സോണിയയുടെ പരാമർശം: ലോക്സഭയിൽ ബിജെപി-കോണ്‍ഗ്രസ് വാക്പോര്
Saturday, April 5, 2025 3:05 AM IST
ന്യൂഡൽഹി: കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി വഖഫ് വിഷയത്തിൽ നടത്തിയ പരാമർശത്തെ ആയുധമാക്കി ബിജെപിയും, അമേരിക്ക ഇന്ത്യക്കുമേൽ ഏർപ്പെടുത്തിയ ഉയർന്ന ഇറക്കുമതി തീരുവ ആയുധമാക്കി കോണ്‍ഗ്രസും ഏറ്റുമുട്ടിയതോടെ ലോക്സഭ ഇന്നലെ പ്രക്ഷുബ്ധമായി.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി എംപിമാരുടെ യോഗത്തിനിടെ സോണിയ നടത്തിയ പരാമർശങ്ങളിൽ മാപ്പ് പറയണമെന്നായിരുന്നു ബിജെപി എംപിമാരുടെ ആവശ്യമെങ്കിൽ, അമേരിക്ക ഇന്ത്യക്കു മേൽ ഏർപ്പെടുത്തിയ 27 ശതമാനം തീരുവയിൽ കേന്ദ്രസർക്കാരിന്റെ പ്രതികരണം സഭയിൽ വേണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം.
ചോദ്യോത്തരവേളയിൽ ഇരുപാർട്ടികളും ഏറ്റുമുട്ടിയതോടെ ബജറ്റ് സമ്മേളനത്തിന്റെ അവസാനദിനം രൂക്ഷമായ വാക്കുതർക്കത്തിനു സാക്ഷിയായി. സഭ ചേർന്നയുടൻ അമേരിക്കൻ തീരുവയിൽ ചർച്ച ആവശ്യപ്പെട്ടു കോണ്‍ഗ്രസ് നേതാക്കളായ ഗൗരവ് ഗൊഗോയിയും മനീഷ് തിവാരിയും മാണിക്കം ടാഗോറും അടിയന്തര പ്രമേയ നോട്ടീസുകൾ നൽകി. ഇതു തള്ളിയതോടെ "നരേന്ദ്ര മോദി ജവാബ് ദോ’ (മോദി ഉത്തരം പറയണം) എന്ന് ആവശ്യപ്പെട്ടു കോണ്‍ഗ്രസ് നേതാക്കൾ മുദ്രാവാക്യം വിളികൾ തുടങ്ങി.
ഇതിനെ പ്രതിരോധിക്കാൻ വഖഫ് ബിൽ പാർലമെന്റിൽ "ബുൾഡോസ്’ചെയ്യപ്പെടുകയായിരുന്നുവെന്ന് സോണിയ കഴിഞ്ഞദിവസം നടത്തിയ പരാമർശത്തിനെതിരേ "സോണിയ ഗാന്ധി മാഫി മാംഗോ’(സോണിയ മാപ്പ് പറയണം) മുദ്രാവാക്യം ബിജെപി അംഗങ്ങളും ഉയർത്തുകയായിരുന്നു. ഇതിനുപിന്നാലെ ലോക്സഭാ സ്പീക്കർ ഓം ബിർള സഭ 12 വരെ നിർത്തിവച്ചു.
സഭ വീണ്ടും ചേർന്നപ്പോൾ 17 മണിക്കൂറിലേറെ വഖഫ് ഭേദഗതി ബിൽ രാജ്യസഭ ചർച്ച ചെയ്തതിലൂടെ അവശ്യസേവന പരിപാലന നിയമത്തെക്കുറിച്ചു നടന്ന 16 മണിക്കൂർ ചർച്ചയുടെ റെക്കോർഡ് തകർന്നുവെന്ന് പാർലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
മതിയായ ചർച്ചയില്ലാതെ പാർലമെന്റിൽ ബുൾഡോസ് ചെയ്യപ്പെട്ടുവെന്ന് ഒരു രാജ്യസഭാംഗം നടത്തിയ പരാമർശത്തിനെതിരേ റൂളിംഗ് വേണമെന്നും റിജിജു ആവശ്യപ്പെട്ടു.
ഒരു മുതിർന്ന അംഗം സഭാ നടപടികളെ അധിക്ഷേപിക്കുന്നത് ഉചിതമല്ലെന്ന് സോണിയയുടെ പേരു പരാമർശിക്കാതെ ലോക്സഭാ സ്പീക്കർ ഓം ബിർള പറഞ്ഞു.