Leader Page
പതിറ്റാണ്ടുകളുടെ പോരാട്ടത്തിലൂടെയും ത്യാഗത്തിലൂടെയും രൂപപ്പെട്ട ഇ ന്ത്യയുടെ ജനാധിപത്യ സംവിധാനം ഒരുകാലത്ത് അടിസ്ഥാനപരമായ ഇടപെടലുകളിൽ ഉറച്ചുനിന്നിരുന്നു. സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ കാലം മുതൽ സ്വാതന്ത്ര്യത്തിനുശേഷമുള്ള ആദ്യ ദശകങ്ങൾ വരെ, രാഷ്ട്രീയ നേതാക്കൾ ജനങ്ങളുമായി നേരിട്ടു ബന്ധപ്പെട്ടുകൊണ്ടാണ് ഉയർന്നുവന്നത്. കഠിനാധ്വാനത്തിലൂടെയും പൊതുസേവനത്തിലൂടെയും കാലക്രമേണ കെട്ടിപ്പടുത്ത വിശ്വാസത്തിലൂടെയും അവർ തങ്ങളുടെ സ്ഥാനങ്ങൾ നേടി.
സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, സർദാർ വല്ലഭായ് പട്ടേൽ, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ വ്യക്തികൾ ഉയർന്നുവന്നത് വരേണ്യ രാഷ്ട്രീയ നിയമനങ്ങളിലൂടെയല്ല, മറിച്ച് ബഹുജന പ്രസ്ഥാനങ്ങളിൽനിന്നാണ്. ഗാന്ധിജി ഗ്രാമസ്വരാജിലൂടെ ഗ്രാമ സ്വയംഭരണം എന്ന ആശയം ഊന്നിപ്പറയുകയും ആയിരക്കണക്കിനു ഭാവി രാഷ്ട്രീയക്കാരെ സാധാരണക്കാരുമായി ബന്ധം നിലനിർത്താൻ പ്രചോദിപ്പിക്കുകയും ചെയ്തു.
സ്വാതന്ത്ര്യാനന്തരം, അന്ന് പ്രബലമായ രാഷ്ട്രീയശക്തിയായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്, സംസ്ഥാന അല്ലെങ്കിൽ ദേശീയ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് ഗ്രാമ, ബ്ലോക്ക് തലങ്ങളിൽ വർഷങ്ങളോളം പ്രവർത്തിച്ച നേതാക്കളെ വളർത്തിയെടുത്തു.
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ലാൽബഹ്ദൂർ ശാസ്ത്രി, കെ. കാമരാജ്, പിന്നീട് ഇന്ദിരാഗാന്ധി തുടങ്ങിയ നേതാക്കൾ പാർട്ടി പദവികളിലൂടെ ഉയർന്നുവന്നു. ഇതൊന്നും പെട്ടെന്നുള്ള ഉയർച്ചയിലൂടെയല്ല, മറിച്ച് പതിറ്റാണ്ടുകളുടെ സേവനത്തിലൂടെയാണ്. തമിഴ്നാട്ടിലെ സി.എൻ. അണ്ണാദുരൈ, ആന്ധ്രാപ്രദേശിലെ എൻ.ടി. രാമറാവു, പശ്ചിമ ബംഗാളിലെ ജ്യോതി ബസു തുടങ്ങിയ നേതാക്കൾ പ്രാദേശിക രാഷ്ട്രീയത്തിൽപോലും പൊതുജനങ്ങളുമായി ആഴത്തിലുള്ള ബന്ധം പുലർത്തിയിരുന്നു. അവർ താഴെത്തട്ടിലുള്ള പാർട്ടി പ്രവർത്തകരുമായും സാമൂഹിക ലക്ഷ്യങ്ങളുമായും അടുത്തു പ്രവർത്തിച്ചിരുന്നു.
എന്നിരുന്നാലും, സമീപ ദശകങ്ങളിൽ ഈ രീതി നാടകീയമായി മാറി. പൊതുസേവനത്തിലൂടെ നേടുന്നതിനു പകരം, ബന്ധങ്ങളിലൂടെയാണു രാഷ്ട്രീയ അധികാരം ഇപ്പോൾ പലപ്പോഴും പാരമ്പര്യമായി ലഭിക്കുന്നത്, അല്ലെങ്കിൽ നൽകപ്പെടുന്നത്. രാഷ്ട്രീയ പാരമ്പര്യം, ബിസിനസ് സ്വാധീനം, അല്ലെങ്കിൽ ഉദ്യോഗസ്ഥ പശ്ചാത്തലമുള്ള (വിരമിച്ച ഐഎഎസ് അല്ലെങ്കിൽ ഐപിഎസ് ഉദ്യോഗസ്ഥർ പോലുള്ളവർ) വ്യക്തികളെ പാർലമെന്റ് അംഗങ്ങളായും നിയമസഭാംഗങ്ങളായും അല്ലെങ്കിൽ വോട്ടർമാരുമായി ബന്ധം സ്ഥാപിക്കുന്നതിൽ സമയം ചെലവഴിക്കാതെ പാർട്ടി തലവന്മാരായും നിയമിക്കുന്നത് വർധിച്ചുവരികയാണ്. രാജവംശ രാഷ്ട്രീയവും ‘പാരച്യൂട്ട്’ സ്ഥാനാർഥികളും ജനാധaxിപത്യത്തിൽ ജനങ്ങളുടെ പങ്കാളിത്തത്തിന്റെ അന്തഃസത്ത ഇല്ലാതാക്കുന്നു.
ഈ മാറ്റം നേതാക്കളും സാധാരണ പൗരനും തമ്മിലുള്ള ബന്ധം അകലുന്നതിലേക്കു നയിച്ചു. മുൻകാല നേതാക്കൾക്ക് അടുത്തറിയാവുന്ന അടിസ്ഥാന വെല്ലുവിളികളായ ദാരിദ്ര്യം, ഗ്രാമീണ മേഖലയിലെ ബുദ്ധിമുട്ടുകൾ, കാർഷിക പ്രശ്നങ്ങൾ, ജീവിതാനുഭവം എന്നിവ പല സമകാലിക രാഷ്ട്രീയക്കാർക്കും ഇല്ല.
മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഐക്യ ആന്ധ്രാപ്രദേശിന്റെ മുൻ മുഖ്യമന്ത്രി ഡോ. വൈ.എസ്. രാജശേഖര റെഡ്ഡിയും ജനകേന്ദ്രീകൃത നേതൃത്വത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ്. എളിമയുള്ള ജീവിതശൈലിക്കും അക്ഷീണമായ പ്രവർത്തനത്തിനും പേരുകേട്ട ഉമ്മൻ ചാണ്ടി പലപ്പോഴും തന്റെ നിയോജകമണ്ഡലത്തിലെ ആളുകളുടെ വീടുകളിലേക്ക് സുരക്ഷയില്ലാതെ കടന്നുചെല്ലുമായിരുന്നു. തന്റെ അടുക്കലേക്കു വരുന്ന ഒരു വ്യക്തിയെയും അദ്ദേഹം നിരാശപ്പെടുത്തിയിരുന്നില്ല.
2003ൽ ആന്ധ്രാപ്രദേശിലെ ഗ്രാമപ്രദേശങ്ങളിലൂടെ 1,400 കിലോമീറ്ററിലധികം സഞ്ചരിച്ച വൈഎസ്ആറിന്റെ പദയാത്ര അദ്ദേഹത്തിന് വൻ ജനപ്രീതി നേടിക്കൊടുത്തു. ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടു മനസിലാക്കാനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത വലിയ പ്രചാരം നേടി.
രണ്ട് നേതാക്കളും അവരുടെ വോട്ടർമാരെ പേരെടുത്ത് ഓർമിക്കുകയും സാധാരണ ആളുകൾക്കുപോലും എത്തിച്ചേരാവുന്ന വിധത്തിൽ പ്രവർത്തിക്കുകയും ചെയ്തു. ടിവി സ്റ്റുഡിയോകളിലോ സോഷ്യൽ മീഡിയ പോസ്റ്റുകളിലോ അല്ല, പൊടി നിറഞ്ഞ റോഡുകളിലും ഗ്രാമ പ്ലാറ്റ്ഫോമുകളിലുമാണ് അവരുടെ രാഷ്ട്രീയ യാത്രകൾ രൂപപ്പെട്ടത്.
ഉയർന്നതലത്തിലുള്ള രാഷ്ട്രീയ ബന്ധങ്ങൾ കാരണം, അടിസ്ഥാനതലത്തിൽനിന്നുള്ള അനുഭവപരിചയമില്ലാതെ പെട്ടെന്ന് നേതാക്കളാകുന്ന വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളും ഒഴിവാക്കണം.
ഇന്ന്, ഇന്ത്യൻ ജനാധിപത്യം പക്വത പ്രാപിക്കുമ്പോൾ, ഈ നേതൃത്വ മാതൃകയിലേക്കു മടങ്ങേണ്ടത് അടിയന്തര ആവശ്യമാണ്. ജനങ്ങളോടൊപ്പം വളരുന്ന, അവരുടെ പോരാട്ടങ്ങളെ മനസിലാക്കുന്ന, സഹാനുഭൂതിയും അനുഭവവും കൊണ്ടു നയിക്കുന്ന ഒന്ന്. രാജ്യത്തിന്റെ ഭാവി വിദ്യാസമ്പന്നരോ ബന്ധമുള്ളവരോ ആയ നേതാക്കളെ മാത്രമല്ല, ജനങ്ങളോടൊപ്പം നടന്ന്, അവരെ ശ്രദ്ധിച്ച്, അവരുടെ വിശ്വാസം നേടിയവരെയുമാണ് ആശ്രയിച്ചിരിക്കുന്നത്.
(ലേഖകൻ ഇന്റർനാഷണൽ കൗൺസിൽ ഫോർ ജേർണലിസ്റ്റ്സിന്റെ ഡയറക്ടറാണ്.)
Movies
കൊച്ചി: വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നാലെ മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ "അമ്മ' ഭരണസമിതി രാജിവച്ച് ഒരു വര്‍ഷത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരച്ചൂട് ഏറും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനമായ വ്യാഴാഴ്ച 74 പേരാണ് പത്രിക നല്‍കിയത്.
