Editorial
രാഷ്ട്രീയക്കാരോടുള്ള അഭ്യർഥനയാണ്, സ്ഥലമേതായാലും എയിംസ് വന്നാൽ മതി. എവിടെ വരുമെന്നല്ല വരുമോയെന്നു മാത്രം പറയൂ.
കേരളത്തിൽ എയിംസിന് (ഓൾ ഇന്ത്യ മെഡിക്കൽ സയൻസസ്) തറക്കല്ലിടാതെ താൻ ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇറങ്ങുകയോ ചെയ്യില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കലുങ്ക് സംവാദത്തിൽ പറഞ്ഞത് അഭിനന്ദനാർഹമാണ്. അദ്ദേഹത്തിന് കേന്ദ്രസർക്കാരിൽനിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടായിരിക്കാം.
അല്ലെങ്കിൽ അതിവിടെ കൊണ്ടുവരുന്ന കാര്യത്തിൽ അത്ര നിശ്ചയദാർഢ്യം ഉണ്ടായിരിക്കാം. എന്തായാലും മലയാളിക്ക് അതിന്റെ രാഷ്ട്രീയം പ്രശ്നമല്ല. ചികിത്സയുടെയും ആരോഗ്യ ഗവേഷണത്തിന്റെയും ഈ മികച്ച സ്ഥാപനം വരുന്നത് കേരളത്തിന്റെ ഏറെനാളായുള്ള കാത്തിരിപ്പാണ്. അതുകൊണ്ട്, രാഷ്ട്രീയക്കാരോടുള്ള അഭ്യർഥനയാണ്, സ്ഥലമേതായാലും എയിംസ് വന്നാൽ മതി.
രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഏറ്റവും മികച്ച കേന്ദ്രമാണ് എയിംസ്. അഖിലേന്ത്യാ പ്രവേശനപരീക്ഷയിലൂടെ വിവിധ എയിംസുകളിലായി മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിനു വിദ്യാർഥികൾ പരിമിതമായ ഫീസിൽ മെഡിക്കൽ വിദ്യാഭ്യാസം നടത്തുന്നുണ്ട്. ഏറ്റവും മികച്ച ചികിത്സയും ലഭ്യമാണ്. രാജ്യത്തെ എറ്റവും മികച്ച ഗവേഷണങ്ങൾ എയിംസിൽനിന്നാണ് പുറത്തുവരുന്നത്.
അക്യൂട്ട് ലിംബോബ്ലാസ്റ്റിക് ലുക്കീമിയ ബാധിച്ച കുട്ടികളിൽ 30 ശതമാനമായിരുന്നു അതിജീവനത്തിന്റെ നിരക്കെങ്കിൽ നിലവിലത് 88 ശതമാനമായി ഉയർന്നെന്ന ആശ്വാസകരമായ റിപ്പോർട്ട് ദിവസങ്ങൾക്കുമുന്‍പ് പുറത്തുവിട്ടത് എയിംസാണ്. ഇത്തരമൊരു സ്ഥാപനം കേരളത്തിൽ എവിടെ സ്ഥാപിക്കണമെന്ന തർക്കം കേട്ട് പലരും ആശയക്കുഴപ്പത്തിലാണ്. കാരണം, എയിംസ് അനുവദിച്ചതുകൊണ്ടാകാം ഈ തർക്കമെന്നാണ് പലരും കരുതിയിരിക്കുന്നത്.
അങ്ങനെയൊരു സംഭവമേയില്ല. ഇതാണ് തെരഞ്ഞെടുപ്പു രാഷ്ട്രീയം. എയിംസ് കേരളത്തിന് അനുവദിക്കുമോ എന്നതിനെക്കുറിച്ച് ഔദ്യോഗികമായ ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല. പക്ഷേ, അതെവിടെ സ്ഥാപിക്കുമെന്നതിനെക്കുറിച്ചു തർക്കം ഉച്ചസ്ഥായിയിലാണ്. ഈ രാഷ്ട്രീയ തർക്കം എയിംസിന്റെ സാധ്യതകളെപ്പോലും ഇല്ലാതാക്കുമെങ്കിൽ അത് അവസാനിപ്പിക്കണം.
മെഡിക്കൽ വിദ്യാഭ്യാസത്തിനായി ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലും പഠിക്കാൻ വിദ്യാർഥികൾ ക്യൂ നിൽക്കുന്പോൾ സ്ഥലത്തെക്കുറിച്ചുള്ള തർക്കം എയിംസിലും ചികിത്സയില്ലാത്ത രാഷ്ട്രീയരോഗമാണ്. ഇത്തരം തർക്കങ്ങൾ പുതിയതല്ല; പക്ഷേ, ഈ രാഷ്ട്രീയം പുതിയതാണ്. ഇന്ത്യയിലെ ആദ്യത്തെ എയിംസ് 1956ൽ ഡൽഹിയിൽ സ്ഥാപിതമായി.
അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ആഗ്രഹം അതു കോൽക്കത്തയിൽ സ്ഥാപിക്കണമെന്നായിരുന്നു. പക്ഷേ, പശ്ചിമബംഗാൾ മുഖ്യമന്ത്രിയും ഡോക്ടറുമായിരുന്ന ബി.സി. റോയ് നിരസിച്ചതിനെത്തുടർന്ന് ന്യൂഡൽഹിയിൽ സ്ഥാപിക്കുകയായിരുന്നു എന്നാണ് ചില രേഖകൾ പറയുന്നത്. നെഹ്റുവിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ-പ്രാദേശിക പരിഗണനകൾക്കപ്പുറമായിരുന്നു രാജ്യം.
