ആൻഡമാൻ ദ്വീപിൽ അതിക്രമിച്ചു കടന്ന യുഎസ് സഞ്ചാരി അറസ്റ്റിൽ
Saturday, April 5, 2025 3:05 AM IST
പോർട്ട് ബ്ലെയർ: ആൻഡമാൻ-നിക്കോബാറിലെ നിരോധിതപ്രദേശമായ നോര്‍ത്ത് സെന്റിനല്‍ ദ്വീപിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച അമേരിക്കന്‍ പൗരൻ അറസ്റ്റിൽ. മിഖായെലോ വിക്തര്‍വിച് പൊലിക്കോവ് എന്ന 24കാരനാണ് കഴിഞ്ഞ 31ന് പിടിയിലായത്. യാത്രാരേഖകളില്ലാതെയാണ് സംരക്ഷിത ആദിവാസികള്‍ പാര്‍ക്കുന്ന ദ്വീപിലേക്ക് യുവാവ് കടന്നുകയറാന്‍ ശ്രമിച്ചതെന്ന് പോലീസ് പറയുന്നു.
മാര്‍ച്ച് 26ന് പോര്‍ട്ട് ബ്ലെയറിലെത്തിയ പൊലിക്കോവ് 29ന് പുലര്‍ച്ചെ ഒന്നോടെ കുര്‍മ ദേരാ തീരം വഴിയാണ് നോര്‍ത്ത് സെന്റിനല്‍ ദ്വീപിലേക്കു ബോട്ടിൽ കടക്കാന്‍ ശ്രമിച്ചത്. സെന്റിനലുകള്‍ക്ക് നല്കാന് ബോട്ടില്‍ തേങ്ങയും കോളയും ഇയാള്‍ കരുതിയിരുന്നുവെന്നും പോലീസ് പറയുന്നു.രാവിലെ പത്തോടെ പൊലിക്കോവ് നോര്‍ത്ത് സെന്റിനല്‍ ദ്വീപിന്റെ വടക്കന്‍ തീരത്ത് എത്തി.
ബൈനോക്കുലറിലൂടെ നോക്കിയെങ്കിലും ദ്വീപുവാസികളെ ആരേയും കണ്ടെത്താനായില്ല. ഒരു മണിക്കൂറോളം അവിടെ കാത്തുനിന്ന പൊലിക്കോവ് ചൂളമടിച്ചും കൂവി വിളിച്ചും ആളെ ആകര്‍ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും ആരേയും കണ്ടില്ല. ഒടുവില്‍ കൈവശം കരുതിയ കോളയും തേങ്ങയും തീരത്തു വച്ചശേഷം അവിടെനിന്നുള്ള മണ്ണിന്റെ സാന്പിളും താന്‍ ദ്വീപിലെത്തിയതിന്റെ വീഡിയോയും ചിത്രീകരിച്ച് മടങ്ങുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. എന്തിനാണ് പൊലിക്കോവ് ആന്ഡമാനിലെത്തിയതെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
യുവാവിനെതിരേ 1946 ലെ വിദേശി നിയമമനുസരിച്ചും ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപ് (പ്രൊട്ടക്ഷന്‍ ഓഫ് അബോര്‍ജിനല്‍ ട്രൈബ്സ്) നിയമമനുസരിച്ചും കേസെടുത്തിട്ടുണ്ട്. പൊലിക്കാവിനെ അറസ്റ്റ് ചെയ്ത വിവരം ആഭ്യന്തരമന്ത്രാലയം വഴി വിദേശകാര്യ മന്ത്രാലയത്തെയും യുഎസ് എംബസിയെയും അറിയിച്ചിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
നോര്‍ത്ത് സെന്റിനല്‍ ദ്വീപില്‍ താമസിക്കുന്ന സെന്റിനലുകളെ അതീവ ദുര്‍ബല ആദിവാസിവിഭാഗമായാണ് കാണുന്നത്. പുറംലോകത്തുനിന്ന് എത്തുന്നവരോട് പൊതുവേ ശത്രുതാപരമായാണു സെന്റിനലുകള്‍ പെരുമാറുന്നത്. ഉപദ്രവിക്കാനെത്തുന്നവരാണെന്ന ഭയത്തിലുള്ള സെന്റിനലുകളുടെ പ്രതിരോധത്തില്‍ മുന്‍പ് അതിക്രമിച്ചുകയറാന്‍ ശ്രമിച്ച പലരും കൊല്ലപ്പെട്ടിട്ടുണ്ട്.
2018 നവംബറില്‍ ദ്വീപിലേക്ക് അതിക്രമിച്ചുകയറിയ അമേരിക്കക്കാരനായ ജോണ്‍ അലൻ ചൗവി (27) നെ സെന്റിനലുകള്‍ കൊലപ്പെടുത്തിയിരുന്നു.