മത്സരരംഗത്തേക്കില്ല എന്ന് മോഹന്‍ലാല്‍ അറിയിച്ചതിന് പിന്നാലെ ആറ് പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കിയത്. ജഗദീഷ്, ശ്വേതാ മേനോന്, രവീന്ദ്രന്, ദേവന്, ജയന് ചേര്‍ത്തല, അനൂപ് ചന്ദ്രന് എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്ത് മത്സര രംഗത്തുള്ളവര്‍.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന് ജയന് ചേര്‍ത്തല, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ ജോയിന്റ് സെക്രട്ടറിയായ ബാബുരാജ് എന്നിവരും പത്രിക നല്‍കിയിട്ടുണ്ട്. നിലവിലെ എക്സിക്യൂട്ടീവ് അംഗം അന്‍സിബ ഹസന് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക നല്കി.
നടന് ജോയ് മാത്യു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും പേരിലെ പ്രശ്നം കാരണം പത്രിക തള്ളി. ജൂലൈ 31ന് മത്സരിക്കുന്നവരുടെ അന്തിമപട്ടിക പുറത്തുവിടും.
അതേസമയം, ആരോപണ വിധേയര്‍ മത്സരിക്കുന്നതില്‍ സംഘടനയ്ക്കുള്ളില്‍ രണ്ട് അഭിപ്രായമാണുള്ളത്. ബാബുരാജും ജയന് ചേര്‍ത്തലയും അടക്കമുള്ള മുന്‍ ഭരണസമിതിയിലെ അംഗങ്ങള്‍ ഇപ്രാവശ്യവും മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ് ആരോപണ വിധേയരെ മാറ്റിനിര്‍ത്തണമെന്ന അഭിപ്രായം സംഘടനകത്തുള്ള അംഗങ്ങള്‍ തന്നെ ഉന്നയിക്കുന്നത്.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, ജോയിന്റ് സെക്രട്ടറി, എക്സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയ സ്ഥാനങ്ങളിലേക്കാണ് ഓഗസ്റ്റ് 15ന് തെരഞ്ഞടുപ്പ് നടക്കുന്നത്. അന്നുതന്നെ ഫലപ്രഖ്യാപനമുണ്ടാവും.
505 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. മോഹന്‍ലാല്‍ ആയിരുന്നു കഴിഞ്ഞ മൂന്ന് തവണയും അമ്മയുടെ പ്രസിഡന്റ്. എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ കൂട്ട ആരോപണങ്ങളെ തുടര്‍ന്നാണ് മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒന്നടങ്കം രാജിവച്ചത്.
Movies
താരസംഘടനയായ ‘അമ്മ’യുടെ ഭരണസമിതി തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സ്ഥാനാര്‍ഥി പത്രികാവിതരണം ആരംഭിച്ചു.
പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റുമാർ, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, 11 അംഗ എക്സിക്യൂട്ടീവ് എന്നിവയടക്കം 17 പേരെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ഓഗസ്റ്റ് 15ന് രാവിലെ 10 മുതല്‍ ഒന്നുവരെ ഇടപ്പള്ളി ലുലു മാരിയറ്റ് ഹോട്ടലിലാണ് നടക്കുന്നത്. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നാലെണ്ണം വനിതാ സംവരണമാണ്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 24 ആണ്. 31ന് അന്തിമ സ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധീകരിക്കും.
ഓഗസ്റ്റ് 15ന് വോട്ടെടുപ്പ്. വൈകുന്നേരത്തോടെ ഫലപ്രഖ്യാപനമുണ്ടാകും. തുടര്‍ന്ന് പുതിയ ഭരണസമിതി സ്ഥാനമേല്‍ക്കും. കുഞ്ചന്‍, പൂജപ്പുര രാധാകൃഷ്ണന് എന്നിവരാണു തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍. അഡ്വ. കെ. മനോജ് ചന്ദ്രനാണു വരണാധികാരി.
മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തു തുടരണമെന്ന് അഡ്ഹോക് കമ്മിറ്റിയുടെ അവസാനയോഗം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം പിന്മാറുകയായിരുന്നു. സീനിയര്‍ നടനായ വിജയരാഘവനെ ഈ സ്ഥാനത്തേക്കു കൊണ്ടുവരാനുള്ള ശ്രമം ഒരുവിഭാഗം നടത്തുന്നുണ്ട്.
യുവനടന് കുഞ്ചാക്കോ ബോബന്റെ പേരും ഉയരുന്നുണ്ട്. പ്രധാന ഭാരവാഹിത്വത്തിലേക്കു വനിതകളെ കൊണ്ടുവരുമെന്ന സൂചനയുമുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സജീവ ചര്‍ച്ചയല്ലെങ്കിലും വനിതാ അംഗങ്ങളുടെ നിലപാടും വോട്ടെടുപ്പില്‍ നിര്‍ണായകമാകും.
മോഹന്‍ലാല്‍ പ്രസിഡന്റും സിദ്ദിഖ് ജനറല്‍ സെക്രട്ടറിയുമായി കഴിഞ്ഞവര്‍ഷം ചുമതലയേറ്റ ഭരണസമിതിക്ക് 2027 വരെ തുടരാമായിരുന്നു. എന്നാല്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ വിവാദമാണ് സംഘടനയില്‍ അഴിച്ചുപണിക്കു വഴിയൊരുക്കിയത്.
പീഡനപരാതിയെത്തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് 25ന് സിദ്ദിഖ് രാജിവച്ചു. 27ന് മോഹന്‍ലാല്‍ ഉള്‍പ്പെടെ ഭരണസമിതിയാകെ രാജി നല്‍കിയെങ്കിലും അഡ്ഹോക് കമ്മിറ്റിയായി തുടര്‍ന്നു. രണ്ടുമാസത്തിനകം പുതിയ ഭരണസമിതി ചുമതലയേല്‍ക്കുമെന്ന് അന്നു പ്രഖ്യാപിച്ചെങ്കിലും ഒരുവര്‍ഷം തികയുമ്പോഴാണ് തെരഞ്ഞെടുപ്പു നടക്കുന്നത്.
Editorial
ഒരു വോട്ടിലെന്തിരിക്കുന്നു എന്ന് ജനാധിപത്യത്തിൽ ആരും ചോദിക്കില്ല. കാരണം, അതിലാണ് എല്ലാം. അതില്ലെങ്കിൽ തെരഞ്ഞെടുപ്പില്ല, തെരഞ്ഞെടുപ്പില്ലെങ്കിൽ ജനാധിപത്യവുമില്ല. അപ്പോൾ അടുത്ത ചോദ്യം വരും; തെരഞ്ഞെടുപ്പുണ്ടെങ്കിൽ ജനാധിപത്യമുണ്ടോ? നിർബന്ധമില്ല; തെരഞ്ഞെടുപ്പിലൂടെയും ഏകാധിപത്യവും സർവാധിപത്യവും ഫാസിസവുമൊക്കെ കടന്നുവന്ന ചരിത്രമുണ്ട്.
അതുകൊണ്ട് നാം എന്തു ചെയ്യണം? തെരഞ്ഞെടുപ്പുകൾ അങ്ങേയറ്റം സുതാര്യമാക്കിയാൽ മാത്രം പോരാ, സുതാര്യമാണെന്നു ജനങ്ങളെ ബോധിപ്പിക്കുകയും വേണം. അതുകൊണ്ടാണ് ബിഹാറിലെ വോട്ടർപട്ടിക പുതുക്കൽ രാജ്യം ചർച്ച ചെയ്യുന്നതും വിഷയം സുപ്രീംകോടതി പരിഗണിക്കുന്നതും.
തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയിരിക്കെ ബിഹാറിൽ വോട്ടർപട്ടിക പരിഷ്കരിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ ഇറങ്ങിപ്പുറപ്പെട്ടതോടെയാണ് പ്രതിപക്ഷം സംശയമുന്നയിച്ചത്. ജൂൺ 24ന് തുടങ്ങിയ പരിഷ്കരണം ജൂലൈ 25നു പൂർത്തിയാക്കുമെന്നും, ഓഗസ്റ്റ് ഒന്നിന് കരട് വോട്ടർപട്ടികയും സെപ്റ്റംബർ 30ന് അന്തിമ വോട്ടർപട്ടികയും പ്രസിദ്ധീകരിക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം നടത്തിയ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച, 7.9 കോടി വോട്ടർമാരുള്ള പട്ടികയാണ് ഒരു മാസംകൊണ്ട് പുതുക്കാൻ ശ്രമിക്കുന്നത്. മുന്‍പ് സമഗ്ര പരിഷ്കരണം നടത്തിയ 2003ലെ വോട്ടർപട്ടികയിൽ ഉണ്ടായിരുന്ന 4.96 കോടി വോട്ടർമാർക്കു കുഴപ്പമില്ല. അവർ അപേക്ഷ പൂരിപ്പിച്ചു നൽകിയാൽ മതി.
ബാക്കിയുള്ള 2.94 കോടി ആളുകൾ ജനനത്തീയതിയോ പൗരത്വമോ തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. അതിനുള്ള 11 രേഖകളിൽ ആധാറോ വോട്ടർ ഐഡിയോ റേഷൻ കാർഡോ ഇല്ല. 1987 ജൂലൈ ഒന്നിനു മുമ്പു ജനിച്ചവർ ജനനത്തീയതി, സ്ഥലം എന്നിവ വ്യക്തമാക്കുന്ന രേഖകളും, 1987 ജൂലൈ ഒന്നിനും 2004 ഡിസംബർ രണ്ടിനും ഇടയിൽ ജനിച്ചവർ ഇതിനു പുറമേ മാതാപിതാക്കളിൽ ഒരാളുടെ ജനനരേഖയും, 2004 ഡിസംബർ രണ്ടിനുശേഷം ജനിച്ചവർ മാതാപിതാക്കളിൽ രണ്ടുപേരുടെയും ജനനരേഖകളും കൈമാറണം.
