വർഗീയവിഷം ചീറ്റി ആർഎസ്എസ്
Sunday, April 6, 2025 2:45 AM IST
ന്യൂഡൽഹി: കത്തോലിക്കാ സഭയ്ക്ക് വഖഫ് ബോർഡിനേക്കാൾ സ്വത്തുണ്ടെന്നും ഇന്ത്യയിലെ ഏറ്റവും വലിയ സർക്കാർ ഇതര ഭൂവുടമസ്ഥർ കത്തോലിക്കാ സഭയാണെന്നും ചൂണ്ടിക്കാട്ടി ആർഎസ്എസ് മുഖപത്രമായ ‘ഓർഗനൈസറി’ൽ ലേഖനം. ‘ഓർഗനൈസറി’ന്റെ ഓണ്‍ലൈൻ പോർട്ടലിൽ ’ആർക്കാണ് ഇന്ത്യയിൽ കൂടുതൽ ഭൂമിയുള്ളത്?
കത്തോലിക്കാ സഭയും വഖഫ് ബോർഡും തമ്മിലുള്ള സംവാദം’ എന്ന തലക്കെട്ടോടെയാണ് കത്തോലിക്കാ സഭയുടെയും വഖഫ് ബോർഡിന്റെയും ഭൂവുടമസ്ഥാവകാശത്തെ താരതമ്യപ്പെടുത്തുന്ന ലേഖനം പുറത്തുവന്നത്. മൂന്നിന് പുറത്തുവന്ന ലേഖനം വിവാദമായതോടെ ഓർഗനൈസർ വെബ്സൈറ്റിൽനിന്ന് നീക്കം ചെയ്തു.
വഖഫ് നിയമഭേദഗതി ബിൽ രാജ്യത്തു വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയ സന്ദർഭത്തിനിടയിലാണ് അക്ഷരാർഥത്തിൽ വഖഫിനെയും കത്തോലിക്കാ സഭയെയയും ഇരു തട്ടിലാക്കുന്ന തലക്കെട്ടോടെ ഓർഗനൈസറിൽ ലേഖനം പ്രത്യക്ഷപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും വലിയ സർക്കാർ ഇതര ഭൂവുടമസ്ഥർ കത്തോലിക്കാ സഭയാണെന്നാണ് ലേഖനം ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യൻ സർക്കാരിനു 51 മന്ത്രാലയങ്ങളിലും 116 പൊതുമേഖലാ കന്പനികളിലുമായി 15,531 ചതുരശ്ര കിലോമീറ്റർ ഭൂമിയുള്ളപ്പോൾ കത്തോലിക്കാ സഭ സ്ഥാപനങ്ങൾക്കു രാജ്യത്തുടനീളം ഏകദേശം ഏഴു കോടി ഹെക്ടർ (17.29 കോടി ഏക്കർ) ഭൂമിയുണ്ടെന്നു ഓർഗനൈസർ പറയുന്നു. വഖഫ് ബോർഡുകൾക്ക് ഗണ്യമായ അളവിൽ ഭൂവുടമസ്ഥത അവകാശപ്പെടാനുണ്ടെങ്കിലും ഇത് സഭയുടെ കൈവശമുള്ള ഭൂമിയെ മറികടക്കുന്നില്ലെന്ന് ലേഖനം വ്യക്തമാക്കുന്നുണ്ട്.
കത്തോലിക്കാ സഭയുടെ സ്ഥാവരജംഗമ സ്വത്തുക്കളുടെ ആകെ മൂല്യം ഏകദേശം 20,000 കോടി രൂപയോളം വരുമെന്നും ഇത് രാജ്യത്തെ റിയൽ എസ്റ്റേറ്റ് വ്യാപാരത്തിൽ സഭയെ പ്രധാനിയാക്കുന്നുവെന്നും ലേഖനം അവകാശപ്പെടുന്നു.
ബ്രിട്ടീഷ് ഭരണകാലത്താണ് സഭയ്ക്ക് ഇത്രയും ഭൂമി ലഭിച്ചതെന്ന് കത്തോലിക്കാ സഭയുടെ ഭൂമി ഉടമസ്ഥതാ ചരിത്രം എന്ന ഉപശീർഷകത്തോടെയും ലേഖനം വ്യക്തമാക്കുന്നു. 1927ൽ ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യൻ ചർച്ച് നിയമം പാസാക്കിയതിനു പിന്നാലെ വലിയ അളവിലുള്ള ഭൂമി ഗ്രാന്റുകൾ പള്ളികൾക്ക് ലഭിച്ചു.
