ചണ്ഡിഗഡിൽ ദുഃഖവെള്ളി പ്രവൃത്തിദിനം; യുഡിഎഫ് എംപിമാർ പ്രതിഷേധിച്ചു
Saturday, April 5, 2025 3:05 AM IST
ന്യൂഡൽഹി: കേന്ദ്രഭരണപ്രദേശമായ ചണ്ഡിഗഡിൽ ദുഃഖവെള്ളി പ്രവൃത്തിദിനമാക്കിയതിനെതിരേ പ്രതിഷേധവുമായി യുഡിഎഫ് എംപിമാർ.
ഇന്നലെ പാർലമെന്റ് നടപടികൾ ആരംഭിക്കുന്നതിനുമുന്പ് പാർലമെന്റിലെ മകർ ദ്വാറിനു മുന്നിലായിരുന്നു എംപിമാർ പ്രതിഷേധിച്ചത്.
ക്രൈസ്തവർ വിശുദ്ധമായി ആചരിക്കുന്ന ദുഃഖവെള്ളി പ്രവൃത്തിദിനമായി പ്രഖ്യാപിക്കുന്നതിലൂടെ ബിജെപിയുടെ ക്രിസ്ത്യൻ വിരുദ്ധ മനോഭാവം വീണ്ടും തുറന്നുകാട്ടപ്പെടുകയാണെന്ന് പ്രതിഷേധത്തിനു നേതൃത്വം നൽകിയ കെ.സി. വേണുഗോപാൽ എംപി പറഞ്ഞു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ വൈദികർ അടക്കമുള്ളവർ ഭീഷണി നേരിടുകയാണ്. ഈ സർക്കാരുകൾക്ക് കൃത്യമായ ന്യൂനപക്ഷവിരുദ്ധ അജൻഡയുണ്ടെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു.
അടൂർ പ്രകാശ്, ജെബി മേത്തർ, ആന്റോ ആന്റണി, ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ് തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുത്തു.