പ്രധാന പ്രശ്നം, ബിഹാറിലെ ജനന രജിസ്ട്രേഷൻ നിരക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കുറവാണ് എന്നതാണ്. മിക്കവരും ജനനം രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ, ആദ്യം തങ്ങളുടെയും ചില കേസുകളിൽ മാതാപിതാക്കളുടെയും ജനനം രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആദ്യം സ്വീകരിക്കേണ്ടിവരും.
ജൂലൈ 24നു മുന്‍പ് ഇതൊക്കെ ചെയ്യാനാവാത്ത രണ്ടുകോടി വോട്ടർമാരെങ്കിലും പട്ടികയിൽനിന്നു പുറത്താകുമെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. ഇതു തെരഞ്ഞെടുപ്പുഫലം അട്ടിമറിക്കും. മറ്റു സംസ്ഥാനങ്ങളിൽ പണിയെടുക്കുന്നവരും ആദിവാസികളും ദളിതരും ഉൾപ്പെടെ പലരും ചുരുങ്ങിയ സമയത്തിനുള്ളിൽ പേര് രജിസ്റ്റർ ചെയ്യാനിടയില്ല.
എതിർപ്പു ശക്തമാകുകയും പ്രതിപക്ഷം ഉൾപ്പെടെ കോടതിയെ സമീപിക്കുകയും ചെയ്തതോടെ കമ്മീഷൻ ഇളവുകളുമായി രംഗത്തെത്തി. ആവശ്യമായ രേഖകൾ കൈവശമില്ലാത്ത വോട്ടർമാർ തത്കാലം അപേക്ഷ പൂരിപ്പിച്ചു നൽകാനാണ് നിർദേശം. പക്ഷേ, എന്തുവന്നാലും പട്ടിക പരിഷ്കരിക്കുമെന്നുകൂടി പറയുന്പോൾ അവ്യക്തതയുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഏതാണ്ട് ഒരു വർഷമുണ്ടായിരുന്നിട്ടും അനങ്ങാതിരുന്ന തെരഞ്ഞെടുപ്പു കമ്മീഷനാണ് ഒരു മാസത്തെ തീവ്രയജ്ഞവുമായെത്തിയത്. വ്യാഴാഴ്ച സുപ്രീംകോടതി ഹർജികൾ പരിഗണിക്കും. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടത്താനിരിക്കുന്ന പശ്ചിമബംഗാൾ, കേരളം, ആസാം, തമിഴ്നാട് എന്നിവിടങ്ങളിലും വോട്ടർപട്ടികാ പരിഷ്കരണം ഉണ്ടായേക്കും.
വോട്ടർപട്ടികയിൽ കേരളത്തിലുൾപ്പെടെ വ്യാജന്മാർ ഉണ്ട്. പക്ഷേ, അവരെ ഒഴിവാക്കാനുള്ള ശ്രമത്തിനിടെ അർഹതയുള്ളവർ പുറത്തുപോകരുത്. ജനാധിപത്യത്തെ അട്ടിമറിക്കുന്നത് പല തരത്തിലാണ്. കള്ളവോട്ടിലും ബൂത്തു പിടിത്തത്തിലും ഗുണ്ടായിസത്തിലും അത് ഒതുങ്ങുന്നില്ല.
വോട്ടർപട്ടികയിൽനിന്ന് അർഹരെ ഒഴിവാക്കുന്നതും അനർഹരെ തിരുകിക്കയറ്റുന്നതും, പാർട്ടികൾ അവിശുദ്ധ കൂട്ടുകെട്ടുകളുണ്ടാക്കുന്നതും എങ്ങനെയും അധികാരത്തിലെത്താൻ നീക്കുപോക്കുകൾ നടത്തുന്നതും, കുതിരക്കച്ചവടങ്ങളും ഭീഷണിയുമൊക്കെ അതിലുണ്ട്.
ലോകസഭാ-നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒറ്റത്തവണയായി നടത്തുന്നതുമായി ബന്ധപ്പെട്ട് പാർലമെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റിക്കു മുന്പിൽ മുൻ ചീഫ് ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, രഞ്ജൻ ഗൊഗോയ് എന്നിവർ അഭിപ്രായപ്പെട്ടത്, വ്യക്തമായ മാർഗരേഖയില്ലാതെ തെരഞ്ഞെടുപ്പു കമ്മീഷന് സന്പൂർണ അധികാരം നൽകരുതെന്നാണ്.
തെരഞ്ഞെടുപ്പു കമ്മീഷനെ നിശ്ചയിക്കുന്നതിൽ സുപ്രീംകോടതിയെ ഒഴിവാക്കി സർക്കാരിനു മാത്രം അംഗങ്ങളെ തീരുമാനിക്കാമെന്ന വിധത്തിൽ അഴിച്ചുപണിതു. വിദ്വേഷപ്രസംഗങ്ങളുടെ കാര്യത്തിൽ ഭരണകക്ഷി നേതാക്കളോടും പ്രതിപക്ഷ നേതാക്കളോടും വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നതും കണ്ടു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തങ്ങൾ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളിൽ ചിലതിനു കൃത്യമായ മറുപടി ഉണ്ടായിട്ടില്ലെന്നും ബിഹാറിൽ അത് ആവർത്തിക്കുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. സ്വതന്ത്രമായിരിക്കേണ്ട തെരഞ്ഞെടുപ്പു കമ്മീഷനും രാജ്യത്തെ അന്വേഷണ ഏജൻസികളെപ്പോലെ സംശയത്തിന്റെ നിഴലിലാകരുത്.
സുപ്രീംകോടതി വിഷയം കൈകാര്യം ചെയ്തുകൊള്ളും. “രാഷ്ട്രീയക്കാരൻ അടുത്ത തെരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കുന്പോൾ രാഷ്ട്രതന്ത്രജ്ഞൻ അടുത്ത തലമുറയെക്കുറിച്ചു ചിന്തിക്കുന്നു” എന്നാണ് അമേരിക്കൻ മന്ത്രിയും എഴുത്തുകാരനുമായിരുന്ന ജെയിംസ് ഫ്രീമാൻ ക്ലാർക് നിരീക്ഷിക്കുന്നത്.
നമുക്ക് രാഷ്ട്രതന്ത്രജ്ഞരായ രാഷ്ട്രീയക്കാരെ ആവശ്യമുണ്ട്. കാരണം, ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് ഇടയ്ക്കൊക്കെ ആശങ്കപ്പെടേണ്ടിവരുന്നത് അത്ര നല്ല കാര്യമല്ലല്ലോ. ബിഹാറിനെക്കാൾ പ്രധാനമല്ലേ ഇന്ത്യ!
Editorial
മറ്റെല്ലാ വഴികളും അടഞ്ഞു; കേരളത്തിന്റെ ശാപമായി മാറിയ വന്യജീവി, തെരുവുനായ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പുതരാത്ത ഒരു രാഷ്ട്രീയ പാർട്ടിയും സ്ഥാനാർഥിയും തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിക്കരുത്.
വിചിത്രവും മനുഷ്യവിരുദ്ധവുമായ കേന്ദ്രനിയമങ്ങൾക്കു മുകളിൽ അടയിരിക്കുന്ന കേന്ദ്രവും അതിനെ മറയാക്കി രക്ഷപ്പെടുന്ന സംസ്ഥാനവും അവർക്കു പകരം അധികാരത്തിലെത്താമെന്നു കരുതുന്ന പ്രതിപക്ഷവും ഉറപ്പുനൽകണം, ജീവഭയമില്ലാതെ ജീവിക്കാൻ ജനങ്ങളെ സമ്മതിക്കുമെന്ന്.
ഒരു പക്ഷിപ്പനിയോ പന്നിപ്പനിയോ വന്നാൽ സംശയത്തിന്റെ ആനുകൂല്യം പോലും കൊടുക്കാതെ ലക്ഷക്കണക്കിനു കോഴികളെയും താറാവുകളെയും പന്നികളെയും കൊന്നൊടുക്കുന്ന ഭരണ-നിയമ സംവിധാനങ്ങൾ, ദരിദ്രരെയും ആദിവാസികളെയും നിർധന കർഷകരെയും കൊന്നൊടുക്കുന്ന വന്യ-ക്ഷുദ്രജീവികളെയും തെരുവുനായ്ക്കളെയും തൊടുന്നില്ല. ഈ സിസ്റ്റത്തിനു പേ പിടിച്ചിരിക്കുകയാണ്; വോട്ടല്ലാതൊരു വാക്സിനുമില്ല.
ജനുവരി മുതൽ മേയ് വരെ അഞ്ചു മാസത്തിനിടെ 1,65,136 പേർക്കു തെരുവുനായ്ക്കളുടെ കടിയേറ്റെന്നും 17 പേർ പേവിഷബാധയേറ്റു മരിച്ചെന്നുമാണ് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലായ്ക്കു സർക്കാരിൽനിന്നു കിട്ടിയ കണക്ക്. ഒരു ദിവസം 1,100 പേർക്കാണു പട്ടികടിയേൽക്കുന്നത്. ആലോചിച്ചുനോക്കൂ, എന്തൊരു ഗതികേടിലാണ് കേരളം പെട്ടിരിക്കുന്നതെന്ന്! കടിയേറ്റവരിൽ ഏറെപ്പേരുടെയും പരിക്കുകളിലേക്കു നോക്കാൻപോലും ഭയമാകും; അത്ര ഗുരുതരമാണവ.
ജനുവരി മുതൽ മേയ് 15 വരെ നാലര മാസത്തിനിടെ വന്യജീവികൾ കൊന്നൊടുക്കിയത് 25 പേരെ. 92 പേർക്കു പരിക്കേറ്റു. ഇതിൽ 19 പേരെയും കൊന്നത് കാട്ടാനയാണ്. ഇതുകൂടാതെ, കഴിഞ്ഞ ഒന്നര മാസത്തിനിടെയും നിരവധിപേർ കൊല്ലപ്പെട്ടു. വളർത്തുമൃഗങ്ങളെയും കൊന്നൊടുക്കി. കൃഷിയും വീടുകളും നശിപ്പിച്ചതു വേറെ.
