“മുനന്പം തർക്കപരിഹാര പ്രക്രിയ എളുപ്പത്തിലാക്കി”; വഖഫ് നിയമ ഭേദഗതിയിൽ മന്ത്രി റിജിജു
Saturday, April 5, 2025 3:05 AM IST
സനു സിറിയക്
ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമപ്രകാരം മുനമ്പത്തെയടക്കം ഇരകൾക്ക് തർക്കപരിഹാരത്തിന് മുന്നോട്ടു പോകുന്നതിനുള്ള പ്രക്രിയ എളുപ്പത്തിലാക്കിയെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു.
പാർലമെന്റ് ഭേദഗതി ചെയ്ത വഖഫ് ബിൽ രാഷ്ട്രപതി അംഗീകരിച്ച് വിജ്ഞാപനമിറക്കി നിയമമായി മാറുന്നതു മുതൽ തർക്കം നടക്കുന്ന വിഷയങ്ങളിൽ വഖഫ് ബോർഡിന് മുൻകാലങ്ങളിൽ ലഭിച്ചുകൊണ്ടിരുന്ന സംരക്ഷണം ഉണ്ടാകില്ല. മുനന്പം ഭൂമിയുമായി ബന്ധപ്പെട്ട വിഷയം തർക്കത്തിലിരിക്കുന്ന കേസാണ്. അതിനാൽ ഇരകൾക്ക് കോടതിയെയോ ട്രൈബ്യൂണലുകളെയോ സമീപിക്കാമെന്നും കിരണ്‍ റിജിജു പറഞ്ഞു.
വഖഫ് നിയമത്തിൽ കേന്ദ്രസർക്കാർ നടപ്പാക്കിയ ഭേദഗതി മുൻകാല പ്രാബല്യമില്ലാത്ത സാഹചര്യത്തിൽ മുനന്പം ഭൂമി തർക്കത്തിൽ എങ്ങനെ പരിഹാരമാകും എന്ന ചോദ്യത്തിനായിരുന്നു കേന്ദ്ര മന്ത്രിയുടെ മറുപടി. ഇത് ഉടനടി നടക്കുന്ന പ്രക്രിയ അല്ലെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഏതെങ്കിലും ഒരു വിഷയത്തിൽ തർക്കമുണ്ടായാൽ വഖഫ് ട്രൈബ്യൂണലുകളുടെ ഉത്തരവിനെതിരേ പുനഃപരിശോധന ഹർജി നൽകാനുള്ള അവകാശം മാത്രമേ ഇതുവരെ പരാതിക്കാർക്ക് ഉണ്ടായിരുന്നുള്ളൂ. ഇത് സാധാരണക്കാർക്ക് നീതി ലഭിക്കുന്നതിന് തടസമായിരുന്നു. എന്നാൽ, വഖഫ് നിയമത്തിലെ ഈ വ്യവസ്ഥയിൽ വരുത്തിയ ഭേദഗതി നിവവിൽ വരുന്നതോടെ പരാതിക്കാർക്ക് എളുപ്പത്തിൽ കോടതികളെ സമീപിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
കൃത്യമായ രേഖകളില്ലെങ്കിൽ വഖഫ് ബോർഡുകൾക്ക് അവകാശം ഉന്നയിക്കാൻ സാധിക്കില്ല. നേരത്തേ നിയമത്തിലെ സെക്ഷൻ 40 പ്രകാരം വഖഫ് ബോർഡുകൾക്ക് ഏതൊരു വസ്തുവിലും അവകാശവാദം ഉന്നയിക്കാമായിരുന്നു.
എന്നാൽ, ഭേദഗതിയിൽ സെക്ഷൻ 40 എടുത്തുകളഞ്ഞതോടെ നിയമം പ്രാബല്യത്തിൽ എത്തുന്ന അന്നുമുതൽ കൃത്യമായ രേഖകൾ ഉണ്ടെങ്കിൽ മാത്രമേ ഒരു വസ്തുവിൽ അവകാശവാദം ഉന്നയിക്കാൻ വഖഫ് ബോർഡുകൾക്ക് സാധിക്കൂ. അല്ലാത്തപക്ഷം വിഷയം കോടതിയിലെത്തിയാൽ വഖഫ് ബോർഡുകൾക്ക് സംരക്ഷണം ലഭിക്കില്ല.
