സിപിഎം പാർട്ടി കോൺഗ്രസ് ; രാഷ്ട്രീയ അവലോകന റിപ്പോർട്ടിൽ ചർച്ച തുടരും
Friday, April 4, 2025 3:08 AM IST
മധുര: സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച രാഷ്ട്രീയ അവലോകന റിപ്പോർട്ടിലും കരടു രാഷ്ട്രീയ പ്രമേയത്തിലുമുള്ള പൊതുചർച്ച തുടങ്ങി.
കേരളത്തിൽനിന്ന് എട്ടുപേരാണ് ചർച്ചയിൽ പങ്കെടുത്തത്. കേരളത്തിന് 46 മിനിറ്റാണ് അനുവദിച്ചത്. പി.കെ. ബിജു, കെ.കെ. രാഗേഷ്, പി.എ. മുഹമ്മദ് റിയാസ്, എം.ബി.രാജേഷ്, ഡോ. ടി.എൻ. സീമ, എം.അനിൽകുമാർ, ജെയ്ക് സി. തോമസ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
പാർട്ടി കോൺഗ്രസിലെ കരടു രാഷ്ട്രീയ പ്രമേയം, രാഷ്ട്രീയ അവലോകന രേഖ, ഭേദഗതികൾ എന്നിവയിലുള്ള നിർണായക ചർച്ചകളാണ് നടക്കുന്നത്. ഇന്ന് ഉച്ചവരെ ചർച്ച നടക്കും. ഉച്ചകഴിഞ്ഞാണ് ചർച്ചകൾക്കു മറുപടി. തുടർന്ന് രാഷ്ട്രീയപ്രമേയം പാസാക്കും.
വൈകുന്നേരം "ഫെഡറലിസമാണ് ഇന്ത്യയുടെ ശക്തി’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി. സുധാകർ എന്നിവർ പങ്കെടുത്തു. ആറിനാണ് പുതിയ ജനറൽ സെക്രട്ടറിയെയും കേന്ദ്ര കമ്മിറ്റിയെയും പോളിറ്റ് ബ്യൂറോയെയും തെരഞ്ഞെടുക്കുന്നത്.
കെ.കെ. ശൈലജ പിബിയിലേക്ക്?
കേരളത്തില്‍നിന്നും കെ.കെ. ശൈലജ സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോയില്‍ എത്താനുള്ള സാധ്യത ഏറിയിരിക്കുകയാണ്. കൊല്ലം സമ്മേളനത്തിലാണ് കെ.കെ. ശൈലജ സെക്രട്ടറിയേറ്റംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.
വൃന്ദ കാരാട്ടും സുഭാഷിണി അലിയും പിബിയില്‍നിന്നും ഒഴിവാകുന്ന സാഹചര്യത്തില്‍ പിബിയിലെ വനിതാ പ്രാതിനിധ്യം ഉറപ്പിക്കേണ്ടതുണ്ട്. പ്രായപരിധി പരിഗണിക്കുന്പോൾ പി.കെ. ശ്രീമതി കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ഇത്തവണ ഒഴിവാക്കപ്പെടും.
നിലവില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ അധ്യക്ഷയാണ് പി.കെ. ശ്രീമതിയെങ്കിലും പ്രായപരിധി കാരണം പിബിയിലേക്ക് പരിഗണിക്കപ്പെടില്ല. ഇതോടെയാണ് പിബിയിലേക്ക് ശൈലജയുടെ സാധ്യത വർധിച്ചത്. കേരളത്തില്‍നിന്ന് ഒരു വനിതാ നേതാവ് പിബിയില്‍ എത്തുന്നുവെന്നതും ഏറെ ശ്രദ്ധേയമാണ്. സിപിഎം സ്ഥാപക നേതാക്കളില്‍ ഒരാളായ സുശീലാ ഗോപാലനു കിട്ടാത്ത പരിഗണനയാണ് പിബി അംഗമായാൽ ശൈലജയ്ക്ക് കിട്ടുക.
