സ്വര്ണക്കടത്ത്: നടി രന്യക്കു ജാമ്യമില്ല
ബംഗളൂരു: സ്വര്ണക്കടത്ത് കേസില് അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ബംഗളൂരുവിലെ സെഷന്സ് കോടതിയാണു ജാമ്യപേക്ഷ തള്ളിയത്.
രന്യയും സഹായി തരുണ് രാജും ഒരുമിച്ച് ദുബായിലേക്ക് 26 തവണ യാത്ര നടത്തിയെന്നും പലപ്പോഴും രാവിലെ പോകുകയും വൈകുന്നേരം തിരിച്ചെത്തുകയും ചെയ്തിരുന്നതായും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്സ് (ഡിആര്ഐ) അഭിഭാഷകന് മധു റാവു കോടതിയിൽ അറിയിച്ചു.
രന്യയെ സ്വർണക്കടത്തിനു സഹായിച്ച സ്വര്ണവ്യാപാരി സാഹില് ജെയിനെ ബുധനാഴ്ച ഡിആര്ഐ അറസ്റ്റ് ചെയ്തു. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഇയാള്ക്കാണ് കടത്തിയ സ്വര്ണം രന്യ കൈമാറിയിരുന്നതെന്ന് ഡിആര്ഐ പറഞ്ഞു.
മാര്ച്ച് മൂന്നിന് ദുബായില്നിന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില് എത്തിയ രന്യയെ 12.56 കോടി രൂപയുടെ സ്വര്ണവുമായി ഡിആര്ഐ പിടികൂടുകയായിരുന്നു. ഇതേത്തുടര്ന്ന്, അവരുടെ വസതിയില് നടത്തിയ റെയ്ഡില് 2.06 കോടി രൂപയുടെ സ്വര്ണാഭരണങ്ങളും 2.67 കോടി രൂപയും ഉദ്യോഗസ്ഥര് കണ്ടെടുത്തിരുന്നു. മുതിർന്ന ഐപിഎസ് ഓഫീസർ രാമചന്ദ്ര ബാബുവിന്റെ വളർത്തുമകളാണ് രന്യ.
മൂന്നു പോലീസുകാർക്ക് വീരമൃത്യു; രണ്ടു ഭീകരരെ വധിച്ചു
ജമ്മു: ജമ്മു കാഷ്മീരിലെ കഠുവയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മൂന്നു പോലീസുകാർക്കു വീരമൃത്യു. രണ്ടു പോലീസുകാർക്കു പരിക്കേറ്റു. രണ്ടു ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു.
പ്രദേശത്ത് നാലു ദിവസമായി സുരക്ഷാസേന ഭീകരർക്കായി തെരച്ചിൽ നടത്തിവരികയാണ്. അഞ്ചു ഭീകരരാണ് നുഴഞ്ഞുകയറിയത്. ഇന്നലെ ജഖോൾ ഗ്രാമത്തിലാണ് ഭീകരരെ കണ്ടെത്തിയത്.
ഞായറാഴ്ച ഹിരാനഗർ സെക്ടറിലെ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട ഭീകരരാണ് ജഖോളിലെത്തിയതെന്നാണു നിഗമനം. പാക്കിസ്ഥാനിൽനിന്നു നുഴഞ്ഞുകയറിയ ഭീകരർക്കായി സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെ(എസ്ഒജി) നേതൃത്വത്തിൽ പോലീസ്, കരസേന, എൻഎസ്ജി, ബിഎസ്എഫ്, സിആർപിഎഫ് എന്നിവ സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്.
വനമേഖലയിലൂടെയാണ് ഭീകരർ സഞ്ചരിക്കുന്നത്. ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ, പരിശീലനം ലഭിച്ച നായ്ക്കൾ എന്നിവയും തെരച്ചിലിനു സഹായിക്കുന്നുണ്ട്.
തമിഴ്നാട്ടിൽ ഹിന്ദിയിലും കാലാവസ്ഥാ അറിയിപ്പ്
ചെന്നൈ: തമിഴ്നാട്ടിലെ കാലാവസ്ഥാ കേന്ദ്രത്തിൽനിന്ന് ഇനി ഹിന്ദിയിലും അറിയിപ്പുകൾ നല്കും. തമിഴിലും ഇംഗ്ലീഷിലും മാത്രമായിരുന്നു ഇതുവരെ കാലാവസ്ഥാ അറിയിപ്പ് നല്കിയിരുന്നത്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളത്തിലും ആന്ധ്രയിലും കാലാവസ്ഥാ കേന്ദ്രങ്ങളിൽ ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലും അറിയിപ്പു നല്കുന്പോൾ ഹിന്ദിയിൽ അറിയിപ്പ് നല്കുന്നതു തമിഴ്നാട്ടിൽ മാത്രമാണ്.
തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരേ പോരാട്ടം ശക്തമാകുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
കേന്ദ്രമന്ത്രി കേരളം സന്ദർശിക്കും
ന്യൂഡൽഹി: കേരളത്തിൽ വന്യമൃഗ ആക്രമണം രൂക്ഷമായ പ്രദേശങ്ങൾ വൈകാതെ നേരിട്ടു സന്ദർശിക്കുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്.
ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനും വന്യജീവികളെ കാടിനുള്ളിൽ സംരക്ഷിക്കാനും കഴിയുന്നതു ചെയ്യുമെന്നും കേരള കോണ്ഗ്രസ്- എം ചെയർമാൻ ജോസ് കെ. മാണി എംപിയുടെ നേതൃത്വത്തിലുള്ള നിവേദകസംഘവുമായി നടത്തിയ കൂടിക്കാഴ്ചയിൽ മന്ത്രി ഉറപ്പു നൽകി.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽനിന്നു ജനങ്ങളെ രക്ഷിക്കണമെന്നും ഇതിനായി 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമവും ദേശീയ ദുരന്തനിവാരണ നിയമവും ഭേദഗതി ചെയ്യണമെന്നതും അടക്കമുള്ള കേരള കോണ്ഗ്രസ്- എം നേതാക്കളുടെ ആവശ്യങ്ങളിൽ വിശദമായ ചർച്ചകൾക്കുശേഷം തീരുമാനമെടുക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നൽകി.
പാർലമെന്റ് മന്ദിരത്തിലെ മന്ത്രിയുടെ ഓഫീസിൽ നടന്ന മുക്കാൽ മണിക്കൂറോളം നീണ്ട ചർച്ചയിൽ ജോസ് കെ. മാണിക്കു പുറമെ മുൻ എംപി തോമസ് ചാഴികാടൻ, സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എംഎൽഎമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായണ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ, മുൻ എംഎൽഎ സ്റ്റീഫൻ ജോർജ് എന്നിവരുമുണ്ടായിരുന്നു.
വന്യജീവി ആക്രമണങ്ങളിൽനിന്നു ജനങ്ങൾക്ക് പൂർണ സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്ഗ്രസ്-എം ജന്തർമന്തറിൽ നടത്തിയ പാർലമെന്റ് മാർച്ചിനും ധർണയ്ക്കും ശേഷമായിരുന്നു സംഘം കേന്ദ്രമന്ത്രിയെ സന്ദർശിച്ചത്.
പ്രശ്നത്തിൽ മന്ത്രി നേരിട്ട് ഇടപെട്ടു വനം ഉദ്യോഗസ്ഥർക്കു നിർദേശം നൽകണമെന്ന ആവശ്യം പരിഗണിച്ചാണ് കേരളം സന്ദർശിക്കുമെന്ന് മന്ത്രി ഉറപ്പു നൽകിയത്. ആവശ്യമെങ്കിൽ മധ്യകേരളത്തിലും മലബാറിലും പ്രത്യേക യോഗങ്ങൾ വിളിക്കാമെന്നും മന്ത്രി യാദവ് അറിയിച്ചു.
കേരളത്തിലെ ഗുരുതരമായ വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരമുണ്ടാകണമെന്നും ഇതിനായി നിയമഭേദഗതിയടക്കം നടപടികൾ വേണമെന്നും മന്ത്രിയോട് ജോസ് കെ. മാണി ആവശ്യപ്പെട്ടു. കേന്ദ്രനിയമത്തിലെ 11-ാം വകുപ്പിലെ രണ്ടാം ഉപവകുപ്പ് പ്രകാരം വനംവകുപ്പ് ഉദ്യോഗസ്ഥർ കർഷകരുടെയും സാധാരണക്കാരുടെയും പേരിൽ കേസെടുക്കുകയാണ്.
ജനവാസമേഖലകളിലിറങ്ങി ആക്രമിക്കുന്ന വന്യമൃഗത്തെ പ്രാണരക്ഷാർഥം കൊല്ലുകയോ മുറിവേൽപ്പിക്കുകയോ ചെയ്യുന്ന ഒരാളെ ക്രിമിനൽ നിയമത്തിന്റെ നടപടിക്രമങ്ങളിൽനിന്നും ഒഴിവാക്കുന്നതാണ് ഈ നിയമവ്യവസ്ഥ.
വനം ഉദ്യോഗസ്ഥരെപ്പോലെ സാധാരണക്കാരും നാട്ടിലിറങ്ങിയ വന്യമൃഗത്തെ സ്വജീവൻ രക്ഷിക്കാനായി വെടിവയ്ക്കേണ്ടി വന്നാൽ പ്രാഥമിക അന്വേഷണം നടത്താതെ ഒരാളെ പ്രതിയാക്കാൻ പാടില്ല. എന്നാൽ, വ്യാപകമായി ഈ നിയമപ്രകാരം സാധാരണക്കാരെ കുറ്റം ചുമത്തുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. ഒരാൾ കുറ്റം ചെയ്തുവെന്നു തെളിയിക്കേണ്ടത് ഇന്ത്യൻ ശിക്ഷാനിയമപ്രകാരം പ്രോസിക്യൂഷൻ ആണ്.
എന്നാൽ വനംവകുപ്പ് ചുമത്തുന്ന കേസുകളിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുന്നവരുടെ ബാധ്യതയായി ഇതു മാറുന്നു. നിയമത്തിന്റെ ഈ ദുരുപയോഗം തടയുന്നതിന് കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പ് 63 പ്രകാരം പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണമെന്ന് മന്ത്രിയോട് ജോസ് കെ. മാണി ആവശ്യപ്പെട്ടു.
നിയമവശങ്ങൾ പരിശോധിച്ച് ഇത്തരമൊരു നിർദേശം നൽകാൻ ശ്രമിക്കുമെന്ന് മന്ത്രി യാദവ് മറുപടി നൽകി. ജനവാസകേന്ദ്രങ്ങളിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊന്നതിനെതിരേ കേന്ദ്രം നടപടിയെടുക്കില്ല. എന്നാൽ മൊത്തത്തിൽ കാട്ടുപന്നികളെ ഒന്നാകെ വെടിവയ്ക്കാൻ അനുമതി നൽകുക പ്രയാസമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബില്ല് ലോക്സഭയിൽ പാസാക്കി
ന്യൂഡൽഹി: ഭരണഘടനാവിരുദ്ധമെന്ന് പ്രതിപക്ഷം നിരന്തരം ആരോപണം ഉന്നയിച്ചെങ്കിലും ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബില്ല് കേന്ദ്രസർക്കാർ ലോക്സഭയിൽ പാസാക്കി.
ഇന്ത്യയിലേക്കുള്ള കുടിയേറ്റ നടപടിക്രമങ്ങൾ നിയന്ത്രിക്കുക, ദേശീയസുരക്ഷ വർധിപ്പിക്കുക, താമസവ്യവസ്ഥകൾ ലംഘിക്കുന്ന വിദേശികൾക്ക് കർശന ശിക്ഷ ഉറപ്പാക്കുക തുടങ്ങിയവയാണ് ബില്ല് ലക്ഷ്യം വയ്ക്കുന്നതെന്ന് ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് മറുപടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.
ഇന്ത്യയിലേക്ക് വരുന്ന വിദേശികളെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ രാജ്യസുരക്ഷയ്ക്കു ഭീഷണിയാകുന്നവർ കർശന നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യം രാജ്യ സുരക്ഷ
രാജ്യത്തിന്റെ സുരക്ഷയും സന്പദ്വ്യവസ്ഥയും ശക്തിപ്പെടുത്തുന്നതിനും ഉത്പാദനവും വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിനും ബില്ല് ആവശ്യമാണ്. ഇതോടൊപ്പം വിദ്യാഭ്യാസ സന്പ്രദായത്തിന് ആഗോള അംഗീകാരം നേടുന്നതിനും സർവകലാശാലകൾക്ക് അന്താരാഷ്ട്ര പ്രശസ്തി നേടുന്നതിനും ബിൽ സഹായകമാകുമെന്നും അമിത് ഷാ പറഞ്ഞു.
