വൈദികരെ ആക്രമിച്ച സംഭവം ഒടുവിൽ പോലീസ് ‘ഉണർന്നു'
Saturday, April 5, 2025 3:05 AM IST
ജബൽപുർ: മധ്യപ്രദേശിലെ ജബൽപുരിൽ കത്തോലിക്കാ വൈദികർ ആക്രമണത്തിനിരയായ സംഭവത്തിൽ പാർലമെന്റിലുൾപ്പെടെ കടുത്ത പ്രതിഷേധം ഉയർന്നതോടെ പേരിനൊരു കേസ് രജിസ്റ്റർ ചെയ്ത് മധ്യപ്രദേശ് പോലീസ്.
പോലീസിന്റെ കൺമുന്നിൽ അക്രമം നടന്ന് നാലുദിവസത്തിനുശേഷം ഇന്നലെ കണ്ടാലറിയാവുന്ന ഏതാനുംപേരെ പ്രതികളാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തുവെങ്കിലും അക്രമികളിൽ ഒരാളെപ്പോലും പോലീസ് പിടികൂടിയിട്ടില്ല. കേസിനെക്കുറിച്ച് വിശദീകരിക്കാൻ ജബൽപുർ എസ്പി സതീഷ് കുമാർ സാഹു തയാറായതുമില്ല.
ജബൽപുർ സംഭവത്തിൽ വ്യാഴാഴ്ച പാർലമെന്റിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. ന്യൂനപക്ഷങ്ങൾക്കു നേരേ ബിജെപി നേതൃത്വത്തിലുള്ള സംഘപരിവാർ സംഘടനകൾ നടത്തുന്ന ആക്രമണത്തിന്റെ മറ്റൊരു അധ്യായമാണെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ച രഞ്ചി പോലീസ് സ്റ്റേഷൻ വളപ്പിൽവച്ചാണ് ജബൽപുർ രൂപത വികാരി ജനറാൾ ഫാ. ഡേവിസ് ജോർജിനെയും രൂപത പ്രൊകുറേറ്റർ ഫാ. ജോർജ് തോമസിനെയും സ്ത്രീകളും കുട്ടികളും അടങ്ങുന്ന വിശ്വാസികളെയും ബജ്രംഗ്ദൾ പ്രവർത്തകർ ആക്രമിച്ചത്. ജബൽപുർ സെന്റ് അലോഷ്യസ് കോളജ് മുൻ പ്രിൻസിപ്പൽകൂടിയാണ് ഫാ. ഡേവിസ് ജോർജ്.
2025 ജൂബിലിവർഷാചരണത്തിന്റെ ഭാഗമായി രൂപതയ്ക്കു കീഴിലുള്ള മാണ്ഡല ഇടവകാംഗങ്ങൾ വിവിധ കത്തോലിക്കാ പള്ളികളിലേക്ക് തീർഥാടനം നടത്തുന്നതിനിടെയാണ് സംഘർഷം തുടങ്ങിയത്.
അന്പതോളം വിശ്വാസികൾ സഞ്ചരിച്ചിരുന്ന ബസ് ഒരുസംഘം ബജ്രംഗ്ദൾ പ്രവർത്തകർ തടയുകയായിരുന്നു. തുടർന്ന് ഇവരെ ബലമായി പോലീസ് സ്റ്റേഷൻ പരിസരത്ത് എത്തിച്ചു. ഇതിനിടെയാണ് വൈദികർ സ്ഥലത്തെത്തിയത്. ഇതോടെ ബജ്രംഗ്ദൾ പ്രവർത്തകർ വൈദികരെയും ആക്രമിക്കുകയായിരുന്നു. വൈദികരെ ഒരു സ്ത്രീ ആക്രമിക്കുന്നതിന്റെ വീഡിയോ ഉൾപ്പെടെ പുറത്തുവന്നിരുന്നു.