ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീക്കെതിരേ വിദ്യാർഥിനിയുടെ വ്യാജ പരാതി
Saturday, April 5, 2025 3:05 AM IST
റായ്പുർ: ഛത്തീസ്ഗഡിൽ നഴ്സിംഗ് കോളജ് പ്രിൻസിപ്പലായ മലയാളി കന്യാസ്ത്രീക്കുനേരെ പക തീർക്കാൻ വ്യാജ പരാതി നൽകി തദ്ദേശ വിദ്യാർഥിനി.
കുൻകുരിയിലെ ഹോളിക്രോസ് നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ബിൻസി ജോസഫിനെതിരേയാണ് കോളജിലെ മൂന്നാംവർഷ ജനറൽ നഴ്സിംഗ് വിദ്യാർഥിനി ജില്ലാ കളക്ടർക്കും ജാഷ്പുർ എസ്എസ്പിക്കും പരാതി നൽകിയത്.
മതപരിവർത്തനം നടത്താൻ പ്രിൻസിപ്പൽ തന്റെമേൽ സമ്മർദം ചെലുത്തിയെന്നാണ് വിദ്യാർഥിനിയുടെ പരാതി. എന്നാൽ, ആരോപണം സിസ്റ്റർ ബിൻസി നിഷേധിച്ചു. മതിയായ ഹാജർ ഇല്ലാത്തതിനാൽ മാതാപിതാക്കളോടു കോളജിൽ എത്താൻ ആവശ്യപ്പെട്ടതാണ് വിദ്യാർഥിനിയുടെ പരാതിക്കു കാരണമെന്ന് സംശയിക്കുന്നതായി സിസ്റ്റർ പറഞ്ഞു.
കഴിഞ്ഞ ജനുവരി മുതൽ വിദ്യാർഥിനി കോഴ്സിന്റെ ഭാഗമായുള്ള ആശുപത്രിഡ്യൂട്ടിക്ക് എത്തിയിട്ടില്ല. പ്രാക്ടിക്കൽ അസസ്മെന്റുകളിൽനിന്ന് ഒഴിവാകുകയും ചെയ്തു. അധ്യാപകർ ഇക്കാര്യം അറിയിച്ചതിനെത്തുടർന്നാണ് മാതാപിതാക്കളെ വിളിച്ചുവരുത്താൻ തീരുമാനിച്ചത്.
ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ മാനദണ്ഡപ്രകാരം തിയറിക്കും പ്രാക്ടിക്കലിനും 80 ശതമാനം ഹാജർ നിർബന്ധമാണ്. വിദ്യാർഥിനിക്ക് പ്രാക്ടിക്കലിന് 32 ശതമാനം ഹാജർ മാത്രമേയുള്ളൂ. എങ്കിലും അവസാനവർഷ പരീക്ഷയെഴുതാൻ വിദ്യാർഥിനിക്ക് അവസരം നൽകി.
എന്നാൽ, ആശുപത്രി ഡ്യൂട്ടിയടക്കമുള്ള അവസാനവർഷ നിബന്ധനകൾ പാലിക്കാത്തതിനാൽ നഴ്സിംഗ് കൗൺസിലിന്റെ മാനദണ്ഡപ്രകാരം കുട്ടിയുടെ കംപ്ലീഷൻ രേഖകളിൽ ഒപ്പിട്ടു നൽകാനായില്ല. ഇതാണു കുട്ടിയുടെ പരാതിക്കു പിന്നിലെന്ന്സിസ്റ്റർ ബിൻസി പറഞ്ഞു.