ഇന്ത്യ സന്ദർശിക്കുന്ന ഓരോ വിദേശിയെക്കുറിച്ചും രാജ്യത്തിന് ഏറ്റവും പുതിയ വിവരങ്ങൾ ലഭിക്കുന്നുണ്ട്. വിദേശികളുടെ സന്ദർശനത്തിനു പിന്നിലെ ഉദ്ദേശ്യം, അവർ എത്രകാലം ഇന്ത്യയിൽ താമസിക്കാൻ ആഗ്രഹിക്കുന്നു തുടങ്ങിയ വിഷയങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യക്തിപരമായ നേട്ടത്തിനായി രാജ്യത്ത് അഭയം തേടുകയും അസ്ഥിരത സൃഷ്ടിക്കുകയും ചെയ്യുന്നവരുടെ എണ്ണം വർധിച്ചു. രോഹിങ്ക്യകളായാലും ബംഗ്ലാദേശികളായാലും അശാന്തി സൃഷ്ടിക്കാൻ ഇന്ത്യയിലെത്തിയാൽ കർശന നടപടിയെടുക്കും. രാജ്യം അഭയാർഥികേന്ദ്രമല്ല. വികസനത്തിനു സംഭാവന നൽകാൻ ആരെങ്കിലും ഇവിടെയെത്തിയാൽ അവരെ എപ്പോഴും സ്വാഗതം ചെയ്യുമെന്നും ഷാ വ്യക്തമാക്കി.
ബില്ലിലെ പല വ്യവസ്ഥകളും സ്വാഭാവികനീതിയുടെയും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെയും ലംഘനമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി ലോക്സഭയിൽ ചൂണ്ടിക്കാട്ടി. ചില പ്രത്യേക വിഭാഗങ്ങളോടു വിവേചനപരമായി നിലപാട് സ്വീകരിക്കുന്നതിനുള്ള അവസരമൊരുക്കുന്ന ബില്ല് വിശദപരിശോധനയ്ക്കായി സെലക്ട് കമ്മിറ്റിക്കു വിടണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.
ജനാധിപത്യവും മനുഷ്യാവകാശങ്ങളും വെല്ലുവിളിക്കപ്പെടുന്നതാണ് കേന്ദ്രസർക്കാർ പാസാക്കിയ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബില്ലെന്ന് കെ. രാധാകൃഷ്ണൻ എംപിയും ആരോപിച്ചു.
കേന്ദ്ര സർക്കാരിന്റെ പ്രത്യയശാസ്ത്രവുമായി പൊരുത്തപ്പെടാത്തവർക്കെതിരേ ബില്ല് ദുരുപയോഗം ചെയ്തേക്കാമെന്നു നേരത്തെ ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.
വായ് മൂടിക്കെട്ടുന്നുവെന്ന്; സ്പീക്കറെ കണ്ട് "ഇന്ത്യ’ സഖ്യം
സനു സിറിയക്
ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അവസരം നിഷേധിച്ചതിൽ സഭയിലെ "ഇന്ത്യ’ സഖ്യം നേതാക്കൾ സ്പീക്കർ ഓം ബിർളയെ നേരിൽക്കണ്ട് മെമ്മോറാണ്ടം സമർപ്പിച്ചു.
ബുധനാഴ്ച സഭയിലെത്തിയ രാഹുൽ സംസാരിക്കാൻ എണീറ്റപ്പോഴേക്കും സഭ പിരിച്ചുവിട്ട് അദ്ദേഹത്തിനു സംസാരിക്കാൻ അനുമതി നിഷേധിച്ചതിനെതിരേ കോണ്ഗ്രസ് എംപിമാർ സ്പീക്കറെ കണ്ട് പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷനേതാക്കളുടെ പുതിയ നീക്കം. രാഹുലിന് സഭയിൽ സംസാരിക്കാൻ അവസരം നിഷേധിക്കുന്നതുൾപ്പെടെ നിരവധി വിഷയങ്ങൾ നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്.
പ്രതിപക്ഷ അംഗങ്ങൾ സംസാരിക്കുന്പോൾ അവരുടെ മൈക്ക് ഓഫാക്കുന്ന നടപടിയും മെമ്മോറാണ്ടത്തിൽ ഉന്നയിച്ചിട്ടുണ്ട്. ലോക്സഭയിലെ ശൂന്യവേള ആരംഭിച്ചശേഷം സ്പീക്കറുടെ ചേംബറിൽ നടന്ന കൂടിക്കാഴ്ച പത്തു മിനിറ്റോളം നീണ്ടു.
പാർലമെന്റിന്റെ ചട്ടപ്രകാരം പ്രതിപക്ഷനേതാവ് എഴുന്നേൽക്കുന്പോഴെല്ലാം അദ്ദേഹത്തിന് സംസാരിക്കാനുള്ള അനുവാദമുണ്ട്. എന്നാൽ, ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ പോലും പ്രതിപക്ഷ നേതാവിന് സംസാരിക്കുന്നതിനുള്ള അവകാശം സർക്കാർ നിഷേധിക്കുകയാണെന്ന് മെമ്മോറാണ്ടത്തിൽ ആരോപിച്ചു.
ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ വലിയ പ്രതിഷേധങ്ങൾ ഉണ്ടായിരുന്ന കാലത്തുപോലും പ്രതിപക്ഷനേതാവിനെ കേട്ടിരുന്നതിൽനിന്നും വ്യത്യസ്തമാണ് സർക്കാർ ഇപ്പോൾ സ്വീകരിക്കുന്ന നടപടിയെന്ന് "ഇന്ത്യ’ മുന്നണി നേതാക്കൾ ചൂണ്ടിക്കാട്ടി.
കോണ്ഗ്രസിന്റെ ലോക്സഭാ ഉപനേതാവ് ഗൗരവ് ഗൊഗോയ്, സമാജ്വാദി പാർട്ടി നേതാവ് ധർമേന്ദ്ര യാദവ്, ഡിഎംകെയുടെ എ. രാജ, തൃണമൂൽ കോണ്ഗ്രസിൽനിന്ന് കല്യാണ് ബാനർജി, എൻസിപിയുടെ സുപ്രിയ സുലെ തുടങ്ങിയ നേതാക്കളാണു സ്പീക്കർക്ക് അദ്ദേഹത്തിന്റെ ചേംബറിലെത്തി മൊമ്മോറണ്ടം കൈമാറിയത്.
അവർണനീയമായ ഭംഗിക്ക് ഇംഗ്ലീഷിൽ പുതിയ വാക്ക് - Gigil
മുംബൈ: അവർണനീയവും ചേതോഹരവുമായ ഭംഗിക്ക് ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷണറിയിൽ പുതിയ വാക്ക് ഉൾപ്പെടുത്തി. Gigil എന്ന ഫിലിപ്പീനി വാക്കാണ് കൂട്ടിച്ചേർത്തിരിക്കുന്നത്. ഭംഗിയുള്ള ഒരാളെയോ എന്തെങ്കിലും കാണുമ്പോഴോ നമുക്ക് ഉണ്ടാകുന്ന വികാരത്തെ സൂചിപ്പിക്കാൻ ഈ വാക്ക് ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു.
ഓക്സ്ഫഡ് ഇംഗ്ലീഷ് നിഘണ്ടുവിൽ ചേർത്തിട്ടുള്ള "വിവർത്തനം ചെയ്യാൻ കഴിയാത്ത’ പദങ്ങളുടെ, അല്ലെങ്കിൽ ഇംഗ്ലീഷ് തത്തുല്യ പദങ്ങളില്ലാത്ത പദങ്ങളുടെ പട്ടികയിലാണ് Gigil ഉൾപ്പെടുന്നത്. ഫിലിപ്പീൻസിലെ തഗാലോഗ് ഭാഷയിൽനിന്ന് എടുത്തതാണ് ഈ വാക്ക്.
സിംഗപ്പുരിലും മലേഷ്യയിലും ആശ്ചര്യമോ രോഷമോ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന സാധാരണ പദമായ Alamak എന്ന പദവും ഓക്സ്ഫഡ് ഇംഗ്ലീഷ് നിഘണ്ടുവിൽ ഇടം നേടി.
ലോക്സഭാ മണ്ഡല പുനർനിർണയം: പ്രമേയം പാസാക്കി തെലുങ്കാന നിയമസഭ
ഹൈദരബാദ്: ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള ലോക്സഭാ മണ്ഡല പുനർനിർണയത്തിനെതിരേ തെലുങ്കാന നിയമസഭ പ്രമേയം പാസാക്കി.
മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഢിയാണ് പ്രമേയം അവതരിപ്പിച്ചത്. തെലുങ്കാനയിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം 119ൽനിന്ന് 153 ആയി ഉയർത്തണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.
“ജനസംഖ്യ അടിസ്ഥാനമാക്കി ലോക്സഭാ മണ്ഡലങ്ങൾ പുനർനിർണയിച്ചാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റുകളുടെ വിഹിതം 24 ശതമാനത്തിൽനിന്ന് 19 ശതമാനമായി കുറയും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയശബ്ദം നഷ്ടമാകും”- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ എല്ലാ പാർട്ടികളും ഒത്തൊരുമിച്ച് കേന്ദ്രത്തെ സമീപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മണ്ഡല പുനർനിർണയ വിഷയത്തിൽ തെലുങ്കാന സർക്കാർ സംഘടിപ്പിക്കുന്ന യോഗത്തിൽ പങ്കെടുക്കണമെന്ന് തമിഴ്നാട്, ആന്ധ്രപ്രദേശ്, കേരളം, കർണാടക മുഖ്യമന്ത്രിമാരോട് രേവന്ത് റെഡ്ഢി അഭ്യർഥിച്ചു.
ആത്മഹത്യാ ഭീഷണി വിവാഹമോചനത്തിന് മതിയായ കാരണമെന്ന് ബോംബെ ഹൈക്കോടതി
മുംബൈ: ജീവിതപങ്കാളി ആത്മഹത്യാ ഭീഷണി മുഴക്കുകയോ അതിനായി ശ്രമിക്കുകയോ ചെയ്യുന്നതു വിവാഹമോചനത്തിനു മതിയായ കാരണമാണെന്ന് ബോംബെ ഹൈക്കോടതി.
ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് ഇത്തരത്തിൽ ഒരു കുടുംബക്കോടതി പാസാക്കിയ വിധിയെ കഴിഞ്ഞ മാസം ശരിവച്ചിരുന്നു.
കുടുംബക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ആത്മഹത്യ ചെയ്യുകയും ഭർത്താവിനെയും കുടുംബത്തെയും അഴികൾക്കുള്ളിലാക്കുകയും ചെയ്യുമെന്ന് യുവതി ഭീഷണി മുഴക്കിയിരുന്നതായി ഇവരുടെ ഭർത്താവ് നേരതത്തേ വെളിപ്പെടുത്തിയിരുന്നു.
അമിത് ഷായ്ക്കെതിരായ കോണ്ഗ്രസിന്റെ പ്രമേയം രാജ്യസഭാധ്യക്ഷൻ തള്ളി
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരായ കോണ്ഗ്രസിന്റെ അവകാശലംഘന പ്രമേയം രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ തള്ളി.
യുപിഎ സർക്കാരിന്റെ കാലത്ത് ഒരു കുടുംബമാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ ഫണ്ട് നിയന്ത്രിച്ചിരുന്നതെന്ന ഷായുടെ ആരോപണം രാജ്യസഭാംഗമായ സോണിയ ഗാന്ധിയെ അധിക്ഷേപിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി ജയ്റാം രമേശ് നൽകിയ നോട്ടീസാണു ധൻകർ നിരസിച്ചത്.
ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയിൽ ഒരു നിയമലംഘനവുമില്ലെന്ന് കേന്ദ്രസർക്കാരിന്റെ 1948ലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) രേഖ ഉദ്ധരിച്ചാണ് രാജ്യസഭാ ചെയർമാൻ വ്യക്തമാക്കിയത്. രേഖ പരിശോധിച്ചു, ഒരു ലംഘനവുമില്ല.
ആളുകളുടെ പ്രതിച്ഛായ കളങ്കപ്പെടുത്താൻ അവകാശലംഘന നോട്ടീസുകൾ ഉപയോഗിക്കുന്നതും മാധ്യമങ്ങളിലേക്ക് ഓടിക്കയറി പ്രചാരണം നൽകുന്നതും വേദനാജനകമാണെന്ന് ധൻകർ പറഞ്ഞു. വ്യക്തികളുടെ സൽപ്പേര് സംരക്ഷിക്കേണ്ടതുണ്ട്. സൽപ്പേര് നശിപ്പിക്കുന്നതിനുള്ള വേദിയായി പാർലമെന്റിനെ മാറ്റരുതെന്നും ചെയർമാൻ നിർദേശിച്ചു.
യുപിയിൽ പുനരധിവാസ കേന്ദ്രത്തിൽ ഭക്ഷ്യവിഷബാധ: നാലു കുട്ടികൾ മരിച്ചു
ലക്നോ: ഉത്തർപ്രദേശിൽ പ്രത്യേകപരിഗണന അർഹിക്കുന്ന കുട്ടികളുടെ പുനരധിവാസ കേന്ദ്രത്തിലുണ്ടായ ഭക്ഷ്യവിഷബാധയിൽ നാലു കുട്ടികൾ മരിച്ചു. 16 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 12നും 17നും ഇടയിൽ പ്രായമുള്ള ഷെൽട്ടർ ഹോമിലെ രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണു മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം, മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ സർക്കാർ പുനരധിവാസ കേന്ദ്രത്തിലായിരുന്നു സംഭവം. നിർജലീകരണത്തെ തുടർന്നായിരുന്നു മരണം. ഭക്ഷ്യവിഷബാധയുടെ കാരണം കണ്ടെത്തുന്നതിനായി കമ്മിറ്റി രൂപീകരിച്ചു.