ഒരാൾ വാക്കാൽ നടത്തുന്ന പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ വഖഫ് ബോർഡുകൾക്ക് വസ്തുക്കളുടെമേൽ അവകാശവാദം ഉന്നയിക്കാൻ സാധിക്കില്ലെന്നും വഖഫ് ബോർഡിന്റെ അവകാശം തെളിയിക്കുന്ന കൃത്യമായ രേഖകൾ ആവശ്യമാണെന്നും റിജിജു വ്യക്തമാക്കി.
മന്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മുനന്പത്തെ 600ലേറെ കുടുംബങ്ങളുടെ ഭൂമി വിഷയത്തിൽ കോടതിയുടെ നിലപാട് നിർണായകമാകും. ഭേദഗതി പ്രാബല്യത്തിൽ വന്നാലും മുനന്പം വിഷയത്തിൽ ഇരകൾ ആവശ്യപ്പെടുന്ന തരത്തിലുള്ള പരിഹാരത്തിന് കാലതാമസമെടുത്തേക്കാമെന്നും മന്ത്രിയുടെ വിശദീകരണം വ്യക്തമാക്കുന്നുണ്ട്.
മുനന്പത്തെ ഭൂമി വഖഫ് സ്വത്തല്ലെന്നു സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും മുസ്ലിം ലീഗും കേരള കോണ്‍ഗ്രസുകളും ആവർത്തിച്ചു പറയുന്പോഴും അതംഗീകരിക്കാൻ സംസ്ഥാന വഖഫ് ബോർഡ് തയാറാകാത്തതു കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
എന്നാൽ, തർക്കത്തിലിരിക്കുന്ന വിഷയത്തിൽ മുൻകാല പ്രാബല്യമുണ്ടാകില്ലെന്ന മന്ത്രിയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ തർക്കത്തിലിരിക്കുന്ന മുനന്പത്തെ ഭൂമി വഖഫ് ആണെന്ന് കോടതികളിലോ ട്രൈബ്യൂണലുകളിലോ തെളിയിക്കേണ്ടത് സംസ്ഥാന വഖഫ് ബോർഡിന്റെകൂടി ഉത്തരവാദിത്വമാകും.
സുപ്രീംകോടതിയെ സമീപിച്ച് കോണ്‍ഗ്രസും എഐഎംഐഎമ്മും
ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിക്കെതിരേ കോണ്‍ഗ്രസും ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീനും (എഐഎംഐഎം) സുപ്രീംകോടതിയെ സമീപിച്ചു .
ബിഹാറിൽനിന്നുള്ള കോണ്‍ഗ്രസ് എംപിയും വിപ്പുമായ മുഹമ്മദ് ജാവേദും എഐഎംഐഎം അധ്യക്ഷനും എംപിയുമായ അസദുദ്ദീൻ ഒവൈസിയുമാണ് വഖഫ് നിയമ ഭേദഗതി ബില്ലിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്തു സുപ്രീംകോടതിയെ സമീപിച്ചത്.
വഖഫ് സ്വത്തുക്കൾക്കും അവയുടെ നടത്തിപ്പിനും അന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മുസ്ലിം സമൂഹത്തിന്റെ മതപരമായ സ്വയംഭരണത്തെ ബിൽ ദുർബലപ്പെടുത്തുകയാണെന്ന് ജാവേദ് തന്റെ ഹർജിയിൽ പറയുന്നു.
ബിൽ മുസ്ലിംകളുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നുവെന്നാണ് ഒവൈസി തന്റെ ഹർജിയിൽ പറയുന്നത്. വഖഫ് ഭേദഗതി ബിൽ ചർച്ച ചെയ്യുന്നതിനുള്ള സംയുക്ത പാർലമെന്ററി സമിതിയിൽ (ജെപിസി) അംഗങ്ങളായിരുന്നു ഇരുവരും. വഖഫ് ബില്ലിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബിൽ ഇരുസഭകളിലും പാസായി മണിക്കൂറുകൾക്കകം എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പ്രതികരിച്ചിരുന്നു.
അതേസമയം, വഖഫ് ഭേദഗതി ബില്ലിനെ കോടതിയിൽ ചോദ്യം ചെയ്താൽ ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കാനുള്ള വലിയ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസിന്റെ രാജ്യസഭാംഗം അഭിഷേക് മനു സിംഗ്വി പ്രതികരിച്ചു. വഖഫ് നിയമ ഭേദഗതിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പ്രഖ്യാപിച്ചിരുന്നു.