുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നെടുമങ്ങാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെ ആക്രമണം നടത്തി. ഇതിന് പിന്നാലെ ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് നെടുമങ്ങാട് താലുക്കാശുപത്രിക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഡിവൈഎഫ്ഐയുടെ ആംബുലന്‍സ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കത്തിച്ചത്. എസ്ഡിപിഐയുടെ ആംബുലന്‍സിന്റെ ഗ്ലാസുകള്‍ സിപിഎം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. അക്രമവുമായി ബന്ധപ്പെട്ട് ആരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സിപിഎം-എസ്ഡിപിഐ സംഘര്‍ഷം നിലനില്‍ക്കെയാണ് വീണ്ടും ആക്രമണം നടന്നത്. നെടുമങ്ങാട്ടും സമീപപ്രദേശങ്ങളിലുമാണ് വ്യാപകമായി സംഘര്‍ഷം നടന്നുവന്നിരുന്നത്.
Kerala
ആലപ്പുഴ: മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി സിപിഎം. നേതാക്കൾ സുധാകരന്റെ വീട്ടിലെത്തി. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ, സി.എസ്. സുജാത അടക്കമുള്ള നേതാക്കളാണ് സുധാകരന്റെ വീട്ടിലെത്തിയത്.
19-ന് വി.എസ്. അച്യുതാനന്ദൻ സ്മാരക കേരള പുരസ്കാരം കുട്ടനാട്ടിൽ നടക്കുന്നുണ്ട്. ഈ പരിപാടിയിലേക്ക് ക്ഷണിക്കാനാണ് നേതാക്കളെത്തിയത് എന്നും വിവരമുണ്ട്. പാർട്ടിയുടെ വരാനിരിക്കുന്ന എല്ലാ പരിപാടികളിലും സുധാകരന്റെ സാന്നിധ്യം ഉറപ്പാക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം. സുധാകരനെതിരെ പരസ്യ പ്രതികരണങ്ങൾ പാടില്ലെന്നും നേതാക്കൾക്ക് കർശന നിർദേശവും നൽകിയിട്ടുണ്ട്.
സിപിഎം നേതൃത്വത്തിനെതിരെ സുധാകരൻ പരസ്യമായി രംഗത്തെത്തിയതിനു പിന്നാലെയാണ് അനുനയ നീക്കം ഉണ്ടായിരിക്കുന്നത്. സുധാകരന്റെ പരാതികളിൽ എടുത്ത നടപടികൾ നേതൃത്വം നേരിട്ട് ബോധ്യപ്പെടുത്തുകയും പാർട്ടി നേതാക്കൾക്കെതിരെയുള്ള പരസ്യ വിമർശനങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായാണ് വിവരം.
അതേസമംയ സിപിഎം പരിപാടിയിൽ പങ്കെടുക്കുന്നത് സംബന്ധിച്ച കാര്യം തീരുമാനിച്ചില്ലെന്നും പാർട്ടി നേതൃത്വത്തിന്റെ നടപടികളിൽ തൃപ്തനല്ലെന്നും ജി. സുധാകരൻ അറിയിച്ചു.
NRI
റിയാദ്: സിപിഎം പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ മൂന്നാമത് അനുസ്മരണ ദിനം ആചരിച്ച് കേളി കലാസാംസ്കാരിക വേദി.
ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. കേളി കുടുംബവേദി സെക്രട്ടറിയും രക്ഷാധികാരി സമിതി അംഗവുമായ സീബ കൂവോട് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.
കേരള പോലീസിനെ നവീകരിക്കുന്നതിലും ജനസൗഹൃദമാക്കുന്നതിലും കോടിയേരി വഹിച്ച പങ്ക് അവിസ്മരണീയമാണ്. പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യുന്നതിൽ അദ്ദേഹം കാണിച്ച മാതൃക മുന്നോട്ടുള്ള കുതിപ്പിന് എന്നും ഊർജം പകരുന്നതാണെന്നും പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
രക്ഷാധികാരി സമിതി അംഗവും പ്രസിഡന്റുമായ സെബിൻ ഇഖ്ബാൽ, ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ, കുടുംബവേദി ട്രഷറർ ശ്രീഷ സുകേഷ്, ജോയിന്റ് സെക്രട്ടറി സിജിൻ കൂവള്ളൂർ മലാസ് ഏരിയയിൽ നിന്നും ഫൈസൽ കൊണ്ടോട്ടി, നൗഷാദ് കളമശേരി, സനയ അർബൈനിൽ നിന്നും ഹരിദാസൻ എന്നിവർ കോടിയേരിയെ അനുസ്മരിച്ചു.