ആരോഗ്യ വകുപ്പ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ കുട്ടികളെ സന്ദർശിച്ച് വിവരം ശേഖരിച്ചു. പുനരധിവാസ കേന്ദ്രത്തിൽനിന്ന് പരിശോധനയ്ക്കായി ഭക്ഷണ സാമ്പിളുകൾ എടുത്തിട്ടുണ്ട്.
അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. അനാഥരും മാനസിക വെല്ലുവിളികൾ നേരിടുന്നവരുമായ 147 കുട്ടികളാണ് ഈ കേന്ദ്രത്തിലുള്ളത്.
യോഗിക്കു മറുപടി നൽകി സ്റ്റാലിൻ
ചെന്നൈ: യോഗി ആദിത്യനാഥിന്റെ വിമർശനം പൊളിറ്റിക്കൽ ബ്ലാക്ക് കോമഡി ആണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
ത്രിഭാഷാ നയത്തിനെതിരേ പ്രതിഷേധിക്കുന്ന തമിഴ്നാട്ടിലെ ഡിഎംകെ സർക്കാർ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കുന്നുവെന്നായിരുന്നു യോഗിയുടെ പ്രസ്താവന.
"മണ്ഡല പുനർനിർണയം, ഭാഷാനയം എന്നിവയെക്കുറിച്ച് തമിഴ്നാട് ഉയർത്തുന്ന ശബ്ദം രാജ്യമാകെ അലയടിക്കുന്നതിൽ ബിജെപി ആശങ്കാകുലരാണ്.
വെറുപ്പിനെക്കുറിച്ച് യോഗി തമിഴ്നാടിനെ പഠിപ്പിക്കുന്നത് വിരോധാഭാസവും അങ്ങേയറ്റത്തെ ബ്ലാക്ക് കോമഡിയുമാണ്. ഞങ്ങൾ ഒരു ഭാഷയ്ക്കും എതിരല്ലെന്നും സ്റ്റാലിൻ എക്സിൽ കുറിച്ചു.
കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം
ന്യൂഡൽഹി: നാലുവയസുള്ള പെണ്കുട്ടിയെ പീഡിപ്പിച്ച കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അറസ്റ്റ് ചെയ്താലും ജാമ്യത്തിൽ വിടണമെന്ന് കോടതി നിർദേശിച്ചു.
അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്പോൾ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥ ലംഘിച്ചാൽ ജാമ്യം റദ്ദാക്കാൻ പോലീസിന് ഇടപെടാമെന്നും കോടതി വ്യക്തമാക്കി.
2024 ജൂണിലാണ് പോക്സോ കേസ് ചുമത്തി ജയചന്ദ്രനെതിരേ കോഴിക്കോട് കസബ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തനിക്കെതിരേയുള്ള ആരോപണത്തിനുപിന്നിൽ കുടുംബ പ്രശ്നമാണെന്നാണു ജയചന്ദ്രന്റെ വാദം.
എന്നാൽ സൈക്കോളജിസ്റ്റിനോടും മജിസ്ട്രേറ്റിനോടും കുട്ടി ലൈംഗിക അതിക്രമം നേരിട്ടതായി മൊഴി നൽകിയിരുന്നു. മെഡിക്കൽ പരിശോധനയിൽ പീഡനം സംശയിക്കുന്ന പരിക്ക് കണ്ടെത്തുകയും ചെയ്തിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തത്.
ഔദ്യോഗിക വസതിയിൽ നോട്ടുകെട്ടുകൾ; ജസ്റ്റീസ് വർമയ്ക്കെതിരേ നടപടി ആവശ്യപ്പെട്ട് ബാർ അസോസിയേഷനുകൾ
ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റീസ് യശ്വന്ത് വർമയ്ക്കെതിരേ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്ന് വിവിധ സംസ്ഥാനങ്ങളിലെ ബാർ അസോസിയേഷനുകൾ.
ജഡ്ജിയെ അലഹബാദ് ഹൈക്കോടതിയിലേക്കു മാറ്റാനുള്ള സുപ്രീംകോടതി കൊളീജിയത്തിന്റെ ശിപാർശ പിൻവലിക്കണമെന്നും ബാർ അസോസിയേഷൻ പ്രതിനിധികൾ ഇന്നലെ സുപ്രീംകോടതിയിൽ നടന്ന കൂടിക്കാഴ്ചയിൽ ചീഫ് ജസ്റ്റീസിനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച മെമ്മോറാണ്ടവും കൈമാറി.
അലഹബാദ്, ഗുജറാത്ത്, കേരളം, ജബൽപുർ, കർണാടക, ലക്നോ ഹൈക്കോടതികളിലെ ബാർ അസോസിയേഷനുകളുടെ പ്രതിനിധികളാണ് സുപ്രീംകോടതി ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തിയത്. മൊമ്മോറാണ്ടം ചർച്ച ചെയ്യുമെന്നും ആവശ്യം പരിഗണിക്കുമെന്നും ചീഫ് ജസ്റ്റീസ് ഉറപ്പ് നൽകിയതായും അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് അനിൽ തിവാരി വ്യക്തമാക്കി.
നിലവിൽ ജസ്റ്റീസ് വർമയുടെ സ്ഥലംമാറ്റത്തിൽ അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ അനിശ്ചിതകാല സമരം നടത്തിവരികയാണ്. ഇതിൽ പുനഃപരിശോധന നടത്തുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം അനിൽ തിവാരി പറഞ്ഞു.
ഇത്തരം കുറ്റകൃത്യങ്ങളിൽ മറ്റുള്ളവരുടെ പങ്കാളിത്തം ഉണ്ടാകും. അതിനാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണം. ഇതോടൊപ്പം ജസ്റ്റീസിനെ എല്ലാ ഔദ്യോഗിക ഉത്തവാദിത്വത്തിൽനിന്നും മാറ്റി നിർത്തണമെന്നുമാണ് മെമ്മോറാണ്ടത്തിലെ ആവശ്യം. ജസ്റ്റീസ് വർമയ്ക്കെതിരേ ഹൈക്കോടതി ചീഫ് ജസ്റ്റീസ് സമർപ്പിച്ച റിപ്പോർട്ട് സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയതിനെ ബാർ അസോസിയേഷനുകൾ അഭിനന്ദിച്ചു.
അതേസമയം, കോണ്ഗ്രസ് എംപി മനീഷ് തിവാരിയും തൃണമൂൽ കോണ്ഗ്രസ് എംപി കല്യാണ് ബാനർജിയും ജഡ്ജിക്കെതിരായ വിഷയം ഇന്നലെ പാർലമെന്റിൽ ഉന്നയിച്ചു. വിഷയത്തിൽ കേന്ദ്ര നിയമമന്ത്രി സഭയിലെത്തി മറുപടി നൽകണമെന്ന് മനീഷ് തിവാരി ആവശ്യപ്പെട്ടു.
ജസ്റ്റീസിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജിയും നിലനിൽക്കുന്നുണ്ട്.
വന്യജീവി പ്രശ്നത്തിൽ രാഷ്ട്രീയ വ്യത്യാസമില്ല: ഇടത്, വലത് എംപിമാർ
ന്യൂഡൽഹി: വന്യജീവി ആക്രമണങ്ങളിൽനിന്നു ജനങ്ങളെ സംരക്ഷിക്കുന്നത് അടക്കമുള്ള ജനകീയ പ്രശ്നങ്ങളിൽ രാഷ്ട്രീയഭേദമില്ലെന്ന് ഇടത്, വലത് എംപിമാർ.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവുമായി കൂടിക്കാഴ്ചയ്ക്കെത്തിയ ജോസ് കെ. മാണി എംപിയുടെ നേതൃത്വത്തിലുള്ള കേരള കോണ്ഗ്രസ്-എം നേതാക്കളോടൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്താണു മുതിർന്ന കോണ്ഗ്രസ് നേതാവ് ആന്റോ ആന്റണി എംപിയും കേരള കോണ്ഗ്രസ് നേതാവ് കെ. ഫ്രാൻസിസ് ജോർജ് എംപിയും ഇക്കാര്യം വ്യക്തമാക്കിയത്.
ഇവർക്കുപുറമെ, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എംഎൽഎമാരായ ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രമോദ് നാരായാണൻ എന്നിവരും ഏറെനേരം കുശലം പറയുകയും ഒരുമിച്ച് ഫോട്ടോയെടുക്കുകയും ചെയ്തു.
രാജസ്ഥാൻ ഉപമുഖ്യമന്ത്രിക്കു വധഭീഷണി; പ്രതികൾ പിടിയിൽ
ജയ്പുര്: രാജസ്ഥാന് ഉപമുഖ്യമന്ത്രി പ്രേം ചന്ദ് ബൈര്വയെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയ കേസില് മൂന്നു പേര് അറസ്റ്റില്.
ജയ്പുര് സെന്ട്രല് ജയിലില്നിന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് കണ്ട്രോള് റൂമിലേക്കു വിളിച്ച മൊബൈല് ഫോണുകൾ സെന്ട്രല് ജയിലില്നിന്നു കണ്ടെത്തി.
ബുധനാഴ്ച വൈകുന്നേരമാണു പോലീസ് കണ്ട്രോള് റൂമിലേക്കു ഭീഷണിസന്ദേശമെത്തിയത്.ജയിലില്നിന്നു മൊബൈല് ഫോണുകൾ കണ്ടെത്തിയതോടെ ഫോണുകളും സിം കാര്ഡുകളും ജയിലിലേക്ക് എത്തുന്നുണ്ടെന്നു ഡിജിപി ഉത്കല് രഞ്ജന് സാഹു സമ്മതിച്ചു. ജയിലുകളില് ഹൈടെക് ജാമര് സംവിധാനം സ്ഥാപിക്കുമെന്നും ഡിജിപി പറഞ്ഞു.
ആദിത്യ താക്കറെയ്ക്കെതിരേ കേസെടുക്കണമെന്ന പരാതി; ദിശ സാലിയാന്റെ പിതാവ് പോലീസ് ജോയിന്റ് കമ്മീഷണറെ കണ്ടു
മുംബൈ: ജീവനൊടുക്കിയ ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മാനേജർ ദിശ സാലിയാന്റെ പിതാവ് സതീഷ് സാലിയൻ ഇന്നലെ മുംബൈ പോലീസ് ജോയിന്റ് കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തി. അഭിഭാഷകർക്കൊപ്പമായിരുന്നു സതീഷ് എത്തിയത്.
ദിശയുടെ മരണത്തിൽ ശിവസേന നേതാവ് ആദിത്യ താക്കറെയ്ക്കെതിരേ കേസെടുക്കണമെന്ന പരാതിയിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു സതീഷ് സാലിയാൻ ജോയിന്റ് കമ്മീഷണറെ സമീപിച്ചത്.
തന്റെ മകളുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് സതീഷ് സാലിയാൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ദിശയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണു സതീഷ് ആരോപിക്കുന്നത്.
കേസിൽ ഉന്നതരെ രക്ഷിക്കാൻ ശ്രമമുണ്ടായെന്നും ആരോപണമുണ്ട്. അതേസമയം, തനിക്കെതിരേയുള്ള ആരോപണങ്ങൾ കോടതിയിൽ നേരിടുമെന്ന് മുൻ മഹാരാഷ്ട്ര മന്ത്രികൂടിയായ ആദിത്യ താക്കറെ പറഞ്ഞു. സതീഷ് സാലിയാനെ നാർക്കോ ടെസ്റ്റിനു വിധേയമാക്കണമെന്ന് ശിവസേന(ഉദ്ധവ്) എംപി അരവിന്ദ് സാവന്ത് ആവശ്യപ്പെട്ടു.
2020 ജൂൺ എട്ടിനാണ് പാർപ്പിടസമുച്ചയത്തിന്റെ 14-ാം നിലയിൽനിന്നു വീണ് ദിശ സാലിയാൻ (28) മരിച്ചത്. 2020 ജൂൺ 14നാണ് സുശാന്ത് സിംഗ് ബാന്ദ്രയിലെ അപ്പാർട്ട്മെന്റിൽ ജീവനൊടുക്കിയത്.
വന്യമൃഗ ശല്യം: കേരള കോൺഗ്രസ്-എം പാർലമെന്റ് മാർച്ച് നടത്തി
ന്യൂഡൽഹി: വന്യമൃഗത്തെ ഉപകരണമായി ഉപയോഗിച്ച് കർഷകരെ കുടിയൊഴിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന് കേരള കോണ്ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി. വന്യമൃഗങ്ങൾ എപ്പോൾ വേണമെങ്കിലും വന്ന് ആക്രമിക്കാമെന്ന ഭീതിയിലാണുകർഷകരെന്നും അവരുടെ മക്കൾക്ക് സ്കൂളുകളിൽപ്പോലും പോകാൻ ഭയമാണെന്നും എംപി പറഞ്ഞു.
