മണിപ്പുർ കലാപം: മെയ്തെയ്-കുക്കി സംഘടനകളുമായി കേന്ദ്രസർക്കാർ ചർച്ച നടത്തി
Sunday, April 6, 2025 2:45 AM IST
ന്യൂഡൽഹി: കലാപബാധിത മണിപ്പുരിൽ ശാശ്വതസമാധാനം ഉറപ്പാക്കാൻ വീണ്ടും ചർച്ച നടത്തി കേന്ദ്രം. കുക്കി-സോ, മെയ്തെയ് സംഘടനകളുടെ പ്രതിനിധികളുമായാണ് ഇന്നലെ ഡൽഹിയിൽ ചർച്ച നടത്തിയത്.
ഇരുവിഭാഗങ്ങളുടെയും സഹകരണവും വിശ്വാസ്യതയും വർധിപ്പിച്ച് മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണു ചർച്ചയെന്ന് അധികൃതർ പ്രതികരിച്ചു. മേഖലയിൽ ക്രമസമാധാനം നിലനിർത്തുന്നതിനും ഇരുവിഭാഗങ്ങൾ തമ്മിലുള്ള അനുരഞ്ജനം ഉറപ്പാക്കുന്നതിനും ചർച്ച ഊന്നൽ നൽകിയിട്ടുണ്ട്.
ഓൾ മണിപ്പുർ യുണൈറ്റഡ് ക്ലബ്സ് ഓർഗനൈസേഷൻ, ഫെഡറേഷൻ ഓഫ് സിവിൽ സൊസൈറ്റി ഓർഗനൈസേഷൻ എന്നീ മെയ്തെയ് സംഘടനകളിൽനിന്നുള്ള ആറു പ്രതിനിധികളും കുക്കി സമുദായത്തിൽനിന്നുള്ള ഒന്പത് പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. കേന്ദ്രസർക്കാരിന്റെ മധ്യസ്ഥനായി ഇന്റലിജന്റ്സ് ബ്യൂറോ മുൻ ഡയറക്ടർ എ.കെ. മിശ്രയുമുണ്ടായിരുന്നു.
മണിപ്പുരിൽ രാഷ്ട്രപതി ഭരണം സ്ഥിരീകരിക്കുന്ന പ്രമേയം കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചപ്പോൾ മെയ്തെയ്-കുക്കി സംഘടനകളുടെ പ്രതിനിധികളുമായി ചർച്ച നടത്തിയെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ മധ്യസ്ഥതയിൽ ഒരു സംയുക്ത ചർച്ചകൂടി നടത്തുമെന്നും അറിയിച്ചിരുന്നു.
മണിപ്പുരിൽ കഴിഞ്ഞ മാസമായി കലാപം മൂലം ആരും കൊല്ലപ്പെട്ടില്ലെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആഭ്യന്തരമന്ത്രി സഭയിൽ പറഞ്ഞിരുന്നു. 2023 മേയിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം 260ലധികം ആളുകളാണ് സംസ്ഥാനത്തു കൊല്ലപ്പെട്ടത്.