ജബൽപുരിൽ വൈദികരെ ആക്രമിച്ച സംഭവം: പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം
Friday, April 4, 2025 3:08 AM IST
ന്യൂഡൽഹി: മധ്യപ്രദേശിലെ ജബൽപുരിൽ പോലീസ് നോക്കിനിൽക്കെ കത്തോലിക്കാ വൈദികർക്കു നേരേ ഹിന്ദുത്വ സംഘടനയായ ബജ്രംഗ്ദൾ പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം.
ആക്രമണത്തിനു പിന്നിലെ ഉത്തരവാദികളെ നിയമത്തിനുമുന്പിൽ കൊണ്ടുവരണമെന്നും ക്രൈസ്തവർക്കെതിരേ രാജ്യത്ത് വർധിച്ചുവരുന്ന ആക്രമണങ്ങൾ തടയണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ച് വാക്കൗട്ട് നടത്തി. വിഷയത്തിൽ അടിയന്തരചർച്ച ആവശ്യപ്പെട്ടു ഡീൻ കുര്യാക്കോസും കൊടിക്കുന്നിൽ സുരേഷും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.
സഭ സമ്മേളിച്ചയുടൻ പ്രതിപക്ഷനേതാക്കൾ വിഷയം ഉന്നയിക്കാൻ ശ്രമിച്ചു. നിരവധി അംഗങ്ങൾ എഴുന്നേറ്റുനിന്ന് മുദ്രാവാക്യം വിളിച്ചു. സംഭവത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം. എന്നാൽ സ്പീക്കർ ഓം ബിർള ചർച്ചയ്ക്ക് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം പ്രതിഷേധിച്ച് വാക്കൗട്ട് നടത്തുകയായിരുന്നു.
തുടർന്ന് പാർലമെന്റ് മന്ദിരത്തിനു പുറത്തെത്തിയ എംപിമാർ മുദ്രാവാക്യം വിളി തുടർന്നു. എംപിമാരായ കെ.സി. വേണുഗോപാൽ, ആന്റോ ആന്റണി, രാജ്മോഹൻ ഉണ്ണിത്താൻ, ബെന്നി ബെഹനാൻ, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, വി.കെ. ശ്രീകണ്ഠൻ, ഷാഫി പറന്പിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ലോക്സഭയിലെ പ്രതിഷേധം.
വിഷയം രാജ്യസഭയിലും എംപിമാർ ഉന്നയിച്ചു. വഖഫ് ഭേദഗതി ബിൽ അവതരിപ്പിച്ചശേഷമുള്ള ചർച്ചയിൽ സിപിഎമ്മിന്റെ രാജ്യസഭാ നേതാവ് ജോണ് ബ്രിട്ടാസാണു വിഷയം സഭയിൽ ചൂണ്ടിക്കാട്ടിയത്.
ക്രിസ്ത്യാനികളുടെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുകയാണെന്നും എന്നാൽ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഓരോ ദിവസവും ക്രൈസ്തവർ ആക്രമിക്കപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞവർഷം മാത്രം 700 അക്രമങ്ങളാണ് ക്രൈസ്തവർക്കു നേരേ നടന്നത്. മണിപ്പുരിൽ 200ലേറെ പള്ളികൾ കത്തിച്ചതായും ബ്രിട്ടാസ് രാജ്യസഭയിൽ ആരോപിച്ചു.
ഈ മാസം ആദ്യമാണ് ജബൽപുരിൽ വൈദികരെയും വിശ്വാസികളെയും ബജ്രംഗ്ദൾ പ്രവർത്തകർ ആക്രമിച്ചത്. ജബൽപുർ രൂപതയ്ക്കു കീഴിലുള്ള മാണ്ഡല ഇടവകയിലെ ഒരുകൂട്ടം വിശ്വാസികൾ ജൂബിലിയുടെ ഭാഗമായി ജബൽപുരിലെ തന്നെ വിവിധ പള്ളികളിലേക്കു തീർഥാടനം നടത്തുന്നതിനിടയിലായിരുന്നു ആക്രമണം.
വൈദികർക്കൊപ്പമുണ്ടായിരുന്ന ജബൽപുർ രൂപത വികാരി ജനറാൾ ഫാ. ഡേവിസും രൂപത പ്രൊക്യുറേറ്റർ ഫാ. ജോർജുമാണ് പോലീസ് ഉദ്യോഗസ്ഥർക്കു മുന്നിൽ വച്ച് ആക്രമണത്തിനിരയായത്.