സിപിഎമ്മിൽ പ്രായപരിധിയിൽ ‘തിരുത്തൽ ’ വന്നേക്കും
Friday, April 4, 2025 3:08 AM IST
മധുര: കണ്ണൂർ പാർട്ടി കോൺഗ്രസിൽ തീരുമാനിച്ച പ്രായപരിധി മധുര പാർട്ടി കോൺഗ്രസിൽ സിപിഎം പുനഃപരിശോധിച്ചേക്കും.
യുവാക്കളെയും പുതുതലമുറയെയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ സിപിഎം കൊണ്ടുവന്ന പ്രായപരിധി നിബന്ധന പുനഃപരിശോധിക്കണ ആവശ്യം പാർട്ടി കോൺഗ്രസിൽ ശക്തമാണ്. പ്രായപരിധിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നാണ് ചർച്ചയിൽ പങ്കെടുക്കുന്ന ഭൂരിഭാഗം പ്രതിനിധികളും ഉന്നയിക്കുന്നത്.
പ്രായപരിധി കര്‍ശനമാക്കുന്നതോടെ പോളിറ്റ് ബ്യൂറോയില്‍നിന്നും കേന്ദ്ര കമ്മിറ്റിയില്‍നിന്നും ഒരുപിടി മുതിര്‍ന്ന നേതാക്കള്‍ പുറത്താകും. ഇതോടെ നേതൃത്വത്തില്‍ വലിയൊരു ശൂന്യത വരുമെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
ഈ സാഹചര്യത്തിലാണ് നിബന്ധന എടുത്തുകളയാനുള്ള ആവശ്യം മുന്നോട്ടു വരുന്നത്. പ്രായപരിധി നിബന്ധന അനുസരിച്ചാണെങ്കില്‍ പിബിയില്‍നിന്ന് ഏഴ് മുതിര്‍ന്ന അംഗങ്ങളും കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒട്ടേറെപ്പേരും പുറത്തു പോകേണ്ടിവരും.