1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമവും വന്യജീവി ആക്രമണങ്ങൾ തടയുന്നതിന് ദേശീയ ദുരന്തനിവാരണ നിയമവും ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കേരള കോണ്ഗ്രസ്-എം ന്യൂഡൽഹി ജന്തർ മന്ദറിൽ നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിന്റെ കണ്ണ് തുറപ്പിക്കുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും എംപി വ്യക്തമാക്കി.
മുൻ എംപി തോമസ് ചാഴികാടന്റെ അധ്യക്ഷതയിൽ നടന്ന ധർണയ്ക്ക് എൽഡിഎഫ് എംപിമാരായ കെ. രാധാകൃഷ്ണൻ, പി. സന്തോഷ് കുമാർ, ജോണ് ബ്രിട്ടാസ്, എ.എ. റഹീം, പി.പി. സുനീർ എന്നിവർ ഐക്യദാർഢ്യം അറിയിച്ചു.
ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ, മുൻ എംഎൽഎമാരായ സ്റ്റീഫൻ ജോർജ്, ജോണി നെല്ലൂർ, നേതാക്കളായ റെജി കുന്നങ്കോട്, ജോസ് പുത്തൻകാല, സിറിയക് ചാഴികാടൻ, ബ്രൈറ്റ് വട്ടനിരപ്പേൽ എന്നിവർ പ്രസംഗിച്ചു.
ബേബി ഉഴുത്തുവാൽ, ജോർജ്കുട്ടി ആഗസ്തി, മുഹമ്മദ് ഇക്ബാൽ, സാജൻ തൊടുകയിൽ, ജോസ് പാലത്തിനാൽ, സജി അലക്സ്, രാരിച്ചൻ നീറണാക്കുന്നേൽ, തോമസ്കുട്ടി വട്ടക്കാട്ട്, മാത്യൂസ് കെ. ലൂക്കോസ്, ജോസ് പാറേക്കാട്ട്, സുമേഷ് ആൻഡ്രൂസ്, ടോബിൻ കെ. അലക്സ്, മാത്യു ലൂക്ക്, സഹായദാസ് നാടാർ, വഴുതാനത്ത് ബാലചന്ദ്രൻ, ടി.എം. ജോസഫ്, ബെന്നി കക്കാട്, ജെന്നിംഗ്സ് ജേക്കബ്, വി.ടി. ജോസഫ്, കെ. കുശലകുമാർ, സജി സെബാസ്റ്റ്യൻ, ചെറിയാൻ പോളച്ചിറക്കൽ, ജോയി കൊന്നക്കൽ, സജി ജോസഫ്, ബാബു ജോസഫ്, ടോമി ജോസഫ്, സജി കുറ്റ്യാനിമറ്റം, ടോമി കെ. തോമസ്, ഉഷാലയം ശിവരാജൻ, ജോമോൻ വരന്പേൽ, ഡൊമിനിക് ജോസഫ്, ഷാജി ഓട്ടപ്പള്ളിൽ, ടെഡി എം.തോമസ്, ഉണ്ണിക്കൃഷ്ണൻ ഈച്ചേരത്ത്, പി.എം. തോമസ് തുടങ്ങിയ മുതിർന്ന നേതാക്കൾ പാർലമെന്റ് മാർച്ചിനും ധർണയ്ക്കും നേതൃത്വം നൽകി.
ഡോ. റോയി കള്ളിവയലിൽ ലോകാരോഗ്യസംഘടന പ്രതിനിധി
ന്യൂഡൽഹി: ലോകാരോഗ്യ സംഘടനയുടെ ദക്ഷിണേഷ്യൻ പ്രതിനിധിയായി ഡോ. റോയി ഏബ്രഹാം കള്ളിവയലിൽ നിയമിക്കപ്പെട്ടു. ലോക മാനസികാരോഗ്യ ഫെഡറേഷൻ (ഡബ്ല്യുഎഫ്എംഎച്ച്) വൈസ് പ്രസിഡന്റാണ്.
തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലും പാലാ മാർ സ്ലീവാ മെഡിസിറ്റിയിലും സൈക്യാട്രി വിഭാഗം പ്രഫസറാണ് പാലാ സ്വദേശിയായ ഡോ. റോയ്.
വിധി വിധിപോലെ; തത്വചിന്തകനായി സ്റ്റൈൽമാൻ സൽമാൻ ഖാൻ
മുംബൈ: ലോറൻസ് ബിഷ്ണോയി സംഘത്തിൽനിന്നുള്ള വധഭീഷണിയെ തത്വചിന്താപരമായി നേരിട്ട് ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാൻ. ജീവിതം എന്താണോ വിധിക്കുന്നത് അത് സംഭവിക്കുമെന്ന് സൽമാൻ പറഞ്ഞു.
ദൈവത്തിന്റെ ഇഷ്ടമാണ്. ജീവിതം എന്താണോ വിധിക്കുന്നത് അത് സംഭവിക്കും. അത്ര തന്നെ- സൽമാൻ തത്വചിന്തകനായി. സുരക്ഷാക്രമീകരണങ്ങൾ തന്റെ ദൈനംദിന ജീവിതത്തെ ബാധിച്ചിട്ടുണ്ടെന്നും ബോളിവുഡ് സ്റ്റൈൽമാൻ കൂട്ടിച്ചേർത്തു.
ഞായറാഴ്ച റിലീസ് ചെയ്യുന്ന തന്റെ ‘സിക്കന്ദർ’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018ൽ ലോറൻസ് ബിഷ്ണോയി സൽമാനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു.
കഴിഞ്ഞ വർഷം ഏപ്രിലിൽ ബിഷ്ണോയി സംഘത്തിൽപ്പെട്ടവർ സൽമാന്റെ ബാന്ദ്രയിലെ വസതിക്കു നേരേ വെടിയുതിർത്തിരുന്നു. ഇതിനുശേഷം, വീടിന്റെ ബാൽക്കണിയിൽ ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളും റോഡിൽ നിരീക്ഷണത്തിനായി സിസിടിവി കാമറകളും സ്ഥാപിച്ച് സുരക്ഷ വർധിപ്പിച്ചു.
സൽമാന്റെ അടുത്ത സുഹൃത്തായി അറിയപ്പെടുന്ന ബാബ സിദ്ദിഖിയുടെ കൊലപാതകത്തെത്തുടർന്ന് നടന്റെ സുരക്ഷ കൂടുതൽ കർശനമാക്കി.
വഖഫ് ഭേദഗതിക്കെതിരേ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
ചെന്നൈ: കേന്ദ്ര സർക്കാരിന്റെ വഖഫ് ഭേദഗതി ബില്ലിനെതിരേ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി. മുസ്ലിം വിഭാഗത്തിന്റെ വിശ്വാസകാര്യങ്ങളിൽ കൈകടത്തുന്നതാണ് ബില്ലിലെ വ്യവസ്ഥകളെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു.
മതസ്വാതന്ത്ര്യം ഹനിക്കുന്നതും ന്യൂനപക്ഷങ്ങളുടെ ഭരണഘടനാവകാശങ്ങളുടെ മേൽ കടന്നുകയറുന്ന നീക്കവുമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടപടിയിൽ പ്രതിഷേധിച്ച് ബിജെപി അംഗങ്ങൾ സഭയിൽ നിന്നിറങ്ങിപ്പോയി. എന്നാൽ, ബിജെപി ഘടക കക്ഷിയായ അണ്ണാഡിഎംകെ ഉൾപ്പെടെയുള്ള മറ്റ് പാർട്ടികളെല്ലാംതന്നെ പ്രമേയത്തെ അനുകൂലിച്ചു.
സംയുക്ത പാർലമെന്ററി സമിതിയിൽ അംഗങ്ങളായിരുന്ന രണ്ടു ഡിഎംകെ അംഗങ്ങളെ സംസാരിക്കാൻ അനുവദിക്കുകയോ അവരുടെ വാദങ്ങൾ പരിശോധിക്കുകയോ ചെയ്തില്ലെന്നും സ്റ്റാലിൻ പറഞ്ഞു.
ബിജെപി നേതാവിന്റെ വസതിക്കു സമീപം ബോംബേറും വെടിവയ്പും
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഭട്പാരയിൽ ബിജെപി നേതാവും മുൻ എംപിയുമായ അർജുൻ സിംഗിന്റെ വസതിക്ക് പുറത്ത് അജ്ഞാത സംഘത്തിന്റെ ബോംബേറും വെടിവയ്പും.
ബുധനാഴ്ച വൈകുന്നേരമുണ്ടായ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമത്തിനു പിന്നിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) കൗൺസിലർ സുനിത സിംഗിന്റെ മകൻ നമിത് സിംഗാണെന്ന് അർജുൻ സിംഗ് ആരോപിച്ചു.
എന്നാൽ, പ്രദേശത്തെ മേഘ്ന ജൂട്ട് മില്ലിൽ തൊഴിലാളികൾ തമ്മിലുള്ള തർക്കത്തെത്തുടർന്നാണ് അക്രമമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
കർണാടകയിൽ പാൽ വില ലിറ്ററിന് നാല് രൂപ കൂടും
ബംഗളൂരു: കർണാടകയിൽ പാൽ വില ലിറ്ററിന് നാല് രൂപ വർധിപ്പിക്കാൻ തീരുമാനം. ഏപ്രിൽ ഒന്നിന് പുതിയ വില പ്രാബല്യത്തിൽ വരുമെന്ന് സഹകരണ മന്ത്രി കെ.എൻ. രാജണ്ണ അറിയിച്ചു.
കർഷകരും പാൽ സംരംഭകരും പാൽ വില ലിറ്ററിന് അഞ്ച് രൂപ വര്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. തുടർന്ന് ഇന്നലെ നടന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ വില നാലു രൂപ കൂട്ടാൻ തീരുമാനിക്കുകയായിരുന്നു.
നേരത്തേ, പാൽ വില വർധനയുടെ ആവശ്യകത കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) ചെയർമാൻ ഭീമ നായ്ക്ക് ചൂണ്ടിക്കാട്ടിയിരുന്നു.
കർണാടകയിൽ വിതരണം ചെയ്യുന്ന നന്ദിനി പാലിന്റെ വില അവസാനമായി പരിഷ്കരിച്ചത് 2024 ജൂണിലാണ്. ലിറ്ററിന് രണ്ടു രൂപയാണ് അന്ന് കൂട്ടിയത്.
അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവിന് സുപ്രീംകോടതി സ്റ്റേ
ന്യൂഡൽഹി: സ്ത്രീകളുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും പീഡനക്കുറ്റമോ അതിനുള്ള ശ്രമമോ ആകുന്നില്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ.
ഹൈക്കോടതി ജഡ്ജിയുടെ ഭാഗത്തുനിന്നുള്ള സംവേദനക്ഷമതയില്ലായ്മയാണ് ഉത്തരവിൽ പ്രകടമാകുന്നതെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് വിവാദ ഉത്തരവ് സ്റ്റേ ചെയ്തത്.
നേരത്തെ "വീ ദ വിമൻ ഓഫ് ഇന്ത്യ’ എന്ന സംഘടന ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കാൻ സുപ്രീംകോടതിയിലെതന്നെ ജഡ്ജിമാരായ ബേല എം. ത്രിവേദി, പി.ബി. വരാലെ എന്നിവരുടെ ബെഞ്ച് വിസമ്മതിച്ചിരുന്നു. ഇതിനു പിന്നാലെ വിവാദ ഉത്തരവിനെതിരേ സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
വാദം കേട്ടു നാല് മാസത്തിനു ശേഷമാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിലെ 21, 24, 26 എന്നീ ഖണ്ഡികകൾ നിയമത്തിന് തുരങ്കം വയ്ക്കുന്നതും മനുഷ്യത്വരഹിതവുമാണ്. ഹൈക്കോടതി ജഡ്ജിയുടെ ഭാഗത്തുനിന്ന് തികഞ്ഞ അശ്രദ്ധയാണ് സംഭവിച്ചിരിക്കുന്നത്.
സമൻസ് അയയ്ക്കുന്ന ഘട്ടത്തിലേക്കുവരെ വിഷയം എത്തിച്ചുവെന്നും വാദത്തിനിടയിൽ ജസ്റ്റീസ് ഗവായ് പറഞ്ഞു. സോളിസിറ്റർ ജനറൽ തുഷാർ മേത്തയും സുപ്രീംകോടതിയുടെ അഭിപ്രായത്തോട് യോജിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റീസ് വിഷയത്തിൽ ചില നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തുടർന്ന് വിഷയത്തിൽ കേന്ദ്രസർക്കാരിൽനിന്നും ഉത്തർപ്രദേശ് സർക്കാരിൽനിന്നും പ്രതികരണം തേടിയ കോടതി വിഷയത്തിൽ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത എന്നിവരുടെ സഹായം തേടുകയും ചെയ്തു.
ഹൈക്കോടതി ഉത്തരവിനെതിരേ ഇരയായ കുട്ടിയുടെ അമ്മ നൽകിയ അപ്പീൽ സുപ്രീംകോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിനൊപ്പം പരിഗണിക്കും. ബന്ധുവീട്ടിലേക്ക് പോകുകയായിരുന്ന അമ്മയെയും 14 വയസുള്ള മകളെയും വഴിയിൽ വച്ച് ആക്രമിച്ചതിനെതിരേ സമർപ്പിച്ച പരാതിയിലായിരുന്നു പ്രതികൾക്ക് അനുകൂലമായി ജസ്റ്റീസ് റാം മനോഹർ നാരായണ് മിശ്ര വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.
