"ആരോപണം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ രാജിവയ്ക്കണം' ; അനുരാഗ് ഠാക്കൂറിനെതിരേ ഖാർഗെ
Friday, April 4, 2025 3:08 AM IST
ന്യൂഡൽഹി: ലോക്സഭയിൽ മുൻ കേന്ദ്രമന്ത്രിയും എംപിയുമായ അനുരാഗ് ഠാക്കൂർ, തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തന്നെ അപകീർത്തിപ്പെടുത്തുന്നതാണെന്നും രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ.
പരാമർശത്തിൽ അനുരാഗ് മാപ്പ് പറയണമെന്നും തനിക്കെതിരേയുള്ള ആരോപണങ്ങൾ തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ രാജിവയ്ക്കണമെന്നും രാജ്യസഭയിലെ ശൂന്യവേളയിൽ ഖാർഗെ ആവശ്യപ്പെട്ടു.
തന്റെ ജീവിതം എന്നും ഒരു തുറന്ന പുസ്തകമാണ്. പൊതുജീവിതത്തിൽ ആദർശങ്ങൾ എന്നും ഉയർത്തിപ്പിടിക്കുന്നയാളാണു താൻ. 60 വർഷത്തെ രാഷ്ട്രീയജീവിതത്തിനുശേഷം താൻ ഇത്തരം ആരോപണങ്ങൾ അർഹിക്കുന്നില്ല.
കഴിഞ്ഞദിവസം ലോക്സഭയിൽ അനുരാഗ് ഠാക്കൂർ നടത്തിയ പരാമർശത്തിനുശേഷം എതിർപ്പുകൾ ഉയർന്നതിനാൽ പരാമർശം പിൻവലിക്കാൻ അദ്ദേഹം നിർബന്ധിതനായി. എന്നാൽ, ആരോപണം ഇതിനോടകംതന്നെ ഹാനികരമായി.
വിഷയത്തിൽ രാജ്യസഭാ നേതാവായ ജെ.പി. നഡ്ഡയിൽനിന്നു ക്ഷമാപണം പ്രതീക്ഷിക്കുന്നു. അനുരാഗിന്റെ ആരോപണങ്ങൾ തെളിയിക്കാൻ സാധിച്ചാൽ താൻ രാജി സമർപ്പിക്കാമെന്നും അല്ലാത്തപക്ഷം അദ്ദേഹം രാജിവയ്ക്കണമെന്നും ഖാർഗെ പറഞ്ഞു.
ബുധനാഴ്ച വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചശേഷമുള്ള ചർച്ചയിൽ വഖഫിന്റെ പേരിൽ കർണാടകയിൽ ഭൂമി കൈയേറ്റം നടക്കുന്നുണ്ടെന്നും ഇതിൽ കോണ്‍ഗ്രസ് അധ്യക്ഷന്റെ പേരും ഉയർന്നുവരുന്നുണ്ടെന്നുമായിരുന്നു അനുരാഗിന്റെ ആരോപണം.
അനുരാഗിന്റെ പരാമർശത്തിനു പിന്നാലെ കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെത്തുടർന്ന് ലോക്സഭാ സ്പീക്കർ പരാമർശങ്ങൾ സഭാരേഖകളിൽനിന്ന് നീക്കം ചെയ്തിരുന്നു.