തൃശൂരും പൂട്ടിക്കുമെന്ന് ബ്രിട്ടാസ്; വെല്ലുവിളിച്ച് സുരേഷ് ഗോപി
Friday, April 4, 2025 2:27 AM IST
ന്യൂഡൽഹി: നേമത്തെ അക്കൗണ്ട് പൂട്ടിച്ചതുപോലെ ബിജെപിക്ക് കേരളത്തിൽ ഇപ്പോഴുള്ള അക്കൗണ്ടും പൂട്ടിക്കുമെന്ന് രാജ്യസഭയിൽ ജോണ് ബ്രിട്ടാസ് എംപി. കേരളത്തിലെ ആളുകൾക്ക് ഒരു തെറ്റ് പറ്റിയെന്നും ആ തെറ്റ് വൈകാതെ തിരുത്തുമെന്നും സുരേഷ് ഗോപിയുടെ പേരെടുത്തു പറയാതെയായിരുന്നു ബ്രിട്ടാസിന്റെ കടന്നാക്രമണം.
യൂദാസിനെപ്പോലെ ഒറ്റിക്കൊടുക്കുന്ന ചില കഥാപാത്രങ്ങൾ സഭയിലുണ്ടെന്നും ‘എന്പുരാൻ’ സിനിമയിലെ ‘മുന്ന’ ഇവിടെയുണ്ടെന്നും ബ്രിട്ടാസ് പറഞ്ഞു. ബ്രിട്ടാസിന്റെ പ്രസ്താവനയ്ക്കെതിരേ ഇടതുപക്ഷത്തെ കടന്നാക്രമിച്ച് സുരേഷ് ഗോപി എംപിയും പ്രസ്താവനകൾ നടത്തിയതോടെ സഭയിൽ വാക്കുതർക്കമായി.
ബ്രിട്ടാസിന്റെ പ്രസ്താവനയിൽ തനിക്കെതിരേ പരോക്ഷമായ കാര്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുരേഷ് ഗോപി തിരിച്ചടിച്ചത്.
‘എന്പുരാൻ’ സിനിമ റീ എഡിറ്റ് ചെയ്യണമെന്ന തീരുമാനം നിർബന്ധിതമല്ലെന്നും സിനിമയുടെ സംവിധായകന്റെയും പിന്നണി പ്രവർത്തകരുടെയും തീരുമാനപ്രകാരമാണു എഡിറ്റ് ചെയ്തതെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
ടി.പി. ചന്ദ്രശേഖരൻ വധത്തെ ആസ്പദമാക്കിയുള്ള ‘ടിപി 51’ സിനിമയും ഇടതുപക്ഷ സർക്കാരിനെ വിമർശിക്കുന്ന ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ സിനിമയും കേരളത്തിൽ റീ റിലീസ് ചെയ്യാൻ കേരളത്തിലെ മുഖ്യമന്ത്രിക്കും ബ്രിട്ടാസിനും കൈരളി ചാനലിനും കൈരളിയുടെ ചെയർമാനായ നടനും ധൈര്യമുണ്ടോയെന്ന് സുരേഷ് ഗോപി ചോദിച്ചു.
മുനന്പത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഇടതുപക്ഷ സർക്കാരിനുണ്ടെന്നു വ്യക്തമാക്കിയ ബ്രിട്ടാസ്, മുനന്പത്തെ ഒരാളുടെപോലും വീട് നഷ്ടപ്പെടില്ലെന്നത് ഇടതുപക്ഷ സർക്കാരിന്റെ പ്രഖ്യാപനമാണെന്നും ഇക്കാര്യത്തിൽ ആരുടെയും ഓശാരം വേണ്ടെന്നും പറഞ്ഞു.
എന്നാൽ, മുനന്പത്തെ സംരക്ഷിക്കാനായി ഇടതുപക്ഷ പാർട്ടി രൂപീകരിച്ച കമ്മീഷനെ ഹൈക്കോടതി തോട്ടിലെറിഞ്ഞുവെന്നും വഖഫ് ഭേദഗതി ബില്ലിനെതിരേ നിയമസഭ സൃഷ്ടിച്ച പ്രമേയം ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം വ്യത്യാസമില്ലാതെ അറബിക്കടലിൽ ചവിട്ടിത്താഴ്ത്തുമെന്നും സുരേഷ് ഗോപി തിരിച്ചടിച്ചു.