കേരളത്തിന്റെ പൈതൃകം മതനിരപേക്ഷതയുടേത്: ഹാരിസ് ബീരാൻ
Friday, April 4, 2025 2:27 AM IST
ന്യൂഡൽഹി: കേരളത്തിന്റെ പൈതൃകം മതനിരപേക്ഷതയുടേതാണെന്നും വഖഫ് ഭേദഗതി ബില്ലിനെ ശക്തമായി എതിർക്കുന്നുവെന്നും ഹാരിസ് ബീരാൻ എംപി.
മുനന്പത്തെ ജനങ്ങൾക്കു മോദി സംരക്ഷണം നൽകുമെന്ന് ഇന്നലെ ഒരു മന്ത്രി പറഞ്ഞുവെന്നും ഗുജറാത്തിൽ 2002ൽ നൽകിയതുപോലെയുള്ള സംരക്ഷണമാണോയെന്നും ഹാരിസ് രാജ്യസഭയിൽ ചോദിച്ചു.
മുനന്പം വിഷയം ഉയർന്നതിനുപിന്നാലെ മുസ്ലിംലീഗ് അധ്യക്ഷനായ സാദിഖലി ശിഹാബ് തങ്ങൾ സംസ്ഥാനത്തെ എല്ലാ മുസ്ലിം സംഘടനകളുടെയും യോഗം വിളിച്ചുകൂട്ടിയെന്നും മുനന്പത്തുനിന്ന് ആരേയും കുടിയൊഴിപ്പിക്കില്ലെന്ന് ഉറപ്പ് നൽകിയിരുന്നതായും ഹാരിസ് പറഞ്ഞു.
ബില്ലിനുപിന്നിൽ സാമൂഹിക- രാഷ്ട്രീയ അജൻഡകൾ ഉണ്ട്. വഖഫ് ഉടമസ്ഥതയിലുള്ള ഭൂമിയും വിദ്യാഭ്യാസസ്ഥാപനങ്ങളും മുസ്ലിം സമൂഹത്തിൽനിന്നു തട്ടിയെടുക്കുക എന്നതാണ് സാമൂഹിക അജൻഡയെന്നും സാമൂഹ്യധ്രുവീകരണം നടത്തുക എന്നതാണ് രാഷ്ട്രീയ അജൻഡയെന്നും ഹാരിസ് ബീരാൻ വ്യക്തമാക്കി.