രാജ്യത്തിന്റെ വികസനത്തെ ശാസ്ത്രവുമായി ബന്ധപ്പെടുത്തണമെന്ന നിർബന്ധബുദ്ധിയുണ്ടായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ആ കാഴ്ചപ്പാടിന്റെ സ്മാരകമാണ് എയിംസ്. ഏകദേശം ഏഴു പതിറ്റാണ്ടിനുശേഷം ആലപ്പുഴയിലാണോ തൃശൂരാണോ തിരുവനന്തപുരത്താണോ കാസർഗോട്ടാണോ കോഴിക്കോട്ടാണോ വേണ്ടതെന്ന തർക്കത്തിലാണ് നമ്മൾ.
അതിലേറെയും, എയിംസ് തങ്ങളുടെ മണ്ഡലത്തിലെത്തിക്കാൻവേണ്ടി തങ്ങൾ ശ്രമിച്ചിരുന്നു എന്ന് വോട്ടർമാരെ ബോധ്യപ്പെടുത്താനുള്ള വെറും അഭ്യാസങ്ങളാണ്. രാജ്യത്ത് 22 എയിംസുകൾ അനുവദിച്ചെങ്കിലും കേരളത്തിൽ അനുമതിയായിട്ടില്ലെന്നുകൂടി ഓർമിക്കണം. രാജ്യത്തും വിദേശത്തും ഏറ്റവുമധികം ഡോക്ടർമാരെയും നഴ്സുമാരെയും സംഭാവന ചെയ്യുന്ന കേരളത്തിൽ ഇതു സ്ഥാപിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
പലപ്പോഴും ബജറ്റുകളിൽ അതു ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഏതോ രാഷ്ട്രീയം അതിനെയൊക്കെ കടപുഴക്കിക്കളഞ്ഞു. ഇപ്പോൾ ആ ചർച്ച വീണ്ടും സജീവമായിരിക്കുകയാണ്. കേരളത്തിന് എയിംസ് അനുവദിച്ചതായി കേന്ദ്രം ഇന്നു പറഞ്ഞാൽ നാളെ രാവിലെ സ്ഥലം നൽകാൻ സർക്കാർ സജ്ജമാണെന്നാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്.
ഒരുപക്ഷേ, എയിംസ് കിട്ടാനിടയില്ലെന്ന തോന്നലാകാം അദ്ദേഹത്തെക്കൊണ്ട് അതു പറയിച്ചത്. അതുകൊണ്ട്, സ്ഥലത്തെക്കുറിച്ച് തർക്കിക്കുന്ന ജനപ്രതിനിധികളും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ആദ്യം കേരളത്തിന് എയിംസ് നേടിയെടുക്കൂ. ചാൾസ് ഡിക്കൻസിന്റെ ഒരു കഥാപാത്രം പറയുന്നുണ്ട്: “വസ്തുതകൾ... വസ്തുതകൾ മാത്രമേ ജീവിതത്തിൽ ആവശ്യമായിട്ടുള്ളൂ.” എയിംസിന്റെ കാര്യത്തിൽ നാം അതുമാത്രം കാണുന്നില്ല.
Leader Page
തള്ളൽ! അതില്ലെങ്കിൽ നമ്മുടെ രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാൻ പറ്റില്ലെന്നാണ് പൊതുവേയുള്ള അന്ധവിശ്വാസം. അതിനാൽ മറക്കാതെയുള്ള തള്ളിമറിക്കലുകൾ ഒരു രാഷ്ട്രീയക്കാരന്റെ ഭാവിയുടെ മുതൽക്കൂട്ടാണ്.
പബ്ലിക് ടോയ്ലറ്റിന്റെ ഭിത്തിയിൽ കാണപ്പെടുന്ന സാഹിത്യം പൊതുവേ രണ്ടുതരം. ഒന്ന് അശ്ലീലസാഹിത്യം. മറ്റൊന്ന് തള്ളൽസാഹിത്യം. തള്ളൽസാഹിത്യമെന്നു പറഞ്ഞാൽ തുള്ളൽ പോലെ എന്തോ ഒന്നാണെന്നു കരുതിയേക്കരുത്. ഇതു കണ്ണുമടച്ചുള്ള തള്ളിമറിക്കലുകളാണ്.
ബഹുമാനപ്പെട്ട നേതാവിന്റെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച തുകയാൽ നിർമിച്ച മൂത്രപ്പുര! ഇത്തരം ‘സാഹത്യശകലം’ കാണാത്തവർ ചുരുക്കമായിരിക്കും. ഇതു വായിച്ചുകൊണ്ടു മൂത്രമൊഴിച്ചാൽ ഉള്ളിൽ നേതാവിനോടുള്ള മതിപ്പ് നിറയുമത്രേ.
മൂത്രപ്പുരയുടെ ഭിത്തിയിൽ മാത്രമല്ല, ഹൈമാസ്റ്റ് ലൈറ്റിന്റെ ചുവട്ടിലും ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ തലയ്ക്കലും സ്കൂൾ കെട്ടിടത്തിന്റെ പള്ളയ്ക്കുമൊക്കെ ഈ തള്ളൽസാഹിത്യം ധാരാളമായി കാണാം. പുള്ളിയുടെ അസ്ഥിക്കോ ആസ്തിക്കോ തേയ്മാനമില്ലാതെ അനുവദിച്ച തുകയാണെങ്കിലും ഈ തള്ളൽ ഇല്ലെങ്കിൽ നേതാവിനെ കൊള്ളില്ലെന്നെങ്ങാനും നാട്ടുകാർ പറഞ്ഞാലോ?