കേളി രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ സ്വാഗതവും ജോസഫ് ഷാജി നന്ദിയും പറഞ്ഞു.
Kerala
കൊച്ചി: നടി റിനി ആന്‍ ജോര്‍ജിനെ പങ്കെടുപ്പിച്ച് സിപിഎമ്മിന്റെ പെണ് പ്രതിരോധം സംഗമം. കൊച്ചി പറവൂര്‍ ഏരിയ കമ്മിറ്റിയാണ് സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പരിപാടി സംഘടിപ്പിച്ചത്.
പ്രസ്ഥാനത്തിന്റെ ഭാഗമാകണമെന്ന് റിനിയോട് സിപിഎം നേതാവ് കെ.ജെ. ഷൈന്‍ പ്രസംഗത്തില്‍ അഭ്യര്‍ഥിച്ചു.
സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും എതിരെ പെണ് പ്രതിരോധം എന്ന പേരിലാണ് സിപിഎം പറവൂര്‍ ഏരിയ കമ്മിറ്റി പരിപാടി സംഘടിപ്പിച്ചത്. റിനിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പാര്‍ട്ടി നടപടിയുണ്ടായത്. സ്ത്രീകള്‍ക്കുവേണ്ടി സംസാരിക്കാന്‍ രാഷ്ട്രീയമില്ലെന്ന് റിനി പറഞ്ഞു.
"ഇപ്പോള്‍ പോലും ഞാന്‍ ഇവിടെ ഭയത്തോട് കൂടിയാണ് നില്‍ക്കുന്നത്. ഇത് വച്ച് അവര്‍ ഇനി എന്തെല്ലാം കഥകള്‍ പ്രചരിപ്പിക്കുമെന്ന മാനസികമായ ഭയമുണ്ട്. എന്നാല്‍ പോലും ഇവിടെ വരാന്‍ തയാറായതിന്റെ കാരണം സ്ത്രീകള്‍ക്ക് വേണ്ടി ഒരക്ഷരം എങ്കിലും സംസാരിക്കേണ്ടതിന്റെ ദൗത്യം എനിക്ക് കൂടി ഉണ്ട് തോന്നിയത് കൊണ്ടാണ്' – റിനി വേദിയില്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: വിഴിഞ്ഞത്ത് സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.
സിപിഎം പ്രാദേശിക നേതാവും മുന്‍ ലോക്കല്‍ സെക്രട്ടറിയുമായ സ്റ്റാന്‍ലിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം ചാലക്കുഴിയിലെ ലോഡ്ജിലാണ് സ്റ്റാന്‍ലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടില്‍ നിന്ന് രാവിലെ പിണങ്ങിയിറങ്ങിയതാണെന്ന് പോലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. വ്യാപാര വ്യവസായ സമിതി ചിക്കന്‍ സമിതിയുടെ ജില്ലാ സെക്രട്ടറി കൂടിയാണ് സ്റ്റാന്‍ലി.
NRI
റിയാദ്: മുതിർന്ന സിപിഎം നേതാവായിരുന്ന അഴീക്കോടൻ രാഘവന്റെ 53-ാം ചരമവാർഷികം ആചരിച്ച് കേളി കലാസാംസ്കാരിക വേദി. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ, സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, ട്രഷറർ ജോസഫ് ഷാജി, ചില്ല സഹകോഓർഡിനേറ്റർ നാസർ കാരക്കുന്ന്, കുടുംബ വേദി പ്രസിഡന്റ് പ്രിയ വിനോദ്, കേന്ദ്രകമ്മിറ്റി അംഗങ്ങളായ നൗഫൽ സിദ്ധീഖ്, പ്രദീപ് ആറ്റിങ്ങൽ എന്നിവർ സംസാരിച്ചു.
കുടുംബ വേദി സെക്രട്ടറി സീബ കൂവോട് സ്വാഗതവും രക്ഷാധികാരി സമിതി അംഗം ചന്ദ്രൻ തെരുവത്ത് നന്ദിയും പറഞ്ഞു.
Kerala
കണ്ണൂര്‍: സിപിഎം പ്രവർത്തകൻ കിണറ്റിൽ മരിച്ചനിലയിൽ. കണ്ണൂർ പാനൂർ വിളക്കോട്ടൂർ സ്വദേശി ജ്യോതിരാജ് (43) ആണ് മരിച്ചത്.
