പകരം നികുതി: അനുരഞ്ജന ചർച്ചയ്ക്ക് ട്രംപ്
Sunday, April 6, 2025 2:45 AM IST
ന്യൂഡൽഹി: ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരേ പകരം തീരുവ (റെസിപ്രോക്കൽ താരിഫ്) ചുമത്തിയ തീരുമാനത്തിൽനിന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അയയുന്നുവെന്ന് റിപ്പോർട്ട്.
ഇന്ത്യ, വിയറ്റ്നാം, ഇസ്രയേൽ എന്നീ രാജ്യങ്ങളുമായി അനുരഞ്ജന ചർച്ചകൾക്ക് യുഎസ് തയാറെടുക്കുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. മൂന്നു രാജ്യങ്ങളുമായും ട്രംപ് നേരിട്ടു ചർച്ച നടത്തിയേക്കും. പകരം തീരുവ പ്രഖ്യാപനം പ്രാബല്യത്തില്‍ വരുന്ന ഈ മാസം ഒന്പതിനുമുന്പ് തീരുമാനമുണ്ടായേക്കുമെന്നാണ് റിപ്പോർട്ടിലുള്ളത്.
എന്നാൽ ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നികുതിസാഹചര്യം ഫലപ്രദമായി നിരീക്ഷിക്കുകയാണെന്നു മാത്രമാണ് വാണിജ്യ മന്ത്രാലയം പറയുന്നത്. ഇന്ത്യക്കു 26 ശതമാനം പകരം നികുതി ചുമത്തുമെന്നാണ് യുഎസ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്.
അതേസമയം, ട്രംപിന്റെ തീരുവ പ്രഖ്യാപനത്തെത്തുടർന്ന് ആഗോളതലത്തിൽ ഓഹരിവിപണികളിൽ തകർച്ച തുടരുകയാണ്. അമേരിക്കൻ വിപണികളിലും തീരുമാനം വലിയ പ്രതിസന്ധി സൃഷ്ടിച്ചു. എണ്ണ-സ്വർണ വിലയും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്.