ഈ ഡിജിറ്റൽ യുഗത്തിലും ഇങ്ങനെയൊരു ‘സാഹത്യശാഖ’യെ പരിപോഷിപ്പിക്കുന്നതിൽ സത്യത്തിൽ നമ്മുടെ നേതാക്കളെ അഭിനന്ദിക്കേണ്ടതാണ്. ലൈറ്റിലും കെട്ടിടത്തിലും മാത്രമല്ല ഈ തള്ളൽശാഖ, നമ്മുടെ റോഡുകളിലും അങ്ങനെ നീണ്ടുനിവർന്നു കിടക്കുകയാണ്. റോഡിലെവിടെങ്കിലും ഇത്തിരി ടാർ ഒഴിച്ചാൽ വഴിയോരത്തെ ഫ്ലെക്സിൽ കാണാം പ്രതിനിധിയുടെ വികൃതി. വഴിയേ പോകുന്ന നാട്ടുകാർ ഈ കൃതി വായിച്ചു കൃതാർഥരാകണം.
എന്നാൽ, ഇങ്ങനെ തള്ളിമറിച്ചു പണിത ഏതെങ്കിലും റോഡിൽ വിള്ളൽ വീണാൽ അതോടെ കളിമാറും. പിന്നെ തള്ളൽ നിർത്തി തുള്ളൽ തുടങ്ങും. ഇതു മറ്റവന്റെ റോഡാണ്. കൊള്ളില്ല, വിള്ളൽ വീണില്ലെങ്കിലേ അതിശയമുള്ളൂ എന്നു പറഞ്ഞു കലിതുള്ളും. ഈ തള്ളലും തുള്ളലും തടിതപ്പലുമാണ് ഇപ്പോൾ വിള്ളൽ വീണ ദേശീയപാതകളിൽ കണ്ടുകൊണ്ടിരിക്കുന്നത്.
ഇതു പൊതുവേ വിള്ളൽ സീസണ് ആണെന്നു തോന്നുന്നു. സ്മാർട്ട് സിറ്റി റോഡുകളുടെ ഉദ്ഘാടനത്തെച്ചൊല്ലി മന്ത്രിമാർക്കിടയിൽ വിള്ളൽ വീണെന്നാണ് മറ്റൊരു വാർത്ത. തദ്ദേശവകുപ്പ് കാശ് മുടക്കിയിട്ടും ചടങ്ങിൽനിന്നു തദ്ദേശ മന്ത്രിയെ തള്ളിയതാണ് പൊള്ളൽ ആയതത്രേ.
ഇതിനിടെ, സിന്ദൂറിനെക്കുറിച്ചു മറുനാട്ടിൽ പോയി നല്ല വാക്കുപറയാനുള്ള സംഘത്തിലേക്കു കോണ്‍ഗ്രസ് തള്ളിക്കളഞ്ഞ തരൂരിനെ കേന്ദ്രം തള്ളിക്കയറ്റിയതോടെ നാഷണൽ ഹൈവേയിൽ മാത്രമല്ല നാഷണൽ കോണ്‍ഗ്രസിലും വിള്ളൽ വീഴ്ത്താൻ തങ്ങളുണ്ടെന്നു തെളിയിച്ചിരിക്കുകയാണ് കേന്ദ്രം. ആ വിള്ളലിലേക്കു വീഴാതിരിക്കാൻ തള്ളിപ്പിടിച്ചു നിൽക്കുകയാണ് ഇപ്പോൾ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കൾ. ആ വിള്ളലിൽ വീണ ആരെങ്കിലും അള്ളിപ്പിടിച്ച് മറുകര കയറുമോയെന്നതാണ് ഇനി കാണാനുള്ളത്.
കേരളത്തിലെ കോണ്‍ഗ്രസിലാണെങ്കിൽ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചതോടെ ചിലർക്ക് അനുഭവപ്പെട്ടത് വിള്ളലാണോ വിങ്ങലാണോ എന്ന് അണികൾക്ക് ഇനിയും തിരിച്ചറിയാനായിട്ടില്ല.
അതേസമയം, തള്ളലുകാരുടെ തള്ളിക്കയറ്റമാണ് ഇപ്പോൾ ബിജെപിക്കു വിള്ളലായിരിക്കുന്നത്. വീരസ്യം തള്ളിമറിക്കാനായി കൊള്ളാത്ത വർത്തമാനം പറഞ്ഞ് പാർട്ടിയെ വെള്ളത്തിലാക്കിയ മധ്യപ്രദേശിലെ നേതാക്കളെ ഒടുവിൽ പ്രസംഗം പഠിപ്പിക്കാൻ തള്ളിവിടുകയാണ് പാർട്ടി. തെരഞ്ഞെടുപ്പ് മണ്‍സൂണ്‍ അടുത്തുവരികയാണ്, തള്ളലും വിള്ളലും കൊള്ളലും കിള്ളലും നുള്ളലും പൊള്ളലും കൂടാൻ തന്നെയാണ് സാധ്യത.
മിസ്ഡ് കോൾ
രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി തീരുന്പോൾ കേരളത്തിന്റെ കടഭാരം 4.65 ലക്ഷം കോടിയാകും.
- വാർത്ത.
കെ കടം, അഭിമാനം!