രാഷ്ട്രീയ അക്രമത്തിൽ പരിക്കേറ്റ് വർഷങ്ങളായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചയാണ് സ്വന്തം വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജീവനൊടുക്കിയതാകാമെന്നാണ് സൂചന. 2009ലാണ് ബിജെപി പ്രവര്‍ത്തകര്‍ ജ്യോതിരാജിനെ അതിക്രൂരമായി ആക്രമിച്ചത്. രണ്ട് കാലുകളിലും വെട്ടേറ്റിരുന്നു.
അന്ന് മുതൽ ചികിത്സയിലായിരുന്നു. ഒരു കാലിലെ വ്രണം മാറാത്ത നിലയിലായിരുന്നു. പോലീസ് എത്തി മൃതശരീരം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
NRI
റിയാദ്: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റെ 27-ാമത് ചരമവാർഷിക ദിനം കേളി ആചരിച്ചു. രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ ബത്ത ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി സമിതി അംഗവും പ്രസിഡന്റുമായ സെബിൻ ഇഖ്ബാൽ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. കേളത്തിലെ എൽഡിഎഫ് സർക്കാർ ചടയൻ ഗോവിന്ദനെ പോലുള്ള നേതാക്കൾ കാണിച്ചുതന്ന വഴികളിലൂടെ ജനങ്ങളെ ചേർത്തുപിടിച്ച് നവ കേരളം കെട്ടിപ്പടുക്കാനുള്ള തീവ്രശ്രമത്തിലാണെന്ന് അനുസ്മരണത്തിൽ സംസാരിച്ചവർ പറഞ്ഞു.
രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായി, ഷമീർ കുന്നുമ്മൽ, ഫിറോഷ് തയ്യിൽ, ചന്ദ്രൻ തെരുവത്ത് കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷ സുകേഷ് എന്നിവർ സംസാരിച്ചു.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും ട്രഷറർ ജോസഫ് ഷാജി നന്ദിയും പറഞ്ഞു.
Kerala
പാലക്കാട്: കോൺഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന റിയാസ് തച്ചമ്പാറ 24 മണിക്കൂറിനകം തിരിച്ചെത്തി. കോൺഗ്രസുകാരനായി തന്നെ തുടരുമെന്ന് റിയാസ് തച്ചമ്പാറ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പണം വാങ്ങിയാണ് മണ്ഡലം പ്രസിഡന്റിനെയും വാർഡ് മെമ്പർമാരെയും തെരഞ്ഞെടുക്കുന്നതെന്ന് ആരോപിച്ചായിരുന്നു റിയാസ് കോൺഗ്രസ് വിട്ടത്. റിയാസിനെതിരായ സ്ത്രീപീഡന പരാതിയിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഡിസിസി നേതൃത്വവും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പുപറഞ്ഞ് റിയാസ് വീണ്ടും പാലക്കാട് ഡിസിസി ഓഫീസിൽ എത്തിയത്.
ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന് എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ മൂലമാണെന്ന് റിയാസ് പറഞ്ഞു. തങ്കപ്പനോട് ക്ഷമാപണം നടത്തുന്നു. മറ്റൊരു പാർട്ടിയിൽ തനിക്ക് പോകാൻ കഴിയില്ല. മാനസിക പ്രയാസങ്ങൾ മൂലമാണ് ഡിസിസി പ്രസിഡന്റിനെതിരെ പറഞ്ഞതെന്നും റിയാസ് തച്ചമ്പാറ പറഞ്ഞു.
Kerala
തിരുവനന്തപുരം: വിരട്ടലും ഭീഷണിപ്പെടുത്തലുമൊക്കെ സിപിഎമ്മിന്റെ രാഷ്ട്രീയമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതു രാജീവ് ചന്ദ്രശേഖറിനു കേരളത്തെക്കുറിച്ച് ഒന്നും അറിയില്ലായെന്നാണ്. താൻ രാഷ്ട്രീയ വിദ്വാനാണെന്ന് ആരോടും പറഞ്ഞിട്ടില്ല. പക്ഷേ താൻ അധ്വാനിക്കുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു.
കോമണ്‍സെൻസും കുറച്ചു ബുദ്ധിയുമുള്ള താൻ ഹിന്ദു വിശ്വാസിയാണ്. ശബരിമലയിൽ 18 തവണ 18 പടികയറി ദർശനം നടത്തിയിട്ടുണ്ട്. കാൾ മാർക്സും ദാസ് ക്യാപിറ്റലും വായിച്ചു കമ്മ്യൂണിസ്റ്റാകാൻ തനിക്കു താത്പര്യമില്ല.
