കോഴഞ്ചേരി: കഥകളി എന്ന കലാരൂപത്തിന്റെ നാമത്തിൽ അറിയപ്പെടുന്ന കേരളത്തിലെ ഏക ഗ്രാമപഞ്ചായത്താണ് അയിരൂർ. അയിരൂർ കഥകളി ഗ്രാമം എന്ന പേരിൽ സർക്കാർ ഗസറ്റ് വിജ്ഞാപനത്തിലൂടെ സ്ഥലനാമം മാറ്റിയെഴുതിയിട്ടുണ്ട്. സാംസ്കാരികമായി ഏറെ പ്രാധാന്യമുള്ള അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിനും ചതയം ജലോത്സവത്തിനും ആതിഥേയത്വം അരുളുക കൂടി ചെയ്യുന്നുണ്ട്.
പമ്പയുടെ തീരത്തുള്ള പഞ്ചായത്തിലെ വിവിധ കരകളിലായി നാല് ആറന്മുള പള്ളിയോടങ്ങളുണ്ട്.പന്തളത്തുനിന്നു ശബരിമലയിലേക്കു കൊണ്ടുപോകുന്ന തിരുവാഭരണ ഘോഷയാത്രയുടെ ആദ്യ വിശ്രമകേന്ദ്രം അയിരൂരിലെ പുതിയകാവിലുള്ള ദേവീക്ഷേത്ര മതിലകത്താണ്. നിരവധി സാംസ്കാരിക നായകരുടെയും മതമേലധ്യക്ഷരുടെയും ജന്മനാടുകൂടിയാണ് അയിരൂർ. ആധ്യാത്മിക, സാംസ്കാരിക പാരന്പര്യം മുറുകെപ്പിടിക്കുന്ന പഞ്ചായത്തിലെ ഭരണസാരഥികൾക്കും അത്തരം ഒരു പശ്ചാത്തലത്തിൽനിന്നു മാത്രമേ പ്രവർത്തിക്കാനാകൂ.
കാർഷിക ഗ്രാമമാണെങ്കിലും കൃഷി കനത്ത വെല്ലുവിളിയെ നേരിടുകയാണ്. പഴയകാല പ്രതാപം കൃഷിക്ക് ഇല്ലാതായി. അടിസ്ഥാന സൗകര്യ വികസനത്തിലൂന്നിയുള്ള പദ്ധതികൾക്കാണ് ഭരണസമിതി ലക്ഷ്യംവച്ചതെങ്കിലും രാഷ്ട്രീയമായ അസ്ഥിരതയും ഭരണതലപ്പത്തെ പ്രതിസന്ധികളും മറ്റൊരു വെല്ലുവിളിയായി.
നേട്ടങ്ങൾ
അമ്പിളി പ്രഭാകരൻ നായർ
(അയിരൂർ പഞ്ചായത്ത് പ്രസിഡന്റ്)
പഞ്ചായത്തിന്റെ അധീനതയിലുള്ള എല്ലാ ഗവണ്മെന്റ് എല്‍പി സ്കൂളുകളും സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ നിര്‍മിച്ചു.
എംഎൽഎ ഫണ്ട് ഉപയോഗിച്ച് അയിരൂർ, തടിയൂർ മോഡൽ, പ്ലാങ്കമൺ എൽപി സ്കൂളുകൾക്ക് കെട്ടിടം, അയിരൂർ ജിഎച്ച്എസ്എസിൽ ജില്ലാ പഞ്ചായത്തിൽനിന്നു കെട്ടിടം.
കാഞ്ഞീറ്റുകര, കോറ്റാത്തൂര്‍ പൊതുജന ആരോഗ്യ സബ്സെന്ററുകളുടെ നവീകരണത്തിനായി 16 ലക്ഷം രൂപയും പ്ലാങ്കമണ്‍ സബ്സെന്ററിന്റെ കെട്ടിടത്തിനായി 55 ലക്ഷം രൂപയും അനുവദിച്ച് പണികള്‍ പൂര്‍ത്തീകരിച്ചു.
ഞൂഴൂരില് പുതിയ പൊതുജന ആരോഗ്യ സബ്സെന്റര്‍ നിര്‍മിക്കുന്നതിന് 55 ലക്ഷം.