Leader Page
അമേരിക്കയാണ് ലോകത്തിന്റെ കാവൽക്കാരനായ പോലീസുകാരൻ എന്ന് പണ്ട് പറയാറുണ്ടായിരുന്നു. എന്നാൽ ഇന്ന് ലോകത്തിന്റെ കരുതലില്ലാത്ത ക്രൂരനായ പോലീസുകാരൻ എന്നു പറയേണ്ടിവരും. അമേരിക്കയെ ലോകരാജ്യങ്ങളിൽ ഒന്നാമതാക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്ന ട്രംപിന്റെ തീരുവതീരുമാനം എത്രമാത്രം ഫലവത്താകുമെന്നു കണ്ടറിയണം. കാരണം, ഈ തീരുവചുമത്തൽ മറ്റു രാജ്യങ്ങളോട് പൊതുവെയും ഇന്ത്യയോടു പ്രത്യേകിച്ചുമുള്ള വാണിജ്യ യുദ്ധപ്രഖ്യാപനം പോലെയാണ് തോന്നുന്നത്. അമേരിക്കയിലെ സൈനിക-വ്യവസായ ലോബി (ആയുധക്കച്ചവട സമ്മർദക്കൂട്ടം), കർഷക ലോബി, ഐടി ലോബി, ആരോഗ്യ-മരുന്ന് ലോബി എന്നീ കൂട്ടരുടെ സമ്മർദമാകാം ഒരുപക്ഷേ, ട്രംപിനെ ഇതിനു പ്രേരിപ്പിച്ചത്. അമേരിക്കൻ സമൂഹത്തിൽ ഇന്ത്യൻ വംശജർ ചെയ്യുന്ന സേവനങ്ങളെ പാടേ മറന്നുകൊണ്ടാണ് ട്രംപ് ഈ സാഹസത്തിനു മുതിരുന്നത്.
ക്ലിന്റൺ വിലാപം
അമേരിക്കയുടെ സാമൂഹ്യവ്യവസ്ഥിതിയെക്കുറിച്ച് മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ഒരിക്കൽ വിലപിച്ചുകൊണ്ട് പറഞ്ഞുവത്രേ, “പതിനാലു വയസുള്ള ആൺകുട്ടികൾ കൈത്തോക്കുമായും പതിമൂന്നു വയസുള്ള പെൺകുട്ടികൾ ഗർഭനിരോധന ഉറകളുമായും ക്ലാസ്മുറികളിൽ വരുന്നു എന്നതാണ് അമേരിക്കയുടെ ശാപം” എന്ന്. അമേരിക്കയിലെ വിദ്യാലയങ്ങളിൽ നടക്കുന്ന നിരന്തരമായ വെടിവയ്പ് സംഭവങ്ങളും, ഒപ്പംതന്നെ അമേരിക്കയിലെ കൗമാരക്കാർക്കിടയിലുള്ള ലൈംഗിക അരാജകത്വവും മേൽപ്പറഞ്ഞ വിമർശനങ്ങളെ ശരിവയ്ക്കുന്നു. ഇതിന്റെ ഫലമായി വിദ്യാഭ്യാസരംഗത്ത് താരതമ്യേന അച്ചടക്കം പാലിക്കുന്ന ഇന്ത്യൻ വംശജരായ കുട്ടികളുടെ പ്രകടനം അമേരിക്കൻ കുട്ടികളെ അപേക്ഷിച്ച് മെച്ചപ്പെട്ടതായിരിക്കുന്നു.
അമേരിക്കയിലെ ഈ ശാപത്തെക്കുറിച്ച് ബോധ്യമുള്ള പലരും പല താരതമ്യ പഠനങ്ങളും അമേരിക്കയിലെ ഇന്ത്യൻ വംശജരെക്കുറിച്ച് നടത്തിയിട്ടുണ്ട്. പ്രത്യേകിച്ചും ഇന്ത്യക്കാർ പുലർത്തുന്ന കുടുംബസ്നേഹത്തെക്കുറിച്ചുള്ള വീക്ഷണം. ഇന്ത്യൻ സമൂഹവും ഇപ്പോൾ അമേരിക്കൻ സമൂഹത്തെപ്പോലെയാകാൻ ശ്രമിക്കുന്നു എന്നുള്ളത് മറ്റൊരു യാഥാർഥ്യം.
ഇന്ത്യൻ വംശജർ അമേരിക്കൻ ജനസംഖ്യയുടെ ഒന്നര ശതമാനം മാത്രമേയുള്ളൂ. പക്ഷേ, അമേരിക്കയിലെ ബിസിനസ്, വിദ്യാഭ്യാസം, ഗവേഷണം, രാഷ്ട്രീയം, സംസ്കാരം, സേവന മേഖലകൾ എന്നീ രംഗങ്ങളിൽ ജനസംഖ്യയുടെ അനുപാതത്തേക്കാൾ ബഹുമടങ്ങു സംഭാവനകൾ ചെയ്തുകൊണ്ട് ഇന്ത്യൻ വംശജർ ലോകശ്രദ്ധതന്നെ പിടിച്ചുപറ്റിയിരിക്കുന്നു. 2024ൽ ഇന്ത്യ ടുഡേ നടത്തിയ ഒരു പഠനത്തിൽ, ‘ഇൻഡ്യസ്പോറ’ (അമേരിക്കയിലെ ഇന്ത്യൻ സമൂഹം) അമേരിക്കൻ സമൂഹത്തിൽ നടത്തുന്ന അത്ഭുതാവഹമായ പ്രവർത്തനങ്ങളെ വിലയിരുത്തിയിട്ടുണ്ട്.
സാമ്പത്തിക സംഭാവന
ജൂതന്മാർ കഴിഞ്ഞാൽ അമേരിക്കയിലെ ഏറ്റവും സമ്പന്നസമൂഹമായി ഇന്ത്യൻ വംശജർ മാറിയിരിക്കുന്നു. 2025ലെ ഇക്കണോമിക് ടൈംസിന്റെ ജൂലൈ ലക്കത്തിൽ പറയുന്നത് അമേരിക്കയെ സമ്പന്നമാക്കുന്നതിൽ ഏറ്റവും മുന്പിലുള്ളത് ഇന്ത്യക്കാരാണെന്നാണ്. 2025ലെ ഫോർബ്സ് മാസികയുടെ ലിസ്റ്റനുസരിച്ച് ഇന്ത്യയാണ് 12 ശതകോടീശ്വരന്മാരെ സംഭാവന ചെയ്തുകൊണ്ട് അമേരിക്കൻ കുടിയേറ്റക്കാരിൽ ഒന്നാമതു നിൽക്കുന്നത്!