അപകടത്തിൽ പെടുന്ന ഇരുചക്രവാഹന യാത്രികരുടെ എണ്ണമേറി. വനാതിർത്തികളിലെ കൃഷിയിടങ്ങളിലിറങ്ങാൻ കർഷകർക്കും തൊഴിലാളികൾക്കും ഭയമാണ്. കുട്ടികളെ തനിച്ചു സ്കൂളിൽ വിടാനാകുന്നില്ല. വന്യജീവി ആക്രമണം തടയാൻ കോടിക്കണക്കിനു രൂപ വനംവകുപ്പു പൊടിക്കുന്നുമുണ്ട്. നാട്ടുകാർക്ക് വന്യജീവികളേക്കാൾ ഭയമാണ് വനംവകുപ്പിനെ.
കാലഹരണപ്പെട്ട നിയമങ്ങൾക്കു മുകളിൽ കേന്ദ്രസർക്കാർ അടയിരിക്കുകയാണ്; രണം വിരിയിക്കാൻ. വായാടിത്തമല്ലാതെ പരിഹാരമൊന്നും സംസ്ഥാന സർക്കാരിനുമില്ല. വന്യജീവികളെയും തെരുവുനായ്ക്കളെയും നിയന്ത്രിക്കണമെന്ന് സർക്കാരിനോടോ, ഇടപെടണമെന്നു കോടതികളോടോ ഇപ്പോഴാരും ആവശ്യപ്പെടുന്നില്ല. ഒരു കാര്യവുമില്ല. മന്ത്രിസ്ഥാനമൊക്കെ പുനരധിവാസ സംവിധാനമായി അധഃപതിച്ചു. പല വകുപ്പുകളിലും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമായി.
എബിസി (അനിമല്‍ ബര്‍ത്ത് കണ്ട്രോള് ) പദ്ധതികൊണ്ടൊന്നും, അനിയന്ത്രിതമായി പെരുകിയ തെരുവുനായകളെ അടുത്തകാലത്തൊന്നും നിയന്ത്രിക്കാനാവില്ലെന്നും നശിപ്പിക്കണമെന്നുമാണ് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന് കേരള ഘടകം വ്യക്തമാക്കുന്നത്. എബിസി എന്ന തട്ടിപ്പു തുടങ്ങിയതു മുതലുള്ള കാൽ നൂറ്റാണ്ടിനിടെ രാജ്യത്ത് ആയിരക്കണക്കിനു സാധാരണക്കാരായ മനുഷ്യരെ തെരുവുനായ്ക്കൾ കാലപുരിക്കയച്ചു.
കണ്ടുനിൽക്കാനാവാത്തത്ര ഭയാനക മരണം! ഇതൊന്നും നമ്മൾ വോട്ട് കൊടുത്തവരുടെ മനസലിയിക്കില്ല. ആശുപത്രി സെല്ലുകളിൽ പേയിളകി പിടയുന്നവർ ഈ ഭരണാധികാരികളുടെയോ മൃഗസ്നേഹികളുടെയോ ആരുമല്ല. മരണമെത്തുന്പോൾ ഒരു തുള്ളി വെള്ളംപോലും കുടിക്കാൻ കഴിയാത്തവരുടെ ദാഹം കേന്ദ്രത്തിലെയും കേരളത്തിലെയും ക്രൂര ഭരണാധികാരികളുടെയോ അവരുടെ വീട്ടുകാരുടെയോ തൊണ്ടയിലല്ല.
എല്ലാ മന്ത്രിമാരെയും എംഎൽഎമാരെയും എംപിമാരെയും പേവിഷബാധയേറ്റവരുടെ സെല്ലുകളിലെത്തിച്ച് കാണിക്കണം, അവരൊരുക്കിയ കോൺസെൻട്രേഷൻ ക്യാന്പുകളിലെ അന്ത്യപിടച്ചിലുകൾ..! മരണവാതിൽ കടക്കാൻ വെപ്രാളപ്പെടുന്ന കുഞ്ഞുങ്ങളുടെ മിഴികളിലും അവരെ നെഞ്ചിലിട്ടു വളർത്തിയ മാതാപിതാക്കളുടെ മിഴിനീരിലും പ്രതിഫലിക്കുന്ന നിസഹായാവസ്ഥ കാണട്ടെ; ഒരാളെങ്കിലും മാനസാന്തരപ്പെട്ടാൽ അത്രയുമായില്ലേ.
കാട്ടാനകൾ ചവിട്ടിമെതിച്ച മനുഷ്യരുടെ മാംസഭാണ്ഡങ്ങൾ സംസ്കരിക്കുന്നതിനുമുന്പ് പൊതിയഴിച്ചു കണ്ടിട്ടുണ്ടോ? പുലിയും കടുവയും തിന്ന മനുഷ്യബാക്കികൾ ജനപ്രതിനിധികളുടെയും വനംവകുപ്പു ജീവനക്കാരുടെയും മനുഷ്യവിരുദ്ധ മൃഗസ്നേഹികളുടെയും വീടുകളിലേക്കു കൊടുത്തുവിടണം.
എന്തിനാണ് ഈ സർക്കാർനിർമിത ഹിംസയുടെ ദൃശ്യങ്ങൾ മറച്ചുവയ്ക്കുന്നത്? ലോകമെങ്ങുമുള്ള യുദ്ധത്തിന്റെ ഭയാനക ദൃശ്യങ്ങൾ കാണിക്കുന്നവർ, ഒരു സർക്കാർ അതിന്റെ പൗരന്മാർക്കുമേൽ നിയമാനുസൃതം നടത്തുന്ന ഈ കൂട്ടക്കൊല എന്തിനു മൂടിവയ്ക്കണം? ഇവ പാർലമെന്റിലും നിയമസഭകളിലും പ്രദർശിപ്പിക്കണം. മനുഷ്യകബന്ധങ്ങൾക്കു മുന്നിൽ നിന്ന് മൃഗങ്ങൾക്കുവേണ്ടി വാദിക്കുന്നവരെ മയക്കുവെടി വച്ചു തളയ്ക്കണം.
കാവൽക്കാരില്ലാതെ രാജവാഹനങ്ങളിൽനിന്നു പുറത്തിറങ്ങേണ്ടതില്ലാത്ത, വന്യജീവികളെയും തെരുവുനായക്കളെയും പേടിക്കേണ്ടതില്ലാത്ത ഭരണാധികാരികൾക്കും ന്യായാധിപർക്കും, സ്വയരക്ഷയ്ക്കുള്ള തോക്കുമായി നടക്കുന്ന വനംവകുപ്പ് മേലാളന്മാർക്കും, പരിചാരകർ കുളിപ്പിച്ചു പൗഡറിട്ടുകൊടുത്ത പട്ടികളെ ലാളിച്ചും തെരുവുനായ്ക്കളുടെ ഇരകളെ നിന്ദിച്ചും ഭരണകൂടങ്ങളെ നിയന്ത്രിക്കുന്നവർക്കും മാത്രമല്ല, സാധാരണക്കാരായ മനുഷ്യർക്കും ഇവിടെ ജീവിക്കണം.
തെരഞ്ഞെടുപ്പുകൾ വരുന്നുണ്ട്. വന്ധ്യംകരണം, നായപരിപാലന കേന്ദ്രങ്ങൾ, പഞ്ചായത്തുതല നിയന്ത്രണ സംവിധാനങ്ങൾ... പതിറ്റാണ്ടുകളായി ജനത്തെ ചതിച്ചവരുടെ പാഴ്വാക്കുകൾ വിശ്വസിക്കരുത്. അഹിംസയിലൂന്നിയ ജനകീയ കോടതികൾ, വോട്ട് ചോദിച്ചെത്തുന്നവരെ വിചാരണ ചെയ്യണം.
പരിഷ്കൃത രാജ്യങ്ങളെ മാതൃകയാക്കി പെറ്റുപെരുകിയ വന്യജീവികളെയും തെരുവുനായ്ക്കളെയും കൊന്നുതന്നെ നിയന്ത്രിക്കാൻ ആവശ്യപ്പെടണം. വനം-വന്യജീവി-തെരുവുനായ സംരക്ഷണ പ്രാകൃതനിയമങ്ങൾ പൊളിച്ചെഴുതണം.
പാർട്ടി നോക്കി വോട്ട് ചെയ്യുന്നവർ മാത്രമല്ല, ജനക്ഷേമം കാംക്ഷിക്കുന്ന പാർട്ടിയടിമകളല്ലാത്ത വോട്ടർമാരുമുണ്ടെന്നും അവർ നിർണായക ശക്തിയാണെന്നും കൊടിത്തണലുകളിൽ അധികാരം നുണയുന്നവരെ ബോധ്യപ്പെടുത്തണം. വരുന്നുണ്ട് തെരഞ്ഞെടുപ്പുകൾ; അവർക്കും നമുക്കും ഓർമകളുണ്ടായിരിക്കണം.
Leader Page
“ക്ഷമയും സമയവും ആണ് ഏറ്റവും ശക്തരായ യോദ്ധാക്കള്‍’’ എന്നു പറയാറുണ്ട്. “കഷ്ടപ്പാടുകള്‍ ഇല്ലായിരുന്നെങ്കില്‍ മനുഷ്യനു സ്വയം അറിയാനോ, തന്റെ പരിധികള്‍ അറിയാനോ കഴിയില്ലായിരുന്നു” എന്നും കേട്ടിട്ടുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഒട്ടേറെ ദുരന്ത, യുദ്ധ വാര്‍ത്തകള്‍ അനേകരെ ആശങ്കയിലാക്കിയിരുന്നു.
പഹല്‍ഗാം ഭീകരാക്രമണവും പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിലും സൈനികതാവളങ്ങളിലും ഇന്ത്യ നടത്തിയ ഓപ്പറേഷന് സിന്ദൂറും ശശി തരൂരിനെ അടക്കം വിദേശങ്ങളിലേക്കയച്ചുള്ള നയതന്ത്ര നീക്കവുമെല്ലാം പലതരത്തില്‍ വാര്‍ത്തയും വിവാദവും ആശങ്കകളും സൃഷ്ടിച്ചു.
