അലഹബാദ് ഹൈക്കോടതി ജഡ്ജിയായി ജസ്റ്റീസ് യശ്വന്ത് വര്‍മ ചുമതലയേറ്റു
Sunday, April 6, 2025 12:40 AM IST
ലക്നോ: ഔദ്യോഗിക വസതിയിൽനിന്നു നോട്ടുകെട്ടുകൾ കണ്ടെത്തിയതിനെത്തുടർന്ന് ഡൽഹി ഹൈക്കോടതിയിൽനിന്നു സുപ്രീംകോടതി സ്ഥലംമാറ്റിയ ജസ്റ്റീസ് യശ്വന്ത് വര്‍മ അലഹബാദ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു. ചുമതലയേറ്റെങ്കിലും ജുഡീഷല്‍ ചുമതലയില്‍നിന്ന് അദ്ദേഹം വിട്ടുനില്‍ക്കും.
യശ്വന്ത് വര്‍മ ചുമതലയേറ്റതിനു പിന്നാലെ പ്രതികരണവുമായി അലഹബാദ് ബാര്‍ അസോസിയേഷന് രംഗത്തെത്തി. മാലിന്യം തള്ളാനുള്ള ചവറ്റുകുട്ടയല്ല അലഹാബാദ് ഹൈക്കോടതിയെന്ന് ബാര്‍ അസോസിയേഷന് ചൂണ്ടിക്കാട്ടി.
അലഹബാദ് ഹൈക്കോടതിയിലേക്ക് ജസ്റ്റീസ് വര്‍മയെ സ്ഥലം മാറ്റാനുള്ള നീക്കം നേരത്തെതന്നെ വിവിധ ബാര്‍ അസോസിയേഷനുകള്‍ എതിര്‍ത്തിരുന്നു.
ഔദ്യോഗിക വസതിയോടു ചേര്‍ന്ന സ്റ്റോര്‍ മുറിയില്‍നിന്നു 15 കോടിയോളം വരുന്ന കറൻസി നോട്ടുകെട്ടുകള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുകയാണ് ജസ്റ്റീസ് യശ്വന്ത് വര്‍മ.
കഴിഞ്ഞ മാസം 14ന് ജഡ്ജിയുടെ വസതിയില്‍ തീപിടിക്കുകയും തുടര്‍ന്ന് തീയണയ്ക്കാനെത്തിയ അഗ്നിരക്ഷാസംഘം പണം കണ്ടെത്തുകയുമായിരുന്നു.