ഇന്ത്യൻ വംശജർ തലപ്പത്തുള്ള അമേരിക്കയിലെ ബിസിനസ് സ്ഥാപനങ്ങൾ 2.7 ദശലക്ഷം തൊഴിലവസരങ്ങളും, രണ്ടു ട്രില്ല്യൻ (രണ്ടു ലക്ഷം കോടി) ഡോളർ വരുമാനവും നൽകുന്നു. 648 യൂണികോണുകളിൽ (നൂറു കോടി ഡോളറിൽ കൂടുതൽ മൂല്യമുള്ള സ്റ്റാർട്ടപ്പുകൾ), 195 ബില്യൺ ഡോളർ മൂല്യം വരുന്ന 72 എണ്ണം (11.1 %), ഏകദേശം 55,000 പേർക്ക് തൊഴിൽ നൽകുന്നുണ്ട്. അമേരിക്കയിലെ 60 ശതമാനം ഹോട്ടലുകൾ ഇന്ത്യൻ വംശജരുടെയാണ്. അമേരിക്കയിലെ ആകെ നികുതിദായകരിൽ 5-6 ശതമാനം വരുന്ന ഇന്ത്യൻ വംശജർ കൊടുക്കുന്നത്, 250-300 ബില്യൺ ഡോളറാണ്.
വിദ്യാഭ്യാസ-സാംസ്കാരിക രംഗം
അമേരിക്കയിലെ കുടിയേറ്റ സമൂഹങ്ങളിൽ വിദ്യാഭ്യാസത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഇന്ത്യൻ സമൂഹമാണ്. 2023ൽ ദേശീയ ആരോഗ്യ ഗ്രാന്റ് കിട്ടിയ 11 ശതമാനം വരുന്ന ഇന്ത്യൻ ശാസ്ത്രജ്ഞരാണ് അമേരിക്കയിലെ 13 ശതമാനം ശാസ്ത്രഗവേഷണ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചത്. അമേരിക്കയിലെ യൂണിവേഴ്സിറ്റി അധ്യാപകരിൽ 2.6 ശതമാനം ഇന്ത്യൻ വംശജരാണ്. 2023ൽ അവിടത്തെ പത്തു ശതമാനം ആളുകൾ സ്വാമി വിവേകാനന്ദൻ പത്തൊൻപതാം നൂറ്റാണ്ടിൽ പ്രചരിപ്പിച്ച യോഗാ പരിശീലിക്കുന്നു. കൂടാതെ, അമേരിക്കൻ സെനറ്റിലും വൈറ്റ് ഹൗസിലുമൊക്കെ ഭാരതീയ ഉത്സവങ്ങളായ ഹോളിയും ദീപാവലിയും ആഘോഷിക്കപ്പെടുന്നു.
2023-24ൽ 3,31,602 വിദ്യാർഥികളെ പഠിക്കാനയച്ചുകൊണ്ടു ചൈനയെ പിന്തള്ളി ഇന്ത്യക്കാർ അമേരിക്കൻ വിദ്യാഭ്യാസത്തിലെ നക്ഷത്രത്തിളക്കമായി. ഇപ്പോൾ അമേരിക്കൻ സമൂഹത്തിൽ എണ്ണത്തിന് ആനുപാതികമായി ഗുണപരമായ സംഭാവനയും ഇന്ത്യൻ സമൂഹം കൊടുത്തുകൊണ്ടിരിക്കുന്നു. അമേരിക്കയുടെ ഫാഷൻ രംഗത്ത് ഇന്ത്യൻ പരമ്പരാഗത അലങ്കാരങ്ങളും വേഷങ്ങളുമായ ഹെന്ന, ലെഹങ്ക മുതലായവ തരംഗങ്ങൾ സൃഷ്ടിക്കുന്നു. ഫല്‍ഗുനി ഷാനെ പീകോക്ക് ഉൾപ്പെടെയുള്ള നിരവധി ഭാരതീയ ഡിസൈനേഴ്സ് കമ്പനികൾ ന്യൂയോർക്ക് ഫാഷൻ വീക്കിൽ പ്രദർശനം നടത്തി, അമേരിക്കൻ ജനശ്രദ്ധ ആകർഷിക്കുന്നു.