ഓണ്ലൈൻ ഗെയിം; 1410 വെബ്സൈറ്റുകൾ റദ്ദാക്കിയതായി കേന്ദ്രം
ന്യൂഡൽഹി: ഓണ്ലൈൻ ഗെയിമുകളുടെ അപകടങ്ങൾ കണക്കിലെടുത്ത് 1410 ഗെയിമിംഗ് വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്തതായി കേന്ദ്രസർക്കാർ.
ഓണ്ലൈൻ ഗെയിമിംഗും വാതുവയ്പും സംസ്ഥാന പട്ടികയിൽ ഉൾപ്പെടുന്നതിനാൽ സംസ്ഥാന നിയമസഭയ്ക്കു മാത്രമേ ഇവ നിരോധിക്കുന്നതിനോ നിയന്ത്രണം ഏർപ്പെടുത്തുന്നതിനോ സാധിക്കുവെന്നും കേന്ദ്ര വിവരസാങ്കേതിക മന്ത്രി അശ്വനി വൈഷ്ണവ് ലോക്സഭയിൽ വ്യക്തമാക്കി.
ഭരണഘടനപ്രകാരം വാതുവയ്പും ചൂതാട്ടവും സംസ്ഥാന ലിസ്റ്റിലെ 34-ാം എൻട്രിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവ നിരോധിക്കുന്നതിനും എന്തെങ്കിലും നിയമനിർമാണം നടത്തുന്നതിനും സംസ്ഥാനങ്ങൾക്കു മാത്രമേ അധികാരമുള്ളൂ.
ചില സംസ്ഥാനങ്ങൾ അതിനായി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിഷയത്തിൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 112 പ്രകാരം നടപടിയെടുക്കാൻ സാധിക്കും.
വിദ്യാർഥികളുടെ ഭാവി തകർക്കുന്ന തരത്തിലുള്ള ഗെയിമിംഗിന്റെ അപകടങ്ങളെക്കുറിച്ച് വിദ്യാഭ്യാസമന്ത്രാലയവും വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും ഉപദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള എംപിമാർ ലോക്സഭയിലെ ചോദ്യോത്തര വേളയിലാണു വിഷയം അവതരിപ്പിച്ചത്.
നേരിട്ടുള്ള വിമാന സർവീസുകൾ: ചർച്ചയിലേക്ക് ഇന്ത്യയും ചൈനയും
ന്യൂഡൽഹി: നേരിട്ടുള്ള വിമാനസർവീസുകൾ പുനരാരംഭിക്കതിനെക്കുറിച്ചുള്ള ചർച്ചയിലേക്ക് കടന്ന് ഇന്ത്യയും ചൈനയും. അതിർത്തി തർക്കങ്ങൾ ഫലപ്രദമായി പരിഹരിക്കുന്നതിനുള്ള നയതന്ത്ര-സൈനികതല ധാരണയ്ക്കു പിന്നാലെയാണിത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രസൗഹൃദത്തിന്റെ എഴുപത്തിയഞ്ചാം വാർഷാഘോഷങ്ങളുടെ ഭാഗമായാണ് പുതിയ മേഖലകളിലേക്കു സഹകരണം വർധിപ്പിക്കുന്നിനുള്ള ആലോചനകൾ.
അതിർത്തി കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള സമിതിയായ ഡബ്ലിയുഎംസിസിയുടെ 33ാം യോഗം ഇന്നലെ ബെയ്ജിംഗിൽ നടന്നു. ബുധനാഴ്ച ഇരുരാജ്യങ്ങളിലേയും വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയും ഉണ്ടായിരുന്നു.
മുസ്ലിംകൾക്കിടയിൽ ഹിന്ദുക്കൾ സുരക്ഷിതരല്ലെന്ന് യുപി മുഖ്യമന്ത്രി
ലക്നോ: വീണ്ടും വർഗീയ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്ലിംകൾക്കിടയിൽ ഹിന്ദുക്കൾ സുരക്ഷിതരല്ലെന്ന് അദ്ദേഹം പറഞ്ഞു.
നൂറു ഹിന്ദു കുടുംബങ്ങൾക്കിടയിൽ ഒരു മുസ്ലിം കുടുംബം സുരക്ഷിതമായിരിക്കും. എന്നാൽ, മറിച്ച് 100 മുസ്ലിം കുടുംബങ്ങൾ പാർക്കുന്ന സ്ഥലത്ത് 50 ഹിന്ദുക്കൾ സുരക്ഷിതരായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എഎൻഐക്കു നൽകിയ പോഡ്കാസ്റ്റിലായിരുന്നു യോഗിയുടെ വർഗീയ പരാമർശം. ഉത്തർപ്രദേശിൽ മുസ്ലിംകൾ സുരക്ഷിതരാണ്. ഹിന്ദുക്കൾ സുരക്ഷിതരാണെങ്കിൽ അവരും സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.
വിമത എംഎൽഎ യാത്നലിനെ ബിജെപിയിൽനിന്നു പുറത്താക്കി
ബംഗളൂരു: കർണാടകയിലെ വിമത ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യാത്നലിലെ പാർട്ടിയിൽനിന്ന് ആറു വർഷത്തേക്കു പുറത്താക്കി.
മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെയും മകൻ ബി.വൈ വിജയേന്ദ്രയുടെയും കടുത്ത വിമർശകനാണ് യാത്നൽ. മക്കൾരാഷ്ട്രീയത്തിനും അഴിമതിക്കും എതിരേ സംസാരിച്ചതിനാണു തന്നെ പുറത്താക്കിയതെന്ന് യാത്നൽ പ്രതികരിച്ചു. വിജയപുര എംഎൽഎയാണ് ഇദ്ദേഹം.
ലോക്സഭയിൽ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് രാഹുൽ
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അനുമതി നിഷേധിച്ച സ്പീക്കർ ഓം ബിർളയുടെ നടപടിക്കെതിരേ കോണ്ഗ്രസ് എംപിമാർ സ്പീക്കറെ നേരിൽക്കണ്ടു പരാതി നൽകി.
പ്രധാന വിഷയങ്ങളിൽപ്പോലും സംസാരിക്കാൻ അനുവദിച്ചില്ലെന്നും ജനാധിപത്യവിരുദ്ധമായാണു സഭ നടത്തുന്നതെന്നും രാഹുൽ പാർലമെന്റിനു പുറത്തിറങ്ങി പിന്നീട് തുറന്നടിച്ചു.
ലോക്സഭയിൽ ഇന്നലെ രാഹുൽ സംസാരിക്കാനായി എഴുന്നേറ്റപ്പോൾ അനുവദിക്കാതെ സഭ പിരിയുന്നതായി സ്പീക്കർ പ്രഖ്യാപിച്ചതാണു വിവാദമായത്. പ്രതിപക്ഷ നേതാവ് നിയമങ്ങൾക്കനുസൃതമായി പെരുമാറണമെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം.
അംഗങ്ങൾ പാലിക്കേണ്ട നിയമങ്ങൾ കൈകാര്യം ചെയ്യുന്ന ചട്ടം 349 അനുസരിച്ച് പ്രതിപക്ഷ നേതാവ് പെരുമാറണം. സഭയുടെ ഉയർന്ന നിലവാരവും അന്തസും നിലനിർത്തുന്ന രീതിയിലാകണം അംഗങ്ങൾ പെരുമാറേണ്ടതെന്നും ബിർള പറഞ്ഞു.
എന്നാൽ, സഭയുടെ അന്തസിന് കോട്ടം തട്ടുന്ന ഒരു ചെറിയ നടപടി പോലും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും ഏഴെട്ടു ദിവസമായി ലോക്സഭയിൽ സംസാരിക്കാൻ തന്നെ അനുവദിക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു.
എന്താണു സംഭവിക്കുന്നതെന്ന് അറിയില്ല. സംസാരിക്കാൻ അനുവദിക്കണമെന്നു സ്പീക്കറോട് അഭ്യർഥിച്ചു. പക്ഷേ എന്നെ സംസാരിക്കാൻ അനുവദിച്ചില്ല. അദ്ദേഹം ഓടിപ്പോയി.
സഭ നടത്താനുള്ള വഴിയല്ല ഇത്. ജനാധിപത്യ മാനദണ്ഡങ്ങൾക്ക് അനുസൃതമായിട്ടല്ല സഭ നടത്തുന്നത്- പാർലമെന്റിനുപുറത്ത് രാഹുൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തെറ്റായതൊന്നും താൻ ചെയ്തിട്ടില്ലെന്നും നിശബ്ദമായി ഇരിക്കുകയായിരുന്നുവെന്നും രാഹുൽ ചൂണ്ടിക്കാട്ടി. എന്നിട്ടും താൻ എഴുന്നേൽക്കുന്പോഴെല്ലാം സംസാരിക്കുന്നതിൽനിന്നു തന്നെ തടയുന്നു.
ജനാധിപത്യഘടന അനുസരിച്ച് പ്രതിപക്ഷനേതാവിനു സംസാരിക്കാൻ അവസരം ലഭിക്കണം. പക്ഷേ അവർ അനുവദിക്കില്ല. ഇതാണ് പുതിയ ഇന്ത്യ. ഇവിടെ ജനാധിപത്യത്തിന് സ്ഥാനമില്ല- അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവിനുപോലും സംസാരിക്കാൻ അനുമതി നിഷേധിക്കുന്നതും അനാവശ്യമായി ശകാരിക്കുന്നതും ജനാധിപത്യവിരുദ്ധവും പാർലമെന്ററി ചട്ടങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും ലംഘനമാണെന്ന് കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ എഴുപതിലേറെ കോണ്ഗ്രസ് എംപിമാർ പിന്നീട് സ്പീക്കർ ഓം ബിർളയെ കണ്ടു പരാതിപ്പെട്ടു.
കോണ്ഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ്, വിപ്പ് മാണിക്കം ടാഗോർ, കേരള എംപിമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു. സ്കൂൾ ഹെഡ്മാസ്റ്ററുടെ രീതിയിലായിരുന്നു സ്പീക്കറുടെ പെരുമാറ്റമെന്ന് കോണ്ഗ്രസ് എംപി കാർത്തി ചിദംബരം പറഞ്ഞു.
പുതിയ പാന്പൻ പാലം ഏപ്രിൽ ആറിന് പ്രധാനമന്ത്രി നാടിനു സമർപ്പിക്കും
ചെന്നൈ: രാമേശ്വരം ദ്വീപിനെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ചരിത്രപ്രസിദ്ധമായ പാന്പൻ പാലം അടുത്തമാസം ആറിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
രാമനവമി ആഘോഷങ്ങളുടെ ഭാഗമായി രാമേശ്വരത്തെ അതിപുരാതനമായ രാമനാഥസ്വാമി ക്ഷേത്രത്തിൽ എത്തുന്ന പ്രധാനമന്ത്രി പുതിയ പാലത്തിന്റെ ഉദ്ഘാടനവും നിർമിക്കുമെന്ന് സതേൺ റെയിൽവേ മാനേജർ ആർ.എൻ. സിംഗ് അറിയിച്ചു.
പുതിയ പാലത്തിന്റെ സുരക്ഷാപരിശോധന ഉൾപ്പെടെ പുരോഗമിക്കുകയാണ്. രാമേശ്വരം റെയിൽവേ സ്റ്റേഷന്റെ നവീകരണവും അതിദ്രുതം മുന്നേറുന്നതായും അദ്ദേഹം വ്യക്തമാക്കി.
തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള പാമ്പന് ദ്വീപിനെയും തീര്ഥാടനകേന്ദ്രമായ രാമേശ്വരത്തെയും ബന്ധിപ്പിക്കുന്നതാണ് പുതിയ റെയില്പ്പാലം. 1914ല് നിർമിച്ച ഉരുക്കുപാലത്തിന്റെ അറ്റകുറ്റപ്പണി അസാധ്യമായതോടെ പുതിയ പാലം നിർമിക്കുകയായിരുന്നു. സമുദ്രനിരപ്പില്നിന്ന് ആറ് മീറ്റര് ഉയരത്തിലുള്ള പുതിയ പാലത്തിന് 2.07 കിലോമീറ്ററാണ് ദൈര്ഘ്യം.
കപ്പലുകള്ക്ക് കടന്നുപോകാന് ഒരു ഭാഗം മുകളിലേക്ക് ഉയരുന്ന രീതിയിലാണു നിർമാണം. ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിച്ച് ഇതു തുറക്കാന് മൂന്നു മിനിറ്റും അടയ്ക്കാന് രണ്ടു മിനിറ്റും മതി.
പഴയ പാലത്തിലൂടെയുള്ള തീവണ്ടി ഗതാഗതം 2022 ഡിസംബറിൽ അവസാനിപ്പിച്ചിരുന്നു. അടുത്തമാസം ആദ്യം ദ്വിദിന സന്ദർശനത്തിനു പ്രധാനമന്ത്രി ശ്രീലങ്കയിലേക്കു പോകും. 4, 5 തീയതികളിൽ ലങ്കയിൽ തുടരുന്ന പ്രധാനമന്ത്രി പിറ്റേന്ന് കൊളംബോയിൽനിന്ന് പാന്പനിൽ എത്തും.