പക്ഷേ വികസന കാഴ്ച്ചപ്പാടു തനിക്കുണ്ടെന്നും അതുമായാണു താനും ബിജെപിയും കേരളത്തിൽ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖറിനു കേരളത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തോടു പ്രതികരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.
അയ്യപ്പഭക്ത സംഗമം രാഷ്ട്രീയമായി കാണരുതെന്നാണു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ആരെ വിഡ്ഢിയാക്കാനാണ് ഇതിൽ രാഷ്ട്രീയമില്ലായെന്നു അദ്ദേഹം പറയുന്നത്. ദേവസ്വം ബോർഡാണ് അയ്യപ്പസംഗമം സംഘടിപ്പിക്കേണ്ടതും അതിഥികളെ ക്ഷണിക്കേണ്ടതും. എന്നാൽ അതെല്ലാം ചെയ്യുന്നതു ദേവസ്വം മന്ത്രിയാണ്.
ഹിന്ദുവിരുദ്ധത പറയുന്ന സ്റ്റാലിനെ പരിപാടിയിലേക്കു ക്ഷണിക്കുന്നതിനു പിന്നിൽ മുഖ്യമന്ത്രിക്കു മറ്റൊരു അജണ്ടയുണ്ട്. തെരഞ്ഞെടുപ്പിനു കുറച്ചു മാസങ്ങൾ മാത്രം ശേഷിക്കെ മുഖ്യമന്ത്രിയും സിപിഎമ്മും നടത്തുന്ന രാഷ്ട്രീയ നാടകമാണിതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പരിപാടിയെപ്പറ്റി ബിജെപിയ്ക്ക് ആക്ഷേപമില്ല. ദേവസ്വം ബോർഡ് സംഘടിപ്പിക്കുകയാണെങ്കിൽ അതു നടക്കട്ടെ. ശബരിമലയിൽ ഭക്തർക്കായി ഒന്നും ചെയ്യാത്തവരാണു ദേവസ്വംബോർഡും സർക്കാരും. എന്നാൽ പന്പയിൽ നടക്കുന്ന സമ്മേളനത്തിൽ ഹിന്ദുവിനെതിരെ നിലപാടെടുക്കുകയും പരസ്യമായി സംസാരിക്കുകയും ചെയ്ത ആളുകളെ പങ്കെടുപ്പിക്കുന്നതാണു പ്രശ്നം.
ഹിന്ദുമത വിശ്വാസം വൈറസ് എന്നു പറഞ്ഞ സ്റ്റാലിനും അയ്യപ്പഭക്തരെ ദ്രോഹിച്ച മുഖ്യമന്ത്രി പിണറായി വിജയനും അവിടെ പോകാൻ പാടില്ല. ഇരുവരും പങ്കെടുത്താൽ അത് അയ്യപ്പഭക്തരെ അപമാനിക്കുന്നതിനു തുല്യമാണ്. മുഖ്യമന്ത്രി പറഞ്ഞതു അയ്യപ്പസംഗമം ആരാധനയുടെ ഭാഗമാണെന്നാണ്. മുഖ്യമന്ത്രി വിശ്വാസിയല്ല. ഭക്തരെ ബഹുമാനിക്കുന്ന ഭക്തർക്കുവേണ്ടിയുള്ള സമ്മേളനം ആണെങ്കിൽ അവിടേക്കു സ്റ്റാലിനെയും ഡിഎംകെയും ക്ഷണിക്കാൻ പാടില്ല.
വിശ്വാസി അല്ലാത്തൊരു മുഖ്യമന്ത്രിയല്ല ഈ പരിപാടി സംഘടിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം സമുദായത്തിനെതിരെ സംസാരിച്ച ഏതെങ്കിലും നേതാവിനെ മുസ്ലിം സമുദായത്തിന്റെ പേരിൽ നടത്തുന്ന പരിപാടിയിൽ പങ്കെടുപ്പിക്കാൻ മുഖ്യമന്ത്രിക്കു ധൈര്യമുണ്ടോയെന്നും രാജീവ് ചോദിച്ചു.
Kerala
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പോരാട്ടത്തിന്റെ മറുപേരായിരുന്ന ’വിഎസ്’ എന്ന രണ്ടക്ഷരം ഇനി ജനഹൃദയങ്ങളിലെ ജ്വലിക്കുന്ന ഓർമ. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ നൂറ്റിയൊന്നാം വയസിലാണ് മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ വിടവാങ്ങിയത്.