ഭരണ-രാഷ്ട്രീയ രംഗം
രാഷ്ട്രീയരംഗത്ത് അമേരിക്കയിലെ മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് ഉൾപ്പെടെ 150 പേർ അത്യുന്നത സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. ഇന്നും അതേ പ്രവണത തുടരുന്നു. ഇപ്പോഴത്തെ വൈസ് പ്രസിഡന്റിന്റെ ഭാര്യ ഉഷ വാൻസ് (അമേരിക്കയിലെ ദ്വിതീയ വനിത) ഇന്ത്യൻ വംശജയാണ്. 2013ൽ അമേരിക്കൻ രാഷ്ട്രീയത്തിലെ വെറും 13 താക്കോൽ സ്ഥാനങ്ങളിൽ മാത്രം ഉണ്ടായിരുന്ന ഇന്ത്യൻ വംശജർ 2023ൽ അത് 60 സ്ഥാനങ്ങളായി ഉയർത്തി. ട്രംപിന്റെ ഭരണകൂടത്തിൽ, തുളസി ഗബ്ബാർഡ് (അമേരിക്കൻ നാഷണൽ ഇന്റലിജൻസ് ഡയറക്ടർ), കശ്യപ് പട്ടേൽ (ഡയറക്ടർ ഓഫ് എഫ്ബിഐ), ഹർമീത് ധില്ലൻ (അസിസ്റ്റന്റ് അറ്റോർണി ജനറൽ), ജയ് ഭട്ടാചാര്യ (ഡയറക്ടർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്), വിവേക് രാമസ്വാമി (ഡയറക്ടർ, ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്മെന്റ്) എന്നിവർ അവരിൽ ചിലർ മാത്രം. അമേരിക്കൻ ഭരണകൂടത്തിന്റെ മറ്റു പല പ്രധാന സ്ഥാനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ആയിരക്കണക്കിന് ഇന്ത്യൻ വംശജർ അധികാരം കൈയാളുന്നുണ്ട്.
ഇന്ത്യയെ തഴയാൻ പറ്റുമോ?
അമേരിക്കയിൽ മാത്രമല്ല, ലോകത്താകെയുള്ള പ്രധാന ആഗോള കോർപറേറ്റുകളുടെ താക്കോൽസ്ഥാനങ്ങളിൽ വളരെയധികം ഇന്ത്യക്കാരുണ്ടെന്നുള്ളത് ചെറിയ കാര്യമല്ല. ആഗോള ദേശീയ ബിസിനസ് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മിന്റ് മാസികയുടെ 2025 ഫെബ്രുവരി ലക്കം ആഗോള ബിസിനസിൽ ഇന്ത്യക്കാരുടെ തിളക്കം വിശദമായി പ്രതിപാദിച്ചിരിക്കുന്നു.
വൻകിട ലോക കമ്പനികളിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ചീഫ് ഇൻഫർമേഷൻ ഓഫീസർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, ചീഫ് സസ്റ്റൈനബിലിറ്റി ഓഫീസർ, (സി സ്യുട്ട് എക്സിക്യൂട്ടീവുകൾ) എന്നീ സുപ്രധാന ഉത്തരവാദിത്വങ്ങൾ വഹിക്കുന്നവരും ഡയറക്ടർമാരും ഉൾപ്പെടുന്ന ഉന്നതശ്രേണിയിലെ അഞ്ചിൽ മൂന്നു പേരും ഇന്ത്യക്കാരാണ്. ഫോർച്ചുൺ 500 കമ്പനികളിൽ, 60 എണ്ണത്തിലും ഇന്ത്യക്കാരാണ് സിഇഒമാർ.
മൈക്രോസോഫ്റ്റിന്റെ സത്യനദെല്ല, ഗൂഗിളിന്റെ സുന്ദർ പിച്ചായി, എൻവിഎസിന്റെ വസന്ത നരസിംഹൻ, അഡോബിലെ ശന്തനു നാരായൺ, ഐബിഎമ്മിലെ അരവിന്ദ് കൃഷ്ണ, ചാനെൽ കമ്പനിയുടെ ലീന നായർ, വെർട്ടെക്സിലെ രേഷ്മ കേവൽരമണി, മൈക്രോണിലെ സഞ്ജയ് മെഹറോത്ര, കേഡൻസിലെ അനിരുദ്ധ് ദേവ്ഗൺ, പാലോ ആൾട്ടോയിലെ നികേഷ് അറോറ എന്നിവരാണ് മുഖ്യ താരങ്ങൾ. ഈ കമ്പനിയുടെ നേതൃനിരയിലുള്ള ആളുകളെല്ലാംതന്നെ ഇന്ത്യയിൽ ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കിയവരും, പിന്നീട് അമേരിക്കയിലേക്കും യൂറോപ്പിലേക്കുമൊക്കെ ഉന്നതവിദ്യാഭ്യാസത്തിനായി പോയവരുമാണ്.
ലോകനിക്ഷേപങ്ങളെക്കുറിച്ച് പഠിക്കുന്ന ഇൻവെസ്റ്റോപീഡിയ.കോം പറയുന്നത് ഭാരതീയ എക്സിക്യൂട്ടീവുകൾ ആഗോള ബിസിനസ് രംഗത്തു തരംഗങ്ങളല്ല, തിരമാലകളാണ് സൃഷ്ടിക്കുന്നതെന്നാണ്. പല രാജ്യങ്ങളുടെയും ദേശീയ വരുമാനത്തേക്കാൾ കൂടുതലാണ് ഈ ആഗോള ബിസിനസ് ഭീമന്മാരുടെ ആസ്തി.
