മനോജ്കുമാർ അന്തരിച്ചു
Saturday, April 5, 2025 3:05 AM IST
മുംബൈ: വിഖ്യാത ബോളിവുഡ് നടനും സംവിധായകനുമായ മനോജ്കുമാർ(87) അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ദാദാ സാഹെബ് ഫാൽക്കെ അവാർഡ് ജേതാവായ ഇദ്ദേഹം ഭാരത്കുമാർ എന്നും അറിയപ്പെടുന്നു.
രാജ്യസ്നേഹം പ്രമേയമായ സിനിമകളിലൂടെയാണ് മനോജ്കുമാർ പ്രശസ്തി നേടിയത്. ഉപ്കാർ, ഷഹീദ്, പൂരബ് ഔർ പശ്ചിമ്, ക്രാന്തി, റോട്ടി, കപഡ ഔർ മകാൻ, മേരാ നാം ജോക്കർ തുടങ്ങിയവ മനോജ്കുമാറിന്റെ പ്രശസ്ത സിനിമകളാണ്.
1937ൽ ഇപ്പോഴത്തെ പാക്കിസ്ഥാനിലെ അബോട്ടാബാദിലാണ് മനോജ്കുമാർ ജനിച്ചത്. ഹരികൃഷ്ണൻ ഗോസ്വാമി എന്നായിരുന്നു യഥാർഥ പേര്. ഇന്ത്യാ വിഭജനത്തെത്തുടർന്ന് കുടുംബം ഡൽഹിയിലേക്കു കുടിയേറി. ഡൽഹിയിലെ ഹിന്ദു കോളജിൽനിന്നു ബിരുദം നേടി.
വിഖ്യാത നടൻ ദിലീപ്കുമാറിന്റെ കടുത്ത ആരാധകനായിരുന്നു മനോജ്കുമാർ. 1949ൽ പുറത്തിറങ്ങിയ ശബ്നം എന്ന സിനിമയിൽ ദിലീപ്കുമാറിന്റെ കഥാപാത്രത്തിന്റെ പേരായ മനോജ്കുമാർ എന്ന പേർ ഹരികൃഷ്ണൻ സ്വീകരിക്കുകയായിരുന്നു.
1957ൽ ഫാഷൻ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം.1962ൽ പുറത്തിറങ്ങിയ ഹരിയാലി ഔർ രാസ്തയാണ് ആദ്യ വിജയചിത്രം. തിരക്കഥാകൃത്ത്, ഗാനരചയിതാവ്, എഡിറ്റർ, സംവിധായകൻ എന്നീ നിലകളിലും മനോജ്കുമാർ ശ്രദ്ധേയനായിരുന്നു.
1967ൽ പുറത്തിറങ്ങിയ ഉപ്കാറിലൂടെയാണ് സംവിധായകനായത്. ഈ സിനിമയ്ക്ക് ദേശീയ അവാർഡ് ലഭിച്ചു. 1974ൽ പുറത്തിറങ്ങിയ"റോട്ടി കപഡ ഔർ മകാൻ’ ആണ് മനോജ്കുമാറിന്റെ ഏറ്റവും സൂപ്പർ ഹിറ്റ് സിനിമ. ഈ സിനിമയുടെ സംവിധായകനും നിർമാതാവും മനോജ്കുമാറാണ്.
സീനത്ത് അമൻ, അമിതാഭ് ബച്ചൻ, ശശി കപൂർ എന്നിവർക്കൊപ്പം മനോജ്കുമാർ അഭിനയിക്കുകയും ചെയ്തു.