നടൻ രവികുമാർ അന്തരിച്ചു
Saturday, April 5, 2025 3:05 AM IST
ചെന്നൈ: പ്രമുഖ നടൻ രവികുമാർ (71) അന്തരിച്ചു. അർബുദബാധയെത്തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംസ്കാരം ഇന്നു ചെന്നൈ പോരൂരിൽ നടക്കും. എഴുപതുകളിലും എൺപതുകളിലും മലയാളസിനിമയിൽ നിരവധി നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച രവികുമാർ തമിഴിലും നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
തൃശൂർ സ്വദേശികളായ കെ.എം.കെ. മേനോന്റെയും ആർ. ഭാരതിയുടെയും മകനായ രവികുമാർ ചെന്നൈയിലാണു ജനിച്ചത്. 1967ൽ പുറത്തിറങ്ങിയ ഇന്ദുലേഖ ആയിരുന്നു അരങ്ങേറ്റ ചലച്ചിത്രം.
1976ൽ പുറത്തിറങ്ങിയ അമ്മ എന്ന സിനിമയിലൂടെ രവികുമാർ മലയാളസിനിമയിൽ ചുവടുറപ്പിച്ചു. അനുപല്ലവി, അവളുടെ രാവുകൾ, അങ്ങാടി, സർപ്പം, ലിസ, തീക്കടൽ തുടങ്ങിയവയാണ് രവികുമാറിന്റെ ഹിറ്റ് സിനിമകൾ.
2022ൽ പുറത്തിറങ്ങിയ ആറാട്ടിലാണ് അവസാനമായി അഭിനയിച്ചത്. തമിഴിൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത ‘അവർഗൾ’ എന്ന സിനിമയിൽ രജനീകാന്തിനും കമൽഹാസനും ഒപ്പം രവികുമാർ അഭിനയിച്ചു. പകലിൽ ഒരു ഇരവ്, രമണ എന്നിവയാണ് മറ്റു ശ്രദ്ധേയ തമിഴ്സിനിമകൾ. ടെലിവിഷൻ പരന്പരകളിലും അഭിനയിച്ചിട്ടുണ്ട്.