സിപിഎം പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കും
Sunday, April 6, 2025 2:45 AM IST
മധുര: സിപിഎമ്മിന്റെ 24-ാം പാർട്ടി കോൺഗ്രസ് റെഡ് വോളണ്ടിയർ മാർച്ചോടെ ഇന്ന് സമാപിക്കും. സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറി, കേന്ദ്രകമ്മിറ്റി അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുക്കാനുള്ള സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നലെ രാത്രിയിൽ ചേർന്നു.
ഇന്ന് രാവിലെ പുതിയ ജനറൽ സെക്രട്ടറിയുടെയും കേന്ദ്രകമ്മിറ്റി അംഗങ്ങളുടെയും പ്രഖ്യാപനമുണ്ടാകും. കേരളത്തിൽ നിന്നുള്ള എം.എ. ബേബിയും മഹാരാഷ്ട്രയിൽ നിന്നുള്ള അശോക് ധാവ്ളെയുമാണ് അവസാന റൗണ്ടിൽ ഉള്ളത്.
മുഖ്യമന്ത്രി പിണറായി വിജയന്റേതടക്കമുള്ള കേരളഘടകത്തിന്റെ പിന്തുണ അനുകൂലമായാൽ ഇഎംഎസിന് ശേഷം എം.എ. ബേബി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടും. 2012ൽ പിബിയിലെത്തിയ എം.എ. ബേബി 2015 മുതൽ ഡൽഹി കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. എന്നാൽ, 2022ലാണ് അശോക് ധാവ്ളെ പിബിയിലെത്തിയത്.