ഈ ഭൂമിയിൽ പലതും മിഷനറി സ്ഥാപനങ്ങളും വിദ്യാലയങ്ങളും മതകേന്ദ്രങ്ങളും സ്ഥാപിക്കാനായി ഉപയോഗിച്ചുവെന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെയും ഇത്തരം ഭൂമി ഗ്രാന്റുകൾ സഭയ്ക്ക് ലഭിച്ചിരുന്നുവെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ ലഭിച്ച ഭൂമിയുടെ സാധുതയെയും ആർഎസ്എസ് മുഖപത്രം ചോദ്യം ചെയ്യുന്നുണ്ട്.
ബ്രിട്ടീഷ് സർക്കാർ സഭയ്ക്ക് പാട്ടത്തിനു നൽകിയ ഒരു ഭൂമിയും സഭയുടെ സ്വത്തായി കണക്കാക്കില്ലെന്ന് 1965ൽ ഒരു സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ടെന്നും എന്നാൽ നിർദേശം നടപ്പാക്കുന്നതിൽ പരാജയപ്പെട്ടെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു.
സഭാ ഉടമസ്ഥതയിലുള്ള സ്കൂളുകളിലും ആശുപത്രികളിലും സൗജന്യമായോ കുറഞ്ഞ നിരക്കിലോ സേവനങ്ങൾ നൽകി സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന വ്യക്തികളെ ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നുണ്ടെന് ചില റിപ്പോർട്ടുകളുണ്ടെന്നും ഓർഗനൈസർ പറയുന്നു.
വഖഫ് ബില്ലിനെ ഉപയോഗിച്ചു കേരളം, ഗോവ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ നിർണായക മതന്യൂനപക്ഷമായ ക്രൈസ്തവരുടെ പിന്തുണ ബിജെപി തേടുന്പോഴാണ് കത്തോലിക്കാ സഭയ്ക്ക് രാജ്യത്തു വഖഫ് ബോർഡുകളേക്കാൾ ഭൂമിയുണ്ടെന്ന് അവകാശപ്പെട്ടുള്ള ആർഎസ്എസ് മുഖപത്രത്തിലെ ലേഖനം വിവാദമാകുന്നത്.
ലേഖനം പഴയതെന്ന് എഡിറ്റർ
ലേഖനം വിവാദമായതോടെ ’ഓർഗനൈസർ’ എഡിറ്റർ പ്രഫുൽ കേട്കർ പ്രതികരണവുമായി രംഗത്തെത്തി. ലേഖനം പഴയതാണെന്നും വഖഫ് ബിൽ വാർത്തകളിൽ നിറഞ്ഞതോടെ വീണ്ടും പ്രസിദ്ധീകരിച്ചതാണെന്നും പ്രഫുൽ ന്യായീകരിച്ചു.
വഖഫ് ബില്ലിലെ നിലപാട് മൂലം കോണ്‍ഗ്രസിൽനിന്നുള്ള ക്രിസ്ത്യാനികളുടെ പലായനത്തെ നേരിടാൻ കഴിയാത്തതിനാലും പ്രിയങ്ക ബില്ലിൽ വോട്ട് ചെയ്യാത്തതിനാൽ മുസ്ലിം പ്രതിഷേധം നേരിടുന്നതിനാലും മാധ്യമങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കമാണിതെന്ന് പ്രഫുൽ കൂട്ടിച്ചേർത്തു.
പഴയ ലേഖനത്തിൽ ആവേശം പ്രകടിപ്പിക്കുന്നതിനു പകരം പ്രതിപക്ഷ നേതാവ് മുനന്പം വിഷയത്തിൽ പ്രതികരണം അറിയിക്കണമെന്നും പ്രഫുൽ പറഞ്ഞു.
“സഭയുടേത് രേഖകളുള്ള ഭൂമി”
കത്തോലിക്കാ സഭയുടെ ഭൂമിക്ക് കൃത്യമായ രേഖകളുണ്ടെന്നും നിയമപ്രകാരം രജിസ്റ്റർ ചെയ്തതാണെന്നും സിബിസിഐ വക്താവ് റവ. ഡോ. റോബിൻസണ്‍ റോഡ്രിഗസ് പറഞ്ഞു.
ആർഎസ്എസ് മുഖപത്രം ലേഖനം പിൻവലിച്ചതിനാൽ അതിനെപ്പറ്റി പ്രതികരിക്കാനില്ലെന്നും ലേഖനത്തിൽ സഭയുടേതെന്നു ചൂണ്ടിക്കാട്ടിയിട്ടുള്ള കണക്കുകൾ ഊതിപ്പെരുപ്പിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.