ആശാ വർക്കർമാരോടുള്ള സർക്കാർ സമീപനത്തിൽ വിമർശനം
Saturday, April 5, 2025 3:05 AM IST
മധുര: കേരളത്തിൽ സെക്രട്ടേറിയറ്റ് നടയിലെ ആശാ വർക്കർമാരുടെ സമരത്തോടുള്ള സർക്കാർ സമീപനത്തിൽ സിപിഎം പാർട്ടി കോൺഗ്രസിൽ വിമർശനം. സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഒരു പൊതുപ്രക്ഷോഭത്തോട് ഇങ്ങനെയാണോ ഇടതു സർക്കാർ പ്രതികരിക്കേണ്ടതെന്ന് ആന്ധ്രപ്രദേശിൽനിന്നുള്ള പ്രതിനിധികൾ ചോദിച്ചു.
കരടു രാഷ്ട്രീയ പ്രമേയത്തിലുള്ള ചർച്ചയിലാണ് കേരള സർക്കാരിനുള്ള കുറ്റപ്പെടുത്തൽ. രണ്ടു മാസമായിട്ടും സമരം തീർക്കാൻ സർക്കാരിനായിട്ടില്ല. സ്ത്രീകൾ മുടിമുറിച്ചു പ്രതിഷേധിച്ചു. മുറിച്ച മുടികൾ കേന്ദ്രത്തിന് അയച്ചുകൊടുക്കാൻ ഒരു മന്ത്രി വെല്ലുവിളിച്ചു.
ഒരു പൊതുപ്രക്ഷോഭത്തെ ഇങ്ങനെയാണോ നേരിടേണ്ടതെന്ന് ആന്ധ്രയിൽനിന്നുള്ള ഡി. രാംദേവി ചോദിച്ചു. കേരള ബദൽ ഉയർത്തിക്കാട്ടുമ്പോഴും സംസ്ഥാന സർക്കാർ പഴയ പെൻഷൻ പദ്ധതി നടപ്പാക്കാത്തതിനെയും ആന്ധ്രാ പ്രതിനിധികൾ വിമർശിച്ചു.
സിഐടിയു നേതൃത്വം ഉൾപ്പെടെ ആശാ സമരത്തെ തള്ളിപ്പറയുമ്പോഴാണ് പാർട്ടി കോൺഗ്രസിൽ കേരളം നേരിടുന്ന വിമർശനം. ആശാ വർക്കർമാർ രാജ്യമെമ്പാടും ചൂഷണത്തിന് ഇരയാവുകയാണെന്ന് സിപിഎം പിബി അംഗം വൃന്ദാ കാരാട്ട് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
കേരളത്തിൽനിന്ന് കേന്ദ്ര കമ്മിറ്റിയിലേക്ക് ആരൊക്കെ?
മധുര: സിപിഎമ്മിലെ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസ് മധുരയില്‍ നാളെ സമാപിക്കുന്പോൾ കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തില്‍നിന്ന് ആരൊക്കെ എത്തും എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്.
കോടിയേരി ബാലകൃഷ്ണന്റെ മരണത്തെത്തുടര്‍ന്ന് നിലവില്‍ കേന്ദ്ര കമ്മിറ്റിയില്‍ കേരളത്തിന് ഒരു ഒഴിവുണ്ട്. പ്രായപരിധിപ്രകാരം എ.കെ. ബാലനും പി.കെ. ശ്രീമതിയും കൂടി പദവി ഒഴിയുന്നതോടെ രണ്ട് ഒഴിവുകൾകൂടി വരും. ഇതോടെ, മൂന്ന് ഒഴിവുകളാണുള്ളത്. പി.കെ. ശ്രീമതിക്ക് പകരം കൊല്ലത്തുനിന്നുള്ള മുതിര്‍ന്ന നേതാവായ ജെ. മേഴ്സിക്കുട്ടിയമ്മ, തിരുവനന്തപുരത്തുനിന്നുള്ള ടി.എന്‍. സീമ എന്നീ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.
ന്യൂനപക്ഷ പ്രാതിനിധ്യം കണക്കിലെടുക്കുകയാണെങ്കില്‍ മലബാര്‍ മേഖലയില്‍നിന്നുള്ള വനിതാ നേതാവ് പി.കെ. സൈനബയും പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ട്. മറ്റു രണ്ട് ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്ന പേരുകളില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും മന്ത്രിമാരുമായ വി.എന്‍. വാസവന്, മുഹമ്മദ് റിയാസ് എന്നിവര്‍ ഉള്‍പ്പെടുന്നു. 2022ല്‍ എറണാകുളത്ത് നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് ഇവര്‍ രണ്ടുപേരും സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെട്ടത്.
