വഖഫ് ബില്ലിനെതിരേ സുപ്രീംകോടതിയെ സമീപിക്കാൻ ഡിഎംകെ, പിന്തുണയുമായി എഡിഎംകെ
Friday, April 4, 2025 2:27 AM IST
ചെന്നൈ: ലോക്സഭയിൽ വഖഫ് ബിൽ പാസാക്കിയതിനെതിരേ ശക്തമായ പ്രതിഷേധവുമായി ഡിഎംകെ. വഖഫ് ബില്ലിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നു തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ. സ്റ്റാലിൻ അറിയിച്ചു.
നിയമസഭയിലായിരുന്നു സ്റ്റാലിന്റെ പ്രഖ്യാപനം. മുഖ്യപ്രതിപക്ഷമായ എഡിഎംകെ വിഷയത്തിൽ ഡിഎംകെ സ്വീകരിച്ച നടപടികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. എന്നാൽ ബിജെപി അംഗങ്ങൾ നിയമസഭയിൽനിന്നു ഇറങ്ങിപ്പോയി.
പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ചാണ് സ്റ്റാലിനും ഡിഎംകെ അംഗങ്ങളും സഭയിലെത്തിയത്. ഇന്ത്യയിലെ ഭൂരിപക്ഷ പാർട്ടികളുടെ എതിർപ്പ് അവഗണിച്ച് പുലർച്ചെ രണ്ടു മണിക്കു ഭേദഗതി അംഗീകരിക്കുന്നത് ഭരണഘടനയ്ക്കെതിരായ ആക്രമണമാണെന്നു സ്റ്റാലിൻ പറഞ്ഞു.
വഖഫ് ബില്ലിനെ 288 അംഗങ്ങൾ മാത്രമാണ് അനുകൂലിച്ചു വോട്ട് ചെയ്തത്. 232 എംപിമാർ എതിർത്ത് വോട്ട് ചെയ്തിട്ടും വഖഫ് നിയമ ഭേദഗതി ലോക്സഭയിൽ പാസാക്കിയത് അങ്ങേയറ്റം അപലപനീയമാണെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
വഖഫ് ബില്ലിൽ സംസ്ഥാന സർക്കാരിനെ പൂർണമായി പിന്തുണച്ചതായി അണ്ണാ ഡിഎംകെ നേതാവ് എസ്.പി. വേലുമണി പറഞ്ഞു. ബിൽ ഉടൻ പിൻവലിക്കണമെന്ന് കേന്ദ്ര സര്ഡക്കാരിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.