സിപിഎം പാർട്ടി കോൺഗ്രസ് നാളെ സമാപിക്കും
Saturday, April 5, 2025 3:05 AM IST
മധുര: സിപിഎമ്മിന്റെ 24-ാം പാർട്ടി കോൺഗ്രസ് നാളെ സമാപിക്കും. കരട് രാഷ്ട്രീയപ്രമേയത്തിന്മേലും അവലോകനറിപ്പോർട്ടിന്മേലും നടന്ന പൊതുചർച്ചയ്ക്ക് ഇന്നലെ പിബി കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് മറുപടി നൽകി.
കരട് രാഷ്ട്രീയ പ്രമേയത്തിന് പാർട്ടി കോൺഗ്രസ് അംഗീകാരം നൽകി. പ്രകാശ് കാരാട്ടിന്റെ മറുപടിക്കു ശേഷമാണ് പാർട്ടി കോൺഗ്രസ് രാഷ്ട്രീയ പ്രമേയം അംഗീകരിച്ചത്. ഏകകണ്ഠമായായിരുന്നു അംഗീകാരം. ചർച്ച എട്ടു മണിക്കൂർ നീണ്ടു.
മുതിർന്ന നേതാവ് ബി.വി. രാഘവുലു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഇന്നു രാവിലെ മുതലാണ് സംഘടനാ റിപ്പോർട്ടിന്മേലുള്ള പൊതുചർച്ച. ഇന്നു രാത്രിയോ നാളെ രാവിലെയോ ചേരുന്ന കേന്ദ്ര കമ്മിറ്റി, പോളിറ്റ് ബ്യൂറോ യോഗങ്ങളിലായിരിക്കും പുതിയ അംഗങ്ങളുടെ കാര്യത്തില്‍ ഏകദേശ ധാരണയുണ്ടാകുക.