ലണ്ടന്‍ ഗാറ്റ്വിക്കിലേക്കുള്ള എയര്‍ ഇന്ത്യയുടെ ബോയിംഗ് 171 വിമാനം അഹമ്മദാബാദില്‍നിന്നു പറന്നുയര്‍ന്നു മിനിറ്റിനുള്ളില്‍ തകര്‍ന്നുവീണ സംഭവത്തിന്റെ നടുക്കം ഇനിയും മാറിയിട്ടില്ല. ഡ്രീംലൈനര്‍ വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും ഒരേസമയം നിലച്ചതാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. എന്നെങ്കിലും സത്യം പുറത്തുവരുമെന്ന് ആശിക്കാം. മരിച്ചവരുടെ ജീവിതസ്വപ്നങ്ങള്‍ മാത്രമല്ല, കോടിക്കണക്കിനു വിമാനയാത്രികരുടെ സുരക്ഷാബോധംകൂടിയാണു കത്തിയമര്‍ന്നത്.
അരുത്, മൂന്നാം ലോകയുദ്ധം
അഹമ്മദാബാദിലെ വിമാനദുരന്തമുണ്ടായതിന്റെ പിറ്റേന്ന് ജൂണ്‍ 13നാണ് ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്കു നേരേ ഇസ്രയേലിന്റെ ആക്രമണം. ഇറാന്റെ അണ്വായുധകേന്ദ്രങ്ങളില് അമേരിക്കകൂടി വന്‍ ബോംബാക്രമണം നടത്തുകയും ഇസ്രയേലിനെതിരേ ഇറാന് തിരിച്ചടിക്കുകയും ചെയ്തപ്പോള്‍ ലോകം ആശങ്കയിലായി. കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ സാധ്യതകളേറെയായിരുന്നു. അവകാശപ്പെട്ടതു പൂര്‍ണമായി ശരിയല്ലെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇടപെടലുകള്‍ ഇസ്രയേല്‍ - ഇറാന് യുദ്ധത്തിനു താത്കാലിക വിരാമം കാണാനെങ്കിലും സാധിച്ചു. ഇറാനില്‍ പോയി ബോംബിട്ട ശേഷമാണു സമാധാനത്തിന്റെ ദൂതനായി ട്രംപ് സ്വയം അവരോധിച്ചത്!
മനുഷ്യജീവനുകള്‍ക്കു വിലയില്ലാതാകുന്ന ഭീകരാക്രമണങ്ങളും സൈനികനടപടികളും മനുഷ്യകുലത്തിനാകെ ഭീഷണിയാണ്. സര്‍വനാശത്തിലേക്കു വഴിതെളിക്കാവുന്ന മൂന്നാം ലോകയുദ്ധമോ, ആണവാക്രമണമോ ഉണ്ടാകാതിരിക്കട്ടെയെന്ന് ആഗ്രഹിക്കാം.
ഇറാന്റെ ആണവഭീഷണി
വിനാശകരമായ ആണവായുധങ്ങള്‍ സ്വന്തമാക്കാനുള്ള ഇറാന്റെ അഭിലാഷങ്ങള്‍ക്ക് എത്രത്തോളം തിരിച്ചടിയുണ്ടായെന്ന് അവിടുത്തെ ആണവകേന്ദ്രങ്ങള്‍ ആക്രമിച്ചു മൂന്നാഴ്ച ആയിട്ടും വ്യക്തമല്ല. ഐക്യരാഷ്ട്രസഭയുടെ ആണവനിരീക്ഷണ സംഘടനയായ ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി (ഐഎഇഎ) യുമായുള്ള സഹകരണം നിര്‍ത്തലാക്കാന്‍ ഇറാന് പാര്‍ലമെന്റ് അംഗീകരിച്ച ബില്ലില്‍ ഇറാന് പ്രസിഡന്റ് മസൂദ് പെഷേഷ്കിയാന്‍ ഒപ്പുവച്ചു. ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനയ് നിയമിച്ച ശക്തമായ 12 അംഗ ഗാര്ഡിയന് കൗണ്‍സിലും ബില്ലില്‍ ഒപ്പുവച്ചിട്ടുണ്ട്.
ആണവായുധ നിര്‍വ്യാപന കരാറില്‍ (എന്‍പിടി) നിന്ന് ഇറാന് പിന്മാറുന്നത് ആശങ്കയാണ്. വടക്കന്‍ കൊറിയ ആണ് 57 വര്‍ഷം പഴക്കമുള്ള കരാറില്‍നിന്ന് അവസാനമായി പിന്മാറിയത്. എന്‍പിടിയില്‍ തുടരുമോയെന്ന് ഇറാന് വിലയിരുത്തിവരികയാണെന്ന് ഇറാന് സ്റ്റേറ്റ് ടിവിയില്‍ അവരുടെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഉടമ്പടി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഐഎഇഎ പരിശോധനകള്‍ നടത്തണമെന്ന വ്യവസ്ഥ ഇറാന് പാലിക്കുമെന്ന് ആര്‍ക്കും ഉറപ്പിക്കാനാകില്ല.
തക്കംപാർത്ത് ചൈന, റഷ്യ
1968ല്‍ 191 രാജ്യങ്ങള്‍ ഒപ്പിട്ട ആണവനിര്‍വ്യാപന കരാറില്‍ ഇന്ത്യ ഒപ്പിട്ടിട്ടില്ല. എന്‍പിടിയില്‍ ഒപ്പുവയ്ക്കാതെ അമേരിക്കയുമായി ആണവോര്‍ജ കരാര്‍ ഉണ്ടാക്കാനായെന്നതാണു മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന്റെ പ്രധാന നേട്ടങ്ങളിലൊന്ന്. സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ആണവപദ്ധതികള്‍ തുടരാനാകും. എന്നാല്‍, ഇതിന്റെ മറവില്‍ അണ്വായുധങ്ങള്‍ സ്വന്തമാക്കാന്‍ ഇറാനും വടക്കന്‍ കൊറിയയും അടക്കം ശ്രമിക്കുന്നുവെന്നതു രഹസ്യമല്ല.
ഇറാന്റെ സിവിലിയന്‍ ആണവപദ്ധതിയെ സമാധാനപരമായ ആവശ്യങ്ങള്‍ക്കായി പരിമിതപ്പെടുത്തുന്ന സംയുക്ത സമഗ്ര പ്രവര്‍ത്തന പദ്ധതിയില്‍ (ജെസിപിഒഎ) അമേരിക്ക ഉള്‍പ്പെടെയുള്ള ലോകശക്തികള്‍ 2015ല്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍, 2018ല്‍ പ്രസിഡന്റ് ട്രംപ് ഈ കരാറില്‍നിന്നു പിന്മാറി. ഇറാനെതിരേ അമേരിക്ക വീണ്ടും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. ഇറാനുമായി പുതിയൊരു ആണവക്കരാര്‍ ചര്‍ച്ച ചെയ്യാനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ വിജയിച്ചതുമില്ല. ട്രംപിന്റെ അതിമോഹങ്ങളും ചാഞ്ചാട്ടങ്ങളും ലോകക്രമം മാറ്റുകയാണ്.
ലക്ഷ്യം കാണാതെ 12 ദിനം
ഇറാനിലെ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന് എന്നിവിടങ്ങളിലുള്ള ആണവകേന്ദ്രങ്ങളില്‍ ജൂണ്‍ 21നായിരുന്നു അമേരിക്കന്‍ വ്യോമാക്രമണം. ഇറാന്റെ ആണവപദ്ധതിയെ തകര്‍ത്തെന്നും വര്‍ഷങ്ങള്‍ പിന്നോട്ടടിച്ചെന്നുമുള്ള അവകാശവാദങ്ങള്‍ തീര്‍ത്തും തെറ്റാകില്ല. ഖത്തറിലെ അമേരിക്കയുടെ അല്‍ ഉദൈദ് വ്യോമതാവളത്തില്‍ ഇറാന് മിസൈലുകള്‍ വര്‍ഷിച്ചതോടെ സ്ഥിതി വഷളായി. വന്‍ നാശമുണ്ടായതോടെയാണു വെടിനിര്‍ത്തലിന് ഇസ്രയേലും ഇറാനും സമ്മതിച്ചത്.
ഓപ്പറേഷന് സിന്ദൂറില്‍ വന്‍നാശമുണ്ടായ പാക്കിസ്ഥാന് വെടിനിര്‍ത്തലിനു തയാറായതിനു സമാനമായിരുന്നു ഇറാന്റെ സ്ഥിതി. വെടിനിര്‍ത്തല്‍ ആശ്വാസകരമാണെങ്കിലും പരിഹാരമോ സമാധാനമോ ആകില്ല. ഇറാന്റെ എണ്ണക്കച്ചവടത്തിനെതിരേ അമേരിക്കയുടെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ആണവപദ്ധതി തടയാന്‍ മതിയാകില്ല.
സ്വയം പ്രതിരോധം കാപട്യം
സ്വയം പ്രതിരോധമെന്ന വാദം ഉയര്‍ത്തിയാണ് ഇസ്രയേലും ഇറാനും പാക്കിസ്ഥാനും യുക്രെയ്നും സിറിയയും ഹമാസും മുതല്‍ അമേരിക്കയും റഷ്യയും വരെയുള്ളവര്‍ നാശം വിതയ്ക്കുന്നത്! ഇസ്രയേലിന്റെ ആക്രമണത്തില്‍ 974 പേരാണ് ഇറാനില്‍ കൊല്ലപ്പെട്ടത്. ഇറാന്റെ ആക്രമണത്തില്‍ 28 ഇസ്രയേലികളുടെയും ജീവന് പൊലിഞ്ഞു. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നു ഹമാസ് നടത്തിയ ഭീകരാക്രമണത്തില്‍ 1,139 പേര് കൊല്ലപ്പെടുകയും ഇരുനൂറോളം നിരപരാധികളെ ബന്ദികളാക്കുകയും ചെയ്തു. ഇതിനു പ്രതികാരമായി ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 57,130 പേര് കൊല്ലപ്പെടുകയും 1.34 ലക്ഷം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍, 80,000 പലസ്തീനികളെങ്കിലും കൊല്ലപ്പെട്ടുവെന്നു മറ്റുചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ 27 വര്‍ഷത്തിനിടെ മാത്രം കാഷ്മീരില്‍ ചുരുങ്ങിയത് 41,000 പേര് പാക് പിന്തുണയുള്ള ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. 2003ല്‍ 795 സാധാരണക്കാരും 314 സൈനികരും 1,494 ഭീകരരും ജമ്മു കാഷ്മീരില്‍ കൊല്ലപ്പെട്ടതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. 2004ല്‍ ഇത് യഥാക്രമം 707, 281, 976 എന്നിങ്ങനെയായിരുന്നു. പരസ്പരം ചോര വീഴ്ത്തിയിട്ടും ലോകമെങ്ങും യുദ്ധക്കൊതിയും ഭീകരതയും കൂടിവരുന്നത് ആപത്കരമാണ്.
