പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കൊപ്പം വേദി പങ്കിട്ട പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരനെതിരേ പരസ്യ വിമർശനവുമായി ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ രംഗത്ത്. എംഎൽഎയ്ക്കൊപ്പം വേദി പങ്കിട്ട നഗരസഭാ അധ്യക്ഷയുടെ നിലപാട് തെറ്റായിപ്പോയെന്നും അരുതാത്ത കാര്യമാണ് സംഭവിച്ചതെന്നും ജില്ലാ പ്രസിഡന്റ് കുറ്റപ്പെടുത്തി. വാർത്താ സമ്മേളനത്തിലാണ് പാർട്ടി നേതൃത്വത്തിന്റെ അതൃപ്തി പ്രശാന്ത് ശിവൻ പ്രകടിപ്പിച്ചത്.
എംഎൽഎയെ ബഹിഷ്കരിക്കുമെന്നത് പാർട്ടി നിലപാടായിരുന്നു. ബിജെപി അംഗമായ നഗരസഭാ അധ്യക്ഷയും ഇത് പാലിക്കേണ്ടതായിരുന്നു. ഇക്കാര്യം സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ നേതൃത്വം നിലപാട് വ്യക്തമാക്കുമെന്നും ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി.
അതേസമയം ജില്ലാ പ്രസിഡന്റിന്റെ നിലപാടിനെ തള്ളി മുതർന്ന നേതാവും നഗരസഭാ കൗൺസിലറുമായ എൻ. ശിവരാജൻ രംഗത്തെത്തി. എംഎൽഎ പങ്കെടുക്കുന്ന പരിപാടിയാണെന്ന് അറിയാതെയാണ് നഗരസഭാ അധ്യക്ഷ പോയതെന്നാണ് ശിവരാജന്റെ വിശദീകരണം.
അതിനിടെ ബിജെപിയിലെ പടലപ്പിണക്കങ്ങളാണ് സംഭവത്തിന് എല്ലാം കാരണമെന്നാണ് വിവരം. സി.കൃഷ്ണകുമാർ വിഭാഗവും ശിവരാജൻ വിഭാഗവും തമ്മിൽ നിലനിൽക്കുന്ന തർക്കത്തിന്റെ ഭാഗമാണ് നിലവിലെ സംഭവങ്ങളും. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പാർട്ടിയിലെ തർക്കങ്ങൾ തിരിച്ചടിയുണ്ടാക്കുമോയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആശങ്ക.
Tags : bjp bjp keralam palakkad bjp c krishnakumar rahul mamkootathil mla palakkad municipality