ലൈഫ് ഭവനപദ്ധതിപ്രകാരം ഗ്രാമപഞ്ചായത്തില്‍ 56 ഭവനങ്ങളുടെ നിമാണം പൂര്‍ത്തീകരിക്കുകയും 39 ഭവനങ്ങളുടെ നിർമാണം നടന്നുവരികയും ചെയ്യുന്നു. മൂന്നു കോടിയോളം രൂപ ചെലവഴിച്ചു.
ദാരിദ്ര്യനിർമാർജന മേഖലയിൽ വിവിധ പദ്ധതികൾ.
അയിരൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിനായി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അനുവദിച്ച ഒരുകോടി രൂപ വിനിയോഗിച്ച് ഒന്നാംഘട്ടമായി ചുറ്റുമതില്‍, ഫുട്ബോള്‍, വോളിബോള്‍, ക്രിക്കറ്റ് ഗ്രൗണ്ടുകൾ പൂർത്തീകരിച്ചു.
സ്റ്റേഡിയത്തിന്റെ രണ്ടാംഘട്ട വികസനത്തിനായി ഒരു കോടി രൂപയുടെ പ്രോജക്ടും എസ്റ്റിമേറ്റും തയാറാക്കി സ്പോര്‍ട്സ് കൗണ്‍സിലിനു സമര്‍പ്പിച്ചു.
മാലിന്യനിർമാർജനത്തിന്റെയും സന്പൂർണ ശുചിത്വത്തിന്റെയും ഭാഗമായി ബയോബിൻ, ബോട്ടിൽ ബൂത്ത് എന്നിവ വിവിധയിടങ്ങളിൽ സ്ഥാപിച്ചു.
17 അങ്കണവാടികള്‍ക്ക് കെട്ടിടം പണിയുന്നതിലേക്ക് സ്ഥലം കണ്ടെത്തി.
വയോജന ക്ലബ് രൂപീകരിച്ചു
10 ക്ലബുകള്‍ക്ക് സ്പോര്‍ട്സ് കിറ്റുകള്‍ നല്കി.
50 ലക്ഷം രൂപ ചെലവിൽ പഞ്ചായത്തിനു പുതിയ കെട്ടിടം.
പമ്പാതീരത്തെ കടവുകളുടെ പുനരുദ്ധാരണം.
റോഡുകളുടെ നിർമാണത്തിനും പുനരുദ്ധാരണത്തിനുമായി ഒന്‍പതു കോടിയുടെ മെയിന്റനൻസ് ഫണ്ട് വിനിയോഗിച്ചു. പ്ലാൻഫണ്ടിൽനിന്നു രണ്ടു കോടി നൽകി.
കോട്ടങ്ങൾ
പ്രദീപ് അയിരൂർ
(ബിജെപി പാർലമെന്ററി പാർട്ടി നേതാവ്)
ഭരണത്തിലെ അസ്ഥിരത വികസനപ്രവർത്തനങ്ങളെ ബാധിച്ചു
പ്രസിഡന്റുസ്ഥാനത്തിനുവേണ്ടി സിപിഎമ്മിലുണ്ടായ വടംവലി കാരണം അധികാരം വീതം വയ്ക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനുമാണ് ഏറെ സമയവും വേണ്ടിവന്നത്.
ഭരണത്തിലെ കെടുകാര്യസ്ഥത അഴിമതിക്ക് കളമൊരുക്കി. അയിരൂർ വില്ലേജ് സഹകരണ ബാങ്കിലെ ക്രമക്കേടുകൾക്ക് ഉത്തരാവാദികളായവർതന്നെ പഞ്ചായത്ത് ഭരണവും നിയന്ത്രിച്ചു.
ജലജീവന്‍ മിഷനിലൂടെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാനുള്ള സാഹചര്യം ഉണ്ടായിട്ടും കാര്യക്ഷമമായ നടപടികളുണ്ടായില്ല.
ഇടപ്പാവൂരിൽ കുടിവെള്ള പദ്ധതിയുടെ കിണർ തകർന്നതും ചെളി അടിഞ്ഞതും കാരണം പന്പിംഗ് സുഗമമല്ല.
