പ്രിയങ്കയുടെ അസാന്നിധ്യത്തിന് വിശദീകരണം നൽകി കോണ്‍ഗ്രസ്
Friday, April 4, 2025 2:27 AM IST
ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയിൽനിന്നു വയനാട് എംപി പ്രിയങ്ക ഗാന്ധി വിട്ടുനിന്നതിൽ വിശദീകരണവുമായി കോണ്‍ഗ്രസ്. മുസ്ലിം ന്യൂനപക്ഷത്തെ ബാധിക്കുന്ന നിർണായക ബില്ലിന്മേലുള്ള ചർച്ചയിൽനിന്ന് എഐസിസി ജനറൽ സെക്രട്ടറികൂടിയായ പ്രിയങ്ക വിട്ടുനിന്നതിന് സമൂഹമാധ്യമങ്ങളിലടക്കം വിമർശനം ഉയർന്നതിനു പിന്നാലെയാണ് നേതാക്കൾ വിശദീകരണം നൽകിയത്.
അടുത്ത ബന്ധുവിന്റെ ചികിത്സമൂലം പ്രിയങ്ക വിദേശത്താണെന്ന് കോൺഗ്രസ് അറിയിച്ചു. യാത്രയ്ക്കുള്ള അനുമതി പ്രിയങ്ക നേരത്തെ വാങ്ങിയിരുന്നുവെന്നും ലോക്സഭാ സ്പീക്കർക്ക് അസാന്നിധ്യം വിവരിക്കുന്ന കത്ത് നൽകിയിരുന്നുവെന്നും പാർട്ടിവൃത്തങ്ങൾ അറിയിച്ചു.
കേന്ദ്രമന്ത്രി കിരണ്‍ റിജിജു വഖഫ് ഭേദഗതി ബിൽ അവതരിപ്പിച്ച സമയത്ത് പ്രിയങ്കയും രാഹുൽ ഗാന്ധിയും ലോക്സഭയിൽ ഇല്ലാത്തതിനാൽ വ്യാപക വിമർശനമുയർന്നിരുന്നു. ചർച്ചയിൽ നിർബന്ധമായും പങ്കെടുക്കണമെന്നു നിർദേശിച്ച് കോണ്‍ഗ്രസ് വിപ്പ് നൽകിയിരുന്നെങ്കിലും പ്രിയങ്കയുടെ അസാന്നിധ്യം വലിയ ചർച്ചയായി.
വഖഫ് ബിൽ ചർച്ചയിൽ പങ്കെടുക്കാത്തതിന് പ്രിയങ്ക മറുപടി പറയണമെന്ന് സിപിഎം നേതാവ് വൃന്ദ കാരാട്ടും ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് വയനാട് എംപിയുടെ അസാന്നിധ്യത്തിനു പിന്നിലെ കാരണം കോണ്‍ഗ്രസ് വൃത്തങ്ങൾ വെളിപ്പെടുത്തിയത്.
കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടിക്ക് അസാന്നിധ്യത്തിന്റെ വിശദീകരണം നൽകിയതിനാൽ വിപ്പ് ലംഘനം നടന്നിട്ടില്ലെന്നും കോണ്‍ഗ്രസ് അറിയിച്ചു.