വഖഫ് നിയമ ഭേദഗതി: രണ്ടു വകുപ്പുകളെ അനുകൂലിച്ച് ജോസ് കെ. മാണി
Saturday, April 5, 2025 3:05 AM IST
ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിലെ രണ്ടു വകുപ്പുകളെ അനുകൂലിച്ച് രാജ്യസഭയിൽ ജോസ് കെ. മാണിയുടെ വോട്ട്. ഇന്ത്യ മുന്നണിയുടെ മറ്റ് അംഗങ്ങൾക്കൊപ്പം പൊതു വോട്ടെടുപ്പിൽ ബില്ലിനെ എതിർത്ത ജോസ് കെ. മാണി വകുപ്പുതിരിച്ചു നടത്തിയ ശബ്ദ വോട്ടെടുപ്പിലാണ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത്.
വഖഫ് തർക്കങ്ങളിൽ ട്രൈബ്യൂണൽ തീർപ്പിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാമെന്ന വകുപ്പിനെയാണ് ആദ്യം ജോസ് കെ. മാണി അനുകൂലിച്ചത്. വഖഫ് ബോർഡിന് ഏത് സ്വത്തും വഖഫ് ആയി പ്രഖ്യാപിക്കാമെന്ന വകുപ്പ് എടുത്തു കളഞ്ഞ ഭേദഗതിയെയും ജോസ് കെ. മാണി അനുകൂലിച്ചു.
നേരത്തെ ചർച്ചയിൽ പങ്കെടുത്ത് പ്രസംഗിക്കുന്പോഴും ജോസ് കെ. മാണി ഈ നിലപാട് സ്വീകരിച്ചിരുന്നു. നിലവിലുള്ള നിയമത്തിലെ അന്യായമായ വ്യവസ്ഥകളെ എതിർക്കുന്നതിൽ മതനേതാക്കൾക്കും ബിഷപ്പുമാർക്കും ഒപ്പം ഉറച്ചുനിൽക്കുന്നു. എന്നാൽ പൊതുവേ ഭേദഗതി നിർദേശങ്ങൾ അസ്വീകാര്യമാണെന്നും അദ്ദേഹം ഫേസ് ബുക്കിലും കുറിച്ചിരുന്നു.