ബലാത്സംഗം: പ്രജ്വൽ രേവണ്ണയ്ക്കെതിരേ കുറ്റപത്രം സമർപ്പിച്ചു
Sunday, April 6, 2025 12:40 AM IST
ബംഗളൂരു: വീട്ടുജോലിക്കാരിയടക്കം നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന ജനതാദൾ-എസ് നേതാവും മുൻ എംപിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരേ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ബംഗളൂരുവിലെ വിചാരണക്കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. വീട്ടുജോലിക്കാരിയുടെ പരാതിപ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് ആദ്യ കുറ്റപത്രം സമർപ്പിച്ചത്.
രേവണ്ണ കുടുംബത്തിന്റെ ഉടമസ്ഥതയിൽ ഹൊളെനരസിപുരയിലുള്ള ഫാംഹൗസിലെ ജോലിക്കാരിയായ അതിജീവിതയെ പ്രജ്വൽ പലകുറി ബലാത്സംഗം ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നു.
ആദ്യസംഭവം ഉണ്ടായത് 2021ൽ കോവിഡ് ലോക് ഡൗൺ സമയത്താണ്. തുടർന്ന് ഇവിടെവച്ചും ഹൊളെനരസിപുരയിലെ ഗണ്ണികട ഫാം ഹൗസ്, ബംഗളൂരുവിലെ വസതികൾ എന്നിവയുൾപ്പെടെ നിരവധി കേന്ദ്രങ്ങളിൽ വച്ചും ബലാത്സംഗം ചെയ്തു.
ബലമായി തടഞ്ഞുവച്ചു, പലതവണ ബലാത്സംഗം ചെയ്തു, ദൃശ്യങ്ങൾ പകർത്തി, ആക്രമണങ്ങളെക്കുറിച്ച് പുറത്തുപറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തിലുണ്ട്.