വഖഫ് നിയമഭേദഗതി ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കരുത്: ഫ്രാൻസിസ് ജോർജ്
Friday, April 4, 2025 2:27 AM IST
ന്യൂഡൽഹി: വഖഫ് ബില്ലിൽ മൗലിക അവകാശങ്ങൾക്ക് എതിരായിട്ടുളള ആർട്ടിക്കിൾ 25,26,29 തുടങ്ങിയ ഭരണഘടനാവിരുദ്ധമായ വകുപ്പുകൾ ഉണ്ടെന്നും അതുകൊണ്ടുതന്നെ സുപ്രീംകോടതി ഈ ബില്ലിന് എതിരായി വിധി പുറപ്പെടുവിക്കാൻ സാധ്യതയുണ്ടെന്നും ഫ്രാൻസിസ് ജോർജ് എംപി ലോക്സഭയിൽ പറഞ്ഞു.
വഖഫ് ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുത്തു പ്രസംഗിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭരണഘടനാവിരുദ്ധ വകുപ്പുകൾ ഉൾപ്പെട്ടെ ബില്ല് രാഷ്ട്രീയനേട്ടങ്ങൾക്കുവേണ്ടി കൊണ്ടുവന്നതാണ്.
ബില്ലിനെ സിബിസിഐയും കെസിബിസിയും പൂർണമായി അനുകൂലിക്കുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന ശരിയല്ല. ഈ ബില്ലിൽ മുനന്പത്തെ ജനങ്ങൾക്ക് ഗുണപ്രദമായ എന്തെങ്കിലും വകുപ്പുകൾ ഉണ്ടെങ്കിൽ അതിനെ പിന്തുണയ്ക്കണം എന്നു മാത്രമാണ് ഇരു സംഘടനകളും പറഞ്ഞിട്ടുള്ളത്.
മുനന്പത്തെ ജനങ്ങൾക്കു വേണ്ടത് ശാശ്വതമായ ഒരു പരിഹാരമാണ്. കോടതി ഇടപെടലിൽ ഭരണഘടനാവിരുദ്ധമെന്ന് തോന്നിയേക്കാവുന്ന വ്യവസ്ഥകളോടെയുള്ള ഭേദഗതി പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം സമുദായങ്ങളുടെ താത്പര്യങ്ങൾക്ക് എതിരായിട്ടുള്ള നിരവധി വകുപ്പുകൾ ബില്ലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അവ എതിർക്കപ്പെടേണ്ടതാണന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ ക്രിസ്ത്യൻ, മുസ്ലിം മതന്യൂനപക്ഷങ്ങൾക്ക് എതിരേയുണ്ടാകുന്ന അക്രമണങ്ങളെക്കുറിച്ച് ഒരു പ്രതികരണവും നടത്താത്ത കേന്ദ്രസർക്കാർ, ഇപ്പോൾ നടപ്പിലാക്കുന്ന ഈ നിയമം കാലോചിതമായ പരിഷ്കാരങ്ങൾ എന്നതിനപ്പുറം വഖഫ് എന്ന പ്രസ്ഥാനത്തെ ദുർബലപ്പെടുത്തുമോ എന്നുള്ള ആശങ്ക ഉയന്നുവന്നിട്ടുണ്ടന്നും അദ്ദേഹം ലോക്സഭയിൽ പറഞ്ഞു.