വഖഫ് ഭേദഗതി ഇനി നിയമം; ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയിലും ബിൽ പാസായി
Friday, April 4, 2025 3:08 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയിലും വഖഫ് ഭേദഗതി ബിൽ പാസായി. ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാൽ വിജ്ഞാപനം ഇറങ്ങുന്ന തീയതി മുതൽ പുതിയ നിയമം പ്രാബല്യത്തിലാകും.
ലോക്സഭയിൽ ഇന്നലെ പുലർച്ചെവരെ നീണ്ട ചർച്ചയ്ക്കുശേഷം 288-232 വോട്ടുകൾക്കു പാസാക്കിയ ബില്ലിന്റെ രാജ്യസഭയിലെ ചർച്ചയും വോട്ടെടുപ്പും രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്. എട്ടു മണിക്കൂർ നിശ്ചയിച്ച ചർച്ച ഫലത്തിൽ 12 മണിക്കൂർ നീണ്ടു.
അതേസമയം, വഖഫ് ഭേദഗതിക്കു മുൻകാല പ്രാബല്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവും വ്യക്തമാക്കിയതോടെ മുനന്പത്തെ 600ലേറെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പ്രശ്നത്തിനു വേഗം പരിഹാരമുണ്ടാകില്ല.
നിയമം നടപ്പിലാകുന്നതോടെ മുനന്പം അടക്കം വഖഫ് ബോർഡുകളുമായുള്ള തർക്കങ്ങൾ ഇല്ലാതാകുമെന്ന് മന്ത്രി റിജിജു പാർലമെന്ററിൽ നൽകിയ ഉറപ്പിനു വിരുദ്ധമാണ് അദ്ദേഹം അതേ പ്രസംഗത്തിൽ നടത്തിയ വിശദീകരണങ്ങളെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി.
സർക്കാരുമായി തർക്കത്തിലുള്ളതൊഴികെ, പുതിയ വഖഫ് നിയമം പ്രാബല്യത്തിൽ വരുന്ന തീയതിക്കു മുന്‍പുള്ള വഖഫ് സ്വത്തുക്കളെല്ലാം വഖഫിന്റേതായി നിലനിൽക്കുമെന്നാണ് കേന്ദ്രമന്ത്രിമാരായ ഷായും റിജിജുവും ആവർത്തിച്ചു വ്യക്തമാക്കിയത്.
സർക്കാരിന്റെ സ്വത്തുക്കളൊഴികെ, കോടതിയുടെ പരിഗണനയിലുള്ള വഖഫ് ഭൂമി തർക്കങ്ങളിലടക്കം സർക്കാർ ഇടപെടില്ലെന്ന് ന്യൂനപക്ഷ മന്ത്രി അർഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞു. വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട് കോടതികളിൽ നിലനിൽക്കുന്ന തർക്കങ്ങളെ പുതിയ ഭേദഗതി നിയമം ബാധിക്കില്ല.
കേരളത്തിൽനിന്നുള്ള എംപിമാർ ഉണ്ടായിട്ടും മുനന്പം വിഷയത്തിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ടു ബിഷപ്പുമാരും ക്രിസ്ത്യൻ നേതാക്കളും എന്തുകൊണ്ടാണ് തങ്ങളെ വന്നു കാണുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ.പി. നഡ്ഡ ഇന്നലെ രാജ്യസഭയിൽ ചോദിച്ചു.
പുതിയ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം മുനന്പത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതെങ്ങനെയെന്നു കേന്ദ്രസർക്കാരും കോടതികളും വ്യക്തമാക്കേണ്ടിവരും. മുനന്പത്തെ ഭൂമി വഖഫ് സ്വത്തല്ലെന്നു സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും മുസ്ലിം ലീഗും കേരള കോണ്‍ഗ്രസുകളും ആവർത്തിച്ചു പറയുന്പോഴും അതംഗീകരിക്കാൻ സംസ്ഥാന വഖഫ് ബോർഡ് തയാറാകാത്തത് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
മുസ്ലിംകളല്ലാത്തവരെ മതവുമായി ബന്ധപ്പെട്ട പ്രക്രിയകളിൽ നിയമിക്കുന്നതിന് ബില്ലിൽ ഒരു വ്യവസ്ഥയുമില്ലെന്ന് അമിത് ഷാ പറഞ്ഞു. മുസ്ലിംകളുടെ മതപരമായ ആചാരങ്ങളിലോ അവർ സംഭാവന ചെയ്ത സ്വത്തിലോ പുതിയ നിയമം ഇടപെടുമെന്നത് വലിയ തെറ്റിദ്ധാരണയാണ്.
കൗണ്‍സിലിലും വഖഫ് ബോർഡിലും വരുന്ന അമുസ്ലിംകൾ മതപരമായ ഒരു പ്രവർത്തനവും നടത്തില്ല. വഖഫ് നിയമപ്രകാരം ആരെങ്കിലും സംഭാവന ചെയ്യുന്ന സ്വത്തിന്റെ ഭരണം മാത്രമേ അവർ നോക്കൂ. അതു നിയമപ്രകാരവും ദാതാവിന്റെ ഉദ്ദേശ്യപ്രകാരവും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അമിത്ഷാ പറഞ്ഞു.
മുൻകാല പ്രാബല്യമില്ലെന്ന് ആവർത്തിച്ച് മന്ത്രി കിരണ്‍ റിജിജു
കോടതികളിൽ തർക്കങ്ങൾ തീർപ്പുകൽപ്പിക്കാതെയിരിക്കുകയാണെങ്കിൽ നിയമങ്ങളുണ്ടാക്കി അവയെങ്ങനെ നമുക്കു നീക്കം ചെയ്യാനാകും? കോടതികളുടെ അധികാരം നമുക്ക് കവർന്നെടുക്കാൻ കഴിയില്ല. ഭേദഗതി നിയമം പ്രാബല്യത്തിലാകുന്നതിനുമുന്പ് രജിസ്റ്റർ ചെയ്തിട്ടുള്ളവ ‘വഖഫ് ഓണ്‍ യൂസർ’എന്ന വ്യവസ്ഥയെ ബാധിക്കില്ല.
മസ്ജിദുകൾ, ദർഗകൾ മുതലായവയുടെ തത്സ്ഥിതി പുതിയ ഭേദഗതിക്കുശേഷവും നിലവിലുള്ളതുപോലെ തുടരും. വഖഫ് ഭേദഗതി നിയമം 2025ന് മുൻകാല പ്രാബല്യമില്ല. ഭാവിയിലേക്കുള്ളതാണ് (പ്രോസ്പെക്ടീവ്). രജിസ്റ്റർ ചെയ്തിട്ടുള്ള സ്വത്തുക്കൾ വഖഫ് ഓണ്‍ യൂസർ പ്രോപ്പർട്ടികളായി തുടരുമെന്ന് ബില്ലിൽ വ്യവസ്ഥയുണ്ട്.
ഉപയോക്താവ് വഴി വഖഫ് (വഖഫ് ബൈ യൂസർ) എന്ന വ്യവസ്ഥ നീക്കം ചെയ്തെങ്കിലും നിയമം നടപ്പിലാകുന്ന തീയതിക്കു മുന്‍പായി രജിസ്റ്റർ ചെയ്തവയ്ക്ക് ഇതു പ്രശ്നമാകില്ല. ഈ നിയമം ആരുടെയും സ്വത്തും അവകാശങ്ങളും അപഹരിക്കാനുള്ളതല്ല.