ഇന്നലെ ഉച്ചകഴിഞ്ഞു 3.20ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നു രാവിലെ ഒന്‍പതു മുതൽ ദർബാർ ഹാളിൽ പൊതുദർശനം നടക്കും. ഉച്ചകഴിഞ്ഞ് ഭൗതികശരീരം വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. തുടർന്ന് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലും ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനമുണ്ടാകും. നാളെ ഉച്ചകഴിഞ്ഞ് ആലപ്പുഴയിലെ വലിയചുടുകാട്ടിൽ സംസ്കാരം നടക്കും. ഭാര്യ: വസുമതി. മക്കൾ: ഡോ. ആശ, അരുൺകുമാർ.
പക്ഷാഘാതത്തെ തുടർന്ന് ഏറെ നാളായി തിരുവനന്തപുരത്തെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്ന വിഎസിനെ ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ജൂണ്‍ 23 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
1923 ഒക്ടോബർ 20ന് വേലിക്കകത്തു വീട്ടിൽ ശങ്കരൻ-അക്കാമ്മ ദന്പതികളുടെ മകനായി ജനിച്ച വി.എസ്. അച്യുതാനന്ദന്റെ ജീവചരിത്രം കേരളത്തിന്റെ രാഷ്ട്രീയചരിത്രം കൂടിയാണ്. നാലാം വയസിൽ അമ്മയെയും പതിനൊന്നാം വയസിൽ അച്ഛനെയും നഷ്ടമായ ബാല്യം.
അച്ഛന്റെ മരണത്തോടെ ഏഴാം ക്ലാസിൽ പഠിപ്പു നിർത്തി സഹോദരന്റെ തയ്യൽക്കടയിൽ സഹായിയായി. പിന്നീട് കയർ തൊഴിലാളിയായി. 16-ാം വയസിൽ കയർ തൊഴിലാളികളെയും കർഷകത്തൊഴിലാളികളെയും സംഘടിപ്പിച്ച് രാഷ്ട്രീയത്തിലേക്കു ചുവടുവച്ച വിഎസ്, 96-ാം വയസിൽ വിശ്രമജീവിതത്തിലേക്കു മടങ്ങും വരെ കേരള രാഷ്ട്രീയത്തിന്റെ കണ്ണും കരളുമായി നിലകൊണ്ടു.
രാഷ്ട്രീയത്തിലും ജീവിതത്തിലും എന്നും പ്രതികൂല സാഹചര്യങ്ങളോടു പടവെട്ടിയ വിഎസ് എല്ലായ്പോഴും വേറിട്ട സമരപാതയിലൂടെ ഒറ്റയാനായി നടന്നു.
കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ സമരപോരാളികളിൽ ഒരാളായി ജനഹൃദയങ്ങളിലിടം നേടി. പാർട്ടി സെക്രട്ടറിയായിരിക്കുന്പോഴും പ്രതിപക്ഷ നേതാവായിരിക്കുന്പോഴും മുഖ്യമന്ത്രിയായിരിക്കുന്പോഴും ജനകീയ കമ്യൂണിസ്റ്റ് എന്നു വാഴ്ത്തപ്പെട്ടപ്പോഴും കേരള രാഷ്ട്രീയത്തിലെ ആ വേറിട്ട മാതൃകയെ മലയാളി നേരിട്ടറിഞ്ഞു.
Kerala
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന് അന്ത്യാഞ്ജലി അർപ്പിച്ച് വ്യവസായി എം.എ.യൂസഫലി. സെക്രട്ടറിയേറ്റ് ദർബാർ ഹാളിലെത്തിയാണ് യൂസഫലി അന്തിമോപചാരം അർപ്പിച്ചത്.
നിഷ്കളങ്കനായ രാഷ്ട്രീയ നേതാവായിരുന്നു വിഎസ്. സംസ്ഥാനത്തിന് വേണ്ടി വളരെയധികം പ്രയത്നിച്ച മുഖ്യമന്ത്രിയായിരുന്നു. നോർക്ക റൂട്ട്സിന്റെ ചെയർമാൻ ആയിരിക്കുന്ന സമയത്ത് പ്രവാസികളുടെ ഏത് കാര്യം വന്നാലും അദ്ദേഹം ഉടനടി തീരുമാനമെടുത്തിരുന്നുവെന്നും യൂസഫലി പറഞ്ഞു.
അതേസമയം ദർബാർ ഹാളിലെ വി എസ് അച്യുതാനന്ദന്റെ പൊതുദർശനം തുടരുകയാണ്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ജനപ്രതിനിധികളും ഇവിടെയെത്തി അന്തിമോപചാരം അർപ്പിച്ചു.
