ആർഎസ്എസ് ക്രൈസ്തവർക്കെതിരേ തിരിയാൻ അധികസമയം വേണ്ടിവന്നില്ല: രാഹുൽ ഗാന്ധി
Sunday, April 6, 2025 2:45 AM IST
ന്യൂഡൽഹി: വഖഫ് നിയമഭേദഗതി ബില്ലിലൂടെ മുസ്ലിം മതസ്ഥരെ ലക്ഷ്യംവച്ചതിനുശേഷം ക്രൈസ്തവർക്കതിരേ തിരിയാൻ ആർഎസ്എസിന് അധികസമയം വേണ്ടിവന്നില്ലെന്നു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ആർഎസ്എസ് മുഖപത്രമായ ’ഓർഗനൈസറി’ന്റെ ഓണ്‍ലൈൻ പോർട്ടലിൽ ക്രൈസ്തവ സഭയുടെ ഭൂവുടമസ്ഥതയെ സംബന്ധിക്കുന്ന വിവാദ ലേഖനം പുറത്തുവന്നതിനു പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
വഖഫ് നിയമഭേദഗതി ബില്ലിലൂടെ ഇപ്പോൾ മുസ്ലിംകളെ ലക്ഷ്യംവയ്ക്കുന്നുവെന്നും എന്നാൽ ഇത് ഭാവിയിൽ മറ്റു മതങ്ങളെ ആക്രമിക്കുന്നതിനുള്ള കീഴ്വഴക്കം സൃഷ്ടിക്കുമെന്നും താൻ പറഞ്ഞിരുന്നുവെന്ന് രാഹുൽ എക്സിൽ കുറിച്ചു.
ഇപ്പോൾ ആർഎസ്എസിന്റെ ശ്രദ്ധ ക്രൈസ്തവർക്കതിരേ തിരിയാൻ അധികസമയം വേണ്ടിവന്നില്ലെന്ന് രാഹുൽ പറഞ്ഞു. ഭരണഘടന മാത്രമാണ് ഇത്തരം ആക്രമണങ്ങളിൽനിന്ന് ആളുകളെ സംരക്ഷിക്കുന്നതിനുള്ള ഏക കവചമെന്നും അതിനെ പ്രതിരോധിക്കേണ്ടത് നമ്മുടെ കൂട്ടായ കടമയാണെന്നും രാഹുൽ ഓർമിപ്പിച്ചു.