മുതിര്‍ന്ന നേതാവും എല്‍ഡിഎഫ് കണ്‍വീനറും മുന്‍മന്ത്രിയുമായ ടി.പി. രാമകൃഷ്ണന് കേന്ദ്ര കമ്മിറ്റിയിലെത്താന്‍ സാധ്യത കൂടുതലാണ്. ഈ മാസം 75 വയസ് തികയുന്ന ടി. പി. രാമകൃഷ്ണനെയും ഇ.പി. ജയരാജനെയും കഴിഞ്ഞമാസം കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റിയില്‍ നിലനിര്‍ത്തിയിരുന്നു. ഇതോടെയാണ് രാമകൃഷ്ണന് കേന്ദ്ര കമ്മിറ്റിയിലെത്താനുള്ള സാധ്യത തുറന്നത്.
യുവാക്കൾക്ക് പ്രാധാന്യം കൊടുക്കുകയാണെങ്കിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംപിയുമായ പി.കെ.ബിജു, മന്ത്രി എം.ബി. രാജേഷ്, സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ എം.സ്വരാജ്, മുന്‍ എംപിയും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ.രാഗേഷ് എന്നിവരുടെ പേരുകളും കേന്ദ്രകമ്മിറ്റിയിലേക്ക് സജീവ പരിഗണനയിലുണ്ട്.
നിലവില്‍ കേന്ദ്രകമ്മിറ്റിയിലേക്ക് കേരളത്തില്‍നിന്ന് മൂന്ന് ഒഴിവുകളാണ് ഉള്ളതെങ്കിലും കേരള ഘടകത്തിന്റെ പ്രാധാന്യവും അംഗത്വബലവും കണക്കിലെടുത്ത് എണ്ണം വർധിപ്പിക്കാനും സാധ്യതയുണ്ട്.
താരപ്പകിട്ട് നഷ്ടമായി പിണറായി
മധുര: സിപിഎം പാർട്ടി കോൺഗ്രസിൽ കേരള മോഡൽ ഭരണം മാതൃകയാക്കണമെന്ന ചർച്ച നടക്കുന്നതിനിടെയാണ് മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ പ്രതിയാക്കപ്പെട്ടത്. ഇത് പിണറായി വിജയനെയും കേരളത്തിലെ സിപിഎമ്മിനെയും ഒരുപോലെ പ്രതിരോധത്തിലാക്കിയെങ്കിലും മകൾക്കു പ്രതിരോധവുമായി കൂട്ടത്തോടെ കേരളത്തിലെ നേതാക്കൾ രംഗത്തെത്തുകയായിരുന്നു.
മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ സിപിഎം മുന്‍നിര നേതാക്കള്‍ കൂട്ടത്തോടെ ഇറങ്ങിയാണ് ഇന്നലെ മുഖ്യമന്ത്രിക്ക് പ്രതിരോധം തീര്‍ത്തത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പറഞ്ഞത്, തദ്ദേശഭരണ തെരഞ്ഞെടുപ്പും അടുത്തവര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പും ലക്ഷ്യമിട്ട് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെയുള്ള ഗൂഢാലോചനയാണിതെന്നാണ്. മൂന്ന് വിജിലന്‍സ് കോടതികളും ഹൈക്കോടതിയും തള്ളിയ കേസിലെ എസ്എഫ്ഐഒ നിഗമനങ്ങള്‍ ഗൂഢാലോചനയാണെന്നാണ് മന്ത്രി പി. രാജീവിന്റെ ആരോപണം.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ. ശൈലജ, കെ.എന്‍. ബാലഗോപാല്‍ എന്നിവരും മുഖ്യമന്ത്രിക്ക് ശക്തമായ കവചം തീര്‍ത്ത് രംഗത്തെത്തി. പി. ജയരാജൻ പ്രതിരോധം തീർത്തത് എഫ്ബി പോസ്റ്റിലൂടെയാണ്. പിണറായി സർക്കാരിന്റെ തുടർഭരണവും കേരള മോഡലും ദേശീയതലത്തിൽ ഇടതു ബദലായി ഉയർത്തിക്കാട്ടാനുള്ള ശ്രമ ത്തിലായിരുന്നു നേതൃത്വം.
കഴിഞ്ഞദിവസങ്ങളിൽ നടന്ന ചർച്ചകളിൽ കേരള മോഡൽ ഇടതുഭരണത്തിന് ഏറെ പ്രശംസ ലഭിച്ചിരുന്നു. പിണറായിയുടെ കേരള ബദൽ കാന്പയിൻ നടത്താനുള്ള തീരുമാനം പാർട്ടി കോൺഗ്രസ് എടുത്തിരിക്കവെയാണ് മകൾക്കെതിരേയുള്ള കേസിന്റെ വരവ്. നേതാക്കൾ പ്രതിരോധിച്ചെങ്കിലും പാർട്ടി കോൺഗ്രസിൽ പിണറായിയുടെ താരപ്പകിട്ട് നഷ്ടമായിരിക്കുകയാണ്.