ഉച്ചയ്ക്ക് രണ്ട് വരെ ഇവിടെ പൊതുദർശനം തുടരും. പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങളാണ് തലസ്ഥാനത്തേക്ക് ഒഴുകിയെത്തുന്നത്.
Kerala
ആലപ്പുഴ: മേൽക്കൂര തകർന്നുവീണ കാർത്തികപള്ളി യുപി സ്കൂളിൽ സംഘര്‍ഷാവസ്ഥ. യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രതിഷേധം സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്.
പ്രവർത്തകർ തമ്മിൽ സ്കൂൾ പരിസരത്ത് ഏറ്റുമുട്ടി. സ്കൂള്‍ കുട്ടികള്‍ ഉച്ചഭക്ഷണം കഴിക്കുന്ന പാത്രങ്ങളും ഇവിടെയുണ്ടായിരുന്ന കസേരകളും പ്രവര്‍ത്തകര്‍ പരസ്പരം വലിച്ചെറിഞ്ഞു. ഇതോടെ പോലീസ് ലാത്തി വീശി.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ തലയ്ക്ക് പരിക്കുണ്ട്. സംഘർഷത്തിനിടെ ഒരു മാധ്യമപ്രവര്‍ത്തകനും പരിക്കേറ്റു.
അതേസമയം ഇന്ന് രാവിലെ സ്കൂളിൽ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ സിപിഎം തടഞ്ഞതും തർക്കത്തിന് ഇടയാക്കിയിരുന്നു. മാധ്യമപ്രവർത്തകർ പുറത്തുപോകണമെന്ന് സിപിഎം പഞ്ചായത്തംഗം നിബു ആവശ്യപ്പെടുകയായിരുന്നു
സ്കൂൾ പ്രധാന അധ്യാപകൻ പറയാതെ പുറത്തുപോകില്ലെന്ന് മാധ്യമങ്ങൾ നിലപാടെടുത്തു. പിന്നീട് മാധ്യമപ്രവർത്തകരെ ബലം പ്രയോഗിച്ച് പുറത്താക്കാനും സിപിഎം പ്രവർത്തകരുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായിയിരുന്നു.
District News
ചങ്ങനാശേരി: ബ്രത്ത്ലൈസര് പരിശോധിക്കുന്നത് സംബന്ധിച്ച് തര്‍ക്കത്തെത്തുടര്‍ന്ന് സിപിഎം നേതാവും എസ്ഐയും തമ്മില്‍ തര്‍ക്കം ഉന്തിലും തള്ളിലുമെത്തിയ സംഭവത്തിൽ സിപിഎം നേതാവിനെതിരേ ചങ്ങനാശേരി പോലീസ് കേസെടുത്തു.
സിപിഎം ഏരിയ കമ്മിറ്റി അംഗവും ചങ്ങനാശേരി നഗരസഭ 29-ാംവാര്‍ഡ് കൗണ്‍സിലറുമായ പി.എ. നിസാറിനെതിരേയാണ് പോലീസ് കേസെടുത്തത്. പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുക, കൈയേറ്റം ചെയ്യുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. എസ്എച്ച്ഒ ബി. വിനോദ്കുമാറാണ് കേസ് അന്വേഷിക്കുന്നത്. ചങ്ങനാശേരി സ്റ്റേഷനിലെ ജൂണിയര്‍ എസ്ഐ ടിനുവിനു നേരേയാണ് ഭീഷണിയും കൈയേറ്റവും അരങ്ങേറിയത്.
വെള്ളിയാഴ്ച രാത്രി 8.30ന് ചങ്ങനാശേരി സെന്‍ട്രല്‍ ജംഗ്ഷന് സമീപം മുനിസിപ്പല്‍ ആര്‍ക്കേഡ് ഭാഗത്താണ് മദ്യപിച്ചു വാഹനമോടിക്കുന്നവരെ പിടികൂടാന്‍ ജൂണിയര്‍ എസ്ഐ ടിനുവിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തിയത്.
അതുവഴി ബൈക്കിലെത്തിയ പി.എ. നിസാറിനെ തടഞ്ഞുനിര്‍ത്തിയ ജൂണിയര്‍ എസ്ഐ ബ്രത്തലൈസറില്‍ ഊതണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിസാര്‍ നിരസിക്കുകയും യന്ത്രം തട്ടിമാറ്റുകയും ചെയ്തു. പരിശോധിക്കണമെന്ന് എസ്ഐ നിലപാടെടുത്തതോടെ വാക്കേറ്റവും പിടിവലിയും തുടര്‍ന്ന് കൈയേറ്റത്തിലെത്തുകയുമായിരുന്നു.