കേരളത്തിലെ ഭരണത്തിന് പ്രശംസ
സിപിഎം പാർട്ടി കോൺഗ്രസ് പൊതുചർച്ചയിൽ കേരളത്തിലെ ഭരണത്തിന് പ്രശംസ. തുടർച്ചയായി ഭരണം നേടിയത് കേരളത്തിലെ പാർട്ടിയുടെ വിജയമെന്നാണ് ജാർഖണ്ഡിൽനിന്നുള്ള പ്രതിനിധിയുടെ പരാമർശം. പാർട്ടിയിൽ കൂടുതൽ സ്ത്രീപങ്കാളിത്തം ഉറപ്പിക്കാൻ സാധിച്ചിട്ടില്ലെന്ന് തെലുങ്കാനയിൽനിന്നുള്ള പ്രതിനിധി വിമർശിച്ചു.
നേതാക്കളെ വിലയിരുത്തേണ്ടത് പ്രവർത്തനം നോക്കിയാണെന്നും പ്രായപരിധി നോക്കിയല്ലെന്നും ചർച്ചയിൽ ഒരു പ്രതിനിധി അഭിപ്രായപ്പെട്ടു. പ്രായപരിധി സംബന്ധിച്ച് മറ്റു പ്രതിനിധികൾ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയില്ല. തെലുങ്കാന തെരഞ്ഞെടുപ്പിൽ സഖ്യത്തിന് ശ്രമിച്ചിട്ട് നടന്നില്ലെന്നും ചർച്ചയിൽ വിലയിരുത്തലുണ്ടായി.
ഇന്ത്യ സഖ്യം ശക്തിപ്പെടുത്തും: വൃന്ദ കാരാട്ട്
ഇന്ത്യ സഖ്യം ശക്തിപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രധാനമായി മൂന്ന് അജണ്ടകളാണ് പാർട്ടി കോൺഗ്രസിന്റേതായി വൃന്ദ കാരാട്ട് വിശദീകരിച്ചത്. പാര്‍ട്ടിയുടെ സ്വതന്ത്രമായ ശക്തി വര്‍ധിപ്പിക്കുക, ബിജെപിക്ക് എതിരായി പോരാടുന്നതിനായി മറ്റ് മതേതര ജനാധിപത്യ പാര്‍ട്ടികളുമായി കൂടിച്ചേര്‍ന്നുകൊണ്ട് പോരാട്ടം നടത്തുക, പാര്‍ട്ടിയുടെ മുന്‍ ശക്തികേന്ദ്രങ്ങളായിരുന്ന ബംഗാളിലും ത്രിപുരയിലും തിരിച്ചുവരിക എന്നതെല്ലാമാണിത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെയും ആര്‍എസ്എസിനെയും പരാജയപ്പെടുത്താന്‍ രാജ്യത്തെ മതേതര ജനാധിപത്യ പാര്‍ട്ടികളെ ഒന്നിച്ചു ചേര്‍ത്തുള്ള ഇന്ത്യ സഖ്യ രൂപീകരണം വലിയൊരു പരിധി വരെ വിജയിച്ചുവെന്നാണ് പാര്‍ട്ടിയുടെ രാഷ്ട്രീയപ്രമേയ രേഖതന്നെ വിശകലനം ചെയ്യുന്നത്. എന്നാല്‍, അത് ലോക്സഭാ തെരഞ്ഞെടുപ്പു മാത്രം ലക്ഷ്യംവച്ചുകൊണ്ടുള്ള സഖ്യമായിരുന്നു. അത് കഴിഞ്ഞുണ്ടായ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അത്തരത്തിലുള്ള ഒരു സഖ്യം ദൃശ്യമായില്ലെന്നും വൃന്ദ കാരാട്ട് പറഞ്ഞു.
പാര്‍ട്ടിയുടെ സ്വതന്ത്രമായ ശക്തി വര്‍ധിപ്പിക്കുക എന്നതാണ് ഇതിനെല്ലാമപ്പുറത്തേക്കുള്ള പ്രധാന അജണ്ട എന്നും അതിനാവശ്യമായ ചര്‍ച്ചകളാണ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന ചര്‍ച്ചകളില്‍ ഉയര്‍ന്നുവരുന്നത് എന്നും വൃന്ദ കാരാട്ട് വിശദീകരിച്ചു.