തമിഴ്നാട് ഗവർണർ ആർ.എൻ. രവി, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തുടങ്ങി പ്രമുഖർ പങ്കെടുക്കും. ഉദ്ഘാടനത്തിനുശേഷം മധുര വിമാനത്താവളത്തിൽനിന്ന് പ്രധാനമന്ത്രി ഡൽഹിയിലേക്കു തിരിക്കും.
കേന്ദ്ര ധനമന്ത്രി നിര്മലയെക്കുറിച്ചും പാരഡി ഗാനം
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്ഡെയെക്കുറിച്ചുള്ള ഹാസ്യഗാനത്തിന്റെ പേരിൽ വിവാദത്തിലായെങ്കിലും സാമൂഹ്യവിമർശനം അവസാനിപ്പിക്കാതെ സ്റ്റാന്ഡ് അപ്പ് കൊമേഡിയന് കുനാല് കമ്ര.
ഉപമുഖ്യമന്ത്രിയെ പരിഹസിച്ചുവെന്ന പരാതിയിൽ മുംബൈ പോലീസ് രണ്ടാമതും സമൻസ് അയച്ച അതേ ദിനത്തിൽ കേന്ദ്ര ധനമന്ത്രി നിര്മല സീതാരാമനെ വിമർശിക്കുന്ന ആക്ഷേപഗാനം കമ്ര യുട്യൂബില് പോസ്റ്റ് ചെയ്യുകയായിരുന്നു.
1987ല് പുറത്തിറങ്ങിയ സൂപ്പര് ഹിറ്റ് ചിത്രം മിസ്റ്റര് ഇന്ത്യയിലെ ഹവാ ഹവാ എന്ന ഗാനത്തിന്റെ പാരഡിയാണ് ജിഎസ്ടി പ്രശ്നത്തിൽ ധനമന്ത്രിയെ വിമർശിച്ച് തയാറാക്കിയത്.
ഒരു മാസം മുമ്പ് മുംബൈയിലെ ഹാബിറ്റാറ്റ് കോമഡി ക്ലബ്ബിൽ റിക്കാർഡ് ചെയ്ത പാട്ട് പോപ് കോണ് ഇമോജിയുടെ പശ്ചാത്തലത്തില് ബുധനാഴ്ച വീണ്ടും യുട്യൂബിൽ അപ്ലോഡ് ചെയ്യുകയായിരുന്നു.
മോസ്കിൽ ചാലിസ ചൊല്ലിയ ഹിന്ദു നേതാവിനെതിരേ കേസ്
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിൽ കന്റോൺമെന്റ് ഏരിയയിലുള്ള മോസ്കിനുള്ളിൽ കടന്ന് ഹനുമാൻ ചാലിസ ചൊല്ലിയ ഹിന്ദു നേതാവിനെതിരേ പോലീസ് കേസെടുത്തു.
അഖില ഭാരത ഹിന്ദു സുരക്ഷാ സൻസ്ഥാൻ സംഘടനയുടെ ദേശീയ പ്രസിഡന്റ് എന്ന് അവകാശപ്പെട്ട സച്ചിൻ സിരോഹിക്കും ഇയാളുടെ കൂട്ടാളികൾക്കും എതിരേയാണ്, സമൂഹത്തിൽ വിദ്വേഷം പരത്തിയെന്ന കുറ്റം ചുമത്തി കേസെടുത്തിട്ടുള്ളത്.
മോസ്ക് അനധികൃതമായി നിർമിച്ചതാണെന്ന് ആരോപിച്ചാണ് ഇയാൾ അതിക്രമിച്ചു കയറിയത്.
ബാഗേലിന്റെ വസതിയിൽ സിബിഐ റെയ്ഡ്
റായ്പുർ: ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലിന്റെ വസതിയിൽ സിബിഐ റെയ്ഡ്.
ബാഗേലുമായി ബന്ധപ്പെട്ട 60 ഇടങ്ങളിലാണ് സിബിഐ സംഘം റെയ്ഡ് നടത്തിയത്. ആറായിരം കോടി രൂപയുടെ മഹാദേവ് ബെറ്റിംഗ് ആപ്പ് കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.
ബാഗേലിന്റെ റായ്പുരിലെയും ഭിലായിലെയും വസതികളിലും അദ്ദേഹത്തിന്റെ അടുത്ത അനുയായിയായ മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീടുകളിലും പരിശോധന നടന്നതായി സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു. ബാഗേൽ ഇന്നലെ ഡൽഹിയിലേക്ക് പോകാനിരിക്കെയായിരുന്നു സിബിഐ റെയ്ഡ്.
ഇഡി മുൻ ഡയറക്ടർ പ്രധാനമന്ത്രിയുടെ സാന്പത്തിക ഉപദേശക സമിതിയിൽ
ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുൻ മേധാവി സഞ്ജയ് കുമാർ മിശ്രയെ പ്രധാനമന്ത്രിയുടെ സാന്പത്തിക ഉപദേശകസമിതിയിൽ സ്ഥിരാംഗമായി നിയമിച്ചു.
2018 ലാണ് ഉത്തർപ്രദേശ് സ്വദേശിയും 1984 ബാച്ച് ഇന്ത്യൻ റവന്യു സർവീസ് (ഐആർഎസ്) ഉദ്യോഗസ്ഥനുമായിരുന്ന മിശ്രയെ ഇഡി ഡയറക്ടറായി നിയമിച്ചത്. രണ്ടു വർഷത്തേക്കായിരുന്നു നിയമനം.
എങ്കിലും രണ്ടുതവണ കേന്ദ്രസർക്കാർ അദ്ദേഹത്തിന് കാലാവധി നീട്ടി നൽകി. മൂന്നാം തവണയും നീട്ടി നൽകാനുള്ള ശ്രമത്തിൽ സുപ്രീംകോടതി ഇടപെട്ടതോടെ 2023 സെപ്റ്റംബറിൽ അദ്ദേഹം ഇഡി ഡയറക്ടർ സ്ഥാനം ഒഴിഞ്ഞു. തുടർന്നാണ് അദ്ദേഹത്തെ പ്രധാനമന്ത്രിയുടെ സാന്പത്തിക ഉപദേശക സമിതിയിൽ സ്ഥിരാംഗമായി നിയമിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
ആന്ധ്രയിലെ പാസ്റ്ററുടെ ദുരൂഹ മരണം: സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി നായിഡു
അമരാവതി: ആന്ധ്രപ്രദേശിൽ പ്രമുഖ ക്രിസ്ത്യൻ പാസ്റ്റർ പ്രവീൺ പഗാദലയുടെ(45) ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു.
പ്രവീണിനെ ചൊവ്വാഴ്ച രാവിലെയാണു രാജമുന്ദ്രിക്കു സമീപം ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ചഗല്ലുവിലെ ക്രിസ്ത്യൻ കൺവൻഷനിൽ പങ്കെടുക്കാൻ ഇരുചക്രവാഹനത്തിൽ പോയ പ്രവീണിനെ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. വാഹനാപകടത്തിൽ പ്രവീൺ മരിച്ചുവെന്നായിരുന്നു ആദ്യ റിപ്പോർട്ട്. ഈസ്റ്റ് ഗോദാവരി ജില്ലാ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ആന്ധ്രയിലെ അറിയപ്പെടുന്ന ബൈബിൾ പ്രഭാഷകനായ പ്രവീൺ ഹൈദരാബാദിലാണ് താമസിച്ചിരുന്നത്.
ത്രിഭുവൻ സഹകാരി ബിൽ ലോക്സഭ പാസാക്കി
ന്യൂഡൽഹി: ഗുജറാത്തിലെ ആനന്ദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റ് (ഇർമ) ദേശീയ സർവകലാശാലയാക്കി മാറ്റാനുള്ള ത്രിഭുവൻ സഹകാരി ബിൽ കേന്ദ്രസർക്കാർ ലോക്സഭയിൽ പാസാക്കി.
ബിൽ പാസാക്കുന്നത് രാജ്യത്ത് സാമൂഹികമേഖലയിൽ ഒരു പുതിയ മാതൃക സൃഷ്ടിക്കുമെന്നും ഗ്രാമീണ സന്പദ്വ്യവസ്ഥ, സംരംഭകത്വം, കോർപറേറ്റ് നേതൃത്വം എന്നിവയ്ക്ക് ഉത്തേജനം പകരുമെന്നും ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്കു മറുപടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.
ബില്ല് പാസായതോടെ ഡോ. വർഗീസ് കുര്യന്റെ (അമൂൽ) നേതൃത്വത്തിൽ 1979ൽ സ്ഥാപിച്ച ‘ഇർമ’ ദേശീയ പ്രധാന്യമുള്ള സർവകലാശാലയായി മാറും. സഹകരണ സൊസൈറ്റികളിലേക്ക് യോഗ്യരായ ജോലിക്കാരെ സൃഷ്ടിക്കുകയെന്നതാണു സർവകലാശാലയുടെ മുഖ്യലക്ഷ്യം. സഹകരണവിദ്യാഭ്യാസത്തിന് ഏകീകൃതസ്വഭാവമോ ഗുണനിലവാര നിരീക്ഷണസംവിധാനമോ നിലവിലില്ല.
സമഗ്രവും ഏകീകൃത ഘടനയുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ത്രിഭുവൻ സഹകാരി സർവകലാശാലയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. സഹകരണമേഖലയിലെ ആദ്യത്തെ സ്പെഷലൈസ്ഡ് സർവകലാശാലയായിരിക്കും ഇത്.
എന്നാൽ നിയമത്തിനു കീഴിൽ സ്ഥാപിക്കുന്ന ഗവേഷണസ്ഥാപനത്തിന് രാജ്യത്തിന്റെ ധവളവിപ്ലവത്തിന് തുടക്കം കുറിച്ച ഡോ. വർഗീസ് കുര്യന്റെ പേരു നൽകണമെന്ന് ചർച്ചയിൽ പങ്കെടുത്തുകൊണ്ട് എം.കെ. പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു.
സംസ്ഥാന സഹകരണസംഘങ്ങളുടെ അധികാരത്തിലേക്ക് കടന്നുകയറുന്നതിനു മുന്നോടിയായുള്ള കേന്ദ്രത്തിന്റെ ആദ്യ ചുവടുവയ്പാണ് ത്രിഭുവൻ സഹകാരി സർവകലാശാല ബില്ലെന്ന് എം.കെ. രാഘവൻ എംപി ആരോപിച്ചു.
ഹൈക്കോടതി അഭിഭാഷകന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: പതിനാറു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയും കേരള ഹൈക്കോടതി അഭിഭാഷകനുമായ പത്തനംതിട്ട സ്വദേശി നൗഷാദിന് ഇടക്കാല സംരക്ഷണം അനുവദിച്ച് സുപ്രീംകോടതി.
കേസിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്നായിരുന്നു ജസ്റ്റീസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചിന്റെ നടപടി. കേസ് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നൗഷാദ് സുപ്രീംകോടതിയെ സമീപിച്ചത്.
കേസിൽ എതിർകക്ഷികളായ സംസ്ഥാന സർക്കാരിന് ഉൾപ്പെടെ നോട്ടീസ് അയച്ച കോടതി അഭിഭാഷകൻ അന്വേഷണവുമായി സഹകരിക്കണമെന്നും ചോദ്യം ചെയ്യലിനു ഹാജരാകണമെന്നും നിർദേശിച്ചു. ഹർജിയിൽ തീർപ്പാക്കുന്നതുവരെ അറസ്റ്റ് അടക്കം തുടർനടപടികൾ പാടില്ലെന്ന് കോടതി വ്യക്തമാക്കി.
മറാഠിയിൽ സംസാരിക്കാത്ത ജീവനക്കാരന് മർദനം
മുംബൈ: മറാഠി ഭാഷയിൽ സംസാരിക്കാത്തതിനു നഗരത്തിലെ സൂപ്പർമാർക്കറ്റിെല ജീവനക്കാരനെ മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) യുടെ പ്രവർത്തകർ മർദിച്ചു. അന്ധേരി വെസ്റ്റിലുള്ള ഡി-മാർട്ട് സ്റ്റോറിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.
എംഎൻഎസ് നേതാവ് സന്ദേശ് ദേശായിയുടെ നേതൃത്വത്തിൽ ഏതാനും പ്രവർത്തകർ കടയിലെത്തി ജീവനക്കാരന്റെ മുഖത്തടിക്കുകയായിരുന്നു. തനിക്ക് മറാഠിയിൽ സംസാരിക്കാൻ പറ്റില്ലെന്നും ഹിന്ദിയിൽ സംസാരിക്കുമെന്നും ഈ ജീവനക്കാരൻ ഒരു ഉപയോഭോക്താവിനോടു പറയുന്ന വീഡിയോ നേരത്തേ വ്യാപകമായി പ്രചരിച്ചിരുന്നു.
ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്തോളൂ എന്നു വെല്ലുവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മർദനത്തിനു ശേഷം ജീവനക്കാരൻ മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
മുതിർന്ന അണ്ണാ ഡിഎംകെ നേതാവ് കറുപ്പസ്വാമി പാണ്ഡ്യൻ അന്തരിച്ചു
ചെന്നൈ: മുതിർന്ന അണ്ണാ ഡിഎംകെ നേതാവും മുൻ എംഎൽഎയുമായ കറുപ്പസ്വാമി പാണ്ഡ്യൻ (76) അന്തരിച്ചു. തിരുനെൽവേലി ജില്ലയിലെ വസതിയിലായിരുന്നു അന്ത്യം. ഡിഎംകെ ടിക്കറ്റിലും പാണ്ഡ്യൻ നിയമസഭാംഗമായിട്ടുണ്ട്.
1977, 1980 തെരഞ്ഞെടുപ്പുകളിൽ നിയമസഭാംഗമായ പാണ്ഡ്യൻ അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്. 2000ൽ അണ്ണാഡിഎംകെയിൽനിന്നു പുറത്താക്കപ്പെട്ടശേഷം പാണ്ഡ്യൻ 2006ൽ ഡിഎംകെയിൽ ചേർന്നു.
അതേ വർഷം തെങ്കാശിയിൽനിന്നു ഡിഎംകെ ടിക്കറ്റിൽ വിജയിച്ചു. 2015ൽ പാണ്ഡ്യനെ ഡിഎംകെയിൽനിന്നു പുറത്താക്കി. ജയലളിതയുടെ മരണശേഷം വി.കെ. ശശികല അണ്ണാ ഡിഎംകെയുടെ ഇടക്കാല ജനറൽ സെക്രട്ടറി ആയപ്പോൾ പാണ്ഡ്യനെ സംഘടനാ ചുമതലയുള്ള സെക്രട്ടറിയായി നിയമിച്ചു. 2017ൽ പാർട്ടിയിലെ പിളർപ്പിനെത്തുടർന്ന് അണ്ണാ ഡിഎംകെ വിട്ട പാണ്ഡ്യൻ 2020ൽ വീണ്ടും പാർട്ടിയിൽ തിരിച്ചെത്തി.
സമാജ്വാദി എംപിയുടെ വസതി ആക്രമിച്ചു
ആഗ്ര: സമാജ് വാദി പാർട്ടിയുടെ രാജ്യസഭാ എംപിയായ റാംജി ലാൽ സുമന്റെ വസതിക്കു നേരേ ഇന്നലെ കർണിസേനയുടെ ആക്രമണം.
സുമന്റെ മകനാണ് ഇക്കാര്യം അറിയിച്ചത് ആക്രമണത്തിൽ നിരവധി കാറുകളും കസേരകളും ജനൽച്ചില്ലുകളും തകർന്നു. കുറെ ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ തന്റെ പിതാവിനെതിരേ അസഭ്യവർഷവും വീട് വളയുന്നതിനെക്കുറിച്ചുള്ള ചർച്ചകളും നടന്നിരുന്നതായും മകൻ രഞ്ജിത് സുമൻ പറഞ്ഞു.
പോലീസിന് അതിക്രമത്തെക്കുറിച്ച് മുൻകൂട്ടി അറിവുണ്ടായിരുന്നിട്ടും നിഷ്ക്രിയത കാട്ടിയെന്നും അദ്ദേഹം ആരോപിച്ചു. പതിനാറാം നൂറ്റാണ്ടിലെ മേവാർ രാജാവായിരുന്ന രണ സംഗ രാജ്യദ്രോഹിയാണെന്നും അദ്ദേഹമാണ് മുഗൾ ചക്രവർത്തി ബാബറെ ഇന്ത്യയിലേക്കു കൊണ്ടുവന്നതെന്നും റാംജിലാൽ പറയുന്ന വീഡിയോ അടുത്തയിടെ വ്യാപകമായി പ്രചരിച്ചിരുന്നു.
മരങ്ങൾ മുറിച്ചുമാറ്റി ; നാലര കോടിയോളം പിഴ ചുമത്തി സുപ്രീംകോടതി
ന്യൂഡൽഹി: ഒരു മനുഷ്യനെ കൊലപ്പെടുത്തുന്നതുപോലെയുള്ള പാപമാണ് കൂട്ടത്തോടെ മരങ്ങൾ മുറിക്കുന്നതെന്ന് സുപ്രീംകോടതി.
സംരക്ഷിതമേഖലയിലെ 454 മരങ്ങൾ മുറിച്ചുമാറ്റിയ ഒരാളുടെ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റീസുമാരായ അഭയ് എസ്. ഓക്ക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് ഇത്തരമൊരു നിരീക്ഷണം നടത്തിയത്.
മുറിച്ചുമാറ്റിയ മരം ഒന്നിന് ഒരു ലക്ഷം രൂപവീതം കോടതി പിഴയും വിധിച്ചു. അനുമതിയില്ലാതെ വെട്ടിമാറ്റിയ 454 മരങ്ങൾ സൃഷ്ടിച്ച പച്ചപ്പ് വീണ്ടും സൃഷ്ടിക്കാൻ കുറഞ്ഞത് 100 വർഷമെടുക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷമാണ് ശിവശങ്കർ അഗർവാൾ എന്ന വ്യക്തി 454 മരങ്ങൾ മുറിച്ചുമാറ്റിയത്. അഗർവാളിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗി, ഹർജിക്കാരൻ തെറ്റ് സമ്മതിച്ചതായും പിഴയിൽ ഇളവുണ്ടാകണമെന്നും അഭ്യർഥിച്ചെങ്കിലും കോടതി തയാറായില്ല. കഴിഞ്ഞ വർഷം സെപ്റ്റംബർ 18ന് രാത്രിയിലായിരുന്നു ഹർജിക്കാരൻ അനധികൃതമായി മരങ്ങൾ മുറിച്ചുമാറ്റിയത്.
ഡൽഹിയിൽ ഒന്പതാം ക്ലാസുകാരനെ സുഹൃത്തുക്കൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
ന്യൂഡൽഹി: ഒന്പതാം ക്ലാസുകാരനെ സുഹൃത്തുക്കൾ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഡൽഹി മിലൻ മിഹാറിലെ വൈഭവാണു കൊല്ലപ്പെട്ടത്. നോർത്ത് ഡൽഹിയിലെ വസീറാബാദിലായിരുന്നു സംഭവം. പ്രതികളെല്ലാം പ്രായപൂർത്തിയാകാത്തവരാണെന്ന് പോലീസ് അറിയിച്ചു.
പതിനഞ്ചുകാരനായ വൈഭവിനെ ഞായറാഴ്ചയാണു പ്രതികൾ തട്ടിക്കൊണ്ടുപോയത്. മൂന്നു പ്രായപൂർത്തിയാകാത്തവരുടെ കൂടെ വൈഭവ് ബൈക്കിൽ യാത്ര ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് അന്വേഷണത്തിലൂടെ കണ്ടെത്തി. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് കൊലപാതകത്തിന്റെ വിവരം പുറത്തായത്.
ബൈക്കിൽ ചുറ്റിക്കറങ്ങാനാണു വൈഭവിനെ സുഹൃത്തുക്കൾ ആദ്യം വീട്ടിൽനിന്ന് വിളിച്ചിറക്കിയതെങ്കിലും അടുത്തുള്ള ഒരു വനപ്രദേശത്ത് കൊണ്ടുപോയി കത്തിയുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
മൃതദേഹം അവിടെ ഉപേക്ഷിച്ച് സുഹൃത്തുക്കൾ കടന്നുകളഞ്ഞു. പിറ്റേദിവസം വൈഭവിന്റെ ഫോണിലെ സിം ഉപയോഗിച്ച് ആ നന്പറിൽ വൈഭവിന്റെ അച്ഛനെ വിളിച്ച് 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. പിടികൂടിയ പ്രതികൾ നൽകിയ വിവരങ്ങൾ പ്രകാരമാണ് മൃതദേഹം പോലീസിനു വീണ്ടെടുക്കാൻ കഴിഞ്ഞത്.
ഗർഭിണികൾക്കായുള്ള കേന്ദ്രപദ്ധതിയിൽ ഫണ്ടിന്റെ അഭാവമുണ്ടെന്ന് സോണിയ
ന്യൂഡൽഹി: ഗർഭിണികൾക്കു പ്രസവാനുകൂല്യങ്ങൾ നൽകുന്ന കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി വന്ദന യോജനയിൽ (പിഎംഎംവിവൈ) ഫണ്ടിന്റെ ഗണ്യമായ അഭാവമുണ്ടെന്ന് സോണിയ ഗാന്ധി.
ഗുണഭോക്താക്കൾക്ക് അർഹമായ ആനുകൂല്യങ്ങളിൽ പലതിനും ഫണ്ടിന്റെ അഭാവത്തിൽ ഇടിവുണ്ടായിട്ടുണ്ടെന്ന് കോണ്ഗ്രസ് പാർലമെന്ററി പാർട്ടി നേതാവുകൂടിയായ സോണിയ രാജ്യസഭയിൽ പറഞ്ഞു.
2013ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിനു കീഴിൽ നടപ്പാക്കുന്ന പദ്ധതിയിൽ നിയമത്തിലെ പല വ്യവസ്ഥകളും ലംഘിക്കുന്നുണ്ടെന്ന് സോണിയ ചൂണ്ടിക്കാട്ടി.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ജെപിസി കാലാവധി നീട്ടി
ന്യൂഡൽഹി: പാർലമെന്റിലേക്കും നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പു നടത്താൻ അനുവദിക്കുന്ന ബില്ലുകൾ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) കാലാവധി നീട്ടി.
പാർലമെന്റിന്റെ മണ്സൂണ്കാല സമ്മേളനത്തിന്റെ അവസാന ആഴ്ചയുടെ ആദ്യദിനം വരെയാണു സമിതിയുടെ കാലാവധി നീട്ടിയത്. സമിതി ചെയർമാൻ പി.പി. ചൗധരി ലോക്സഭയിൽ കാലാവധി നീട്ടുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചു. തുടർന്ന് ശബ്ദവോട്ടൊടെ പ്രമേയം സഭ പാസാക്കി. കാലാവധി അടുത്ത ചൊവ്വാഴ്ച അവസാനിക്കുന്ന സാഹചര്യത്തിലാണു നടപടി.
ജസ്റ്റീസ് യശ്വന്ത് വർമയ്ക്കെതിരേ ജുഡീഷൽ സമിതി അന്വേഷണം തുടങ്ങി
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽനിന്നു പണം കണ്ടെത്തിയെന്ന ആരോപണത്തിൽ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതി അന്വേഷണം ആരംഭിച്ചു.
പഞ്ചാബ്- ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഷീൽ നാഗു, ഹിമാചൽപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ജി.എസ്. സന്ധവാലിയ, കർണാടക ഹൈക്കോടതി ജഡ്ജി അനു ശിവരാമൻ എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണത്തിന് സുപ്രീംകോടതി കൊളീജിയം നിയോഗിച്ചത്.
ഇന്നലെ രാവിലെ ജസ്റ്റീസ് വർമയുടെ ഡൽഹിയിലെ തുഗ്ലക് ക്രസന്റിലുള്ള 30-ാം നന്പർ വസതിയിലെത്തിയ സംഘം 35 മിനിറ്റ് തെളിവെടുപ്പ് നടത്തി.
തീപിടിത്തമുണ്ടായതിനെത്തുടർന്ന് ആദ്യമെത്തിയ പോലീസുകാരുടെ ഫോണും അന്വേഷണസംഘം പരിശോധിക്കും. എസ്എച്ച്ഒ ഉൾപ്പെടെ ആദ്യം സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിവരങ്ങൾ തേടിയതിനുപിന്നാലെ ഇവരുടെ ഫോണ് സമർപ്പിക്കാൻ കമ്മീഷണർ ആവശ്യപ്പെട്ടിരുന്നു.
ബില്ലുകൾ പാസാക്കുന്നതിലെ കാലതാമസം; അടിയന്തര വാദം ആവശ്യപ്പെട്ട് കേരളം
ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകൾ അംഗീകരിക്കുന്നതിലെ കാലതാമസം സംബന്ധിച്ച് ഗവർണർക്കെതിരേ കേരള സർക്കാർ സമർപ്പിച്ച ഹർജികൾ ജസ്റ്റീസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ചിനു കൈമാറണമെന്ന് സംസ്ഥാനം സുപ്രീംകോടതിയിൽ.
കേരളത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാലാണ് ചീഫ് ജസ്റ്റീസ് മുന്പാകെ സംസ്ഥാനത്തിന്റെ ആവശ്യം ഉന്നയിച്ചത്. സമാനവിഷയത്തിൽ തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹർജി ജസ്റ്റീസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ചായിരുന്നു പരിഗണിച്ചത്. വാദം കേൾക്കുന്നതിനിടെ ഗവർണർക്കെതിരേ രൂക്ഷ വിമർശനവും ബെഞ്ച് നടത്തിയിരുന്നു. വിഷയത്തിൽ അടിയന്തരവാദം കേൾക്കണമെന്ന് കേരളം ആവശ്യപ്പെട്ടു.