തുടര്‍ന്ന് സിപിഎം, സിഐടിയു പ്രവര്‍ത്തകരും മറ്റാളുകളും സംഘടിച്ചെത്തി. സംഭവത്തിനിടയില്‍ ഒരുസംഘം ആളുകള്‍ എസ്ഐയെ ഉന്തിത്തള്ളി പോലീസ് ജീപ്പില്‍ കയറ്റുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സംഘര്‍ഷത്തിനിടയില്‍ എസ്ഐയെ അക്രമിക്കാന്‍ ശ്രമിച്ചവരെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് നടപടി സ്വീകരിക്കും.
സംഭവത്തില്‍ പി.എ. നിസാര്‍ പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുത്തിട്ടില്ല. എസ്ഐ ടിനു രാത്രിയില്‍ ചികിത്സ തേടിയ ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലേക്ക് സിപിഎം, എസ്എഫ്ഐ പ്രവര്‍ത്തകര്‍ എത്തിയതോടെ എസ്ഐ സ്വകാര്യ ആശുപത്രിയിലേക്കു മാറുകയായിരുന്നു.
Kerala
എം. പ്രേംകുമാർ
തിരുവനന്തപുരം: നിലന്പൂരിലെ ഉപതെരഞ്ഞെടുപ്പു ഫലത്തിൽ കണക്കുകൂട്ടലുകളിൽ ആകെ പാളി സിപിഎം. പാർട്ടി തെരഞ്ഞെടുപ്പു പരിശോധന റിപ്പോർട്ടിൽ ഒരിടത്തും ഇടതുമുന്നണി സ്ഥാനാർഥി എം. സ്വരാജ് വിജയിക്കുമെന്ന ഒരു സൂചനയും ഉണ്ടായിരുന്നില്ലെങ്കിലും യുഡിഎഫ് സ്ഥാനാർഥിക്ക് ഇത്രയും ഭൂരിപക്ഷം ലഭിക്കുമെന്നു കരുതിയില്ല. ഒപ്പം പി.വി. അൻവർ നേടിയ വോട്ടും പാർട്ടിയെ ആശങ്കപ്പെടുത്തി. നിലന്പൂർ യുഡിഎഫ് മണ്ഡലമാണെന്നു മനസില്ലാമനസോടെ ഇടതു നേതാക്കൾ പറയുന്നുണ്ടെങ്കിലും സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ പിന്നോട്ടു പോയതു രാഷ്ട്രീയമായി വലിയ തിരിച്ചടിയായി. ഫലം പരിശോധിക്കുമെന്നും തിരുത്തേണ്ടതു തിരുത്തുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞെങ്കിലും സ്വരാജിന്റെ പരാജയം പാർട്ടിയിൽ വലിയ ഉൾപാർട്ടി ചർച്ചകൾക്കും വഴിയൊരുക്കും.
ആർഎസ്എസ് പരാമർശം വിനയായി
ഉപതെരഞ്ഞെടുപ്പിന്റെ തലേന്ന് അടിയന്തരാവസ്ഥക്കാലത്ത് ആർഎസ്എസുമായി സിപിഎം സഹകരിച്ചിട്ടുണ്ടെന്ന പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പരാമർശം ഏറെ വിവാദമായി. ഗോവിന്ദന്റെ ഈ പറച്ചിൽ ഹിന്ദു വോട്ടുകൾ ഇടതുപക്ഷത്തിന് അനുകൂലമായി ഏകീകരിക്കാൻ വേണ്ടിയാണെന്ന തോന്നൽ പൊതുവെയുണ്ടായി. ഇത് പാർട്ടി സെക്രട്ടറിയുടെ അതിബുദ്ധിയാണെന്നു മനസിലാക്കിയും പിന്നീടു ദോഷമാകുമെന്നു കണ്ടുകൊണ്ടുമാണു പാർട്ടി പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ആർഎസ്എസുമായി ഒരു ബന്ധവും സിപിഎം ഉണ്ടാക്കിയിട്ടില്ലെന്നു തറപ്പിച്ചു പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഈ നിലപാടു പാർട്ടി സെക്രട്ടറിക്കുള്ള തിരുത്തൽകൂടിയാണെന്ന് പിന്നീടു പൊതുവെ വ്യാഖ്യാനിക്കപ്പെട്ടു. പാർട്ടി സെക്രട്ടറിയെ മുഖ്യമന്ത്രി തിരുത്തിയ സിപിഎമ്മിലെ അസാധാരണമായ നടപടിക്കും ഇതു വഴിവച്ചു.