ഭീകരതയെ തൂത്തെറിയാം
ഭീകരതയുടെയും തീവ്രവാദത്തിന്റെയും അടിവേരറക്കാതെ ലോകത്തു സമാധാനം കൈവരില്ല. ഐഎസ്, ഹമാസ്, ആഫ്രിക്കയിലെ ജമാഅത്ത് നുസ്റത്ത് അല്‍ ഇസ്ലാം വല്‍ മുസലിമീന്‍, അല്‍ ഷഹബാബ് എന്നീ നാലു ഭീകര സംഘടനകള്‍ മാത്രം 2024ല്‍ 4,443 പേരെ കൊന്നൊടുക്കിയെന്നാണ് ഗ്ലോബല്‍ ടെററിസം ഇന്ഡക്സിലുള്ളത്. ഹമാസ് ജൂതന്മാര്ക്കും ക്രൈസ്തവര്ക്കുമെതിരേയാണെങ്കില് മറ്റു മൂന്നു പ്രധാന ഭീകര സംഘടനകളും ബൊക്കോ ഹറാം പോലുള്ള ഇതര ഗ്രൂപ്പുകളും ക്രൈസ്തവരെ തെരഞ്ഞുപിടിച്ച് ഉന്മൂലനം ചെയ്യുന്ന കൊടുംക്രൂരതകളാണു നടത്തിവരുന്നത്. എന്നാല്‍, ഇസ്രയേലിന്റെ ഗാസയിലെ കൂട്ടക്കൊലകളെക്കുറിച്ചു മാത്രം വേദനിക്കുന്ന വോട്ട് ബാങ്ക് രാഷ്ട്രീയക്കാരും ലോകസമാധാനത്തിനു പാര വയ്ക്കുകയാണ്.
അഫ്ഗാനിസ്ഥാനിലെ താലിബാന് സര്‍ക്കാരിനെ ആദ്യമായി അംഗീകരിക്കാന്‍ റഷ്യ തയാറായി. താലിബാനുമായി സഹകരിക്കാന്‍ ഇന്ത്യയും ന്യായം കണ്ടെത്തി. പാക്കിസ്ഥാന്റെ ഭീകരതയ്ക്കും ചൈനയും തുര്‍ക്കിയും മാത്രമല്ല അമേരിക്കയും കുടപിടിക്കുന്നു. താത്കാലിക സ്വാര്‍ഥതാത്പര്യങ്ങള്‍ക്കായി ഭീകരരെ സഹായിക്കാനും ന്യായീകരിക്കാനും വന്‍രാഷ്ട്രങ്ങള്‍ ശ്രമിക്കുന്നതു ദുരന്തമാകും.
വോട്ട് നോക്കി വേണ്ട തന്ത്രം
മതാന്ധതയിലും അധിനിവേശ മോഹത്തിലും മറ്റും ആളുകളെ ആരു കൊന്നൊടുക്കിയാലും അതിനെതിരേ ഒരേ മാനദണ്ഡത്തില്‍ പ്രതികരിക്കുകയാണു വേണ്ടത്. എല്ലാത്തരത്തിലുമുള്ള തീവ്രവാദികളെയും ഭീകരരെയും ഒറ്റപ്പെടുത്താന്‍ ലോകമനഃസാക്ഷി ഉണര്‍ത്താതെ രക്ഷയില്ല.
Leader Page
Leader Page
“നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പോടെ യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെട്ടു... ഗവര്‍ണര്‍ ആര്‍എസ്എസ് നേതാവായി ചുരുങ്ങുകയും രാജ്ഭവന് പാര്‍ട്ടി ഓഫീസാക്കി മാറ്റുകയും ചെയ്യുന്നു...”- കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
ജനങ്ങളുടെ മനോഭാവത്തിന്റെ ഒരു ചൂണ്ടുപലകയായിരുന്നു നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പി.വി. അന്‍വറിനെക്കൂടി ഉള്‍ക്കൊണ്ടു മുന്നോട്ടു പോകാന്‍ ശ്രമിച്ചെങ്കിലും അനവസരത്തില്‍ അദ്ദേഹം നടത്തിയ കുത്തുവാക്കുകള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലായിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. ഇന്നലെ ദീപിക കോട്ടയം ഓഫീസിലെത്തിയ അദ്ദേഹം പത്രാധിപ സിമിതി അംഗങ്ങളുമായി സംസാരിക്കുകയായിരുന്നു.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചപ്പോള്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിക്ക് സീറ്റ് ലഭിക്കാത്തത് ജോയിക്ക് ഗോഡ്ഫാദറില്ലാത്തതിനാലാണെന്ന് അന്‍വര്‍ പറഞ്ഞത് അകല്ച്ചയിലേക്കാണു നയിച്ചത്. എല്‍ഡിഎഫ് അവര്‍ക്കു പറ്റിയ നല്ല സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെ സര്‍വസന്നാഹവുമായി ക്യാമ്പ് ചെയ്തു പ്രചാരണം നടത്തിയെങ്കിലും വന്‍ ഭൂരിപക്ഷത്തിലാണ് ആര്യാടന് ഷൗക്കത്ത് വിജയിച്ചത്.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ശുഭസൂചനയും ചൂണ്ടുപലകയുമാണ് നിലമ്പൂര്‍ തെരഞ്ഞെടുപ്പ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പോടെ യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെട്ടു. ഇതിനെ കൂടുതല്‍ ശക്തിപ്പെടുത്താനും വികസിപ്പിക്കാനുമുള്ള നടപടികള്‍ കോണ്‍ഗ്രസും യുഡിഎഫും കൈക്കൊള്ളുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ പുതുപ്പള്ളിയിലും തൃക്കാക്കരയിലും മൂന്നിരട്ടിയായി ഭൂരിപക്ഷം വര്‍ധിച്ചു. പാലക്കാട്ടും നിലമ്പൂരും നല്ല ഭൂരിപക്ഷത്തില്‍ ജയിക്കാനായി. ചേലക്കരയില്‍ എല്‍ഡിഎഫിന്റെ 40,000 ഭൂരിപക്ഷം 12,000ലേക്ക് കുറച്ചു. കേരളത്തിലെ വിലക്കയറ്റവും വന്യമൃഗ ആക്രമണവും കാര്‍ഷിക പ്രശ്നങ്ങളും ഉയര്‍ത്തിയായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുക.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നാല് അടിയന്തര പ്രമേയങ്ങള്‍ കൊണ്ടുവന്നെങ്കിലും ചര്‍ച്ചയ്ക്കു പോലും എടുത്തില്ല. വന്യമൃഗശല്യം ചര്‍ച്ച ചെയ്യാന്‍ ഒന്നരമണിക്കൂര്‍ പോലും നീക്കിവയ്ക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഉന്നതതല യോഗം വിളിക്കാന്‍ മുഖ്യമന്ത്രിക്കു കത്ത് കൊടുത്തിട്ടും നടപടിയുണ്ടായില്ല. പാലായില്‍ നവകേരള സദസുമായി മുഖ്യമന്ത്രി എത്തിയപ്പോള്‍ സ്ഥലം എംപിയായിരുന്ന തോമസ് ചാഴികാടന് റബര്‍ വിഷയം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി പരസ്യമായി ശാസിച്ചത് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും റബര്‍ കര്‍ഷകരോടുള്ള മനോഭാവമാണ് വ്യക്തമാക്കുന്നത്. മലയോര പ്രദേശം പോലെ തീരപ്രദേശവും പ്രതിസന്ധിയിലാണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു
232 രൂപ വേതനമുള്ള ആശാ വര്‍ക്കര്‍മാരോടുള്ള സര്‍ക്കാരിന്റെ മനോഭാവം അപലപനീയമാണ്. ഇതു നിലനില്ക്കുമ്പോള് കാര്യമായ പണിയൊന്നുമില്ലാത്ത പിഎസ്സി ചെയര്‍മാന്റെ ശമ്പളം 4,10,000 രൂപയാക്കി. കൊട്ടിഘോഷിച്ച നാഷണല്‍ ഹൈവേ വികസനം പൊട്ടിപ്പൊളിഞ്ഞു. അദാനി ടെന്‍ഡര്‍ എടുത്തത് 1800 കോടിക്കാണ്. അദാനി അതു സബ് കോണ്‍ട്രാക്ട് കൊടുത്തത് 900 കോടിക്ക്; അതായത്, പകുതി ലാഭം.
തദ്ദേശ തെരഞ്ഞെടുപ്പ്
അസംബ്ലി തെരഞ്ഞെടുപ്പില്‍ ഒരു ബൂത്തില്‍ വോട്ടു ചെയ്യുന്നവരുടെ എണ്ണം 1100 ആയി തെരഞ്ഞെടുപ്പു കമ്മീഷന് പരിമിതപ്പെടുത്തിയിട്ടുണ്ട്. ആ സാഹചര്യത്തില്‍ എല്ലാവര്ക്കും വോട്ട് ചെയ്യാന്‍ സാധിക്കും. എന്നാല്‍ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡില്‍ വോട്ട് ചെയ്യുന്നവരുടെ എണ്ണം 1300 ആക്കി. ത്രിതല തെരഞ്ഞെടുപ്പില്‍ മൂന്നു വോട്ടുകള്‍ ചെയ്യണം. അതിനാൽ സമയത്ത് വോട്ടെടുപ്പ് തീരില്ല എന്നു പറയുന്നത്. പലര്‍ക്കും വോട്ടു മുടങ്ങും.
