Editorial Audio
ബിഹാറിൽ വരാനിരിക്കുന്ന ഒക്ടോബർ വിപ്ലവത്തിൽ ഇന്ത്യ മുന്നണി അധികാരം പിടിക്കുമോയെന്നതല്ല, വെട്ടിമാറ്റപ്പെട്ട വോട്ടർമാരെയെല്ലാം ഉൾപ്പെടുത്തി സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കുമോയെന്നതാണ് പ്രസക്തമായ ചോദ്യം.
പാറ്റ്നയിൽ ഇന്ത്യ മുന്നണി റാലിയിലെ ആൾക്കൂട്ടം അവരെ ആഹ്ലാദിപ്പിക്കുന്നതാണ്. പക്ഷേ, വ്യാജ വോട്ടർപട്ടികയിൽ രാഹുൽ ഗാന്ധി ഇട്ട ബോംബ് ബിഹാറിലെ എൻഡിഎ കസേരകൾ തെറിപ്പിക്കുമോയെന്നറിയാൻ ഒക്ടോബറിലെ നിയമസഭാ തെരഞ്ഞെടുപ്പുവരെ കാത്തിരിക്കണം. ബംഗളൂരുവിലെ വ്യാജ വോട്ടർപട്ടിക ആറ്റം ബോംബായിരുന്നെങ്കിൽ വരാനിരിക്കുന്നത് ഹൈഡ്രജൻ ബോംബാണെന്നാണ് രാഹുലിന്റെ മുന്നറിയിപ്പ്.
ബിഹാറിലെ വോട്ട് അധികാർ യാത്രയുടെ സമാപനത്തിലായിരുന്നു “ഹിരോഷിമയ്ക്കു പിന്നാലെ നാഗാസാക്കി” എന്ന ഭീഷണി. അദ്ദേഹം ഉന്നയിച്ച കള്ളവോട്ട് ആരോപണമല്ല, അതിനെ പ്രതിരോധിക്കാനാവാതെ പരുങ്ങിയ തെരഞ്ഞെടുപ്പു കമ്മീഷനാണ് രാജ്യത്തെ നടുക്കിയത്. ബിഹാറിൽ വരാനിരിക്കുന്ന ഒക്ടോബർ വിപ്ലവത്തിൽ ഇന്ത്യ മുന്നണി അധികാരം പിടിക്കുമോയെന്നതല്ല, വെട്ടിമാറ്റപ്പെട്ട വോട്ടർമാരെയെല്ലാം ഉൾപ്പെടുത്തി അവിടെ സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കുമോയെന്നതാണ് പ്രസക്തമായ ചോദ്യം.
ഒന്നുറപ്പ്; ബിഹാറിൽ ജനാധിപത്യം അതിന്റെ ഏറ്റവും വലിയ അഗ്നിപരീക്ഷയ്ക്കിറങ്ങും. ബിജെപി ഭരണത്തിൽ തെരഞ്ഞെടുപ്പ് അട്ടിമറിയാരോപണം ആദ്യമല്ല. ജയിക്കുന്പോൾ മിണ്ടാതിരിക്കുന്ന കോൺഗ്രസ്, തോൽക്കുന്പോൾ കണ്ടെത്തുന്ന ന്യായമാണ് അതെന്ന പരിഹാസത്തിൽ എല്ലാം മുങ്ങിപ്പോയി. കോടതിപോലും ആരോപണം ഗൗരവത്തിലെടുത്തില്ല. പക്ഷേ, കഴിഞ്ഞ മാസം എല്ലാം മാറിമറിഞ്ഞു.
രാഹുൽ ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ ഒരു നിയമസഭാ മണ്ഡലമായ മഹാദേവപുരയിൽ മാത്രം 1,00,250 വ്യാജവോട്ടർമാരെ ചൂണ്ടിക്കാണിച്ച് വോട്ടർപട്ടിക പ്രദർശിപ്പിച്ചു. ഒരേ മേൽവിലാസത്തിൽ നൂറുകണക്കിനാളുകൾ! വോട്ടറുടെ പിതാവിന്റെ സ്ഥാനത്ത് ഏതോ അക്ഷരങ്ങൾ, മേൽവിലാസത്തിന്റെ സ്ഥാനത്ത് പൂജ്യങ്ങൾ..! രാഹുലിനെതിരേ കേസെടുക്കുമെന്നു ഭീഷണിപ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷൻ 10-ാം നാൾ പത്രസമ്മേളനം നടത്തി. പക്ഷേ, കൃത്യമായ മറുപടിയില്ല.