ഗോവിന്ദന്റെ ആർഎസ്എസ് പരാമർശത്തിനു പിന്നാലെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഹിന്ദു അനുകൂല പ്രസ്താവനകൂടി വന്നതോടെ ഒരർഥത്തിൽ സിപിഎം കൂടുതൽ വെട്ടിലായി. ന്യൂനപക്ഷ വോട്ടുകൾ, പ്രത്യേകിച്ചു മുസ്ലിം വോട്ടുകൾ യുഡിഎഫിന് കൂടുതൽ അനുകൂലമായി മാറുമെന്ന് പാർട്ടിക്ക് ഉറപ്പായി.
ലീഗിനും അൻവറിനും ആര്യാടൻ ഷൗക്കത്തിനോടുള്ള നീരസം മുസ്ലിം വോട്ടുകളിൽ കാര്യമായ വിള്ളലുണ്ടാക്കുമെന്നു കരുതിയാണു പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ എം. സ്വരാജിനെ സിപിഎം സ്ഥാനാർഥിയാക്കിയത്. എന്നാൽ, എം.വി. ഗോവിന്ദന്റെ അസ്ഥാനത്തുള്ള പരാമർശം ഇടതുമുന്നണിക്കു തിരിച്ചടിയായെന്നാണു സിപിഎമ്മിലെ പ്രധാന നേതാക്കളുടെയെല്ലാം വിലയിരുത്തൽ.
നിലന്പൂരിലെ പരാജയം സിപിഎം വിശദമായി പരിശോധിച്ചാൽ പ്രതിക്കൂട്ടിലാകുന്നതു പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാകും. വോട്ടെടുപ്പിനു ശേഷം നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തെരഞ്ഞെടുപ്പിനെ സംബന്ധിച്ചു വിശദമായ ചർച്ചയൊന്നും നടത്തിയില്ല. ഫലം വന്നശേഷം പരിശോധനയാകാമെന്ന നിലപാടിലായിരുന്നു പാർട്ടി. അതുകൊണ്ടുതന്നെ പാർട്ടി സെക്രട്ടറിയുടെ ആർഎസ്എസ് പരാമർശം ചർച്ച ചെയ്തില്ല. എന്നാൽ, ഫലം ചർച്ച ചെയ്യാൻ ചേരുന്ന അടുത്ത പാർട്ടി നേതൃയോഗങ്ങളിൽ ഇക്കാര്യത്തിൽ പാർട്ടി സെക്രട്ടറി വിമർശിക്കപ്പെടുമെന്ന കാര്യം ഉറപ്പാണ്.
അൻവറിന്റെ സ്വാധീനം ചർച്ചയാകും
തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിൽ പി.വി. അൻവർ ഒരുതരത്തിലും ഇടതുസ്ഥാനാർഥിയെ ദോഷമായി ബാധിക്കില്ലെന്ന വിലയിരുത്തലായിരുന്നു സിപിഎമ്മിനുണ്ടായിരുന്നത്. അൻവറിന്റെ പേരുപോലും ചർച്ചചെയ്യേണ്ട കാര്യം ഇല്ലെന്നായിരുന്നു തെരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതലക്കാരൻകൂടിയായിരുന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ പറഞ്ഞിരുന്നത്. എന്നാൽ വോട്ടെടുപ്പു കഴിഞ്ഞു ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അൻവർ എത്ര വോട്ടുപിടിക്കുമെന്ന കാര്യത്തിൽ പോലും നിശ്ചയമുണ്ടായിരുന്നില്ല.
അതായത്, അൻവറിന്റെ മണ്ഡലത്തിലെ സ്വാധീനം മനസിലാക്കാൻപോലും പാർട്ടിക്കു കഴിഞ്ഞില്ലെന്നർഥം. സിപിഎമ്മിനു വലിയ സ്വാധീനമുണ്ടായിരുന്ന പഞ്ചായത്തുകളിൽ എം. സ്വരാജ് പിന്നിൽ പോയതു പാർട്ടിക്കു പരിശോധിക്കാതിരിക്കാനാകില്ല. നിലന്പൂർ തെരഞ്ഞെടുപ്പു ഫലം വരുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളെ ഒരുവിധത്തിലും സ്വാധീനിക്കില്ലെന്നു സിപിഎം പറയുന്നുണ്ടെങ്കിലും വീണ്ടും ഭരണത്തിലെത്താമെന്ന പാർട്ടിയുടെ കണക്കുകൂട്ടലിനു ചെറിയ തോതിലെങ്കിലും മങ്ങലേറ്റിട്ടുണ്ട്.