സ്റ്റേഡിയം വികസനത്തിനു പദ്ധതി ഉണ്ടെന്നു പറയുന്പോഴും സമീപ ദിവസങ്ങൾ വരെയും കാടുകയറി കിടക്കുന്ന സാഹചര്യമായിരുന്നു.
ചെറുകോൽപ്പുഴ - റാന്നി റോഡ് വികസനത്തിന് ഇടപെടലുകളുണ്ടായില്ല.
അടിസ്ഥാനസൗകര്യ വികസനത്തിൽ പഞ്ചായത്ത് പിന്നോക്കം. പ്രതിവർഷം പഞ്ചായത്തിലെത്തുന്ന സഞ്ചാരികളുടെയും തീർഥാടകരുടെയും ബാഹുല്യം കണക്കിലെടുത്ത് പദ്ധതികളുണ്ടാകുന്നില്ല.
അങ്കണവാടികൾക്ക് സ്ഥലം കണ്ടെത്തി കെട്ടിടം നിർമിക്കുന്നതിൽ ഗുരുത വീഴ്ച.
കഥകളി ഗ്രാമമായി സർക്കാർ പ്രഖ്യാപിച്ചപ്പോഴും സാംസ്കാരികത്തനിമ നിലനിർത്തുന്ന പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് തയാറായില്ല.
സാംസ്കാരിക സമുച്ചയം പ്രഖ്യാപനം മാത്രം.
ഒറ്റനോട്ടത്തിൽ
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ഒരു മുന്നണിക്കുമുണ്ടായില്ല. എൽഡിഎഫിനൊപ്പം ബിജെപിയും അംഗബലത്തിൽ മുന്നിലെത്തി. സ്വതന്ത്രരുടെകൂടി പിന്തുണ ലഭിക്കുകയും യുഡിഎഫ് വിട്ടുനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ എൽഡിഎഫ് ഭരണത്തിലെത്തി. സിപിഎമ്മിലെ അനിതാ കുറുപ്പാണ് ആദ്യഘട്ടത്തിൽ പ്രസിഡന്റായത്. പാർട്ടിയിലെ ധാരണപ്രകാരം രണ്ടു വർഷത്തിനുശേഷം അനിതാ കുറുപ്പ് രാജിവച്ചു.
അന്പിളി പ്രഭാകരൻ നായർ തുടർന്ന് പ്രസിഡന്റായി. മുൻ പ്രസിഡന്റ് ശ്രീജ വിമലിനു കൂടി പ്രസിഡന്റു സ്ഥാനം നൽകണമെന്ന ആവശ്യം ഉണ്ടായിരുന്നു. പാട്ടിയിൽ ഇതനുസരിച്ച് ധാരണ രൂപപ്പെടുകയും ചെയ്തിരുന്നതായി പറയുന്നു. ഇതു നടപ്പാകാതെ വന്നതോടെ ശ്രീജ വിമൽ മെംബർ സ്ഥാനം രാജിവച്ചത് സിപിഎമ്മിനുള്ളിലെ പടലപ്പിണക്കത്തിന്റെ പൊട്ടിത്തെറിയായി. തുടർന്നു നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുകയും ചെയ്തു.
ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ശക്തമായ കോട്ടയായിരുന്ന അയിരൂരിൽ നിലവിൽ ഇടതുമുന്നണി ശക്തമായ വേരോട്ടം സൃഷ്ടിച്ചിട്ടുണ്ട്. ബിജെപിയുടെ വളർച്ചയും ഇക്കാലയളവിൽ ഉണ്ടായി. ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് വീണ്ടും വിജയം ഉറപ്പാക്കാനുള്ള ആത്മവിശ്വാസം സിപിഎമ്മിനുണ്ടെങ്കിലും അയിരൂര്‍ വില്ലേജ് സഹകരണ ബാങ്കിലെ ക്രമക്കേടുകളും പ്രാദേശികമായ ഉൾപാർട്ടി പ്രശ്നങ്ങളും വെല്ലുവിളിയാണ്.
Tags : Kathakali Politics Pathanamthitta