ബ്രിട്ടീഷ് ഡോക്ടര്‍ ചമഞ്ഞ് ഹൃദയശസ്ത്രക്രിയ ഏഴു പേരുടെ മരണത്തില്‍ അന്വേഷണം
Sunday, April 6, 2025 2:45 AM IST
ഭോപ്പാല്‍: മധ്യപ്രദേശിലെ ദാമോ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാജ ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയതിനെത്തുടര്‍ന്ന് ഒരു മാസത്തിനിടെ ഏഴുപേര്‍ മരിച്ചതായി റിപ്പോർട്ട്. എൻ. ജോൺ കെം എന്ന പ്രമുഖ ബ്രിട്ടീഷ് കാർഡിയോളജിസ്റ്റിന്റെ പേരിലാണ് പ്രതിയായ ആൾ ഇവിടെ ജോലിക്കു കയറിയത്.
തുടർച്ചയായി രോഗികൾ മരിച്ചതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ യഥാർഥ പേര് നരേന്ദ്ര വിക്രമാദിത്യ യാദവ് എന്നാണെന്നു കണ്ടെത്തുകയായിരുന്നു. ഏഴുപേർ മരിച്ചെന്നത് ഔദ്യോഗിക കണക്കാണെന്നും അനൗദ്യോഗിക എണ്ണം ഇതിലും കൂടുമെന്നും ജില്ലാ ശിശുക്ഷേമ സമിതി പ്രസിഡന്റ് അഡ്വ. ദീപക് തിവാരി പറഞ്ഞു. സംഭവത്തിൽ ദീപക് തിവാരി തന്നെയാണ് പോലീസിൽ പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടത്തിനു കീഴിലുള്ള അന്വേഷണസംഘം ആശുപത്രിയിൽനിന്ന് രേഖകൾ പിടിച്ചെടുത്തു. അന്വേഷണത്തിൽ ആൾമാറാട്ടക്കാരൻ പ്രശസ്ത ബ്രിട്ടീഷ് ഡോക്ടറുടേതിനു സമാനമായ രേഖകൾ വ്യാജമായുണ്ടാക്കി ആശുപത്രിയിൽ സമർപ്പിച്ചതായി കണ്ടെത്തി.
ഹൈദരാബാദിൽ ഒരു ക്രിമിനൽ കേസുൾപ്പെടെ നിരവധി വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണു പ്രതിയെന്നും സംഘം കണ്ടെത്തി. ബ്രിട്ടീഷ് ഡോക്ടറായ എൻ. ജോൺ കെം ആയി വേഷം കെട്ടിയതിന് മുമ്പും വ്യാജ ഡോക്ടർക്കെതിരേ കേസെടുത്തിട്ടുണ്ട്. പ്രതിയെ കണ്ടെത്താനായി പോലീസ് വ്യാപക അന്വേഷണം നടത്തിവരികയാണ്.