വഖഫ് ബിൽ പാസായത് ചരിത്ര മുഹൂർത്തമെന്ന് മോദി
Saturday, April 5, 2025 3:05 AM IST
ന്യൂഡൽഹി: വഖഫ് ബിൽ പാർലമെന്റിന്റെ ഇരുസഭകളിലും പാസായതിനെ ചരിത്രത്തിലെ നിർണായക മുഹൂർത്തമെന്നു വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സാമൂഹിക-സാന്പത്തിക നീതിക്കും സുതാര്യതയ്ക്കും എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്കും വേണ്ടിയുള്ള നമ്മുടെ കൂട്ടായ പരിശ്രമത്തിലെ ഒരു നിർണായക മുഹൂർത്തമാണ് ബിൽ ഇരുസഭകളിലും പാസായത് അടയാളപ്പെടുത്തുന്നതെന്ന് മോദി എക്സിൽ കുറിച്ചു.
സമൂഹത്തിൽ അവസരങ്ങളും ശബ്ദവും നഷ്ടപ്പെട്ട് ദീർഘകാലമായി അടിച്ചമർത്തപ്പെട്ടവരെ ഈ മുഹൂർത്തം സഹായിക്കുമെന്നും മോദി പറഞ്ഞു.
നിയമം ശക്തിപ്പെടുത്തുന്നതിനായി പാർലമെന്റ്, ജെപിസി ചർച്ചകളിൽ പങ്കെടുത്ത് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയ എംപിമാർക്കുള്ള നന്ദിയും മോദി അറിയിച്ചു.
പതിറ്റാണ്ടുകളായി വഖഫ് സംവിധാനത്തിൽ സുതാര്യതയുടെയും ഉത്തരവാദിത്വബോധത്തിന്റെയും അഭാവമുണ്ടായിരുന്നുവെന്നും ഇത് മുസ്ലിം സ്ത്രീകളുടെയും പാവപ്പെട്ട മുസ്ലിംകളുടെയും താത്പര്യങ്ങളെ ബാധിച്ചിരുന്നുവെന്നും, പാർലമെന്റ് പാസാക്കിയ ബില്ലുകൾ സുതാര്യത ശക്തിപ്പെടുത്തുകയും ജനങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിയമചട്ടക്കൂട് കൂടുതൽ ആധുനികവും സാമൂഹികനീതിക്ക് കൂടുതൽ പരിഗണനയും കൊടുക്കുന്ന ഒരു യുഗത്തിലേക്ക് നമ്മൾ പ്രവേശിക്കുകയാണെന്നും എല്ലാ പൗരന്മാരുടെയും അന്തസിന് മുൻഗണന നൽകുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും മോദി വ്യക്തമാക്കി.