കേരള കോണ്‍ഗ്രസ് -എം
പാര്‍ട്ടികള്‍ എന്ന നിലയില്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കണമെന്നു തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. അക്കാര്യം കേരള കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടത്. കേരളത്തിലെ ജനങ്ങളുടെ ന്യായവും സത്യവും എവിടെയാണെന്ന് കേരള കോണ്‍ഗ്രസ് -എം പരിശോധിക്കണം.
വനനിയമം
1972ല്‍ വനനിയമം വരുമ്പോള്‍ ഇക്കാലത്തേതുപോലെ വന്യമൃഗശല്യം ഇല്ല. ആ സമയം വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് നിയമം ഉണ്ടാക്കിയത്. ഇപ്പോള്‍ വന്യമൃഗം പെരുകി മനുഷ്യര്‍ക്കാണ് ജീവിതം വഴിമുട്ടിയത്. ഓസ്ട്രേലിയയില്‍ ദേശീയ മൃഗമായ കംഗാരു പെറ്റുപെരുകുമ്പോള്‍ അവയെ വെടിവയ്ക്കുകയാണ്. ഇവിടെ കാട്ടുപന്നിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കളയുകയാണ് വെളിച്ചെണ്ണ ഒഴിച്ച് വേവിച്ച് ഭക്ഷിക്കുകയാണു വേണ്ടത്. 1972ലെ വകുപ്പിലെ 62-ാം വകുപ്പില്‍ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി കേന്ദ്രസര്‍ക്കാരിനു പ്രഖ്യാപിക്കാം. എന്നാല്‍ ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോടു പറയുന്നില്ല.
ഗവര്‍ണറും ഭാരതാംബ വിവാദവും
ഭരണഘടനയുടെ ആമുഖത്തില്‍നിന്നു സോഷ്യലിസവും മതേതരതവും മാറ്റണമെന്നാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി പറയുന്നത്. ഇന്ത്യ മതരാഷ്ട്ര മല്ല, മതേതര രാഷ്ട്രമാണ്. ഭരണഘടനയുടെ ആമുഖം അതിന്റെ ഹൃദയമാണ്. ബിജെപി ഏതറ്റം വരെയും പോകും. ഗവര്‍ണര്‍ ആര്‍എസ്എസ് നേതാവായി ചുരുങ്ങുകയും രാജ്ഭവന് പാര്‍ട്ടി ഓഫീസാക്കി മാറ്റുകയും ചെയ്യുന്നു.
Leader Page
നിലന്പൂർ ജനത ഉപതെരഞ്ഞടുപ്പിലൂടെ നൽകിയ രാഷ്ട്രീയപാഠം പഠിക്കാനോ മനസിലാക്കാൻപോലുമോ ഇരുമുന്നണിക്കും സാധിക്കുന്നില്ല. അവരുടെ നേതാക്കളുടെ പ്രതികരണങ്ങൾ അതാണു വ്യക്തമാക്കുന്നത്. ആര്യാടൻ ഷൗക്കത്തിന്റെ ജയം, 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷയോടെ പോരാടാനുള്ള ഉണർവ് ജനാധിപത്യമുന്നണിക്ക് നല്കുന്നു. തോറ്റിരുന്നെങ്കിൽ ഇടതുമുന്നണി മൂന്നാംതവണയും അനായാസം കടന്നുകൂടും എന്ന വിശ്വാസം ശക്തമാകുമായിരുന്നു. ഇപ്പോൾ പോരാടാനുള്ള സാധ്യത തെളിഞ്ഞുനിൽക്കുന്നു. എങ്കിലും മുന്നണിക്ക് ഏറെ അഭിമാനിക്കാനിക്കാവുന്ന വിജയമാണ് എന്നു പറയാനാവില്ല.
ഉപതെരഞ്ഞെടുപ്പു ഫലം ഇടതു സർക്കാരിനുള്ള ഷോക്ക്ട്രീറ്റ്മെന്റാണ്; പിണറായിയുടെ തോൽവിതന്നെയാണ്. 2016 മുതൽ അവരുടെ കൈവശമിരിക്കുന്ന സീറ്റാണ് കൈമോശം വന്നത്. എന്നിട്ടും ഭരണവിരുദ്ധവികാരമല്ല പ്രതിഫലിക്കപ്പെട്ടതെന്നും ഞങ്ങൾ ഒന്നും തിരുത്തേണ്ടതില്ലെന്നും പറയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നിലന്പൂരിലെ ഇടതുസ്ഥാനാർഥി എം. സ്വരാജും അത് ഏറ്റുപാടുന്നവരും “തല്ലണ്ടമ്മാവാ ഞാൻ നന്നാകൂല്ല” എന്നു പറയുന്ന മരുമകനെപ്പോലെ കണ്ണടച്ചിരുട്ടാക്കുകയാണ്. ഈ തെരഞ്ഞടുപ്പു വിജയത്തോടെ 2026ൽ നൂറു സീറ്റോടെ ഞങ്ങൾ കേരള ഭരണം പിടിക്കുമെന്ന് ഉറപ്പായി എന്ന ജനാധിപത്യമുന്നണിയുടെ അവകാശവാദവും യാഥാർഥ്യബോധമുള്ളതല്ല. മാതൃക തേടി അകലെയൊന്നും പോകേണ്ട. 2019ലെ ലോക്സഭാ തെരഞ്ഞടുപ്പിൽ സിപിഎമ്മിലെ എ.എം. ആരിഫ് ജയിച്ച, അരൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിലെ ഷാനിമോൾ ഉസ്മാൻ രണ്ടായിരത്തിലധികം വോട്ടിനു ജയിച്ചു. എന്നിട്ടോ? കോണ്‍ഗ്രസ്, മുഖ്യമന്ത്രി പദവിയെക്കുറിച്ചും മറ്റുമുള്ള തർക്കങ്ങളിലായി. 2021ൽ പിണറായി രണ്ടാംവട്ടവും മുഖ്യമന്ത്രിയായി.
കോ-ലീ മണ്ഡലം
ജനാധിപത്യമുന്നണിയുടെ സ്ഥാനാർഥി 2011ന് ശേഷം ജയിച്ചിട്ടില്ലെങ്കിലും കോണ്‍ഗ്രസിനും ലീഗിനും ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് നിലന്പൂർ. 2021ൽ അമരന്പലം, എടക്കര, കരുളായി, പോത്തുകൽ, വഴിക്കടവ് പഞ്ചായത്തുകളിലും നിലന്പൂർ മുനിസിപ്പാലിറ്റിയിലും അൻവറിനായിരുന്നു ലീഡ്. ഇക്കുറി കരുളായി ഒഴികെ എല്ലായിടത്തും ഷൗക്കത്ത് ലീഡ് ചെയ്തു.
ഈ ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് വോട്ട് ശതമാനം 2021 ലെ 45.34 ശതമാനത്തിൽനിന്നും 44.17 ശതമാനമായും കുറഞ്ഞു. ഇടതുമുന്നണിക്ക് വോട്ട് ശതമാനം 46.9 ൽനിന്നും 37.88 ശതമാനമായി. ഈ ശതമാനക്കുറവിനും തോൽവിക്കും അവർക്ക് കൃത്യമായ മറുപടി ഉണ്ട്. ഇടതുമുന്നണിയും കോണ്‍ഗ്രസ് വിമതനും കൂടി നേടിയതാണ് 2021 ലെ 46.9 ശതമാനം. വിമതൻ മുന്നണി വിട്ടപ്പോൾ അതു ചോർന്നു. നിലന്പൂരിലെ മത്സരം പല കാരണങ്ങൾ കൊണ്ടും ഗൗരവമായി എടുക്കാതിരുന്ന ബിജെപിയുടെ വോട്ട് ശതമാനം 2021 ലെ 4.96 ശതമാനത്തിൽ നിന്ന് 4.91 ആയി കുറഞ്ഞു.സ്വതന്ത്രനായി മത്സരിച്ച അൻവർ 11.23 ശതമാനം വോട്ട്പിടിച്ച് അത്ഭുതപ്പെടുത്തി. മുസ്ലിം തീവ്രവാദ പാർട്ടിയായി കണക്കാക്കപ്പെടുന്ന എസ്ഡിപിഐക്ക് 2021 ൽ 1.89 ശതമാനംവോട്ടാണ് ലഭിച്ചത്. 2025ൽഅത് 1.18 ആയി കുറഞ്ഞു. എല്ലാ പാർട്ടിക്കാർക്കും വോട്ടിലെ ശതമാനം കുറഞ്ഞ തെരഞ്ഞടുപ്പുഫലമാണ് നിലന്പൂരിൽ ഉണ്ടായത്.
കോണ്‍ഗ്രസും ലീഗും ഒന്നിച്ച് ഉറച്ചുനിന്നാൽ ഇടതുപക്ഷത്തെ തോൽപ്പിക്കാനാവുന്ന മണ്ഡലമാണ് നിലന്പൂർ എന്ന് വ്യക്തം. കുറെ മുസ്ലിം വോട്ട് പിടിക്കാനാവുന്ന കോണ്‍ഗ്രസ് വിമതരിലൂടെ മാത്രമെ സിപിഎമ്മിന് മണ്ഡലം പിടിക്കാനാവു.
ആഹ്ലാദിക്കാം, അഹങ്കരിക്കരുത്
ഉപതെരഞ്ഞെടുപ്പുകളിലെ വിജയം കണ്ട് കോണ്‍ഗ്രസ് അഹങ്കരിക്കരുത്.തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാട്ടും സിറ്റിംഗ് സീറ്റുകൾ നിലനിർത്തുകയാണു ചെയ്തത്. ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റായ ചേലക്കര അവരും നിലനിർത്തി. കോണ്‍ഗ്രസ് വിമതനിലൂടെ ഇടതുമുന്നണി പിടിച്ച നിലന്പൂരിൽ വിമതൻ കൂറുമാറിയപ്പോൾ കോണ്‍ഗ്രസ് പിടിച്ചു. ചേലക്കരയിൽ ഇടതു ഭൂരിപക്ഷം കുറഞ്ഞു എന്നത് ജനാധിപത്യമുന്നണിക്ക് നല്ല സൂചനയാണ്. ഉപതെരഞ്ഞെടുപ്പുകളിലെ വിജയങ്ങളും ചേലക്കരയിലെ കുതിപ്പും കാണിക്കുന്നത് വോട്ടർമാർക്കിടയിൽ പിണറായിയോടുള്ള പകയാണ്. കോണ്‍ഗ്രസ് എന്തെങ്കിലും കൂടുതൽ നല്ല കാര്യം പറഞ്ഞതുകൊണ്ടോ പ്രവർത്തിച്ചതുകൊണ്ടോ അല്ല. ഉപതെരഞ്ഞെടുപ്പിൽ ജയിച്ചവരെല്ലാം 2026 ൽ ജയിക്കും എന്ന് തീർച്ചപറയാനാവുമോ?