സംസ്ഥാന നിയമസഭ പാസാക്കിയ രണ്ടു ബില്ലുകൾ കഴിഞ്ഞദിവസം രാഷ്ട്രപതി തിരിച്ചയച്ചിരുന്നു. 2021 ലെ യൂണിവേഴ്സിറ്റി അപ്പലറ്റ് ട്രൈബ്യൂണൽ നിയമന ഭേദഗതി ബില്ലും ഗവർണറെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്ന് ഒഴിവാക്കാൻ പാസാക്കിയ ബില്ലുമാണ് തിരിച്ചയച്ചത്.
ബില്ലുകൾ തിരിച്ചയച്ച വിവരം രണ്ടു ദിവസം മുന്പാണ് സംസ്ഥാനസർക്കാർ അറിഞ്ഞതെന്നും കേരളത്തിന്റെ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചു. ബില്ലുകൾ തിരിച്ചയയ്ക്കുന്നതിലെ കാലതാമസവും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി. അടിയന്തര വാദം അടക്കമുള്ള വിഷയം ഉൾപ്പെടുത്തി ചീഫ് ജസ്റ്റീസിന് ഒരു സ്ലിപ്പ് നൽകാൻ ചീഫ് ജസ്റ്റീസ് നിർദേശിച്ചു.
പുതിയ ആദായനികുതി ബിൽ അഞ്ച് മാസത്തിനകം: നിർമല
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: പുതിയ ആദായനികുതി ബിൽ പാർലമെന്റിന്റെ ജൂലൈയിൽ തുടങ്ങുന്ന വർഷകാല സമ്മേളനത്തിൽ ചർച്ചയ്ക്കെടുക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ.
നികുതിദായകരെ ബഹുമാനിക്കുന്നതിനായി അഭൂതപൂർവമായ നികുതിയിളവ് കേന്ദ്രബജറ്റിലുണ്ടെന്നും വാർഷിക വരുമാനം 12 ലക്ഷത്തിനു മുകളിലുള്ളവർക്ക് നാമമാത്ര ഇളവുകളേയുള്ളൂവെന്നും മന്ത്രി ഇന്നലെ ലോക്സഭയിൽ വിശദീകരിച്ചു.
വളം, കീടനാശിനികൾ, ഡ്രിപ്പ് ഇറിഗേഷൻ സംവിധാനം തുടങ്ങിയവയുടെ ജിഎസ്ടി കുറയ്ക്കുന്നതിനുള്ള നിർദേശം കേന്ദ്രമന്ത്രിസഭാ സമിതി പരിശോധിക്കുകയാണെന്ന് ധനമന്ത്രി അറിയിച്ചു. ക്ഷേത്രങ്ങൾ, പള്ളികൾ, ഗുരുദ്വാരകൾ തുടങ്ങിയ മതസ്ഥലങ്ങളിൽനിന്നുള്ള പ്രസാദങ്ങൾക്കു പുറമെ ഇവ നിർമിക്കാൻ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ജിഎസ്ടി കുറയ്ക്കുന്നതിനെക്കുറിച്ചും മന്ത്രിസഭാ സമിതി പരിശോധിക്കും.
ആഭ്യന്തര ഉത്പാദനവും കയറ്റുമതി മത്സരശേഷിയും വർധിപ്പിക്കുന്നതിനാണ് ബജറ്റിൽ ലക്ഷ്യമിടുന്നതെന്ന് ധനബില്ലിനെക്കുറിച്ചുള്ള പാർലമെന്റിലെ ചർച്ചയ്ക്കു മറുപടി പറയവേ ധനമന്ത്രി നിർമല പറഞ്ഞു.
ചില പരിഷ്കരണനടപടികളും വ്യവസ്ഥകളും ധനബില്ലിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. അടുത്ത സമ്മേളനത്തിൽ ഇതു ചർച്ചയ്ക്കെടുക്കും. ഡിജിറ്റൽ ആസ്തികൾ പരിശോധിക്കുന്നതിന് ആദായനികുതി നിയമത്തിൽ നിയമപരമായ വ്യവസ്ഥയില്ലാതിരുന്നതിനാലാണ് പുതിയ നിയമത്തിൽ അതുൾപ്പെടുത്തിയതെന്ന് ധനമന്ത്രി അവകാശപ്പെട്ടു.
പുതിയ ആദായനികുതി ബില്ലും അടുത്ത സമ്മേളനത്തിൽ പരിഗണിക്കും. ഫെബ്രുവരി 13ന് ലോക്സഭയിൽ അവതരിപ്പിച്ച പുതിയ ബിൽ നിലവിൽ പാർലമെന്റ് സെലക്ട് കമ്മിറ്റിയുടെ പരിശോധനയിലാണ്.
1961ലെ ആദായനികുതി നിയമം ലളിതമാക്കുകയാണു ലക്ഷ്യം. നിലവിലുള്ള നിയമത്തിൽ 819 വകുപ്പുകൾ ഉള്ളപ്പോൾ, പുതിയതിൽ 536 വകുപ്പുകളേയുള്ളൂ. അധ്യായങ്ങളുടെ എണ്ണം 47ൽ നിന്ന് 23 ആയി കുറഞ്ഞു.
ധനബില്ലിന്മേലുള്ള ചർച്ചയിൽ മന്ത്രി നടത്തിയ പ്രഖ്യാപനങ്ങൾ
* സ്റ്റാർട്ടപ്പുകളുടെ സംയോജന കാലയളവ് അഞ്ചു വർഷത്തേക്കു നീട്ടും.
* വ്യാവസായിക ഉത്പന്നങ്ങൾക്കുള്ള ഏഴു കസ്റ്റംസ് തീരുവ നിരക്കുകൾ നീക്കം ചെയ്യും.
* കൊബാൾട്ട്, ലെഡ്, സിങ്ക് എന്നിവയുൾപ്പെടെ 12 നിർണായക ധാതുക്കളെ അടിസ്ഥാന കസ്റ്റംസ് നികുതിയിൽനിന്ന് (ബിസിഡി) പൂർണമായും ഒഴിവാക്കും.
* സെസ്, സർചാർജ് എന്നിവയുടെ ഇരട്ടി ഭാരം നീക്കും. 82 തീരുവകളിൽനിന്നു സാമൂഹികക്ഷേമ സർചാർജ് ഒഴിവാക്കും.
* പരസ്യങ്ങൾക്ക് ആറു ശതമാനം തുല്യതാ ലെവി നിർദേശം റദ്ദാക്കും.
* മൊബൈൽ ഫോണുകളിലെ എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ കണക്കിൽപ്പെടാത്ത 250 കോടി രൂപയുടെ പണം കണ്ടെടുക്കുന്നതിലേക്ക് നയിച്ചു.
* വാട്സ് ആപ് സന്ദേശങ്ങളിൽനിന്ന് ക്രിപ്റ്റോ ആസ്തികളുടെ തെളിവുകൾ കണ്ടെത്തി.
* വാട്സ് ആപ് ആശയവിനിമയങ്ങളിൽനിന്നു കണക്കിൽപ്പെടാത്ത 200 കോടി രൂപയുടെ പണം കണ്ടെത്താനായി.
* പണത്തിന്റെ ഒളിത്താവള സ്ഥലങ്ങൾ നിർണയിക്കാൻ ഫോണുകളിലെ ഗൂഗിൾ മാപ്പ് ചരിത്രം ഉപയോഗിച്ചു.
* 2023 മാർച്ച് വരെ ശരാശരി ജിഎസ്ടി നിരക്ക് 12.2% ആണ്.
* 2026ന്റെ തുടക്കത്തിൽ അവസാനിക്കേണ്ട ജിഎസ്ടി വായ്പ തിരിച്ചടയ്ക്കുന്നതിന് സെസ് പിരിക്കുന്നു.
* അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകളുടെ ഇറക്കുമതി ഐജിഎസ്ടിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
* സ്റ്റാൻഡ് അപ്പ് ഇന്ത്യ പദ്ധതി പ്രകാരം പട്ടികജാതി, വർഗക്കാർക്കു വായ്പയായി 7000 കോടി രൂപ വിതരണം ചെയ്തു.
വന്യജീവി ആക്രമണം: കേരള കോണ്ഗ്രസ്-എം പാർലമെന്റ് ധർണ നാളെ
ന്യൂഡൽഹി: വന്യജീവികളെ വനത്തിനുള്ളിൽ സംരക്ഷിക്കണമെന്നും ജനവാസകേന്ദ്രങ്ങളിൽ ജനങ്ങളുടെ ജീവന് പൂർണസംരക്ഷണം ഉറപ്പാക്കണമെന്നും കേരള കോണ്ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി.
വനപ്രദേശത്തിനുപുറത്ത് മനുഷ്യജീവനുകൾക്കാണ് പ്രാധാന്യമെന്നും ഇതിൽ വ്യക്തത വരുത്തുന്ന ഉത്തരവ് കേന്ദ്രസർക്കാർ ഉടൻ പുറപ്പെടുവിക്കണമെന്നും ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
വന്യജീവി സംരക്ഷണനിയമത്തിൽ കേന്ദ്രം വ്യക്തത നൽകണമെന്നും വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കാൻ ദേശീയ ദുരന്തനിവാരണ നിയമം ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ട് കേരള കോണ്ഗ്രസ്-എം നാളെ പാർലമെന്റ് ധർണ നടത്തുമെന്ന് ജോസ് കെ. മാണി അറിയിച്ചു.
ഡൽഹി ജന്തർ മന്ദറിൽ നടക്കുന്ന ധർണയിൽ പാർട്ടി എംഎൽഎമാരും പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളും പ്രധാന നേതാക്കളും പങ്കെടുക്കും.
കേന്ദ്രസർക്കാർ കടൽ മണൽ ഖനന പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യവുമായി 28നും ജന്തർ മന്ദറിൽ ധർണ നടത്തുമെന്ന് ജോസ് കെ. മാണി അറിയിച്ചു. പത്രസമ്മേളനത്തിൽ പാർട്ടി വൈസ് ചെയർമാനും മുൻ എംപിയുമായ തോമസ് ചാഴിക്കാടനും പങ്കെടുത്തു.
വയനാടിനെ കേന്ദ്രം അവഗണിച്ചിട്ടില്ലെന്ന് അമിത് ഷാ
ന്യൂഡൽഹി: വയനാട് ദുരന്തസമയത്ത് ആവശ്യമായ സഹായം കേന്ദ്രം നൽകിയിട്ടുണ്ടെന്നും ദുരന്തമുഖത്ത് തങ്ങൾ രാഷ്ട്രീയം കാണിക്കാറില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എല്ലാ സംസ്ഥാനങ്ങളെയും ഒരേപോലെയാണു കേന്ദ്രസർക്കാർ പരിഗണിക്കുന്നത്.
വയനാട് വിഷയത്തിൽ വേർതിരിവ് കാണിച്ചിട്ടില്ലെന്നും ദുരന്തനിവാരണ ഭേദഗതി ബില്ല് ചർച്ചയിലുള്ള മറുപടിപ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി. ദുരന്തനിവാരണ ഭേദഗതി ബില്ല് ചർച്ച ചെയ്തപ്പോൾ കേരള എംപിമാർ വയനാട് വിഷയം ഉന്നയിച്ചിരുന്നു.
കേരളം ഇന്ത്യയിൽ അല്ലേ എന്നടക്കമുള്ള ചോദ്യങ്ങൾ എംപിമാർ ഉന്നയിച്ചിരുന്നു. വയനാട്ടിലെ ജനങ്ങളും ലഡാക്കിലെ ജനങ്ങളും ഇന്ത്യക്കാരാണെന്നും ദുരന്തമുഖത്ത് രാഷ്ട്രീയം കാണാറില്ലെന്നും അമിത് ഷാ പറഞ്ഞു. മാനദണ്ഡങ്ങൾ കണക്കിലെടുത്ത് വയനാടിന് കേന്ദ്രസർക്കാർ ധനസഹായം നൽകും.
2,219 കോടി രൂപയുടെ പാക്കേജ് വാർഡ് പുനരധിവാസത്തിന് കേരളം ആവശ്യപ്പെട്ടിരുന്നു. 530 കോടി രൂപ കേന്ദ്രം കേരളത്തിന് ധനസഹായം നൽകി. വയനാട്ടിലേതു തീവ്രദുരന്തമാണെന്ന് പ്രഖ്യപിച്ചിട്ടുണ്ട്. ദുരന്തമുണ്ടായ ഉടൻ എൻഡിആർഎഫിൽനിന്ന് 215 കോടി രൂപ നൽകിയെന്നും അമിത് ഷാ വിശദീകരിച്ചു.
സിഐടിയു നേതൃത്വത്തിൽ ഊട്ടിയിൽ ആശാ വർക്കർമാരുടെ സമരം
ഊട്ടി: സിഐടിയുവിന്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നീലഗിരിയിലെ ആശാ വർക്കർമാർ ഊട്ടി കളക്ടറേറ്റിനു മുന്നിൽ സമരം നടത്തി.
ശന്പളം വർധിപ്പിക്കുക, താത്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, പ്രതിമാസം 26,000 രൂപ ശന്പളം നൽകുക, നിശ്ചിത തീയതിക്കകം ശന്പളം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
കളക്ടറേറ്റിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച സമരക്കാരെ പോലീസ് തടഞ്ഞെങ്കിലും കളക്ടറേറ്റിനു മുന്നിലെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.