മണിപ്പുരിൽ രാഷ്ട്രപതിഭരണം സ്ഥിരീകരിക്കുന്ന പ്രമേയം പാസാക്കി
Friday, April 4, 2025 2:27 AM IST
ന്യൂഡൽഹി: മണിപ്പുരിലെ രാഷ്ട്രപതിഭരണം ലോക്സഭയും രാജ്യസഭയും സ്ഥിരീകരിക്കുന്ന പ്രമേയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ച് അംഗീകാരം തേടി.
വഖഫ് ബിൽ പാസാക്കിയതിനു തൊട്ടുപിന്നാലെ ഇന്നലെ പുലർച്ചെ രണ്ടോടെയാണ് അമിത് ഷാ പ്രമേയം ലോക്സഭയിൽ അവതരിപ്പിച്ചത്. എന്നാൽ, ഇത്രയും സുപ്രധാനമായ വിഷയം ചർച്ച ചെയ്യാൻ ഈ സമയമാണോ തെരഞ്ഞെടുക്കുന്നതെന്നു ചോദിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചെങ്കിലും ശബ്ദവോട്ടൊടെ പ്രമേയം പാസായി.
ബുധനാഴ്ചയിലെ കാര്യപരിപാടിയിൽ 14-ാമതായി ഉൾപ്പെടുത്തിയ ഇനമായിരുന്നു മണിപ്പുർ വിഷയം. എന്നാൽ, വഖഫ് ഭേദഗതി ബിൽ പാസാക്കിയ ഉടൻ പ്രമേയം അവതരിപ്പിക്കാൻ സ്പീക്കർ ഓം ബിർള അമിത് ഷായെ ക്ഷണിക്കുകയായിരുന്നു. പ്രമേയത്തെ അനുകൂലിച്ചെങ്കിലും സംസ്ഥാനത്തെ സ്ഥിതിഗതികൾക്കെതിരേ കേന്ദ്രസർക്കാരിനെ പ്രതിപക്ഷം വിമർശിച്ചു.
വടക്കുകിഴക്കൻ സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കാൻ സർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി ചർച്ചയ്ക്കു മറുപടിയായി അമിത് ഷാ ലോക്സഭയിൽ പറഞ്ഞു. കഴിഞ്ഞ നാലു മാസമായി മണിപ്പുരിൽ ഒരു അക്രമവും ഉണ്ടായിട്ടില്ല. വിഷത്തിൽ പരിഹാരം കാണുന്നതിനായി മെയ്തെയ്, കുക്കി വിഭാഗങ്ങളുമായി ചർച്ച നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. മണിപ്പുരിൽ കലാപം ആരംഭിക്കുന്നത് സംസ്ഥാന ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ്.
ഉത്തരവ് വന്ന ദിവസംതന്നെ കേന്ദ്രസേനയെ വ്യോമമാർഗം മണിപ്പുരിലേക്ക് അയച്ചു. കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു കാലതാമസവും ഉണ്ടായിട്ടില്ലെന്നും അമിത് ഷാ വ്യക്തമാക്കി. 2023 മേയ് മാസത്തിൽ ആരംഭിച്ച അക്രമത്തിൽ ഇതുവരെ 260 പേർ മരിച്ചിട്ടുണ്ടെന്നും ഇവരിൽ 80 ശതമാനം പേർക്കും ആദ്യ ഒരു മാസത്തിനുള്ളിലാണ് ജീവൻ നഷ്ടപ്പെട്ടതെന്നും മുൻ സർക്കാരുകൾ ഭരിക്കുന്ന കാലത്തും സമാനമായി പ്രദേശത്തു കലാപം ഉണ്ടായതായും അമിത് ഷാ ചൂണ്ടിക്കാട്ടി.
പ്രമേയത്തെ പിന്തുണയ്ക്കുന്നെങ്കിലും മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് കോണ്‍ഗ്രസിനുവേണ്ടി ശശി തരൂർ ആവശ്യപ്പെട്ടു. സമാന നിലപാടാണു തൃണമൂൽ കോണ്‍ഗ്രസും സ്വീകരിച്ചത്. മണിപ്പുരിൽ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ഡിഎംകെയുടെ കനിമൊഴി ആവശ്യപ്പെട്ടു.