ഏകാധിപത്യവും ഫാസിസവും ബിജെപിയുടെ ഡിഎൻഎയിലെത്തി: കോൺഗ്രസ്
Saturday, April 5, 2025 3:05 AM IST
ന്യൂഡൽഹി: പാർലമെന്ററി നടപടിക്രമങ്ങളുടെ നിയമങ്ങളും കീഴ്വഴക്കങ്ങളും ലംഘിക്കുന്നതിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ചു കോണ്‍ഗ്രസ്.
ഏകാധിപത്യവും ഫാസിസവും ബിജെപിയുടെ ഡിഎൻഎയിൽ കടന്നുകൂടിയെന്ന് പാർലമെന്റിലെ ഏകാധിപത്യ മനോഭാവത്തെ വിമർശിച്ച് കോണ്‍ഗ്രസിന്റെ രാജ്യസഭാ ഉപനേതാവ് പ്രമോദ് തിവാരി പറഞ്ഞു.
പാർലമെന്റ് മോദിയുടെ പ്രശംസ മാത്രം അനുവദിക്കുന്ന മോദി ദർബാറായി മാറിയെന്നാണ് കോണ്‍ഗ്രസിന്റെ ലോക്സഭ ഉപനേതാവ് ഗൗരവ് ഗൊഗോയ് പ്രതികരിച്ചത്. ഇരുസഭകളിലെയും ഉപനേതാക്കൾ സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ബിജെപിക്കെതിരേയുള്ള വിമർശനം.
ആദ്യമായി ഭരണപക്ഷം സഭയുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്തിയെന്നും തിവാരി പറഞ്ഞു. മണിപ്പുർ വിഷയത്തിൽ അനുവദിച്ച മൂന്നു മണിക്കൂറിൽ 50 മിനിറ്റ് മാത്രമേ ചർച്ച നടന്നുള്ളൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനങ്ങളുടെ ശബ്ദമുയർത്താനുള്ള വേദിയിൽനിന്ന് മോദിയുടെ ദർബാർ മാത്രമായി പാർലമെന്റ് മാറിയെന്ന് ഗൊഗോയ് പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തെക്കുറിച്ചുള്ള ചർച്ചകളിൽനിന്നു സർക്കാർ ഓടിയൊളിക്കുകയാണെന്നും അമേരിക്ക ഏർപ്പെടുത്തിയ ഉയർന്ന ഇറക്കുമതി തീരുവ സ്റ്റോക്ക് വ്യാപാരം തകർത്തുവെന്നും ഗൊഗോയ് കുറ്റപ്പെടുത്തി.