ഒഡീഷയില്‍ മലയാളി വൈദികനും വിശ്വാസികള്‍ക്കും പോലീസിന്റെ മര്‍ദനം
Saturday, April 5, 2025 3:05 AM IST
ഭുവനേശ്വര്‍: ഒഡീഷയിൽ മലയാളി വൈദികനും വിശ്വാസികള്‍ക്കും നേരേ പോലീസിന്റെ അഴിഞ്ഞാട്ടം. ബെര്‍ഹാംപുര്‍ രൂപതയ്ക്കു കീഴിലുള്ള ജുബാ ഇടവക വികാരി ഫാ. ജോഷി ജോര്‍ജിനും ഇടവകാംഗങ്ങള്ക്കുമാണ് പോലീസിന്റെ ക്രൂരമര്‍ദനമേറ്റത്.
കഴിഞ്ഞദിവസം ഒരുസംഘം പോലീസുകാര്‍ പള്ളിയങ്കണത്തിലേക്ക് ഇരച്ചുകയറുകയും ഫാ.ജോഷിയടക്കം പള്ളിയിലുണ്ടായിരുന്ന വിശ്വാസികളെ തലങ്ങും വിലങ്ങും മര്‍ദിക്കുകയുമായിരുന്നു. പള്ളിയിലുണ്ടായിരുന്ന വസ്തുക്കള്‍ പോലീസ് കൊള്ളയടിക്കുകയും ചെയ്തു.
ഗ്രാമത്തില്‍ തലേദിവസം നടന്ന ഒരു റെയ്ഡുമായി ബന്ധപ്പെടുത്തിയാണ് ക്രൈസ്തവ വിശ്വാസികള്‍ക്കുനേരേ പോലീസ് അതിക്രമം അഴിച്ചുവിട്ടത്. റെയ്ഡില്‍ നിരവധി ഗ്രാമവാസികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മയക്കുമരുന്നിനെതിരേ നിരന്തരം ബോധവത്കരണം നടത്തുന്ന പള്ളി അധികൃതര്‍ക്ക് കഞ്ചാവുമായോ റെയ്ഡുമായോ യാതൊരു ബന്ധവും ഇല്ലാതിരുന്നിട്ടും പോലീസ് പള്ളിയങ്കണത്തില്‍ അതിക്രമിച്ചു കയറി അക്രമം അഴിച്ചുവിട്ടത് എന്തിനെന്ന് മനസിലാകുന്നില്ലെന്ന് ഫാ. ജോഷി ജോര്‍ജ് പറഞ്ഞു.