വഖഫ് ഭേദഗതി ബില്ലിനെ പൂർണമായി എതിർക്കാതെ ജോസ് കെ. മാണി
Friday, April 4, 2025 3:08 AM IST
ന്യൂഡൽഹി: വഖഫ് ബോർഡുകളുടെ സ്വേച്ഛാപരമായ ഭൂമി ഏറ്റെടുക്കൽ തടയുന്നതിനുള്ള പരിഷ്കാരങ്ങളെ പൂർണമായും പിന്തുണയ്ക്കുന്നതായി ജോസ് കെ. മാണി രാജ്യസഭയിൽ.
അതേസമയം സെൻട്രൽ വഖഫ് കൗൺസിലിലും വഖഫ് ബോർഡുകളിലും മുസ്ലിംകളല്ലാത്ത അംഗങ്ങളെ അനുവദിക്കുന്ന വ്യവസ്ഥകളെ ശക്തിയായി എതിർക്കുന്നതായും വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ മതകാര്യങ്ങളിൽ കൈകടത്തുന്ന ബില്ലിലെ വ്യവസ്ഥകളെ എതിർക്കുന്നതായും ജോസ് കെ. മാണി പറഞ്ഞു.
തന്റെ പാർട്ടിയായ കേരള കോണ്ഗ്രസ്-എം വഖഫ് ബോർഡ് തീരുമാനങ്ങളെ കോടതിയിൽ ചോദ്യം ചെയ്യാമെന്ന ബില്ലിലെ വ്യവസ്ഥയെ സ്വാഗതം ചെയ്യുന്നുവെന്ന് ജോസ് കെ. മാണി വ്യക്തമാക്കി.
രാജ്യം എപ്പോഴും മതങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കിയിരുന്നുവെന്നും എന്നാൽ, ഈ സന്തുലനത്തെ തകർക്കുന്ന ജനാധിപത്യവിരുദ്ധ ശ്രമങ്ങളെ പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഈ ഭേദഗതികൊണ്ട് മുനന്പത്തെയും സമാനമായ മറ്റിടങ്ങളിലെയും പ്രശ്നം പരിഹരിക്കാനാകുമോ എന്നദ്ദേഹം ചോദിച്ചു. ഭേദഗതിയിലൂടെ മുനന്പത്തെ പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുനന്പം പ്രശ്നം പരിഹരിക്കുന്നതിനുള്ള വ്യവസ്ഥ ബില്ലിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ നിലവിൽ ട്രൈബ്യൂണലുകളുടെയും കോടതികളുടെയും പരിഗണനയിലുള്ള കേസുകളിൽ ഇത് ആശ്വാസം നൽകുന്നില്ല. നിലവിലുള്ള കേസുകളിലേക്കുകൂടി നീളുന്ന വ്യവസ്ഥയില്ലെങ്കിൽ ഉദ്ദേശിക്കുന്ന പരിഹാരം സാധ്യമല്ല. അതുകൊണ്ട് നിയമപരമായ അടിയന്തര ഇടപെടൽ ആവശ്യമാണ്.
നിലവിൽ വഖഫ് ബോർഡുകൾ ശക്തമായ സ്വയംഭരണാവകാശത്തോടെയാണ് നിലകൊള്ളുന്നതെന്നും ഏതു ഭൂമിയും വഖഫാക്കി മാറ്റാനുള്ള അധികാരം അവർക്കുണ്ടെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി. വഖഫ് ബോർഡ് അവകാശം ഉന്നയിച്ചതുകൊണ്ട് 610 കുടുംബങ്ങൾ ഭൂമി നഷ്ടപ്പെടുമോയെന്നുള്ള ഭീതിയിലാണെന്നും എംപി പറഞ്ഞു.
യഥാർഥ വഖഫ് നിയമത്തിലെ നീതിരഹിത വ്യവസ്ഥകളെ എതിർക്കുന്ന മതനേതാക്കന്മാരുടെയും ബിഷപ്പുമാരുടെയും നിലപാടിനൊപ്പമാണ് താനെന്ന് എംപി വ്യക്തമാക്കി. നിലവിൽ വഖഫ് ബോർഡുകൾ ഭൂമി തങ്ങളുടേതാണെന്ന് അവകാശപ്പെടുന്പോൾ വഖഫ് ട്രൈബ്യൂണലുകളെ മാത്രമേ സമീപിക്കാൻ സാധിക്കൂവെന്നും ഇവർ മിക്കവാറും ബോർഡുകൾക്ക് അനുകൂലമായാണ് വിധി നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.