പ്രതിപക്ഷ നേതാവ് പറഞ്ഞു, മൂന്നാംവട്ടവും പിണറായി വരും എന്നു കേട്ടാൽ ജനം പേടിച്ച് യുഡിഎഫിന് വോട്ടു ചെയ്യും എന്ന്. ശരിയാണ്. പക്ഷേ അവരുടെ പാർട്ടി വോട്ടുകൾ അവർക്കുതന്നെ കിട്ടും. നിഷ്പക്ഷരായ വോട്ടുകളാണ് ഇങ്ങനെ മാറുക. ഈ വോട്ടുകൾ പലയിടത്തു പോയാലോ? അതു തടയലാണ് ജനാധിപത്യമുന്നണിയുടെ തലവേദന.
പാർട്ടി ജയിക്കുന്ന കാലത്ത് അമരത്തുള്ളവൻ ചോദ്യംചെയ്യപ്പെടാത്തവനായി മാറാറുണ്ട്. പിണറായി വിജയനു സംഭവിച്ചത് അതാണ്. പാർട്ടി അടിമകൾ എല്ലാം സഹിക്കും. പിന്നെ എല്ലാത്തിലും പ്രയോജനം ഉണ്ടാക്കുന്നവരും. സാഹിത്യകാരന്മാരടക്കം. അത്തരം ലക്ഷ്യങ്ങൾ ഇല്ലാത്തവരാണ് ഭരണം മാറ്റുന്നത്. അവർ വോട്ടുചെയ്യുന്പോൾ അതു പ്രകടമാക്കുന്നു. ഇത്തരക്കാരിൽ ഒരാളെപ്പോലും അകറ്റാതിരിക്കുന്നിടത്താണ് എതിർപക്ഷത്തിന്റെ വിജയം. കാതു കുത്തിയവനെ വിട്ട് കടുക്കനിട്ടവനെ പേറാൻ അവർ തയ്യാറാവില്ല.
സതീശൻ പിണറായിയെപ്പോലെ ധാർഷ്ട്യം പുലർത്തുന്നു എന്ന ചിന്ത പാർട്ടിയിലും പുറത്തും ശക്തമാകുന്നുണ്ട്. ആപത്താണ് ഈ ശൈലി. ഞാൻ പ്രതിപക്ഷനേതാവായിരുന്നപ്പോൾ എത്രയോ ഉപതെരഞ്ഞെടുപ്പുകൾ ജയിച്ചു, എന്നെ ആരും ക്യാപ്റ്റൻ എന്ന് വിളിച്ചില്ലല്ലോ എന്ന രമേശ് ചെന്നിത്തലയുടെ പരസ്യ പരിഭവത്തിന് കൂടുതൽ ആഴമുണ്ട്.
2026ലെ നിയമസഭാതെരഞ്ഞെടുപ്പിൽ പിണറായിപക്ഷത്തെ തോൽപ്പിക്കുവാൻ ഇതുകൊണ്ടാവില്ല. പിണറായി സർക്കാരിനോടു പകയുള്ള മുഴുവൻപേരെയും ഒന്നിച്ചുനിർത്താൻ എതിർപക്ഷത്തിനാകണം. രാഷ്ട്രീയ തന്ത്രജ്ഞതയുള്ള നേതൃപാടവമാണ് കോണ്‍ഗ്രസിനു വേണ്ടത്.
നിലന്പൂരിൽ ഷൗക്കത്ത് ജയിച്ചു എന്നതു വാസ്തവം. പക്ഷേ പിണറായിയോടു പകയുള്ളവർ മുഴുവൻ ഷൗക്കത്തിന് വോട്ടുചെയ്തോ? ഇല്ല. പി.വി. അൻവർ പിടിച്ച 20,000 വോട്ടും പിണറായിവിരുദ്ധ വോട്ടുകളാവില്ലേ? വി.എസ്. ജോയിയും വി.വി. പ്രകാശിന്റെ കുടുംബവും കോണ്‍ഗ്രസിൽ ഉറച്ചുനിന്നത് അവരുടെ അന്തസ്. പക്ഷേ കോണ്‍ഗ്രസിനുള്ളിൽ ഒഴുക്കുണ്ടായി എന്ന് അൻവർ പറയുന്നതിൽ ഒരുകഴന്പും ഇല്ലെന്നുണ്ടോ. 2021 ൽ ഷൗക്കത്ത് ശരിക്കു പിടിച്ചെങ്കിൽ പ്രകാശ് വിജയിക്കുമായിരുന്നില്ലേ? സ്ഥാനാർഥിയായപ്പോൾ വോട്ടു ചോദിച്ചുപോലും ഷൗക്കത്തിന് പ്രകാശിന്റെ വീട്ടിലെത്താനായില്ല എന്ന സത്യം വ്യക്തമാക്കുന്നത് എന്താണ്. 2021ൽ പ്രകാശിനെ ഷൗക്കത്ത് വലിച്ചു എന്നല്ലേ? 2026 ൽ ഈ മണ്ഡലം നിലനിർത്താനാവുമെന്ന് ഉറപ്പുണ്ടോ. അന്ന് വി.എസ്. ജോയിയോ അതുപോലുള്ള ഒരു കോണ്‍ഗ്രസ് നേതാവോ റിബലായി വരില്ലെന്ന് ആരുകണ്ടു. ഇത്തരം ഒരു റിബൽ വന്നാൽ അൻവറും സഹായിക്കില്ലേ?
ജമാ അത്തെ ഇസ്ലാമി- വെൽഫെയർ പാർട്ടി ബന്ധം
തെരഞ്ഞെടുപ്പിൽ ജയിക്കാൻവേണ്ടി ഏത് ചെകുത്താനുമായും കൂട്ടുകൂടുന്നതിനും തിരിച്ചടി ഉണ്ടാവും. ഇത്തരത്തിൽ ഒരു കൂട്ടാണ് കോണ്‍ഗ്രസ് ജമാ അത്തെ ഇസ്ലാമിയുമായി ഉണ്ടാക്കുന്നത്. സമസ്തയെപ്പോലുള്ള മുസ്ലിം സംഘടനകൾപോലും ജമാ അത്തെ ഇസ്ലാമിക്ക് എതിരാണ്. ജമാ അത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉന്നയിക്കുന്നില്ലെന്നു കേരള അമീർ പി. മുജീബ് വിശദീകരിച്ചു. ജമാ അത്തെ ഇസ്ലാമി മാറിയെന്നു പറയണമെങ്കിൽ അവരുടെ സ്ഥാപക നേതാവിന്റെ ആശയം ഒഴിവാക്കണമെന്ന് സമസ്തയുടെ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു. മതവിശ്വാസികൾക്ക് അവരുടെ മതനിയമം പാലിക്കുവാനാകണം. അതിന് പ്രത്യേക പാർട്ടി വേണം എന്ന് പറയുന്നതാണ് മതരാഷ്ട്രവാദം. മതവ്യത്യാസമില്ലാതെ എല്ലാവരും മതരാഷ്ട്രവാദത്തിൽ നിന്ന് വിട്ടുനിൽക്കണം- കാന്തപുരം വ്യക്തമാക്കി. ഭരണം കിട്ടിയാൽ വെൽഫെയർ പാർട്ടി ഷൈലോക്കിനെപ്പൊലെ വില മേടിക്കും. മന്ത്രിമാരോ പദവികളോ ഇല്ലാതെ ഭരണത്തിന്റെ ആനുകൂല്യംനേടി ശക്തരാവും.
പഞ്ചായത്ത് തെരഞ്ഞെടുപ്പ്
കേരളം ഈ വർഷം പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് പോകും. അവിടെ എത്ര ശ്രമിച്ചാലും പിണറായി മാത്രം ആവില്ല തെരഞ്ഞെടുപ്പുവിഷയം. നല്ല സ്ഥാനാർഥികളാകും വിഷയം. വ്യക്തിബന്ധങ്ങൾക്ക് നല്ല വിലയുള്ള തെരഞ്ഞെടുപ്പാണ്. നിലന്പൂരിൽതന്നെ ഇക്കുറി ലീഡ് ചെയ്ത പഞ്ചായത്തുകൾ എല്ലാം കോണ്‍ഗ്രസിന് പിടിച്ചെടുക്കാനാവുമോ? ഒരു വാർഡിലെ വലിയ ലീഡുകൊണ്ട് പഞ്ചായത്തിൽ വോട്ടിൽ ലീഡ് നേടാനാവും. പക്ഷേ പഞ്ചായത്ത് ഭരണം പിടിക്കാനാവില്ല. പഞ്ചായത്തു തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി പിടിച്ചുനിൽക്കാനാണ് സാധ്യത.
പിണറായി തിരുത്തണം
പിണറായി സർക്കാരിനെതിരായ ജനവികാരം മനസിലാക്കണം. അതിനു സാധിക്കുന്നില്ല എന്നതാണ് സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും വലിയ വീഴ്ച. മൂന്നാം ഊഴത്തിനുള്ള തടസവും അതാണ്.
വികസനത്തെക്കുറിച്ച് പറയുന്ന കാര്യങ്ങൾ ജനത്തിന് മനസിലാകാത്തവയാണ്. കർഷകന് കൊടുത്തിരുന്ന സഹായങ്ങൾ കുറച്ചു. ആശാ വർക്കർമാർക്ക് 1000 രൂപ കൂട്ടിക്കൊടുക്കാനില്ല. എല്ലാ പെൻഷനും സർവീസ് പെൻഷൻകാര