മംഗളൂരു മുത്തൂറ്റിൽ കവർച്ചയ്ക്ക് ശ്രമിച്ച രണ്ടു മലയാളികൾ പിടിയിൽ
Saturday, April 5, 2025 3:05 AM IST
മംഗളൂരു: മംഗളൂരു ദേർളകട്ടെയിലെ മുത്തൂറ്റ് ശാഖയിൽ കവർച്ചയ്ക്ക് ശ്രമിച്ച രണ്ടു മലയാളികൾ പിടിയിൽ. ഇടുക്കി രാജാക്കാട് സ്വദേശി മുരളി, കാഞ്ഞങ്ങാട് സ്വദേശി ഹർഷാദ് എന്നിവരാണ് മംഗളൂരു പോലീസിന്റെ പിടിയിലായത്.
ഇവർക്കൊപ്പമുണ്ടായിരുന്ന കാഞ്ഞങ്ങാട് സ്വദേശിയായ അബ്ദുൽ ലത്തീഫ് ഓടി രക്ഷപ്പെട്ടു. ബുധനാഴ്ച പുലർച്ചെ മൂന്നോടെയാണ് ഇവർ മുത്തൂറ്റ് ശാഖയുടെ മുൻവശത്തെ വാതിൽ പൊളിച്ച് അകത്തു കടക്കാൻ ശ്രമിച്ചത്.
എന്നാൽ ഓഫീസിലെ സുരക്ഷാ സംവിധാനങ്ങളിൽനിന്നു മുത്തൂറ്റ് ഗ്രൂപ്പിന്റെ കൺട്രോൾ റൂമിലേക്കു വിവരം ലഭിക്കുകയായിരുന്നു. അവിടെനിന്ന് മംഗളൂരു പോലീസിനെ വിവരമറിയിച്ചതനുസരിച്ചാണു പോലീസ് സ്ഥലത്തെത്തിയത്.
പോലീസ് വരുന്നതു കണ്ട് ലത്തീഫ് ഓടി രക്ഷപ്പെട്ടെങ്കിലും മുരളിയും ഹർഷാദും കെട്ടിടത്തിനകത്ത് കുടുങ്ങുകയായിരുന്നു. ഇരുവരും വേറെയും ബാങ്ക് കവർച്ച കേസുകളിൽ പ്രതികളാണെന്നാണു സൂചന.