അതിനുമുന്‍പുതന്നെ വിവാദമായിരുന്ന ബിഹാറിലെ വോട്ടർപട്ടിക പ്രത്യേക തീവ്രപരിഷ്കരണത്തെ (സ്പെഷൽ ഇന്റെൻസീവ് റിവിഷൻ-എസ്ഐആർ) തുടർന്ന് 65 ലക്ഷം പേർ പുറത്തായതും കത്തിപ്പടർന്നു. ‘വോട്ടുകവര്‍ച്ച’ ആരോപിച്ച് രാഹുലിന്റെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി ബിഹാറിലെ സസാറാമിൽ ആരംഭിച്ച 1,300 കിലോമീറ്റര്‍ ‘വോട്ടർ അധികാര്‍’ യാത്ര തിങ്കളാഴ്ച പാറ്റ്നയിൽ സമാപിച്ചു. മോദിയുടെ റാലിയെ വെല്ലുന്ന ആൾക്കൂട്ടം! ഇതിനിടെ, ആദ്യത്തെ ഭീഷണിയുടെ സ്വരം മാറ്റി തെരഞ്ഞെടുപ്പു കമ്മീഷൻ സുപ്രീംകോടതിയിൽ നിലപാടെടുത്തു.
ബിഹാറിലെ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട അവകാശവാദങ്ങളും എതിർപ്പുകളും സമർപ്പിക്കുന്നതു നാമനിർദേശ പത്രിക സമർപ്പിക്കുന്നതുവരെ തുടരാമെന്ന് കമ്മീഷൻ സുപ്രീംകോടതിയിൽ വ്യക്തമാക്കി. എല്ലാ ഉൾപ്പെടുത്തലുകളും ഒഴിവാക്കലുകളും അന്തിമപട്ടികയിൽ ചേർക്കുമെന്നും കമ്മീഷൻ സത്യവാങ്മൂലം വഴി കോടതിയെ അറിയിച്ചു. തങ്ങൾ സത്യസന്ധവും സുതാര്യവുമായിട്ടാണ് പ്രവർത്തിക്കുന്നതെന്നു കമ്മീഷനു ബോധ്യപ്പെടുത്തേണ്ടിവന്നിരിക്കുന്നു.
അടിയന്തരാവസ്ഥയിലൊഴികെ, അന്വേഷണ ഏജൻസികൾ ഉൾപ്പെടെ ജനാധിപത്യത്തിനും സദ്ഭരണത്തിനും കാവലാകേണ്ട സ്ഥാപനങ്ങൾ ഇതുപോലെ സംശയനിഴലിലായ കാലമില്ല.ജനാധിപത്യ ധ്വംസനത്തെയും ഏകാധിപത്യ പ്രവണതകളെയും നിലംപരിശാക്കാനുള്ള യഥാർഥ ബോംബ് വോട്ടർമാരുടെ കൈകളിലാണ്. ആരും മറക്കരുത്. വ്യാജവോട്ട് പത്രസമ്മേളനം മുതൽ രാഹുൽ ഇന്ത്യ മുന്നണിയുടെ ആവേശമായി മാറിയിട്ടുണ്ട്. പക്ഷേ, അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്ഥിരതയിൽ സംശയമുള്ളവർ പാർട്ടിയിലും പുറത്തും ഏറെയുണ്ട്.
ചുറ്റുമുള്ളവർ തുറന്നുപറയണമെന്നില്ല. വ്യാജവോട്ടുകളോ ബിജെപിയുടെയും മോദിയുടെയും കഴിവോ അവരുടെ തുടർഭരണത്തിനു കാരണമായിട്ടുണ്ടാകാം. പക്ഷേ, രാഹുലിന്റെ കഴിവുകേടുകളും കോൺഗ്രസിന്റെ രാഷ്ട്രീയ വനവാസത്തിനു കാരണമാണ്. ജനാധിപത്യം പാർട്ടിക്കു പുറത്തു മാത്രം ഉണ്ടാകേണ്ട കാര്യമാണെന്ന് അദ്ദേഹം കരുതിയിരുന്നില്ലെങ്കിൽ പ്രമുഖ നേതാക്കൾ പലരും പാർട്ടി വിടുകയില്ലായിരുന്നു; കഴിവുള്ള പലരും ഒതുക്കപ്പെടുകയുമില്ലായിരുന്നു.
ബിഹാറിലെ ആൾക്കൂട്ടം രാഹുലിന്റെയും ഇന്ത്യ മുന്നണിയുടെയും താത്കാലിക ആരാധകരാവാം. അതിലേറെ അവർ ജനാധിപത്യത്തിന്റെ സ്ഥിരം ആവശ്യക്കാരാണ്. ഇന്ത്യ മുന്നണി നേതാക്കളുടെ കുതികാൽവെട്ടുകൾ അവർക്കു തടയാനാവില്ല. അതേ, ബിഹാർ ബിജെപിക്കു മാത്രമല്ല, ഇന്ത്യ മുന്നണിക്കും സന്ദേശമാണ്.
Tags : rahulgandhi india congress bjp election