ഇത്രയൊക്കെ ക്ഷമതയുള്ള ഇന്ത്യൻസമൂഹത്തെ ട്രംപിന് കണ്ടില്ലെന്നു നടിക്കാൻ കഴിയുമോ? മാത്രമല്ല, ഒന്നാമത്, എണ്ണത്തിലും ഗുണത്തിലും ലോകത്തിലുള്ള ഏറ്റവും നല്ല മനുഷ്യവിഭവം ഇന്ത്യയിലാണ്. അവരാണ് ഭാവി ലോകത്തെ ഗവേഷണ-പഠനങ്ങളിൽ കൂടി നിയന്ത്രിക്കാൻ പോകുന്നത്. രണ്ടാമത്, അമേരിക്കയിലും യൂറോപ്പിലുമുള്ളത്രയും ഉപഭോക്താക്കൾ ഭാരതത്തിൽ മാത്രമായുണ്ട്. അപ്പോൾ ഇന്ത്യൻ വിപണി ഒരു രാജ്യത്തെ ബഹിഷ്കരിച്ചാൽ അതിന്റെ ആഘാതം താങ്ങാൻ, എത്ര ശക്തമായ രാഷ്ട്രമാണെങ്കിലും അൽപം ബുദ്ധിമുട്ടും. മനുഷ്യവിഭവ ശേഷിയിലും പ്രകൃതിവിഭവങ്ങളിലും സാങ്കേതിക വിദ്യയിലും സർവോപരി ഇപ്പോൾ രാഷ്ട്രീയ ഇച്ഛാശക്തിയിലും മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യയെ മാറ്റിനിർത്തിക്കൊണ്ട് ട്രംപിന് ചിലപ്പോൾ താത്കാലിക ആശ്വാസം കിട്ടിയേക്കാം, പക്ഷേ ദീർഘകാലത്തിൽ എത്രത്തോളം ആശ്വാസകരമാണ് ഈ നയമെന്നത് കണ്ടറിഞ്ഞാൽ പോരാ, കൊണ്ടുതന്നെ അറിയണം.
Editorial
കേരളത്തിലെ വിദ്യാഭ്യാസരംഗം രാഷ്ട്രീയാതിപ്രസരത്താൽ പ്രഭ നഷ്ടപ്പെടുന്നതിനിടെയാണ് കേന്ദ്രത്തിന്റെ ഇടപെടലുകളും ഗവർണർമാരുടെ ആധിപത്യം ഉറപ്പാക്കലുമൊക്കെ സ്ഥിതി വഷളാക്കുന്നത്. കലാലയരാഷ്ട്രീയത്തെ അക്രമവത്കരിച്ച് വെറുക്കപ്പെട്ടതാക്കി മാറ്റിയ വിദ്യാർഥിസംഘടനകൾ, കക്ഷിരാഷ്ട്രീയത്തിന്റെ അടിമകളായ അധ്യാപകർ, പിൻവാതിൽ നിയമനങ്ങൾ തുടങ്ങിയവയൊക്കെ നമ്മുടെ അക്കാദമിക മേഖലയ്ക്കു മുകളിൽ പാർട്ടിക്കൊടികൾ നാട്ടി. അതിനിടെ, ഹിന്ദുത്വയ്ക്ക് അനുകൂലമായി കരിക്കുലങ്ങളും ചരിത്രപുസ്തകങ്ങളും തിരുത്തുന്ന സംഘപരിവാർ രാഷ്ട്രീയ പദ്ധതിയുടെ കേന്ദ്ര പോരാളികളായി ദക്ഷിണേന്ത്യയിൽ പലയിടത്തും ഗവർണർമാർ കളത്തിലിറങ്ങി.
ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിന്റെ ആവശ്യമില്ലല്ലോ. ഇതിന്റെ തുടർച്ചയായി കേരള സർവകലാശാലയിൽ നടക്കുന്ന നിയമന-പുറത്താക്കൽ പോരാട്ടത്തിൽ, എന്തൊക്കെ ന്യൂനതകൾ ഉണ്ടെങ്കിലും തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണു വിജയിക്കേണ്ടത്. പക്ഷേ, ആ വിജയത്തിനുശേഷവും രാഷ്ട്രീയാടിമത്തത്തിൽനിന്നു സ്വതന്ത്രമായ സർവകലാശാലകളെയോ വിദ്യാഭ്യാസ മേഖലയെയോ നമുക്കു ലഭിക്കില്ലല്ലോയെന്ന സത്യം ഖേദകരമാണ്.
ഭാരതാംബയുടെ ചിത്രം വച്ച രാജ്ഭവനിലെ ചടങ്ങിൽനിന്ന് മന്ത്രിമാർ ഇറങ്ങിപ്പോയതാണ് ഇപ്പോഴത്തെ തർക്കത്തിന്റെ തുടക്കം. സർക്കാരിന്റെ ഔദ്യോഗിക ചടങ്ങുകളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കരുതെന്നും ഭരണഘടനാവിരുദ്ധമായ ഇത്തരം നടപടി ഇനി തുടരരുതെന്നും ആവശ്യപ്പെട്ടു മുഖ്യമന്ത്രി ഗവർണർ രാജേന്ദ്ര വി. അർലേക്കർക്കു കത്തെഴുതി. തുടർന്ന് ജൂണ്‍ 26ന്, ഭാരതാംബയുടെ ചിത്രം വേദിയില്‍നിന്നു നീക്കാൻ സംഘാടകർ തയാറാകാഞ്ഞതിനാൽ സര്‍വകലാശാല സെനറ്റ് ഹാളില്‍ ചാന്‍സലറായ ഗവര്‍ണര്‍ പങ്കെടുക്കേണ്ട ചടങ്ങിനു രജിസ്ട്രാർ ഡോ. കെ.എസ്. അനില്‍കുമാര്‍ അനുമതി നിഷേധിച്ചു.
എന്നാല്‍, ഗവര്‍ണര്‍ പങ്കെടുക്കുന്ന ചടങ്ങ് തന്റെ അറിവില്ലാതെ റദ്ദാക്കാന്‍ ശ്രമിച്ചതിനു വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തു. പിന്നാലെ, വിസിയുടെ തീരുമാനം സിൻഡിക്കറ്റ് റദ്ദാക്കി. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ റഷ്യൻ യാത്രയിലായിരുന്നതിനാൽ താത്കാലിക വിസിയായ ഡോ. സിസ തോമസ് സിൻഡിക്കറ്റ് തീരുമാനം നിയമവിരുദ്ധമാണെന്ന റിപ്പോർട്ട് ഗവർണർക്കു നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ രജിസ്ട്രാറെ തിരിച്ചെടുത്ത സിൻഡിക്കറ്റ് തീരുമാനം ഗവർണർ റദ്ദാക്കുമെന്നാണ് കരുതുന്നത്.
മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിവച്ച സർവകലാശാലകളിലെ അധികാരത്തർക്കം ഗവർണർ രാജേന്ദ്ര വി. അർലേക്കർ ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ ഏപ്രിലിൽ തമിഴ്നാട് ഗവർണർ ഡോ. ആർ.എൻ. രവി വർഷങ്ങളായി തടഞ്ഞുവച്ചിരുന്ന ബില്ലുകളെല്ലാം പാസായതായി കണക്കാക്കുകയും ഗവർണർക്കു വീറ്റോ അധികാരമില്ലെന്നു മുന്നറിയിപ്പു കൊടുക്കുകയും ചെയ്ത സുപ്രീംകോടതി വിധിക്കുശേഷവും ഗവർണർമാർ പഠിച്ചിട്ടില്ല. അതിന്റെ തുടർച്ചയ്ക്ക് കേരളത്തിൽ കാവിക്കൊടിയേന്തിയ ഭാരതാംബ നിമിത്തമായെന്നു മാത്രം.
സർക്കാരും ഗവർണറും തമ്മിലുള്ള ഈ തർക്കം പരിഹരിക്കാൻ കോടതിക്കെങ്കിലും കഴിഞ്ഞേക്കും. പക്ഷേ, സ്വതന്ത്ര ഉന്നതവിദ്യാഭ്യാസരംഗം എന്നത് ഉടനെയൊന്നും സാധ്യമാകില്ല. സർവകലാശാലകൾ ആരുടെ കാൽക്കീഴിലാണെന്നതിൽ മാത്രമേ മാറ്റങ്ങളുണ്ടാകൂ. രാഷ്ട്രീയ വിധേയരായ വിദ്യാർഥികളെയും അധ്യാപകരെയും വൈസ് ചാൻസലർമാരെയുമൊക്കെ ഉപയോഗിച്ച് രാഷ്ട്രീയ പാർട്ടികൾ ഹൈജാക്ക് ചെയ്ത കോളജുകളും സർവകലാശാലകളുമൊക്കെ ഉപേക്ഷിച്ച് വിദ്യാർഥികൾ മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കുടിയേറുന്നത് സമാന്തര കാഴ്ച.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ വൈസ് ചാൻസലറും പ്രിൻസിപ്പൽമാരും പ്രധാനാധ്യാപകരുമില്ലാത്തതിനാൽ ഇൻ-ചാർജ് ഭരണത്തിലിരിക്കേ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേരുചേർത്തിട്ടുള്ള 25 ലക്ഷത്തോളം ഉദ്യോഗാർഥികളെ അവഗണിച്ച് വേണ്ടപ്പെട്ടവർക്കുവേണ്ടിയുള്ള പിൻവാതിൽ നിയമനം തുടരവേ എന്തു നിലവാരമാണ് നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്നു പ്രതീക്ഷിക്കാനാകുക? പിന്നാക്ക സംസ്ഥാനങ്ങളെ ചൂണ്ടിക്കാട്ടി ഒന്നാം നന്പറെന്നു വീന്പിളക്കിയാൽ തീരുന്നതല്ല പ്രശ്നം. എട്ടു വർഷത്തിനിടെ പിൻവാതിലിലൂടെ 1.8 ലക്ഷം നിയമനം നടത്തിയെന്നാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് വിവരങ്ങൾ ക്രോഡീകരിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ ജനുവരിയിൽ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.
കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് ഗവർണർ ഭരണം ആവശ്യമില്ല. പക്ഷേ, മാർക്കു തിരുത്തൽ, ക്രൂരമായ റാഗിംഗ്, വ്യാജ സർട്ടിഫിക്കറ്റ്, അക്രമം, ലൈംഗികാതിക്രമം തുടങ്ങിയ തിന്മവഴികളും നീന്തിക്കയറിയ എസ്എഫ്ഐ, വിദ്യാഭ്യാസരംഗം ശുദ്ധീകരിക്കാൻ ഗവർണറുടെ ഓഫീസിലേക്കു കുതിക്കുന്പോൾ വിരോധാഭാസമായി തോന്നും. വിദ്യാഭ്യാസരംഗത്തെ വീണ്ടെടുക്കേണ്ടതു ഗവർണർമാരിൽനിന്നോ സംഘപരിവാറിൽനിന്നോ മാത്രമല്ല. ആൾക്കൂട്ട വിചാരണയ്ക്കു മടിക്കാത്ത, സഹപാഠികളെ മരണത്തിലേക്കു തള്ളിവിടുന്ന, അക്രമമാണു രാഷ്ട്രീയമെന്നു കരുതുന്ന വിദ്യാർഥികളിൽനിന്നും; രാഷ്ട്രനിർമിതിയെ ഇടുങ്ങിയ പാർട്ടിപ്രവർത്തനമായി ചുരുക്കിയ അധ്യാപകരിൽനിന്നും മേധാവികളിൽനിന്നും; പിൻവാതിൽനിയമനങ്ങൾക്കു കാത്തുനിൽക്കുന്ന രാഷ്ട്രീയ ഭിക്ഷാംദേഹികളിൽനിന്നും; പൊതുമുതൽകൊണ്ട് ഇവരെയൊക്കെ തീറ്റിപ്പോറ്റുന്ന അധികാര രാഷ്ട്രീയത്തിൽനിന്നും കേരളത്തിലെ വിദ്യാഭ്യാസമേഖലയെ മോചിപ്പിച്ചേ തീരൂ.