വഖഫ് ബിൽ ധ്രുവീകരണത്തിനുള്ള ബിജെപി തന്ത്രം: സോണിയ ഗാന്ധി
Friday, April 4, 2025 3:08 AM IST
ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ ഭരണഘടനയ്ക്കെതിരേയുള്ള ലജ്ജാകരമായ കടന്നാക്രമണമാണെന്നും സാമൂഹിക ധ്രുവീകരണത്തിനുള്ള ബിജെപി തന്ത്രമാണെന്നും കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി.
ബിൽ ലോക്സഭയിൽ"ബുൾഡോസ്’ ചെയ്യപ്പെട്ടുവെന്നും കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി എംപിമാരുടെ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സോണിയ പറഞ്ഞു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലും ഇതുപോലെ ഭരണഘടനയുടെ അധികാരങ്ങളെ കവർന്നെടുക്കുന്നതാണെന്നും പാർട്ടി ശക്തമായി എതിർക്കുമെന്നും സോണിയ വ്യക്തമാക്കി. രണ്ടു വർഷം മുന്‍പ് പാർലമെന്റ് പാസാക്കിയ വനിതാസംവരണ ബിൽ ഉടൻ നടപ്പിലാക്കണമെന്ന പാർട്ടിയുടെ ആവശ്യം സർക്കാർ മനഃപൂർവം അവഗണിക്കുകയാണ്.
ഇതിനോടൊപ്പംതന്നെ പട്ടികജാതി, പട്ടികവർഗ, ഒബിസി സമൂഹങ്ങളിലെ സ്ത്രീകൾക്ക് മൂന്നിലൊന്നു സംവരണം വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യവും സർക്കാർ അവഗണിക്കുകയാണ്.
വിദ്യാഭ്യാസമായാലും മനുഷ്യാവകാശമായാലും വ്യക്തിസ്വാതന്ത്ര്യമായാലും ഫെഡറൽ സംവിധാനമായാലും തെരഞ്ഞെടുപ്പ് ചട്ടങ്ങളായാലും ഭരണഘടന പേപ്പറിൽ മാത്രമാകുന്ന ഒരു ഗർത്തത്തിലേക്ക് മോദിസർക്കാർ നമ്മുടെ രാജ്യത്തെ വലിച്ചിടുകയാണ്.
ഇന്ത്യയെ ഒരു നിരീക്ഷണ രാഷ്ട്രമാക്കി മാത്രം മാറ്റാനുള്ള മോദിസർക്കാരിന്റെ ഉദ്ദേശ്യം തുറന്നുകാട്ടുന്നതിന് നാമെല്ലാവരും തുടർന്നും പോരാടേണ്ടത് അനിവാര്യമാണെന്നും സോണിയ എംപിമാരോട് ആഹ്വാനം ചെയ്തു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരടങ്ങിയ കോണ്‍ഗ്രസിന്റെ പാർട്ടി എംപിമാർ യോഗത്തിൽ പങ്കെടുത്തു.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണത്തിനെതിരേ ബിജെപി വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുണ്ടെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പരാജയങ്ങളും ദുർഭരണവും കൂടുതൽ ഗൃഹപാഠവും ഗവേഷണവും നടത്തി തുറന്നുകാട്ടണമെന്നും സോണിയ നിർദേശിച്ചു.